റമദാന്‍ ചിന്തകള്‍ - നവൈതു..15. നല്ല പെരുമാറ്റം... അതല്ലേ എല്ലാം...
ഒരു പ്രവാചകവചനം ഇങ്ങനെ മനസ്സിലാക്കാം, സല്‍സ്വഭാവത്തിലൂടെ ഒരാള്‍ക്ക്, രാത്രി മുഴുവന്‍ നിസ്കരിക്കുകയും പകല്‍ മുഴുവന്‍ നോമ്പെടുക്കുകയും ചെയ്യുന്നവന്റെ സ്ഥാനത്തേക്ക് ഉയരാന്‍ സാധ്യമാണ്.
ഇതരരോട് നല്ല നിലയില്‍ പെരുമാറുന്നതിന്റെ, സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുന്നതിന്റെ മഹത്വങ്ങള്‍ വിവരിക്കുന്ന സമാനമായ അനേകം വചനങ്ങള്‍ വേറെയും കാണാവുന്നതാണ്.
സ്വഭാവഗുണത്തിന് ഏറെ പ്രാധാന്യം നല്കുന്നതാണ് നമ്മുടെ മതം. വീട്ടുകാരോട്, കൂട്ടുകാരോട്, സഹപ്രവര്‍ത്തകരോട്, പൊതുജനങ്ങളോട്, സമുദായത്തിലെ കൈകാര്യ കര്‍ത്താക്കളോട്.. എന്നിങ്ങനെ തുടങ്ങി ജീവിതത്തിലുടനീളം ഇടപെടുന്നവരോടെല്ലാം വളരെ മാന്യമായും സൗമ്യമായും പെരുമാറുക എന്നതാണ് ഇത്കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
ആരോടും മുഖം ചുളിക്കാതെ, പരുഷമായി പെരുമാറാതെ, തട്ടിക്കയറുകയോ ശണ്ഠ കൂടുകയോ ചെയ്യാതെ, തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ, എല്ലാവരോടും ഗുണകാംക്ഷയോടെ മാത്രം പെരുമാറേണ്ടവനാണ് വിശ്വാസി.
Read More: റമദാന്‍ ചിന്തകള്‍ - നവൈതു..14. ഒന്നെന്ന ചിന്തയില്‍ പൂക്കുന്ന ജീവിതം
ഒരു സമൂഹത്തിന്റെ ജീവിതം തന്നെ സുഗമവും സുന്ദരവുമാവുന്നത് അതിലെ പൗരന്മാരുടെ സ്വഭാവത്തിലൂടെയാണ്. ഒരു യാത്രാ സംഘത്തെ തന്നെ നമുക്ക് ഉദാഹരണമായി എടുക്കാം, എല്ലാവരും പരസ്പരം നന്നായി പെരുമാറുന്നവരാണ് ഒരു സംഘത്തിലെ എല്ലാവരുമെങ്കില്‍, എത്ര വലിയ പ്രയാസങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നാലും അവയൊന്നും കാര്യമായി മനസ്സിനെ ബാധിക്കാതെ, ലളിതമായി അതിജയിക്കാനും ആസ്വദിക്കാനുമാവും. അതേ സമയം, സംഘത്തിലെ ഒന്നോ രണ്ടോ പേരുടെ മോശമായ പെരുമാറ്റവും അനാവശ്യഇടപെടലുകളും മാത്രം മതി, എത്ര സുഖകരമായ യാത്രയും പ്രയാസകരവും അസന്തുഷ്ടവുമാവാന്‍.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ. നന്നായി പെരുമാറുന്ന, നല്ല സ്വഭാവത്തോടെ വരുന്നവരെ അഭിമുഖീകരിക്കുന്ന ഒരു ഉദ്യോഗസ്ഥനാണെങ്കില്‍, അദ്ദേഹത്തെ സമീപിക്കുന്നവരുടെ അന്നേ ദിവസം തന്നെ സുന്ദരമായിരിക്കും. അത്തരക്കാര്‍ ഇല്ലെന്നോ പറ്റില്ലെന്നോ പറയുന്നത് പോലും സുന്ദരവും ലളിതവും അതിലുപരി സ്വീകാര്യവുമായിരിക്കും. അതേ സമയം, കനത്ത മുഖത്തോടെ, വെട്ടാന്‍ വരുന്ന ഭാവത്തോടെ ഇരിക്കുന്നവന്‍, നമ്മുടെ ആവശ്യം നിറവേറ്റി തന്നാല്‍ പോലും, എന്താ അയാളിങ്ങനെ എന്ന് നാം പറയാതിരിക്കില്ല.
ഒരു സമൂഹത്തിന്റെ ക്രയവിക്രയങ്ങളും ദൈനംദിന ജീവിതവും സുഗമമാവുന്നത് സല്‍സ്വഭാവത്തിലൂടെയും നല്ല പെരുമാറ്റത്തിലൂടെയുമാണെന്നര്‍ത്ഥം. അത് കൊണ്ട് തന്നെയാവാം, രാത്രി മുഴുവന്‍ നിസ്കരിക്കുകയും പകല്‍ മുഴുവന്‍ നോമ്പെടുക്കുകയും ചെയ്യുന്ന അത്യുത്തമന്റെ സ്ഥാനത്തേക്ക് അതിലൂടെ ഉയരാനാവുന്നതും. ആത്മനിയന്ത്രണത്തിന്റെ ഈ മാസത്തില്‍ നാം ശീലിക്കേണ്ടതും ഇത് തന്നെയാണ്.
Leave A Comment