സിറിയ അല്ല, സത്യത്തില്‍ അമേരിക്കയുടെ ലക്ഷ്യം ഇറാനാണ്!
സിറിയയിലെ അഭ്യന്തര സംഘര്‍ഷത്തിനിടെ ഔദ്യോഗിക ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്നതിന് നിഷേധിക്കാനാകാത്ത തെളിവുണ്ടെന്ന് പറഞ്ഞാണ് അമേരിക്ക അടുത്ത ഒരു യുദ്ധത്തിന് ഒരുങ്ങിപ്പുറപ്പെടാന്‍ തിടുക്കം കൂട്ടുന്നത്. തെളിവുണ്ടെന്ന് പറയുകയല്ലാതെ അത് കാണിക്കാനോ വിശദീകരിക്കാനോ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിക്ക് ആയിട്ടില്ലെന്നത് വേറെ കാര്യം.
ഏതായാലും അമേരിക്ക യുദ്ധത്തിനായി തയ്യാറായിക്കഴിഞ്ഞുവെന്ന് തന്നെയാണ് സൂചന. വെള്ളിയാഴ്ചത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് സിറിയയിലെ അതിപ്രധാന സ്ഥലങ്ങളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കാന്‍ ഒബാമ വൈറ്റ്ഹൌസിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈനികരെ രാജ്യത്ത് ഇറക്കാതെ, മിസൈലും ബോംബും എറിഞ്ഞ് തത്കാലം സിറിയ കുട്ടിച്ചോറാക്കുകയാണ് പദ്ധതിയെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ യുനിഫോം ധരിച്ച പട്ടാളക്കാര്‍ ജീവനോടെ സിറിയയില്‍ കാലുകുത്തില്ലെന്ന് തീര്‍ത്തു പറയാനായിട്ടില്ലെന്നാണ് ഈയടുത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെറി വിശദീകരിച്ചിരുന്നത്.
മിഡിലീസ്റ്റില്‍ ഇനിയും ശേഷിക്കുന്ന ഒരു മുസ്‌ലിം രാജ്യത്തിന് എതിരെ അമേരിക്ക പട നയിക്കുന്നതിനെതിരാണ് അമേരിക്കയിലെ ഭൂരിപക്ഷവും. ഒബാമയുടെ അനുകൂലികള്‍ പ്രത്യേകിച്ചും ഈ യുദ്ധത്തിനെതിരാണ്. രാജ്യത്ത് നിരവധി യുദ്ധവിരുദ്ധ സംഘടനകളുടെ പ്രതിഷേധം നടക്കുന്നുണ്ട്. ശനിയാഴ്ച ന്യൂയോര്‍ക്കിലും ഒരു പ്രതിഷേധ സമരം നടക്കാനിരിക്കുകയാണ്. എന്നാല്‍ ഡെമോക്രാറ്റുകളെ ഭയക്കുന്ന ഒബാമക്ക് യുദ്ധത്തിലുപരിയുള്ള ഒരു ഒപ്ഷനെ കുറിച്ച് ആലോചിക്കാനാകുന്നില്ലെന്ന് പറയാം. എന്ന് മാത്രമല്ല, മാധ്യമങ്ങളും അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഇരുപക്ഷവും ചേര്‍ന്ന് നടത്തുന്ന പ്രോപഗണ്ട് യുദ്ധം അത്യാവശ്യമാണെന്ന് തന്നെ പൊതുജനങ്ങളെ കൊണ്ട് വിശ്വസിപ്പിക്കാന്‍ പോന്ന തരത്തിലുള്ളതാണ്.
രാസവാതകം രാജ്യത്ത് പ്രയോഗിച്ചിട്ടുണ്ടെന്ന് തന്നെ വെക്കുക. എന്നാല്‍ ആരായിരുന്നു അതിന് പിന്നില്‍ എന്ന കാര്യം യുദ്ധം പ്രഖ്യാപിക്കുന്നതിന് മുമ്പ് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, വാതക പ്രയോഗം നടന്നിരിക്കുന്നുവോ എന്ന് മാത്രമാണ് ഇക്കണ്ട സമിതികളത്രയും അന്വേഷിച്ചത്. അത് നടന്നുവെങ്കില്‍ ആര് നടത്തിയതാണെന്നതിനെ സംബന്ധിച്ച് ഒരു അന്വേഷണവും മുന്നോട്ട് പോയിട്ടില്ല. അത് ചില പൊരുത്തക്കേടുകളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
അമേരിക്കയടക്കമുള്ള ലോകശക്തികളെ പ്രദേശത്ത് യുദ്ധത്തിനിറക്കുന്നതിന് വേണ്ടി ചിലര്‍ രാസായുധം പ്രയോഗിച്ചതായിരിക്കാം. അമേരിക്ക തന്നെ ആരുടെയെങ്കിലും സഹായം ഉപയോഗിച്ച് ചെയ്തതാകാനും മതി. രാസായുധ പ്രയോഗം നടന്നാല്‍ തങ്ങള്‍ നോക്കിയിരിക്കില്ലെന്നും രാജ്യത്തെ പ്രശ്നത്തില്‍ ഇടപെടുമെന്നും അമേരിക്ക നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ ഇപ്പറഞ്ഞ സാധ്യത തള്ളിക്കളയാനാകില്ലെന്നു പല ലേഖകരും ഇതിനകം എഴുതിയിട്ടുണ്ട്.
പ്രാദേശിക രാഷ്ട്രീയമാണ് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. സിറിയയെ അക്രമിക്കുമ്പോഴും അമേരിക്ക സത്യത്തില്‍ ലക്ഷ്യമിടുന്നത് ഇറാനെയാണ്. ശിയാക്കളില്‍ പെട്ട അലവികളാണ് സിറിയയില്‍ ഔദ്യോഗിക ഭരണത്തിലുള്ളത്. അവര്‍ക്ക് ശിയാ ഇറാനുമായി നല്ല ബന്ധമാണുള്ളത്. ഇറാഖ് കഴിഞ്ഞാല്‍ പിന്നെ പ്രദേശത്ത് ഇറാനുമായി സഹകരിക്കുന്ന മറ്റൊരു രാജ്യം സിറിയ മാത്രമാണെന്ന് പറയാം. ഇറാഖിനെ നേരത്തെ തന്നെ ഒരു യുദ്ധം നടത്തി നിലംപരിശാക്കി. മാരകായുധങ്ങളായിരുന്നല്ലോ സദ്ദാമിന്‍റെയും കുറ്റം. ഇനി സിറിയയെയും അതു വഴി നടത്തണം. അതു കഴിഞ്ഞിട്ടു വേണം ഇറാനെ കണ്ണുവെക്കാന്‍. ഇതാണ് അമേരിക്കന്‍ ബുദ്ധി.
കഴിഞ്ഞ ഒരു വര്‍ഷമായി യുദ്ധത്തിനായി പലരും ഒച്ചവെക്കാന്‍ തുടങ്ങിയിട്ട്. അവരെല്ലാം സത്യത്തില്‍ ഉദ്ദേശിക്കുന്നത് ഇറാനെ തകര്‍ക്കുക എന്നത് തന്നെയാണ്. സിറിയയുമായി താരതമ്യേന നല്ല ബന്ധമാണ് ഇസ്രായേല്‍ സൂക്ഷിച്ചു പോന്നിരുന്നത്. എന്നാല്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്ക നയിക്കുന്ന യുദ്ധത്തെ ഇസ്റായേല്‍ പിന്തുണക്കുന്നു. കാരണം മറ്റൊന്നുമല്ല. സിറിയയുടെ തകര്‍ച്ച ഇറാന്‍റെ തകര്‍ച്ച തന്നെയാണെന്ന് ജൂതരാജ്യം മനസ്സിലാക്കുന്നു.
അഭ്യന്തരയുദ്ധം ഏത് രാജ്യത്ത് നടന്നാലും പൊതുവെ പുറം രാജ്യങ്ങള്‍ക്ക് പ്രത്യേക താത്പര്യം കാണാറില്ല. എന്നാല്‍ സ്പെയിന്‍, ലെബനാന്‍, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇരുപതാം നൂറ്റാണ്ടില്‍ നടന്ന അഭ്യന്തര കലഹങ്ങളിലെല്ലാം പുറം രാജ്യങ്ങള്‍ കാര്യമായി തന്നെ ഇടപെടുന്നതായി നാം കണ്ടു. അത്തരം ഒരു രീതി സംജാതമാകാനിരിക്കുകയാണ് സിറിയയിലും. പങ്കെടുക്കുന്ന ഒരോ രാജ്യത്തിനും അവരുടെതായ താത്പര്യങ്ങളുണ്ട്.
മന്‍ഹര്‍ യു.പി കിളിനക്കോട്
കടപ്പാട്: www.countercurrents.org, www.economist.com



Leave A Comment