റമദാന് 11 – മഗ്ഫിറത് ചോദിക്കും മുമ്പ്

റമദാന് 11 – മഗ്ഫിറത് ചോദിക്കും മുമ്പ്
അല്‍പ്പം മുമ്പ് ഒരു ട്രെയ്നിംഗ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ആരോഗ്യപൂര്‍ണ്ണമായ മനസ്സിനെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ സദസ്യരോട് ചോദിച്ചു, നിങ്ങളില്‍ പലരും പലരോടും വിവിധ കാരണങ്ങളാല്‍ പകയോ വിദ്വേഷമോ ചെറിയ അസ്വാരസ്യങ്ങളോ ഒക്കെ മനസ്സില്‍ കൊണ്ട് നടക്കുന്നവരായിരിക്കാം. ഇന്ന് മുതല്‍ മനസ്സറിഞ്ഞ് എല്ലാം പൊറുത്ത് കൊടുത്ത് കൊടുത്ത് അവരെയെല്ലാം സ്നേഹിക്കാന്‍ ശ്രമിച്ച് കൂടേ. എല്ലാവരും അതെ, ശ്രമിക്കാം എന്ന് സമ്മതിച്ചു. എല്ലാവരും തയ്യാറല്ലേ എന്ന് ഒരിക്കല്‍ കൂടി ചോദിച്ചു. അപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ എണീറ്റ് നിന്ന് പറഞ്ഞു, എല്ലാം പൊറുക്കാം, പക്ഷെ, എന്റെ വളരെ അടുത്ത സുഹൃത്തായിരുന്ന ഒരാള്‍ എന്നോട് കാണിച്ച ഒരു ചതിയുണ്ട്, അതൊരിക്കലും എനിക്ക് പൊറുക്കാനാവില്ല.
പലപ്പോഴും മനുഷ്യമനസ്സ് അങ്ങനെയാണ്, ചിലതൊന്നും പൊറുക്കാനാവാതെ ബാക്കിയാവും. അതും അതിജയിക്കാനാവുമ്പോഴാണ്, മഹാന്മാര്‍ ജനിക്കുന്നത്. അവര്‍ക്ക് ആരോടും യാതൊരുവിധ വിദ്വേഷമോ വെറുപ്പോ മനസ്സില്‍ തോന്നുന്നേയില്ല. തോള്‍മുണ്ട് വലിച്ച് പാടുകള്‍ വീഴ്ത്തിയവനോട് പോലും പുഞ്ചിരിച്ച പ്രവാചകരെപ്പോലെ.
വിശുദ്ധറമദാന്‍ പൊറുക്കലിന്റെ (മഗ്ഫിറത്) പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനി നമ്മുടെയെല്ലാം തേട്ടം നാഥന്‍റെ മഗ്ഫിറതിന് വേണ്ടിയാണ്. ജീവിതത്തില്‍ ചെയ്തുപോയ തെറ്റ് കുറ്റങ്ങള്‍ക്ക്, അനുഗ്രഹങ്ങള്‍ മാത്രം ചെയ്തുതന്ന ആ സ്രഷ്ടാവിനോട് കാണിച്ച നന്ദി കേടുകള്‍ക്ക് എല്ലാം നാം മാപ്പപേക്ഷിക്കുകയാണ്. ഈ വേളയില്‍, എല്ലാം ഞാന്‍ പൊറുക്കാം, പക്ഷെ, നീ ചെയ്ത ഒരു പാപം എനിക്ക് പൊറുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ എന്താവും നമ്മുടെ അവസ്ഥ. 
ആയതിനാല്‍, മഗ്ഫിറതിനായി അല്ലാഹുവിലേക്ക് കരങ്ങളുയര്‍ത്തുന്നതിന് മുമ്പായി, നമ്മുടെ മനസ്സിലെ വിമലീകരിക്കുക, നമ്മോട് തെറ്റ് ചെയ്തവര്‍ക്കെല്ലാം ഒന്നൊഴിയാതെ നാം മാപ്പ് നല്കുക. നമ്മുടെ മഗ്ഫിറതിന് നാം പരിധി വെക്കാതിരിക്കുക, എങ്കില്‍ കാരുണ്യവാനായ അല്ലാഹുവിന്റെ മഗ്ഫിറതിന്റെ വാതായനങ്ങള്‍ പരിധികളും പരിമിതികളുമില്ലാതെ നമുക്ക് മുന്നിലും തുറക്കപ്പെടും, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter