വലുപ്പത്തിലല്ലല്ലോ കനം
ബാഗ്ദാദിലെ ഒരു തെരുവ്, അവിടെ ഒരാൾ വെള്ളം സൗജന്യമായി വിതരണം ചെയ്യുന്നു. "എന്റെ ഈ വെള്ളത്തിൽ നിന്ന് ആരെങ്കിലും കുടിക്കുകയാണങ്കിൽ സ്വർഗത്തിലെ നദികളിൽ നിന്ന് അല്ലാഹു അവനെ കുടിപ്പിക്കട്ടെ", എന്നയാൾ പ്രാർത്ഥിക്കുന്നുമുണ്ട്.
ഇതു കേട്ട് പ്രമുഖ സൂഫീവര്യൻ മഅ്റൂഫുൽ കർഖീ അവിടെയെത്തി. അദ്ദേഹത്തിന് അന്ന് സുന്നത്ത് നോമ്പ് ഉണ്ടായിരുന്നെങ്കിലും അത് വക വെക്കാതെ, അദ്ദേഹം വെള്ളം കുടിക്കുകയും ചെയ്തു. അദ്ദേഹത്തെ നന്നായി അറിയാമായിരുന്ന അവിടെ കൂടി നിന്ന ചിലര്‍ അദ്ദേഹത്തെ വിലക്കുകയാണ് ചെയ്തത്. പകലിന്റെ പകുതി കടന്ന് പോയിട്ടും താങ്കളെന്തിനാണ് നോമ്പ് മുറിക്കുന്നത്.? അതോ നോമ്പുള്ള കാര്യം താങ്കൾ മറന്ന് പോയോ?
'പകലിന്റെ പകുതി കഴിഞ്ഞു കടന്നോ എന്ന് നോക്കിയിട്ടുമില്ല, നോമ്പുള്ള കാര്യം മറന്നിട്ടുമില്ല.' അദ്ദേഹം മറുപടി പറഞ്ഞു."പിന്നെന്തിനാണ് താങ്കൾ നോമ്പു മുറിച്ചത്?" അവർക്കതറിയണം.. അദ്ദേഹം വിശദീകരിക്കാൻ തുടങ്ങി; ''പടച്ചവന്റെ പരിഗണന എവിടെയാണ് കിടക്കുന്നതെന്ന് നിങ്ങൾക്കറിക്കുകയില്ല. എന്റെ സുന്നത്ത് നോമ്പിനേക്കാൾ പടച്ചവന് സ്വീകാര്യമായത്, ഒരു പക്ഷെ, ഈ നിഷ്കളങ്ക മനുഷ്യന്റെ പ്രാർത്ഥനയായിരിക്കാം. എനിക്ക് നോമ്പ് മറ്റൊരിക്കൽ കൂടി അനുഷ്ടിക്കാം... പക്ഷെ, ഈ പ്രാർത്ഥന പിന്നീട് കിട്ടിയേക്കണമെന്നില്ല, അദ്ദേഹം പറഞ്ഞ് നിര്‍ത്തി.
വൈകാതെ സൂഫിവര്യൻ മരണമടഞ്ഞു. ഒരു സുഹൃത്ത് അദ്ദേഹത്തെ സ്വപ്നം കണ്ടു. അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ ഒരു പാട് സൽകർമങ്ങളും, ആരാധനാ കർമ്മങ്ങളും നിർവഹിച്ചതാണല്ലോ.. അതിൽ അല്ലാഹുവിനു ഏറ്റവും തൃപ്തികരമായതും കൂടുതൽ പ്രതിഫലമുള്ളതുമേതാണ്.' സുന്നത്ത് നോമ്പ് മുറിച്ച് ഞാൻ ഒരു മനുഷ്യന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചിരുന്നില്ലേ? ആ മനുഷ്യന്റെ പ്രാർത്ഥനയാണ് എന്റെ ബാക്കി കർമ്മങ്ങളേക്കാൾ ഏറ്റവും എനിക്ക് ഉപകാരപ്പെട്ടത്...', അദ്ദേഹം മറുപടി പറഞ്ഞു.
Also Read:ബാങ്കിന്റെയും നിസ്‌കാരത്തിന്റെയും ഇടയിലെ ജീവിതം
ചെറുതെന്ന് കരുതി ഒരു കാര്യവും അവഗണിക്കരുത്. നമ്മുടെ കണ്ണിൽ നിസ്സാരമെന്ന് തോന്നുന്നതാവാം അല്ലാഹുവിന്റെ അടുക്കൽ മഹത്തരമായത്. ദാഹിച്ചുവലഞ്ഞ നായയ്ക്ക് വെള്ളം കൊടുത്ത കാരണത്താൽ സ്വർഗപ്രവേശം ലഭിച്ച പാപിയായ സ്ത്രീയുടെ കഥയും പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട കാരണത്താൽ സ്ത്രീ നരക പ്രവേശത്തിന് അർഹയായ കഥയും സുവിദിതമാണല്ലോ.
വലിയ കർമ്മങ്ങളുണ്ടെങ്കിലേ വിജയിയാവാൻ കഴിയൂ എന്ന് നിനച്ച് ഭഗ്നാശരായി കാര്യമാത്രമായ സുകൃതങ്ങളൊന്നുമില്ലാതെ ഒഴുക്കിനനുസരിച്ച് നീന്തുന്നവരുണ്ട്. കൺമുമ്പിൽ വീണുകിടക്കുന്ന സുവർണ്ണാവസരങ്ങൾ കൺതുറന്നു കാണാതെ എല്ലാമെല്ലാം പുച്ഛിച്ചു തള്ളുന്നവർ. അവർ വലിയ നഷ്ടക്കാരാണ്. മഹാ പ്രതിഫലം ലഭിക്കാവുന്ന എത്രയോ കൊച്ചുകൊച്ചു കാര്യങ്ങളുണ്ട്. നമുക്ക് നിസ്സാരമെന്ന് തോന്നുന്നവയും എന്നാൽ സ്രഷ്ടാവിന്റെ ദൃഷ്ടിയിൽ മഹത്തരവുമായവ.
അതിനാൽ ഒന്നിനെയും അവഗണിക്കരുത്, നിസ്സാരവൽക്കരിക്കരുത്. ആളുകൾക്കിടയിൽ അവഗണിക്കപ്പെടുന്നവനായേക്കാം അല്ലാഹുവിന്റെ അടുക്കൽ ആദരണീയൻ. ആരുടെ പ്രാർത്ഥനയാണ് ഏറെ സ്വീകാര്യമാകുന്നതെന്നാര് കണ്ടു? പ്രവാചകർ (സ്വ) പഠിപ്പിച്ചിട്ടുണ്ട്, നന്മയിൽ നിന്ന് ഒന്നും നിങ്ങൾ നിസ്സാരമായി കാണരുത്, നിന്റെ സഹോദരനെ പ്രസന്നവദനത്തോടെ അഭിമുഖീകരിക്കലാണെങ്കിൽ കൂടി. (മുസ്‌ലിം)
നല്ല വാക്ക്, നല്ല നോക്ക്, ഒരു ചെറു പുഞ്ചിരി, ഹൃദ്യമായ പെരുമാറ്റം, സന്തോഷം പകരുന്ന സമീപനം... തുടങ്ങിയവയൊക്കെ ഭാരിച്ച ചിലവുള്ള കാര്യങ്ങളേ അല്ല. എന്നാൽ അതാവും ഒരു പക്ഷേ, ലക്ഷങ്ങൾ മുടക്കിയുള്ള തീർത്ഥാടനങ്ങളെക്കാൾ സ്രഷ്ടാവിന്റെ തൃപ്തി നേടിത്തരുന്നത്.
പാരത്രികമോക്ഷമാണ് വിശ്വാസിയുടെ പരമമായ ലക്ഷ്യം. അതിനു അവിടെ കനം തൂങ്ങുന്ന കർമ്മങ്ങൾ സ്വരുക്കൂട്ടുകയാണവൻ. എങ്കിൽ ശ്രദ്ധിക്കേണ്ട പ്രധാന പാഠം ഇതുതന്നെയാണ്. 'ഒരു കാരക്കക്കീറുകൊണ്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക.' (നബി വചനം - ബുഖാരി, മുസ്‌ലിം)
Leave A Comment