ഈജിപ്തില്‍ ജനാധിപത്യം കഴുമരത്തിലേറുന്നു.
  mursi   മുല്ലപ്പൂ വിപ്ലവാനന്തര ഈജിപ്തില്‍ ജനാധിപത്യമൂല്യാധിഷ്ഠിതമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടായ മുഹമ്മദ് മൂര്‍സിയെ സ്ഥാനഭ്രഷ്ടനാക്കുതില്‍ പാശ്ചാത്യലോബികളുടെ പങ്കിനെക്കുറിച്ച് ചര്‍ച്ചതീരും മുമ്പാണ് മുര്‍സിയും ബ്രദര്‍ഹുഡ് നേതാവ് അല്‍ബദീഉം ആഗോള പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവിയുമടങ്ങുന്ന 105 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ആവേശപൂര്‍വം കോടതിവിധി സ്വീകരിച്ച മൂര്‍സിയും അല്‍ബദീഉം ഇത് മുമ്പേ മനസ്സിലാക്കിയതാണ്. ഈജിപ്തില്‍ നിന്നും മുസ്‌ലിം ബ്രദര്‍ഹുഡിനെ പാടേ വേരറുക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങളാണ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത അബ്ദുല്‍ ഫത്താഹ് അല്‍സീസി ചെയ്യുന്നത്. ഈജിപ്തിന്റെ ചരിത്രത്തില്‍ അടിച്ചമര്‍ത്തലുകളും ആത്മീയ പണ്ഡിതന്മാരുടെ ഗളഛേദവുമെല്ലാം അഗണ്യമാണെങ്കിലും അവിസ്മരണീയമായ പല ചരിത്രപശ്ചാത്തലങ്ങളും ഇത്തരം വസ്തുതകള്‍ക്ക് നിമിത്തമായിട്ടുണ്ട്.ഫറോവ രാജാക്കന്മാരുടെയും ഖിബ്ത്വികളുടെയും അടിമകളും തോട്ടികളുമായിരുന്ന ബനൂ ഇസ്രാഈല്യരുടെ വിമോചനസമരവും തുടര്‍ന്നുണ്ടായ ദൈവകോപവുമെല്ലാം ചരിത്രത്തില്‍ സുവിദിതമാണ്. അഗണ്യം മുസ്‌ലിം മൂവ്‌മെന്റുകള്‍ക്കും ചലനങ്ങള്‍ക്കും വിളനിലമാകാനും ജന്മഭൂമിയാകാനും ഒരുപക്ഷേ മറ്റിതര രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ഈജിപ്തിന് സാധ്യമായിട്ടുണ്ട്.എന്തൊക്കെയായാലും ജയില്‍ ഭേദനത്തിന്റെ പേരുപറഞ്ഞ് മൂര്‍സിക്ക് ഈജിപ്ത് കോടി പുറപ്പെടുവിച്ച വിധി മനസാക്ഷിക്ക് നിരക്കാത്തതാണ്. ഈജിപ്ത് ഗ്രാന്‍ഡ്മുഫ്തിയുടെ അനുമതി കിട്ടിയാലേ ഇത് വിധിയായി അംഗീകരിക്കപ്പെടുകയുള്ളുവെങ്കിലും ഭരണകൂട താത്പര്യത്തിനെതിരെ മുഫ്തിക്കു തീരുമാനമെടുക്കാനാവില്ലെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അട്ടിമറി ഭരണത്തിന് നേതൃത്വം നല്‍കുന്ന അല്‍സീസി പാശ്ചാത്യരുടെ കുഴലൂത്തുകാരനാണെന്നത് പൊതു മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞ യാഥാര്‍ത്ഥ്യമാണ്. മു്‌സ്‌ലിം ലോകത്തെ സമ്പൂര്‍ണമായും അസ്ഥിരപ്പെടുത്താനായിരുന്നു പാശ്ചാത്യശക്തികള്‍ മുല്ലപ്പൂവിപ്ലവമെന്ന അറബ് ലോകവിപ്ലവങ്ങള്‍ക്ക് അരങ്ങുതീര്‍ത്തത്. നാല്പതും മുപ്പത്തിയെട്ടും വര്‍ഷം ഏകാതിപത്യത്തിന്റെ കീഴിലായിരുന്നെങ്കിലും ഈജിപ്തിലും ലിബിയയിലും തുനീഷ്യയിലുമൊന്നും ഏകാധിപത്യരാജ്യത്തുണ്ടായിരുന്ന സമാധാനം പോലും വിപ്ലവാനന്തരം തിരിച്ചു പിടിക്കാനായിട്ടില്ല. ശോഭനമായ ഭാവിയായിരുന്നു ഈജിപ്തിലെ ജനാധിപത്യതെരഞ്ഞെടുപ്പ് ലോകത്തിന് നല്കിയ പ്രതീക്ഷ. പക്ഷേ ഈ പ്രതീക്ഷക്ക് മങ്ങലേല്‍പിച്ചതാരാണ്? ഇവിടെയാണ് മൂര്‍സിയുടെയും അല്‍ബദീഇന്റെയും ഭീകരവാദം പ്രചരിപ്പിച്ചെന്നു മുദ്രകുത്തിയുള്ള ആഗോള പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെയും വധശിക്ഷക്കു പിന്നിലുള്ള ഉത്തരം വെളിപ്പെടുന്നത്. ഒന്നു കൂടി വ്യക്തമായിപ്പറഞ്ഞാല്‍ ഈജിപ്തില്‍ ജനാധിപത്യം പുലരുന്നതില്‍ ചിലര്‍ അരിശം പൂണ്ടിരുന്നു, ദുര്‍ബലഭരണകൂടങ്ങള്‍ ഈജിപ്തില്‍ വെളിപ്പെടണമെന്നവര്‍ ആശിച്ചു. ഇതിനായി ജനാധിപത്യശക്തികളെ ഉന്മൂലനം ചെയ്യാനുള്ള പ്ലാന്‍ തയാറാക്കപ്പെട്ടു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൈന്യത്തെ തന്നെ ഉപയോഗപ്പെടുത്തണമെന്ന് അവര്‍ വിചാരിക്കുകയോ സന്ദര്‍ഭം മുതലെടുത്ത സൈന്യം ഇതിന് ഇത്തരക്കാരുമായി സഹായം ചോദിക്കുകയോ ചെയ്തിട്ടുണ്ടാകാം. ഇത് പല സന്ദര്‍ഭങ്ങളിലും സംശയലേശമന്യേ വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. ജനാധിപത്യമാര്‍ഗേണ തെരഞ്ഞെടുക്കപ്പെട്ട മൂര്‍സി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ഒരു പഴുതും അടവുമായിരുന്നു പാര്‍ട്ടീ രാഷ്ട്രീയം. ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങളെയും നീക്കങ്ങളെയും ശക്തമായി അപലപിക്കുകയും അനേകം സംശയങ്ങളുയിക്കുകയും പഴിചാരുകയും ചെയ്തുകൊണ്ടായിരുന്നു അല്‍സീസിയും കൂട്ടാളികളും ബ്രദര്‍ഹുഡിനെ പാപ പങ്കിലമാക്കിയത്. അല്‍പാല്‍പമായി ബ്രദര്‍ഹുഡിനെ ഈജിപ്തില്‍ നിന്ന് പാടേ ഉന്മൂലനം ചെയ്യാനായി ബ്രദര്‍ഹുഡ് നേതാക്കളെയും ആത്മീയാചാര്യന്മാരെയും സീസീ ഭരണകൂടം കൊന്നുതള്ളുകയോ തുറങ്കിലടക്കുകയോ ചെയ്തു. 2011 ലെ ഈജിപ്ത് വിമോചനസമരത്തില്‍ പങ്കുണ്ടെന്ന കുറ്റം കാണിച്ച് ഈജിപ്ത് തടവറകളില്‍ കഴിയുന്ന ബ്രദര്‍ഹുഡ് അനുഭാവികള്‍ അഗണ്യമാണ്. ബ്രദര്‍ഹുഡ് പ്രസ്ഥാനം എന്താണ് എന്നതിനു പകരം ജനാധിപത്യത്തിനേല്‍ക്കുന്ന വെല്ലുവിളിയാണ് ആഗോളതലത്തില്‍ മൂര്‍സിക്കു വേണ്ടി ശബ്ദിക്കുവാന്‍ പ്രേരിപ്പിക്കുത് . അപഹാസ്യമായ വിധി എന്നാണ് വധശിക്ഷയെ ബ്രദര്‍ഹുഡ് വിശേഷിപ്പിച്ചതെങ്കില്‍ തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍ ഈജിപ്തിന്റെ ഭരണകൂടത്തെത്തന്നെ ചോദ്യം ചെയ്ത് മുന്നോട്ട് വിന്നിട്ടുണ്ട്. യു.എന്നും മറ്റും സഖ്യങ്ങളുമെല്ലാം ഈജിപ്ത് കോടതി വിധിയെ ശകത്മായി അപലപിച്ചിട്ടുണ്ട്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയെ അല്‍ സീസിക്കെതിരെ പ്രസ്ഥാവനയിറക്കി എന്ന ഒരേയൊരു കാരണത്താലാണ് മറ്റനേകം കുറ്റകൃത്യങ്ങളുടെ അകമ്പടി നല്‍കി വധശിക്ഷക്ക് വിധിച്ചതെന്നത് ശ്രദ്ധേയമാണ്.    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter