മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിം കോടതി.ബെഞ്ച് ഐക്യകണ്ഠമായല്ല വിധിപ്രഖ്യാപിച്ചത്. ചീഫ്ജസ്റ്റിസും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറും ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധിച്ചപ്പോള്‍ മറ്റു മൂന്നുപേര്‍ വിയോജന നിലപാടെടുക്കുകയായിരുന്നു.ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് ഭൂരിപക്ഷ വിധി പ്രഖ്യാപിച്ചത്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, രോഹിങ്ടന്‍ നരിമാന്‍, യു.യു. ലളിത്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തിനുള്ളില്‍ പുതിയ നിയമം കൊണ്ടു വരണം. അതുവരെ മുത്തലാഖ് വഴിയുള്ള വിവാഹ മോചനം ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ട്. പരിരക്ഷയുള്ളതിനാല്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രിം കോടതി വിധിയോടെ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദമാണ് കോടതിയില്‍ അംഗീകരിക്കപ്പെട്ടത്.

മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും, അതിനാല്‍ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജിക്കാര്‍  ആവശ്യപ്പെട്ടിരുന്നത്.

ഒറ്റയടിക്കു മൂന്നു ത്വലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും നിര്‍ദേശിക്കുന്ന പ്രമേയം നേരത്തെ പാസാക്കിയിരുന്നുവെന്നു മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വാദം കേള്‍ക്കലിനിടെ കോടതിയെ അറിയിച്ചിരുന്നു.

മുത്തലാഖ് പാപമാണെങ്കില്‍ അത് പിന്നെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നായിന്നു കേന്ദ്രസര്‍ക്കാരിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹിത്ഗി വാദിച്ചത്. സൃഷ്ടാവിനും വ്യക്തികള്‍ക്കുമിടയിലെ പാപമാണ് മുത്തലാഖെന്ന് ഹരജിക്കാരിയായ സൈറാ ബാനുവിന്റെ അഭിഭാഷകന്‍ അമിത് ചന്ദയും കോടതിയില്‍ വാദിച്ചു.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, രോഹിങ്ടന്‍ നരിമാന്‍, യു.യു. ലളിത്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ഹിന്ദു, മുസ്‌ലിം സമുദായങ്ങളില്‍നിന്നും ഓരോരുത്തര്‍ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. മുത്തലാഖിനെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് അനുവദിച്ചത്.

15 വര്‍ഷത്തെ വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയ സൈറാ ബാനു, 2016ല്‍ കത്തു വഴി മൊഴി ചൊല്ലപ്പെട്ട ആഫ്രിന്‍ റഹ്മാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍ ഇരുന്നു ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ലിയ ഇഷ്‌റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചെല്ലപ്പെട്ട അതിയാ സാബ്‌റി എന്നിവരാണു മുത്തലാഖ് വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter