ഉമർ മുഖ്താർ: മരുഭൂമിയിലെ വീര സിംഹം
റോമിന്‍റെ രണ്ടാം കീഴടക്കല്‍ എന്ന പേരില്‍ ലിബിയ കീഴടക്കാനെത്തിയ ഇറ്റാലിയന്‍ അധിനിവേശ ശക്തികള്‍ക്കെതിരെ ഇരുപത് വർ‍ഷത്തോളം തന്ത്രപരമായി സമരം ചെയ്ത് ശക്തമായി ചെറുത്ത് നിന്ന് ഒടുവില്‍ ധീരരക്തസാക്ഷിത്വം വരിച്ച ധീരനായ സൂഫി പോരാളിയാണ് ഉമർ മുഖ്താർ (1862-1931). കഴിഞ്ഞ സെപ്റ്റംബർ പതിനാറോടെ അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തിന് 89 വർഷം പിന്നിടുകയാണ്. 1931 സെപ്റ്റംബർ 16 നാണ് അദ്ദേഹത്തെ ഇറ്റാലിയന്‍ സാമ്രാജ്യത്വ ശക്തികള്‍ തൂക്കിലേറ്റി വധിച്ച് കളഞ്ഞത്. ജനനം, വിദ്യാഭ്യാസം ലിബിയയിലെ കിഴക്കൻ ബർഖയുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തില്‍ നിഫ വർഗക്കാരായ കുടുംബത്തിലാണ് അദ്ദേഹത്തിന്‍റെ ജനനം. പതിനാറാം വയസ്സായപ്പോൾ പിതാവ് മരണപ്പെട്ടതോടെ അനാഥനായിത്തീർന്ന അദ്ദേഹത്തെ പിന്നീട് സം‌രക്ഷിച്ചത് സൂഫി സന്യാസിയായ ഹുസൈൻ അൽ ഖറനൈനിയായിരുന്നു. പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കിയ ശേഷം ജഹ്ബൂബിലെ സനൂസി ദർഗ്ഗ ദർസിൽ (കലാലയത്തിൽ) ഉപരിപഠനത്തിനായി ചേർന്നു. ഇവിടെ നിന്നാണ് ഖുർആൻ, ഹദീസ് , ഫിഖ്ഹ് , തസ്സവുഫ് എന്നീ മതവിഷയങ്ങളില്‍ ആഴത്തില്‍ പ്രാവീണ്യം നേടാന്‍ അദ്ദേഹത്തിന് സാധിച്ചത്. എട്ട് വർഷം നീണ്ട് നിന്ന പഠനം പൂർത്തിയാക്കിയത് സനൂസി അദ്ധ്യാത്മിക സരണി സ്വീകരിച്ച് കൊണ്ടാണ്. അദ്ധ്യാപനവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും പഠനത്തിനും ത്വരീഖത്ത് സ്വീകരിച്ചതിനും ശേഷം അല്‍പ കാലം ഖുർ‌ആൻ അദ്ധ്യാപകനായായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. എങ്കിലും തന്‍റെ പാത അദ്ധ്യാത്മിക സരണി തന്നെയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 1895 ൽ സനൂസി ഖലീഫ മുഹമ്മദ് അൽ മഹ്ദിയോടൊപ്പം ദീർഘമായി ദേശസഞ്ചാരങ്ങള്‍ നടത്തി. ഉമർ മുഖ്താറിന്‍റെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായ ഖലീഫ അദ്ദേഹത്തിന് 'ഐൻ കൽക്ക്' സൂഫി ആശ്രമത്തിന്‍റെ ചുമതല നല്‍കി. അക്കാലത്ത് ഫ്രാന്‍സ് ആഫ്രിക്കയില്‍ അധിനിവേശം ആരംഭിച്ചിരുന്നു. ഇതിനെതിരെ സനൂസി ശൈഖുമാർ കടുത്ത പ്രതിരോധം സംഘടിപ്പിച്ചിരുന്നു. ഈ സമയത്താണ് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്‍റ അടിസ്ഥാന പാഠങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നത്. ഇറ്റലിയുടെ ലിബിയന്‍ അധിനിവേശം 19ാം നൂറ്റാണ്ടും 20ാം നൂറ്റാണ്ടിന്‍റെ തുടക്ക കാലങ്ങളും യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ മുന്‍ നിർത്തി ഏഷ്യ, ആഫ്രിക്ക, തെക്കന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലേക്ക് തങ്ങളുടെ ശ്രദ്ധ പതിപ്പിച്ചു. അക്കാലത്തെ ഏറ്റവും നൂതനമായ യുദ്ധ സാമഗ്രികള്‍ അവർ ഇതിനായി ഉപയോഗപ്പെടുത്തി. 1911 കാലഘട്ടത്തില്‍ ഇറ്റലിയും ഒട്ടോമന്‍ സാമ്രാജ്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന സമയമായിരുന്നു. ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്‍റെ കീഴിലായിരുന്ന ലിബിയയെ തങ്ങളുടെ ഭാഗമാക്കാന്‍ ഇറ്റലിക്ക് വലിയ മോഹമുണ്ടായിരുന്നു. ലിബിയന്‍ നഗരമായ ട്രിപ്പോളിയില്‍ മൂന്നു ദിവസം ശക്തമായി ബോംബാക്രമണം നടത്തിയ ഇറ്റാലിയൻ സൈന്യം ട്രിപ്പോളിക്കാരെല്ലാം ഇറ്റലിയോട് കൂറുണ്ടായിരിക്കണമെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെയാണ് ഉമർ മുഖ്താറിന്‍റെ നേതൃത്വത്തിലുള്ള ലിബിയൻ പോരാളികള്‍ സന്ധിയില്ലാ സമരത്തിന് തുടക്കം കുറിക്കപ്പെട്ടത്. സന്ധിയില്ലാ സമരം മരുഭൂമികള്‍ നിറഞ്ഞ ലിബിയയുടെ ഭൂമിശാസ്ത്ര ഘടന മനസ്സിലാക്കിയ ഉമർ മുഖ്താർ തന്‍റെ ശക്തരായ പടയാളികളെ ഉപയോഗിച്ച് ഗറില്ലാ യുദ്ധമുറകളിലൂടെ ഇറ്റാലിയൻ സൈന്യത്തെ വെള്ളം കുടിപ്പിച്ചു. ഏറ്റവും പരിഷ്കൃത ആയുധങ്ങളുണ്ടായിട്ടും അവരുടെ വൈദ്യുതി, ജല സംവിധാനങ്ങളെല്ലാം വിഛേദിക്കുന്നതില്‍ ഉമർ മുഖ്താറും സംഘവും വിജയിച്ചു. 1923 ൽ ഇദ്‌രീസ് അൽ സനൂസി യുടെ വിയോഗത്തിന് ശേഷം സനൂസി സേനയുടെ മുഖ്യനായകനായി ഉമർ മുഖ്താർ തിരഞ്ഞെടുക്കപ്പെട്ടതോടെ പോരാട്ടം ശക്തി പ്രാപിച്ചു. 1924 ൽ ഇറ്റിലിയും ഗറില്ലാ യുദ്ധമുറകള്‍ പരീക്ഷിച്ചു. ഇത് ഉമർ മുഖ്താറിനും സൈന്യത്തിനും വലിയ തിരിച്ചടികള്‍ നല്‍കി. എന്നാല്‍ ഈജിപ്തിന്‍റെ സഹായത്താൽ ഉമർ മുഖ്താർ പുതിയ പോർമുഖം തുറന്നു. റഹീബയില്‍ വെച്ച് ഉമർ മുഖ്താർ ഇറ്റാലിയൻ സൈന്യത്തിന് കനത്ത പരാജയമേല്‍പ്പിച്ചു. ഇറ്റാലിയൻ സൈന്യത്തില്‍ നിന്ന് വലിയ ദുരിതങ്ങളേറ്റ് വാങ്ങിയിരുന്ന ഒരു വിഭാഗമായിരുന്നു. സെൻസൂയിറ്റ് ജനത. 1927-1928 ല്‍ ഉമർ മുഖ്താർ ഇവരെ പൂർണ്ണമായും സംഘടിപ്പിച്ച് ഇറ്റാലിയന്‍ സൈന്യത്തിനെതിരെ അണി നിരത്തി. ഇത് യുദ്ധത്തില്‍ പോരാളികള്‍ക്ക് മേൽക്കോയ്മ നേടിക്കൊടുത്തു. ഉമർ മുഖ്താർ പിടിക്കപ്പെടുന്നു പോരാളികളെ അമർച്ച ചെയ്യാന്‍ ഇറ്റലി പുതിയ തന്ത്രം മെനഞ്ഞു.ഈജിപ്ത് അതിർത്തി അടക്കുകയെന്നതായിരുന്നു അതിനവർ ആദ്യമായി കണ്ടെത്തിയ പരിഹാര മാർഗം. കൂടാതെ ജിബലിലുള്ള പതിനായിരത്തോളം വരുന്ന ജനങ്ങളെ തീരപ്രദേശത്തുള്ള കോൺസണ്ട്രേഷൻ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു.പ്രതീക്ഷിച്ചിരുന്നത് പോലെ ഇത് പോരാളികള്‍ക്ക് കനത്ത തിരിച്ചടി സമ്മാനിച്ചു. 1931 സെപ്റ്റംബർ 11 ന്‌ ഉമർ മുഖ്താർ യുദ്ധത്തിൽ പരിക്കേല്‍ക്കുകയും സൈന്യത്തിന്‍റെ പിടിയിലാവുകയും ചെയ്തു. അതോടെ ലിബിയന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ഇറ്റലി ആദ്യമായി ചിരിച്ചു. ധീര രക്തസാക്ഷ്യം ശത്രുക്കളുടെ കയ്യിലകപ്പെട്ടെങ്കിലുിം മനോധൈര്യം കൈവിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തന്നെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തവരെ ഖുർ‌ആൻ ഉരുവിട്ട് കൊണ്ട് മനസ്ഥൈര്യത്തോടെ നേരിട്ടു ആ മഹാ മനീഷി വെറും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് കുറ്റപ്രത്രം സമർപ്പിക്കുകയും പരസ്യമായി തൂക്കിലേറ്റൂകയുമാണുണ്ടായത്. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് തൂക്കിലേറ്റുന്നവർ ചോദിച്ചപ്പോൾ അദ്ദേഹം ഖുർ‌ആനിലെ രണ്ടാം അധ്യായത്തിലെ 156ാം വചനം ഉരുവിട്ടു:"നമ്മളെല്ലാം ദൈവത്തിൽനിന്ന്;ദൈവത്തിലേക്കു തന്നെ നമ്മുടെ മടക്കവും. ഇറ്റാലിയൻ കോടതിയുടെ നിർദ്ദേശത്തോടെയും ലിബിയൻ സ്വാതന്ത്ര്യസമരം ഇതോടുകൂടി അന്ത്യം‌വരിക്കുമെന്ന ഇറ്റാലിയൻ സൈന്യത്തിന്‍റെ പ്രതീക്ഷയോടെയും 1931 സെപ്റ്റംബർ 16 ന്‌ സെല്ലുഖൻ കോൺസണ്ട്രേഷൻ ക്യാമ്പിലെ തന്‍റെ അനുയായികൾക്ക് മുമ്പിൽ ഉമർ മുഖ്താർ തൂക്കിലേറ്റപ്പെട്ടു. പിന്നീട് 1943 ല്‍ ഇറ്റലിയില്‍ നിന്ന് ലിബിയ സ്വതന്ത്ര്യം നേടിയതോടെ ഉമർ മുഖ്താർ രാജ്യത്തിന്‍റെ ധീരപുത്രനായി അംഗീകരിക്കപ്പെട്ടു. ആ അംഗീകാരത്തിന്‍റെ ഭാഗമായി ലിബിയയുടെ പത്ത് ദിനാർ നോട്ടിൽ മുഖ്താറിന്‍റെ ചിത്രം അച്ചടിച്ചിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter