കഫീൽ ഖാനെ വിടാതെ പിന്തുടരുന്ന യുപി സർക്കാർ നടപടി ദുഷ്ട ലാക്കോടെ തന്നെ
ജാമ്യം നൽകപ്പെട്ടതിന്റെ തൊട്ടുടനെ ഡോക്ടർ കഫീൽ ഖാനെ പൊതു സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി അദ്ദേഹത്തിനെതിരെ വ്യക്തമായ പകപോക്കൽ നടപടി തന്നെയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാനാവും.

2019 അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നടന്ന പൗരത്വ നിയമ വിരുദ്ധ പരിപാടിയിൽ ഡോക്ടർ കഫീൽ ഖാൻ നടത്തിയ വിദ്വേഷ പ്രസംഗം മൂലമാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നാണ് പോലീസ് ഭാഷ്യം.

അന്നത്തെ പ്രസംഗത്തിലൂടെ ജനങ്ങൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുവാൻ അദ്ദേഹം ശ്രമം നടത്തിയതായാണ് പോലീസ് ആരോപിക്കുന്നത്. സർക്കാർ നയങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹ പ്രവർത്തനമായി കണക്കാക്കുന്ന പ്രവണതയിൽ നിന്നാവും ഇത്തരമൊരു സമീപനം പോലീസിൽ നിന്നും ഉണ്ടാകുന്നത്. അറസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്കുശേഷം കോടതി ജാമ്യം അനുവദിച്ചെങ്കിലും കഫീൽഖാനെ മോചിപ്പിക്കുവാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് അദ്ദേഹത്തിനെതിരെ പൊതു സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു. പൊതു സുരക്ഷയെ ബാധിക്കുന്ന നടപടികളൊന്നും കഫീൽഖാനിൽ നന്ന് ഇല്ലാതിരിക്കാനെന്ന വ്യാജേനയാണ് പോലീസ് അദ്ദേഹത്തിനെതിരെ പി.എസ്.എ ചുമത്തിയിരിക്കുന്നത്.

2017 ൽ ഓക്സിജൻ സിലിണ്ടറുകളുടെ അഭാവം മൂലം ഗോരക്പൂർ ബിആർഡി മെഡിക്കൽ കോളേജിൽ 60 കുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിയായി സർക്കാർ കണ്ടെത്തിയത് കഫീൽഖാനെയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലടച്ച കാലയളവിൽ നടന്ന ആഭ്യന്തര അന്വേഷണത്തിൽ കുഞ്ഞുങ്ങളുടെ മരണത്തിൽ അദ്ദേഹത്തിന് ഉത്തരവാദിത്തം ഇല്ലെന്ന് കണ്ടെത്തി. എന്നാൽ സംഭവത്തിൽ അദ്ദേഹത്തിനു ക്ലീൻചിറ്റ് നൽകാൻ ഉത്തർപ്രദേശ് സർക്കാർ തയ്യാറായിരുന്നില്ല.

തന്റെ സസ്പെൻഷൻ കാലയളവിൽ സർക്കാർ വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയും അയഥാർത്ഥമായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു സർക്കാർ. കഫീൽ ഖാന്റെ പ്രസംഗം അക്രമത്തിന് പ്രേരണ നൽകുന്നതാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെങ്കിൽ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കലും കോടതിയെ സമീപിക്കലുമായിരുന്നു പോലീസിന് അഭികാമ്യം.

അദ്ദേഹത്തിന്റെ പ്രസംഗം ഇന്ത്യൻ ഇന്ത്യൻ ശിക്ഷ നിയമ പ്രകാരമുള്ള 153 എ സെക്ഷൻ ലംഘിച്ചോയെന്ന് കോടതിക്ക് തീരുമാനിക്കുകയുമാവാമായിരുന്നു. ജാമ്യം നൽകപ്പെട്ട ഉടനെ സുരക്ഷാ നിയമം ചുമത്തി എന്നെന്നേക്കുമായി തടവറക്കുള്ളിൽ നിർത്താൻ നടത്തുന്ന ശ്രമങ്ങൾ രാജ്യത്ത് വളരെ വ്യാപകമാണ്. ഇത് തീർച്ചയായും അപലപിക്കേണ്ട നടപടി തന്നെയാണ്. രാഷ്ട്രീയപരമായി വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിലാണ് ഇത്തരം ആനുപാതികമല്ലാത്ത ശിക്ഷകൾ ചുമത്തപ്പെടുത്തുന്നതെന്നത് തീർത്തും നിർഭാഗ്യകരമാണ്. പോലീസും ഉദ്യോഗസ്ഥവൃന്ദവും പൗരന്റെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത് രാജ്യത്തെ പിന്നോട്ട് വലിക്കുകയേയുള്ളൂ.

കഫീൽഖാനെതിരെ നടക്കുന്ന നിർദയമായ വേട്ടയാടൽ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത് രാജ്യദ്രോഹമല്ലെന്ന സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡിന്റെ പ്രസ്താവന മുൻനിർത്തി ഒരു ഏകാധിപത്യ ഭരണകൂടത്തിന്റെ ചട്ടുകമായി മാറുന്നതിനു മുമ്പ് ഉദ്യോഗസ്ഥർ പുനരാലോചനകൾ നടത്തേണ്ടതുണ്ട്. ഐപിസി വകുപ്പുകൾ തന്നെ മതിയാവുന്നിടത്ത് അനാവശ്യമായി പൊതു സുരക്ഷാ നിയമം അടിച്ചേൽപ്പിക്കുന്നത് വഴിയുണ്ടാവുന്നത് ദേശീയ സുരക്ഷ സംരക്ഷിക്കാൻ രൂപം നൽകപ്പെട്ട ഒരു നിയമത്തിന്റെ അടിവേരറുക്കപ്പെടലാണെന്ന് പറയാതിരിക്കാനാവില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter