ഫലസ്തീന്‍ നക്ബയുടെ ദുരന്തസ്മരണയിലാണ്
രേഖപ്പെടുത്തൂ
ഞാന്‍ അറബി
എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരം
എനിക്കു എട്ടുമക്കള്‍
ഒമ്പതാമത്തേത് വരും
വേനല്‍ കഴിഞ്ഞ്
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ/ഞാന്‍ അറബി
കല്ലു വെട്ടും
കുഴിയില്‍ അധ്വാനിക്കുന്ന
സഖാക്കള്‍ക്കൊപ്പം പണി
എനിക്കു എട്ടു മക്കള്‍
അവര്‍ക്കിടയില്‍ ഞാന്‍ പാറക്കല്ലില്‍
നിന്ന് അപ്പക്കഷ്ണം പിടിച്ചെടുക്കുന്നു
ഉടുപ്പുകളും നോട്ടുബുക്കുകളും
നിങ്ങളുടെ വാതില്‍ക്കല്‍ വന്ന് ഞാന്‍
പിച്ച തെണ്ടുന്നില്ല
നിങ്ങളുടെ വാതിലോളം തരം താഴു
ന്നില്ല
കോപിക്കാനെന്തിരിക്കുന്നു?.
ഐഡന്റിറ്റി കാര്‍ഡെന്ന ദര്‍വേഷിന്റെ ഈ കവിതയില്‍ ആവിഷ്‌ക്കരിച്ചതാണ് ഓരോ ഫലസ്തീന്‍ പൗരന്റെയും വികാരം. ഇസ്രയേലീ ഭടന്മാരുടെ മുഖത്ത് നോക്കി എന്നെ തുറുങ്കിലടക്കൂ ഞാന്‍ ഒരു അറബിയാണെ് പറയുന്ന ഒരു പരിസരത്തില്‍ നിന്നാണ് നാം നക്ബയെ പുനര്‍വിചിന്തനം ചെയ്യേണ്ടത്. തലമുറകളായി തങ്ങളനുഭവിക്കുന്ന ദുരന്തത്തിന്റെ ഓര്‍മകള്‍ അടുത്ത തലമുറയിലേക്ക് കൈമാറാനും ഓര്‍മപ്പെടുത്താനുമാണ് ഒരോ വര്‍ഷവും മെയ് പതിനഞ്ച് ഫലസ്തീനികള്‍ നക്ബ ദിനമായി ആചരിക്കുന്നത്.
ഇസ്രയേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രരൂപീകരണത്തിനായി 1948ല്‍ ഫലസ്തീന്‍ മണ്ണില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട എഴ് മില്യണ്‍ ജനങ്ങളുടെ ദുരന്തകഥയാണ് നക്ബക്ക് പറയാനുള്ളത്. നക്ബ എന്നാല്‍ അറബിയില്‍ മഹാദുരന്തമെന്നര്‍ഥം. അന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരും അവരുടെ പിന്മുറക്കാരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ അനുസ്മരിക്കാനാണ് കഴിഞ്ഞ മാസം ഉപയോഗപ്പെടുത്തിയത്. എന്നെങ്കിലും ഒരു നാള്‍ തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങുന്നത് ഇവര്‍ സ്വപ്‌നം കാണുന്നു.
** ** **
''ശരിയാണ്, അതെല്ലാം നടന്നിട്ട് കാലം കുറേ കഴിഞ്ഞു. എന്നാല്‍ അതെന്നെ ഇപ്പാഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു.'' സുപ്രസിദ്ധ ഇസ്രയേലി സാഹിത്യക്കാരന്‍ യിസ്ഹാര്‍ സ്‌നിലാന്‍സ്‌കിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ഖിര്‍ബെത് ഖിസെ' എന്ന നോവല്‍ ആരംഭിക്കുന്നതിങ്ങനെയാണ്.
സമാധാനമെന്ന വാക്കും പോലും വിലക്കപ്പെട്ട ഫലസ്തീന്‍ മക്കളുടെ തേങ്ങലുകളുടെ രേഖാച്ചിത്രമാണ് ഖിര്‍ബത്ത് ഖിസെ വരച്ചിടുന്നത്. വിവേചനത്തിന്റെ ഞെട്ടലുകളില്‍ നിന്ന് മാറാതെ യിസ്ഹാര്‍ പറയാന്‍ ശ്രമിക്കുന്നത് ക്രൂരതകളുടെ കദന കഥകളാണ്. പ്രണയങ്ങള്‍ക്ക് മുമ്പില്‍ മതില്‍ക്കെട്ടുകള്‍ വേലിതീര്‍ക്കുന്ന കഥ പറയുന്ന ഹാനി അബു അസദിന്റെ ഒമറിനെ പോലെ വികാരദീപ്തമാണ് ഖിര്‍ബെത് ഖിസെ. നോവലിന്റെ തന്നെ പേരുള്ള ഒരു സാങ്കല്‍പിക ഗ്രാമമാണ് കൃതിയുടെ പശ്ചാത്തലം. ശിശിരത്തിലെ ഒരു പുലര്‍ക്കാലത്ത് മൂന്നു ബെറ്റാലിയനുകളില്‍ നിന്നുള്ള ഇസ്രയേലി ഭടന്മാര്‍ ഖിര്‍ബത് ഖിസെ ഗ്രാമാതിര്‍ത്തിയില്‍ ബൈനേക്കുലറും പിടിച്ച് കാവല്‍ നില്‍ക്കുന്നു. കൊള്ളയടിക്കാനുള്ള ആര്‍ജവം അവരുടെ കണ്ണുകളില്‍ നിഴലിക്കുന്നുണ്ട്. കയ്യിലുള്ള ദൂരദര്‍ശിനിയിലൂടെ നോക്കി ഗ്രാമത്തിലെ ചലനങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കാം. അവിടെയുള്ള ചെറുപ്പക്കാരും പ്രായമായവരുമെല്ലാം തങ്ങളുടെ അന്നത്തെ ദിവസം തുടങ്ങുന്നതിനായുള്ള തയ്യാറെടുപ്പുകളിലാണ്. പിടിച്ചെടുക്കാന്‍ പോകുന്ന മണിമാളികകളും തകര്‍ക്കാന്‍ പോകുന്ന വീടുകളും നശിപ്പിക്കാന്‍ പോകുന്ന പച്ചക്കറിപ്പടര്‍പ്പുകളുമെല്ലാം അവര്‍ തങ്ങളുടെ ബൈനേക്കുലറിലൂടെ നോക്കിക്കാണുന്നു.
ഒലിവ് മരങ്ങളിലിരുന്ന് പക്ഷികള്‍ പുലരിക്ക് വേണ്ടി കുറുകുമ്പോള്‍ നഷ്ടങ്ങളുടെ തീക്ഷണതയില്‍ വെന്തുരുകുന്ന ഒരു ജനതയുടെ വിലാപം തോക്കിന്‍ കുഴലുകളിലേക്കായിരുന്നു മിഴി തുറന്നിരുന്നത്. ഏതൊരു ഫലസ്തീനിയിടെയും കണ്ണീരുകള്‍ക്ക് അപരിചതത്തിന്റെ സീല്‍ ചാര്‍ത്തപ്പെട്ടഒരു കരിദിനമായിരുന്നു 1948 മെയ് 15.
നോവല്‍ സാങ്കല്‍പ്പികമായി പറയാന്‍ ശ്രമിച്ച സംഭവങ്ങള്‍ റാമല്ലെയില്‍ ക്രിസ്ത്യന്‍ അനാഥാലയം നടത്തുന്ന ഫാദര്‍ ഓറ റണ്തീസി 'ഒരു ഫലസ്തീനി ക്രിസ്ത്യാനിയുടെ കഥ' എന്ന ആത്മകഥയില്‍ അനുഭവങ്ങളുടെ ക്യാന്‍വാസില്‍ നിന്ന് ചിത്രീകരിക്കുന്നുണ്ട്. 'അന്നെനിക്ക് പതിനെട്ട് വയസ്സുമാത്രമാണ് പ്രായം. ജൂത പട്ടാളത്തിന്റെ ഭീഷണിയില്‍ ആയിരത്തിലേറെ വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബം താമസിച്ചിരുന്ന ഫലസ്തീനിലെ ലയ്ദ ടൗണിലെ വീട്ടിലുറങ്ങേണ്ടി വന്ന അവസ്ഥ. ഞങ്ങളുടെ തലക്ക് പിന്നിലേക്ക് നീട്ടിയ തോക്കുകളുമായി അവര്‍ ഞങ്ങളുടെ പിന്നാലെ ഉണ്ടായിരുന്നു. സമീപത്തെ മലഞ്ചെരുവിലേക്കാണ് ഞങ്ങളെ അവര്‍ നയിച്ചത്. ജൂത തീവ്രവാദികള്‍ സമീപത്ത് നടത്തിയ കൂട്ടകശാപ്പിനെ കുറിച്ച് എന്റെ പിതാവ് സംസാരിച്ചിരുന്നത് എന്റെ മനസ്സിനെ പേടിപ്പെടുത്തിക്കെണ്ടിരുന്നു. ഞങ്ങളുടെ അമ്മായിയുടെ രണ്ട് വയസ്സ് പ്രായമായ കുഞ്ഞിനു വേണ്ടി കരുതിയ പാലും പഞ്ചസാരയും മാത്രമാണ് എടുത്തിരുന്നത്.
ലയ്ദ പട്ടണത്തിന്റെ പുറത്തുള്ള ഒരു ചെറിയ ഗേറ്റിലുടെ സിയോണിസ്റ്റ് പട്ടാളക്കാര്‍ ഞങ്ങളെ പുറത്തേക്കു നയിച്ചു. കാലിക്കൂട്ടങ്ങളെ പോലെ ആയിരക്കണക്കിന് ഫലസ്തീനികളെ ആ ചെറിയ വിടവിലൂടെ അവര്‍ നടത്തി. പേടിപ്പെടുത്താനായി ഞങ്ങളുടെ തലക്ക് മുകളിലൂടെ അവര്‍ വെടിവെച്ചുകൊണ്ടിരുന്നു. അതിനിടയില്‍ പട്ടാളക്കാരുടെ ഒരു കുതിരവണ്ടി ഗേറ്റിനടുത്തേക്ക് നീങ്ങി. ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടയില്‍ ഒരു സ്ത്രീ തന്റെ പിഞ്ചോമനയെ പിടിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. പെട്ടെന്ന് അവരുടെ കയ്യില്‍ നിന്ന് ആ കുഞ്ഞു താഴെ വീണു. അവര്‍ക്ക് എടുക്കാന്‍ സാധിക്കും മുമ്പ് ആ കുതുരവണ്ടിയുടെ ചക്രം ആ കുഞ്ഞിന്റെ കഴുത്തിലുടെ കയറിയിറങ്ങി. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ദയനീയ കാഴ്ചയായിരുന്നു അത്.
ഗേറ്റിനു പുറത്ത് ഞങ്ങളെ തടഞ്ഞു നിറുത്തിയ സയണിസ്റ്റ് പട്ടാളം വിലയുള്ള എല്ലാ വസ്തുക്കളും അവിടെ വിരിച്ച ഒരു വിരിപ്പിലേക്ക് ഇടാന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞു ആറു ആഴ്ച്ച മാത്രം കഴിഞ്ഞ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയായ ദമ്പതികള്‍ എന്റെ അടുത്ത് ഉണ്ടായിരുന്നു. തന്റെ കയ്യിലുള്ള പണം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഉടനെ ഒരു സങ്കോചവും കൂടാതെ അവിടെയുണ്ടായിരുന്ന പട്ടാളക്കാരന്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു.
അന്ന് രാത്രി ഞാന്‍ ഒരുപാട് കരഞ്ഞു. ആയിരങ്ങള്‍ക്കൊപ്പം ആ ഗ്രൗണ്ടില്‍ ഉറങ്ങാന്‍ ശ്രമിച്ചു. നേരം വെളുത്തപ്പോഴെക്കും വീണ്ടും വെടിയൊച്ചകള്‍. ഒരു വെടിയുണ്ട എന്റെ അടുത്തുകുടെ കടന്നു പോയി. ആളുകള്‍ തലങ്ങും വലങ്ങും ഓടാന്‍ തുടങ്ങി. എന്റെ കുടുബത്തെ നഷ്ടമായി. രാത്രിയായപ്പോള്‍ പട്ടാളക്കാര്‍ ഞങ്ങള്‍ക്ക് നടത്തം അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി. ആ സമയം കുടുബത്തെ തേടി ഞാന്‍ അലമുറയിട്ട് ആള്‍ക്കൂട്ടത്തിലൂടെ നടന്നു. എന്റെ ഭാഗ്യമെന്ന് പറയട്ടെ ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയ പിതാവിനെ കണ്ടുമുട്ടി. പിറ്റേ ദിവസത്തെ കാഴ്ച്ച അതി ഭീകരമായിരുന്നു. മരിച്ചു കിടക്കുന്ന മാതാവിന്റെ മാറിടത്തില്‍ മുലകുടിക്കാന്‍ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞിന്റെ കാഴ്ച്ച അതിദയനീയമായിരുന്നു. ഒട്ടേറെ ഗര്‍ഭണികളുടെ ഗര്‍ഭം അലസി. പലരുടെയും കുഞ്ഞുങ്ങള്‍ മരിച്ചു'.
ഇതായിരുന്നു നഖ്ബയുടെ ചില ഓര്‍മപ്പടുത്തലുകള്‍. നഖ്ബയെ വെറും ചരിത്ര പരിസരങ്ങളില്‍ നിന്നോ അതല്ലെങ്കില്‍ രാഷ്ടീയ തലത്തില്‍ നിന്നോ മാത്രം വായിക്കുന്ന ഒരു പ്രവണതയെ തീര്‍ത്തും മാറ്റി നിര്‍ത്തുന്നതാണ് ഫാദര്‍ ഓദ റണ്തീസുയുടെ അനുഭവങ്ങളുടെ പാഠപുസ്തകം.
മാത്രമല്ല ചരിത്രങ്ങള്‍ അറിയാതെ പോയ ചില ഗൗരവങ്ങളും ഈ നക്ബയുടെ പിമ്പുറങ്ങളിലുണ്ട്. മനാച്ചം ബെഗിന്‍ തന്റെ 'ദ റിവോള്‍ട്ട്' എന്ന ആത്മകഥയില്‍ ദെയര്‍ യാസീന്‍ കൂട്ടക്കൊലയെപ്പറ്റി എഴുതിയത് ചില സാമ്രജത്വ ശക്തികള്‍ മുടിവെച്ചിട്ടുണ്ട്. അങ്ങനെ ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം തന്നെ ഉണ്ടാകുമായിരുന്നില്ല.ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ വഴി ശൂന്യതയില്‍ നിന്നും കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഏകരാഷ്ട്രം ഇസ്രയേലാണ്. ലോകത്ത് ഭീകരരാഷ്ട്രം ഇസ്രയേലല്ലാതെ മറ്റേതാണ്? ബ്രിട്ടന്‍. അമേരിക്ക എന്നീ കൊളോണിയല്‍ ശക്തികളുടെ കൈകളിലല്ലാതെ മറ്റെവിടെയാണ് ഇതിന്റെ പാപക്കറ പുരണ്ടിട്ടുള്ളത്?
ദെയര്‍ യാസിന്‍ കൂട്ടക്കൊലക്കും മുമ്പെ സയണിസ്റ്റ് സംഘങ്ങള്‍ നടത്തിയ മറ്റു ചില ഭീകര കൃത്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. യെഹിദ കൂട്ടക്കൊല: 13 ഡിസംബര്‍ 1947 യെഹിദ എന്ന അറബ് ഗ്രാമത്തിലെ ഇരുപതോളം പേര്‍ കൊല ചെയ്യപ്പെട്ടു. ബ്രിട്ടീഷ് പട്ടാളവേഷം ധരിച്ച് ഒരു കാപ്പിപ്പടയിലെത്തിയ സയണിസ്റ്റ് ഭീകരരായിരുന്നു ഇതിനു പിന്നില്‍. തൊട്ടുതലേ ദിവസം ഡിസംബര്‍ 12ന് പന്ത്രണ്ടു ഫലസ്തീന്‍കാരെ ഇവര്‍ കൊല ചെയ്തിരുന്നു. നാലു കാറുകളില്‍ എത്തിയ ഈ കാക്കിധാരികള്‍ തുടരെ വെടയുതിര്‍ക്കുകയും വീടുകള്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. ഉടനെ ബ്രീട്ടീഷ് പട്ടാളക്കാര്‍ എത്തിയതു കൊണ്ട് മാത്രം സയണിസ്റ്റ് ഭീകരര്‍ പിന്‍വാങ്ങി. നൂറിലേറെ പേര്‍ക്കു പരിക്കേറ്റു.
കിസാസ് കൂട്ടക്കൊല 18 ഡിസംബര്‍ 1947; ഹഗനാ എന്ന സയണിസ്റ്റ് ഭീകരസംഘം ലബനാന്‍ സിറിയ അതിര്‍ഥി ഗ്രാമമായ കിസാസിലെ പത്ത് ഫലസ്തീനികളെ കൊല ചെയ്തു. മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചും ഗ്രാനേഡുകള്‍ എറിഞ്ഞും. ക്വസാസ കൂട്ടക്കൊല 19 ഡിസംബര്‍ 1947; മുഖ്താര്‍ ഗ്രാമത്തിലെ അഞ്ചു കുട്ടികളുടെ കൊലപാതകം, 1 ജനുവരി 1948 അശൈഖ് ഗ്രാമത്തിലെ കൂട്ടക്കൊല തുടങ്ങി ഒട്ടനവധി കൊലപാതകങ്ങളുടെ പിന്നാമ്പുറങ്ങളില്‍ നിന്നാണ് ഇസ്രയേല്‍ രാഷ്ട്രം പിറവിയെടുത്തത്. ഒരോ നഖ്ബയും ചോരകളുടെ മണമുള്ള പരിസരങ്ങളില്‍ നിന്നാണ് സംജാതമായത്. കണ്ണീരിനും രക്തത്തിനും അര്‍ഥശൂന്യതയുടെ രാഷ്ട്രീയ നിറങ്ങള്‍ ചാര്‍ത്തുമ്പോള്‍ ഇസ്രയേല്‍ ദര്‍വേഷിന്റെ ഈ വരികള്‍ മറക്കാതിരിക്കുക.
ഈ മണ്ണ് എുന്നും ഓര്‍ക്കാതിരിക്കില്ല/
ഞങ്ങളാണ് അതിന് രക്ത വര്‍ണ്ണം നല്‍കിയതെന്ന്,/
ഇവിടെ അവരുടെ ഉല്‍പത്തിപുസ്തകം അവസാനിക്കുന്നു/
ഇവിടെ ഞങ്ങളുടെ ഉല്‍പത്തി പുസ്തകം ആരംഭിക്കുന്നു.(കവിത
Leave A Comment