ഇഖ്റഅ് 02- ഭൂമിയെന്ന പരന്ന പുസ്തകം
സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...
ഭൂമിയിലേക്കും (അവര്‍ നോക്കുന്നില്ലേ), അത് എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നത് എന്ന് (സൂറതുല്‍ ഗാശിയ – 20)
ഭൂമിയെ കുറിച്ചും അതിന്റെ സൃഷ്ടിപ്പിനെ കുറിച്ചും പലയിടങ്ങളിലായി വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. പലപ്പോഴും അതേകുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നതും മറ്റുചിലപ്പോള്‍ ഭൂമിയെ പിടിച്ച് സത്യം ചെയ്ത് വലിയ വലിയ കാര്യങ്ങള്‍ പറയുന്നതും കാണാം. എല്ലാം ഒന്നായി ചേര്‍ന്ന് കിടന്നിരുന്ന ആദിരൂപം മുതല്‍ ഭൂമിയുടെ ഗോളാകൃതിയും അതോടൊപ്പം ബാഹ്യദൃഷ്ടികള്‍ക്ക് അനുഭവവേദ്യമാവുന്ന സമതല പ്രകൃതവുമെല്ലാം പലയിടങ്ങളിലായി സൂചിപ്പിക്കുന്നതും കാണാം. അഥവാ, ഇഖ്റഅ് എന്ന കല്പനയുടെ പരിധിയില്‍ ഭൂമിയെന്ന പരന്ന് കിടക്കുന്ന ഏറ്റവും വലിയ പുസ്തകവും കടന്നുവരുന്നുണ്ടെന്ന് സാരം.
നാം അധിവസിക്കുന്ന ഭൂമി അല്‍ഭുതങ്ങളുടെ കലവറയാണ്. ഗോളാകൃതിയിലായിരിക്കുമ്പോഴും അതിന് മേല്‍ വസിക്കുന്നവര്‍ക്ക് അത് പരന്നതാണെന്നേ തോന്നൂ. അതേ സമയം, ഗോളാകൃതിയുടെ എല്ലാ സൌകര്യങ്ങളും അത് ഒരുക്കുകയും ചെയ്യുന്നു.
ഭൂരിഭാഗവും വെള്ളവും മൂന്നിലൊരു ഭാഗം കരയുമായി സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ അനേകായിരം ജീവജാലങ്ങളാണ് അധിവസിച്ചുകൊണ്ടിരിക്കുന്നത്. അവക്കെല്ലാം ആവാസ കേന്ദ്രം മാത്രമല്ല ഭൂമി, മറിച്ച് ജീവിക്കാന്‍ ആവശ്യമായ വിഭവങ്ങളെല്ലാം ഭൂമി തന്നെയാണ് സംവിധാനിക്കുന്നത്. ആകാശത്ത് നിന്ന് വരുന്ന ജലത്തുള്ളികളിലൂടെ നാനാവിധ സസ്യലതാദികളും താരുനിരകളും വടവൃക്ഷങ്ങളും അത് മുളപ്പിക്കുന്നു. എല്ലാം ഒരേ ജലത്തില്‍നിന്ന്, ഒരേ മണ്ണിനടിയില്‍ നിന്ന്... എന്നാല്‍ പുറത്തേക്ക് വരുമ്പോള്‍ എല്ലാം വ്യത്യസ്തം, ഒന്നിനൊന്ന് രുചികരമായ അനേകം പഴ വര്‍ഗ്ഗങ്ങള്‍, മനുഷ്യര്‍ക്കും ജീവികള്‍ക്കുമെല്ലാം ഭക്ഷിക്കാനാവശ്യമായ വിവിധതരം ധാന്യഫലാദികള്‍... അങ്ങനെ നീണ്ട് നീണ്ട് പോവുന്നു ഭൂമിയില്‍ നമുക്കായി സംവിധാനിക്കപ്പെട്ട വിഭവങ്ങളുടെ പട്ടിക.
Read More: റമദാന്‍ ഡ്രൈവ് -നവൈതു-02
അതോടൊപ്പം, ഭൂഖണ്ഡങ്ങളിലും അവക്കുള്ളില്‍തന്നെ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രകടമാവുന്ന പ്രകൃതിയിലെ വ്യത്യാസങ്ങളും അല്‍ഭുതാവഹം തന്നെ. ഒരു ഭാഗത്ത് ചൂട് സഹിക്കാനാവാതെ കഴിയുമ്പോള്‍ മറുവശത്ത് തണുത്ത് വിറക്കുന്നത് കാണാം. ഒരു ഭാഗത്ത് വെയിലേറ്റ് ചെടികളും ജീവജാലങ്ങളും വാടിത്തളരുമ്പോള്‍, മറുഭാഗത്ത് മഴ പെയ്ത് വെള്ളപ്പൊക്കത്തില്‍ കുളിക്കുന്ന ഭൂപ്രദേശം നാം കാണുന്നതാണ്. കുന്നും മലയും കാടും മേടും സൈകതഭൂമിയായി കിടക്കുന്ന മരുഭൂമിയും ഫലഭൂയിഷ്ടമായ വയലേലകളുമെല്ലാം ഭൂമിയുടെ ഭാഗങ്ങളാണ്.
ആലോചിക്കുന്തോറും അല്‍ഭുതത്തോടെ നാം മൂക്കത്ത് വിരല്‍ വെച്ചുപോവും. ആ വായന നമ്മെ കൊണ്ടെത്തിക്കുക, എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന ശക്തനും ഏകനും സര്‍വ്വ തന്ത്രജ്ഞനുമായ നാഥനിലായിരിക്കും, തീര്‍ച്ച. ഒപ്പം നാം അറിയാതെ പറഞ്ഞു പോവും, ഞങ്ങളുടെ നാഥാ, നീ ഇത് സൃഷ്ടിച്ച് അര്‍ത്ഥ ശൂന്യമായല്ല, നീയെത്ര പരിശുദ്ധന്‍.
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍..
Leave A Comment