ഇഖ്റഅ് 01. നോമ്പ്: ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍

വീണ്ടും ഒരു വിശുദ്ധ റമദാനിലേക്ക് കടക്കുകയാണ് മുസ്‍ലിം ലോകം. അനേകം പ്രയാസങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് പല രാജ്യങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നത്. വംശഹത്യയുടെയും ഉന്മൂലനത്തിന്റെയും വക്കിലാണ് ചിലരെങ്കില്‍, ആഭ്യന്തര കലഹങ്ങളിലും കലാപങ്ങളിലും പൊറുതിമുട്ടുകയാണ് മറ്റു ചിലര്‍. അതേ സമയം, ഇവയെല്ലാം കാണിച്ച് മുസ്‍ലിംകളെയും അതിലൂടെ ഇസ്‍ലാമിനെയും വികൃതമാക്കി കാണിക്കാനുള്ള ശ്രമങ്ങളും അരങ്ങേറുന്നുണ്ട്. 

ബഹുസ്വര സമൂഹത്തില്‍, ഇതരരുമായി ആരോഗ്യപരമായും സഹവര്‍ത്തിത്വത്തോടെയും ഇടപഴകി ജീവിക്കാന്‍ സാധിക്കുന്നവരല്ല മുസ്‍ലിംകളെന്ന് വരുത്തിത്തീര്‍ക്കുകയാണ് പലരുടെയും ലക്ഷ്യം. അതിലൂടെ അവരെ അരികുവല്‍ക്കരിക്കാനും അപരവല്‍ക്കരിക്കാനുമാണ് ശ്രമങ്ങള്‍. ഇവിടെയാണ്, ആത്മനിയന്ത്രണത്തിന്റെയും സഹനത്തിന്റെയും ഏറ്റവും വലിയ ആയുധമായ വ്രതം കടന്നുവരുന്നത്. 

ഉത്തമസമുദായത്തിന്റെ സൃഷ്ടിയാണ് ഇസ്‍ലാമിന്റെ ലക്ഷ്യം. അക്രമങ്ങള്‍ കാണിക്കാത്ത, അനീതികളോട് രാജിയാകാത്ത, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന, ഇതരരുടെ വേദനകളില്‍ സഹതപിക്കുകയും അവ പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്ന, കുട്ടികളോട് സ്നേഹത്തോടെയും മുതിര്‍ന്നവരോട് ആദരവോടെയും പെരുമാറുന്ന, പക്ഷികളോടും ജീവജാലങ്ങളോടുമെന്ന് വേണ്ട, പ്രകൃതിയോട് പോലും ഏറെ സ്നേഹത്തോടെ സമീപിക്കുന്ന, ഭൂമിയില്‍ സമാധാനം സാധ്യമാക്കുന്ന ഒരു ഉത്തമ സമൂഹം. അതാണ്, ഇസ്‍ലാം ലക്ഷ്യമാക്കിയതും ഗതകാല ചരിത്രത്തിന്റെ ഇന്നലെകളില്‍ പലയിടങ്ങളിലും വിജയകരമായി പ്രാവര്‍ത്തികമാക്കിയതും.

അത്തരം ഒരു സമുദായത്തിന്റെ രൂപീകരണമാണ് ആരാധനകളിലൂടെയെല്ലാം ലക്ഷ്യമാക്കുന്നത്, ഒരു മാസം നീണ്ട് നില്ക്കുന്ന റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെയും അത് തന്നെയാണ് ഉദ്ദിഷ്ട ലക്ഷ്യം. വ്രതം എന്നത്, അന്നപാനീയങ്ങളെല്ലാം വേണ്ടെന്ന് വെച്ച് ശരീരത്തെ ക്ഷീണിപ്പിക്കുന്നതിന്റെ പേരല്ല. മറിച്ച്, ശാരീരികേച്ഛകളെ നിയന്ത്രിച്ച് മനസ്സിനെ ശക്തിപ്പെടുത്തുന്നതാണ് നോമ്പ്. 

ഗണിത ശാസ്ത്രത്തിലെ മുടിചൂടാമന്നനായ പൈതഗോറസ് ആ സ്ഥാനത്തിന് അര്‍ഹമാവുന്ന വിധമുള്ള വിദ്യനേടാന്‍ നാല്പത് ദിവസം നോമ്പെടുത്തത് ചരിത്രത്തില്‍ കാണാം. വൈദേശികാധിപത്യത്തിന് ഉരുക്ക് മുഷ്ടിക്ക് മുന്നില്‍ ഗാന്ധിജി വിജയിച്ചതും നിരാഹാരം എന്ന ആയുധം കൊണ്ടായിരുന്നു. സ്വതന്ത്രഇന്ത്യ വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് കൂപ്പുകുത്തിയപ്പോള്‍, ഭ്രാന്തിളകിയ ലക്ഷക്കണക്കിന് ജനങ്ങളെ അദ്ദേഹം നിന്ത്രണവിധേയമാക്കിയതും നോമ്പെടുത്തുകൊണ്ട് തന്നെ.

ഇസ്‍ലാമിക ചരിത്രത്തിലെ വിജയേതിഹാസങ്ങളായ ബദ്റും മക്കാവിജയവുമെല്ലാം നടന്നത് റമദാനിലായിരുന്നു എന്നതും അത് തന്നെയാണ് കാണിക്കുന്നത്. 

നമ്മുടെ നോമ്പും അത്തരം മാനസിക കരുത്ത് നേടാനായിരിക്കട്ടെ. അതിലൂടെ, ഉത്തമമായ സമുദായം വീണ്ടും സൃഷ്ടിക്കപ്പെടട്ടെ, എല്ലാവര്‍ക്കും അനുഗ്രഹീതമായ റമദാന്‍ ആശംസിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter