എല്ലാം ഉണ്ടായിട്ടെന്താ... സംതൃപ്തി ഇല്ലെങ്കില്‍..

എല്ലാം ഉണ്ടായിട്ടെന്താ... സംതൃപ്തി ഇല്ലെങ്കില്‍..

ശൈഖ് മുതവല്ലീ ശഅ്റാവി (റ) യുടെ അനുഭവക്കുറിപ്പുകളില്‍നിന്ന്..

ഒരു റമദാന്‍മാസം, മഗ്‍രിബിന് അല്‍പം മുമ്പായി ഞാന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയില്‍, എന്റെ ക്ലാസുകളില്‍ കാണാറുള്ള, ദരിദ്രനെന്ന് തോന്നിക്കുന്ന ഒരാള്‍ എന്നെ തടഞ്ഞ് നിര്‍ത്തി, വളരെ വികാരാധീനനായി ഇങ്ങനെ പറഞ്ഞു, ഇന്ന് നിങ്ങള്‍ എന്റെ കൂടെ നോമ്പ് തുറക്കാമോ, അല്ലാഹുവിനെ വിചാരിച്ച് നിങ്ങള്‍ സമ്മതിക്കണം. ആത്മാര്‍ത്ഥത നിറഞ്ഞ ആ സ്വരം കേട്ടതും എനിക്ക് സമ്മതം മൂളാതിരിക്കാനായില്ല. ഞാന്‍ പറഞ്ഞു, എന്റെ വീട്ടുകാരും മക്കളും എന്നെ കാത്തിരിക്കുകയാണ്. എന്നാലും, ഇന്ന് ഞാന്‍ നിങ്ങളുടെ കൂടെ വരാം. അതോടെ, അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.

ഞാന്‍ അദ്ദേഹത്തിന്റെ കൂടെ നടന്നു. അയാളുടെ വീട് എവിടെയാണെന്നോ, അവിടത്തെ അവസ്ഥയെന്താണെന്നോ നോമ്പ് തുറക്കാന്‍ അവിടെ വല്ലതും ഉണ്ടാവുമോ എന്നൊന്നും എനിക്കറിയില്ലായിരുന്നു.

അല്പം നടന്ന് ഞങ്ങള്‍ ഒരു കൊച്ചുവീട്ടിലെത്തി. ഒരു കിടപ്പു മുറിയും അടുക്കളയെന്ന് വിളിക്കാവുന്ന ചെറിയൊരു ഭാഗവും മാത്രമായി, ഒരു കെട്ടിടത്തിന്റെ മേല്‍ഭാഗത്ത് കെട്ടിയുണ്ടാക്കിയ ചെറിയൊരു കൂര എന്ന് പറയാം. കയറാനുള്ള മരത്തിന്റെ കോണിപ്പടികള്‍ ഏറെ പഴകിയതും നുരുമ്പിയതുമാണെന്ന് അതിന്റെ ശബ്ദം തന്നെ പറഞ്ഞറിയിക്കുന്നുണ്ട്. അകത്തേക്ക് പ്രവേശിക്കാനുള്ള വാതിലും അങ്ങനെത്തന്നെ.  

അയാളുടെ ദാരിദ്ര്യം മുഴുവനും ആ വീടിന്റെ രൂപഭാവത്തില്‍നിന്ന് വായിച്ചെടുക്കാമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മനസ്സ് ഏറെ സമ്പന്നമായിരുന്നു. ഏറെ സന്തോഷത്തോടെ, അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു, ഉസ്താദേ, ഇതെന്റെ സ്വന്തം വീടാണ്, അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. എനിക്ക് ഒരു രൂപ പോലും കടമില്ല. രാവിലെ സൂര്യന്‍ ഉദിക്കുമ്പോള്‍ എന്റെ വീടിന്റെ ജനലിലൂടെ എനിക്ക് അത് ആസ്വദിക്കാനാവുന്നു. വാതില്‍ തുറന്നിട്ടാല്‍ അസ്തമയവും എനിക്ക് നന്നായി കാണാം. പുറത്തിരുന്ന് ഖുര്‍ആന്‍ ഓതാന്‍ എന്തൊരു രസമാണെന്നോ. എന്റെ ഭാര്യയും ഏറെ സന്തുഷ്ടയാണ്. ഞാന്‍ പുറത്തിരുന്ന് ഖുര്‍ആനോതുമ്പോള്‍, അവള്‍ ജനലിനോട് ചാരി എന്നെയും നോക്കി ദിക്റും ദുആയുമായി കഴിഞ്ഞ് കൂടുന്നു. ഉസ്താദേ, സത്യം പറഞ്ഞാല്‍ ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് വരെ എനിക്ക് തോന്നിപ്പോകാറുണ്ട്. 

ഇതൊക്കെ കേള്‍ക്കുമ്പോഴും വീണ് പോകുമോ എന്ന ഭയത്തോടെ ഞാന്‍ കോണിപ്പടികള്‍ കയറുകയായിരുന്നു. ഞങ്ങള്‍ വീടിനകത്തെത്തി. ഉള്ള സൌകര്യത്തില്‍ എന്നെ സ്വീകരിച്ചിരുത്തിയ ശേഷം, അദ്ദേഹം അടുക്കളയിലെത്തി. ശേഷം അയാളും ഭാര്യയും തമ്മില്‍ നടന്ന അടക്കിപ്പിടിച്ച സംസാരം  ഞാന്‍ കേട്ടു. 

അദ്ദേഹം: ശൈഖ് ശഅ്റാവിയാണ് ആ വന്നിരിക്കുന്നത്. അദ്ദേഹം ഇന്ന് നമ്മുടെ കൂടെയാണ് നോമ്പ് തുറക്കുന്നത്. വേഗം ഭക്ഷണം ഉണ്ടാക്കൂ. 
ഭാര്യ: അല്ലാഹുവാണേ, ഇവിടെ ഉണ്ടാക്കാന്‍ കടലയല്ലാതെ ഒന്നുമില്ലല്ലോ. ബാങ്ക് കൊടുക്കാനാണെങ്കില്‍ അര മണിക്കൂറേ ബാക്കിയുള്ളൂ താനും. വല്ലതും ഉണ്ടെങ്കില്‍ തന്നെ, പാകം ചെയ്യാനുള്ള സമയവും ഇല്ല. ഇനി എന്ത് ചെയ്യും.

ഇത് കേട്ടതും ഞാന്‍ അദ്ദേഹത്തെ വിളിച്ചു. എന്നിട്ട് പറഞ്ഞു, നോമ്പ് തുറക്ക് എനിക്ക് ചില നിബന്ധനകളുണ്ട്. ബാങ്ക് കൊടുത്താല്‍ വെള്ളവും കാരക്കയും മാത്രം കഴിച്ച് നോമ്പ് തുറക്കുന്നതാണ് എന്റെ ശീലം. ശേഷം നിസ്കാരമൊക്കെ കഴിഞ്ഞ് പതിവ് ദിക്റുകളെല്ലാം കഴിഞ്ഞേ വല്ലതും കഴിക്കാറുള്ളൂ. അതും കടലയും ഉരുളംകിഴങ്ങും മാത്രമേ ഞാന്‍ കഴിക്കാറുള്ളൂ. (ഉരുളംകിഴങ്ങ് പാവപ്പെട്ടവരുടെ ഭക്ഷണമാണെന്നും അത് എല്ലാ വീട്ടിലും ഉണ്ടാവും എന്നും അറിയുന്നത് കൊണ്ടാണ് ഞാന്‍ അത് കൂടി ചേര്‍ത്ത് പറഞ്ഞത്).

അദ്ദേഹം സന്തോഷത്തോടെ തലയാട്ടി. അങ്ങനെ നോമ്പ് തുറന്ന് സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്ക് മടങ്ങി. ഏറെ ദൂരം എന്റെ കൂടെ വന്ന് അദ്ദേഹം എന്നെ വളരെ സന്തോഷത്തോടെ യാത്രയാക്കി. എനിക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഓരോ നിമിഷവും അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുന്നതും തന്റെ വീടും സൌകര്യങ്ങളും നല്കിയ റബ്ബിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ജീവിതത്തെ എങ്ങനെ സ്നേഹിക്കാം എന്ന് ഞാന്‍ അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ പഠിച്ചു എന്ന് പറയുന്നതാവും ശരി.

Read More: അല്ലാമ മുഹമ്മദ് മുതവല്ലി അശ്ശഅ്റാവി; ഖുർആനികാധ്യാപനങ്ങളുടെ വചനാമൃതം

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, അതിസമ്പന്നനായ ഒരു വ്യവസായി എന്നെ ഇഫ്താറിന് ക്ഷണിച്ചു. സമ്പത്തും മക്കളും സ്ഥാനമാനങ്ങളുമെല്ലാമുള്ള ഒരു പ്രമുഖനായിരുന്നു അദ്ദേഹം. വളരെ വലിയൊരു കൃഷിത്തോട്ടത്തിന് നടുവിലായുള്ള, നീന്തല്‍ക്കുളവും അപൂര്‍വ്വയിനം കുതിരകളും അവക്കുള്ള പ്രത്യേക പന്തിയുമടക്കം എല്ലാ സൌകര്യങ്ങളും ഒത്തിണങ്ങിയ, അദ്ദേഹത്തിന്റെ കൊട്ടാര സമാനമായ വീട്ടിലായിരുന്നു ഇഫ്താര്‍ ഒരുക്കിയിരുന്നത്. 

ഇഫ്താര്‍ കഴിഞ്ഞ് പുറപ്പെടാനൊരുങ്ങിയപ്പോള്‍ കാറിനടുത്ത് വരെ അദ്ദേഹവും കൂടെ വന്നു. നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നതെല്ലാം പരാതികളായിരുന്നു. ബിസിനസിലെ പ്രയാസങ്ങളും മക്കളുടെ അച്ചടക്കമില്ലായ്മയും ഭാര്യയുടെ സ്വഭാവദൂഷ്യവും തന്റെ സ്വത്തില്‍ കണ്ണ് നട്ട് കൂടെ കൂടിയ കൂട്ടുകാരെ കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. എല്ലാം കൂടി എപ്പോഴും മാനസിക പിരിമുറുക്കത്തിലാണെന്നും ഇതേക്കാള്‍ നല്ലത് മരണമല്ലേ എന്ന് വരെ ആലോചിക്കാറുണ്ടെന്നും പറഞ്ഞ് നിറുത്തിയപ്പോഴേക്കും ഞാന്‍ കാറിന് അടുത്തെത്തിയിരുന്നു. സത്യം പറഞ്ഞാല്‍, ആ ഏതാനും നിമിഷങ്ങള്‍ കൊണ്ട് അദ്ദേഹം എന്റെ കാഴ്ചപ്പാട് തന്നെ വികലമാക്കി എന്ന് പറയാം. ആ പരാതികളെല്ലാം കേട്ടതോടെ എന്റെ മനസ്സ് പോലും ഇടുങ്ങിയ പോലെ തോന്നി എനിക്ക്.  

കാറിലേക്ക് കയറുമ്പോള്‍, ആകാശത്തേക്ക് കണ്ണുകളയര്‍ത്തി ഞാന്‍ ഇങ്ങനെ ആത്മഗതം ചെയ്തു, മനസ്സംതൃപ്തിയാണ് ഏറ്റവും വലിയ അനുഗ്രഹം. നാഥാ, അത് നല്കിയതിന് നിനക്ക് സ്തുതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter