വെസ്റ്റ് ബാങ്ക് കീഴടക്കാൻ നാലിന കർമപദ്ധതികളുമായി ഇസ്രായേൽ പ്രധാനമന്ത്രി

 വെസ്റ്റ് ബാങ്ക് കീഴടക്കാനായി നാല് രൂപത്തിലുള്ള പദ്ധതികൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സിന് മുമ്പിൽ അവതരിപ്പിച്ചതായി റിപ്പോർട്ട്. ഫലസ്തീനികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശക്തമായ എതിർപ്പുകൾ വകവെക്കാതെ മുന്നോട്ടുവെച്ച വെസ്റ്റ് ബാങ്ക് കീഴടക്കൽ പദ്ധതി 30% ഭൂമി കീഴടക്കി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു ഇസ്രായേൽ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ലിക്കുഡ് പാർട്ടി തലവനായ നെതന്യാഹു, അതേ പാർട്ടി നേതാവും പാർലമെന്റ് സ്പീക്കറുമായ യാരിവ് ലെവിൻ, ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി തലവനും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാന്റ്സ്, വിദേശകാര്യ മന്ത്രി ഗാബി അഷ്കനാസി എന്നിവർ സംബന്ധിച്ച ചർച്ചകളിലാണ് പുതിയ പദ്ധതികൾ അവതരിപ്പിക്കപ്പെട്ടത്. പദ്ധതികളൊന്നും ഏകപക്ഷീയമാകരുതെന്നും ഫലസ്തീനീകൾക്ക് ഇത് മൂലം ചില ആനുകൂല്യങ്ങൾ ലഭിക്കണമെന്നും ഗാന്റ്സും അഷ്കനാസിയും ഊന്നിപ്പറഞ്ഞിട്ടുണ്ട്. നേരത്തെ തന്നെ നെതന്യാഹു വെസ്റ്റ് ബാങ്ക് കീഴടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പും സർക്കാറിനുള്ളിലെ അഭിപ്രായഭിന്നതകളും തീരുമാനം വൈകിപ്പിക്കുകയായിരുന്നു. അതേസമയം നെതന്യാഹുവിന്റെ തീരുമാനത്തിനെതിരെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ വാസൽ അബൂ യൂസുഫ് ശക്തമായി രംഗത്തെത്തി.

വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ഇത് ലോകം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വെസ്റ്റ് ബാങ്ക് കീഴടക്കൽ പദ്ധതികൊണ്ട് നെതന്യാഹുവിന് യൂറോപ്പിൽ നിന്നും വലിയ രീതിയിലുള്ള എതിർപ്പ് നേരിടേണ്ടി വരില്ലെന്നും അറബ് ലോകവുമായുള്ള ബന്ധത്തിൽ അത് വിള്ളൽ വീഴ്ത്തുകയില്ലെന്നും ഒരു ഇസ്രായേലീ പത്രം റിപ്പോർട്ട് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter