അഫ്‌സല്‍ ഗുരു: ചോദ്യങ്ങള്‍ മരിക്കുന്നില്ല
അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ ഓര്‍മകള്‍ പുതുക്കി ഓരോ വര്‍ഷങ്ങള്‍ കടന്നുവരുമ്പോഴും അദ്ദേഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ശേഷിക്കുന്നു. 
2013 ഫെബ്രുവരി 9 നാണ് അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടത്. പക്ഷെ, അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം ശേഷവും സജീവമായി ഇവിടെ തങ്ങി നില്‍ക്കുകയായിരുന്നു. തൂക്കിക്കൊന്നിട്ടും മരിക്കാന്‍ വിസമ്മതിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്തായിരുന്നു? എന്തുകൊണ്ടാണ് ഗുരുവിനെ കുറിച്ച സ്മരണകള്‍ ഇപ്പോഴും രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്? ചിലരുടെ 'സംഘടിത മന:സാക്ഷി'യെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു അദ്ദേഹം തൂക്കിലേറ്റപ്പെട്ടിരുന്നത് എന്നിട്ടുപോലും!
അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിനു ശേഷം ഫെബ്രുവരി 9 എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ഒരു അനുസ്മരണ ദിനമായി മാറിയിട്ടുണ്ട്. ഭീതി കാരണം ശബ്ദം നിലച്ചുപോയ ഒരു കരച്ചില്‍ പോലെയോ ഉത്തരം നല്‍കപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത ഒരു ചോദ്യം പോലെയോ ആയി അത് നിലനില്‍ക്കുന്നു. ഉള്ളുണങ്ങാത്ത ഒരു ആഴ്ന്ന മുറിവു പോലെ അതിപ്പോഴും കിടന്ന് നീറുകയാണ്. പ്രത്യക്ഷത്തില്‍ ഭദ്രമെങ്കിലും ഓരോ കാറ്റും അതിന്റെ നീറ്റല്‍ വര്‍ദ്ധിപ്പിക്കുന്നു.
2013, ഇങ്ങനെയൊരു ദിവസം അദ്ദേഹം തൂക്കിലേറ്റപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്കത് ദിവസങ്ങളോളം കടിച്ചുകീറാനുള്ള വൈക്കോലായിരുന്നു. തന്റെ കുടുംബത്തെ മാത്രമല്ല, ഗുരുവിനെത്തന്നെ തന്റെ തൂക്കിക്കൊല്ലലിനെക്കുറിച്ച വിവരം കേവലം രണ്ടു മണിക്കൂര്‍ മുമ്പാണ് അറിയിച്ചിരുന്നത്. കശ്മീരില്‍നന്നും മറ്റും ചിലരുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന ശക്തമായ പ്രതികരണം പേടിച്ചായിരുന്നുവത്രെ ഇങ്ങനെയൊരു തീരുമാനം.
തിഹാര്‍ ജയിലിനും ഉള്ളില്‍തന്നെ ഗുരു അടക്കം ചെയ്യപ്പെട്ടു. മറ്റൊരു രക്തസാക്ഷികൂടി ഉയര്‍ന്നുവരേണ്ട എന്ന സര്‍ക്കാറിന്റെ തീരുമാന ഫലമായിരുന്നു ഇത്. ഇതോടെ കശ്മീരില്‍ ഇന്ത്യാവിരുദ്ധ വികാരങ്ങള്‍ രംഗത്ത് വരുന്നോ എന്നന്വേഷിക്കാന്‍ പട്ടാളം രംഗത്തിറങ്ങി. ഇന്റര്‍നെറ്റ്-മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. സര്‍വ്വ മാധ്യമങ്ങള്‍ക്കും മൂക്കുകയറിടപ്പെട്ടതിനാല്‍ കശ്മീരിന്റെ വേദന ഘനീഭവിച്ചുതന്നെ നിന്നു. എടുത്തുപറയാവുന്ന സംഘടിത പ്രതിഷേധങ്ങളൊന്ന് അന്ന് അവിടെ ഉണ്ടായില്ല. 
പക്ഷെ, പിന്നെ എന്തുകൊണ്ടാണ് ഇന്ത്യയുടെ അഭിമാന സ്തംഭമായ പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കാളിയെന്ന് ആരോപിക്കപ്പെട്ട ഒരു 'ഭീകന്റെ' ഓര്‍മകള്‍ ഇപ്പോഴും രാജ്യത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്?
താമസിയാതെ, ജന്ദര്‍മന്ദറില്‍ ചില വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. അതേ ആവേശത്തില്‍തന്നെ അവര്‍ ആക്രമിക്കപ്പെടുകയും കീഴ്‌പ്പെടുത്തപ്പെടുകയുമുണ്ടായി.
ഓരോ പാര്‍ട്ടിയുടെ വക്താക്കളും പ്‌സ്താവനകളുമായി രംഗത്തുവന്നു. കോണ്‍ഗ്രസും ബി.ജെ.പിയുമെല്ലാം അതിലുണ്ടായിരുന്നു. ആര്‍ക്കും കൃത്യത്തില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. തൂക്കിലേറ്റല്‍ കര്‍മം നിര്‍വഹിച്ച അഭിമാനത്തിലായിരുന്നു കോണ്‍ഗ്രസ്. അതിന് സമ്മര്‍ദം ചെലുത്തിയത് തങ്ങളാണെന്ന ആവേശത്തിലായിരുന്നു ബി.ജെ.പി. തൂക്കിലേറ്റുന്നതിനുമുമ്പ് സ്വന്തം കുടുംബത്തെ കാണാന്‍ അനുവദിച്ചില്ല എന്നതില്‍ മാത്രമേ അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുള്ളൂ.
നാടകം ഇങ്ങനെയെങ്കില്‍ ഇതിനു പിന്നിലെ സത്യങ്ങള്‍ വേറെയാണ്. അഫ്‌സല്‍ ഗുരു പാര്‍ലമെന്റ് അക്രമിച്ചിരുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനു തക്കതായ ശിക്ഷ നല്‍കുകതന്നെ വേണം. അതിനുവേണ്ടി ഗൂഢതന്ത്രം മെനഞ്ഞുവെന്ന ആരോപണത്തിന്മേല്‍ പിടിക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണദ്ദേഹം. ആരെല്ലാമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് നമുക്കറിയുമോ? ഇവരെക്കുറിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് താല്‍പര്യം കാണിക്കുന്നില്ല? ബി.ജെ.പി അധികാരത്തിലുള്ള സമയത്താണ് ഈ ആക്രമണം നടന്നത് എന്നത് ശ്രദ്ധേയമാണ്.
ഈ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് ഇതുപോലെ നൂറുനൂറു ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഇന്നും നിലനില്‍ക്കുന്നു. യാഖൂബ് മേമന്റെ കാര്യവും ഇതില്‍നിന്നും ഭിന്നമല്ല. ഓരോ ഫെബ്രുവരി 9 ഉം ആ അനീതിയുടെ ചൂടുള്ള ഓര്‍മകളാണ് പുറത്തുകൊണ്ടുവരുന്നത്. നമുക്ക് ഇത്തരം നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്താം. 
അവലംബം: www.thewire
വിവ. സിനാന്‍ അഹ്മദ്
                        
 


            
            
                    
            
                    
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment