നന്മയുടെ റാണി (ഭാഗം എട്ട്)

പ്രശ്‌നങ്ങളില്‍ നിന്നും പ്രശ്‌നങ്ങളിലേക്ക്

പ്രസന്നവദനനായി മാത്രം കാണപ്പെടുന്ന ഹാറൂന്‍ റഷീദിന്റെ മുഖം പക്ഷെ ഒരു നാള്‍ കെട്ടു. മ്ലാനത മുററിയ ആ ഭാവം സുബൈദയെ വേദനിപ്പിച്ചു. മക്കളെ വേനപ്പിച്ചു. എല്ലാവരേയും വേദനിപ്പിച്ചു. ഖലീഫയുടെ മുഖത്ത് ചിരിയുടെ ഒരു രേഖയെങ്കിലും തെളിയുവാന്‍ അവരെല്ലാം അതിയായി ആഗ്രഹിച്ചു. പക്ഷെ, അവരൊക്കെ നിരാശരായി. ഈ ദുഖത്തിനു കാരണമുണ്ട്.
ഖലീഫാ ഹാറൂന്‍ റഷീദിന്റെ രാജ്യം സമൃദ്ധമായിരുന്നു. ഭരണം മാതൃകാപരവുമായിരുന്നു. എന്നിട്ടും പല പ്രശ്‌നങ്ങളും അദ്ദേഹത്തെയും ഭരണത്തെയും വേട്ടയാടിക്കൊണ്ടിരുന്നു. അവയില്‍ ഒന്നാമത്തെ പ്രശ്‌നം ശിയാക്കളുടെ ഭാഗത്തുനിന്നുള്ളതായിരുന്നു. അവര്‍ ഈ കാലത്ത് ത്വാലിബികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അബ്ദുല്‍ മുത്തലിബിന്റെ മകളായ അബ്ബാസിന്റെയും അബൂ ത്വാലിബിന്റെയും മക്കള്‍ തമ്മിലായിരുന്നുവല്ലോ പോര്. അതിനാല്‍ ഭരണകൂടം അബ്ബാസികള്‍ എന്നു വിളിക്കപ്പെട്ടപ്പോള്‍ എതിര്‍ചേരി ത്വാലിബികള്‍ എന്നു വിളിക്കപ്പെടുകയായിരുന്നു. അബൂ ത്വാലിബിന്റെ മകനായ അലി(റ)വിന്റെ പക്ഷക്കാര്‍ എന്നാണ് ഇത് അര്‍ഥിക്കുന്നത് എന്നതിനാല്‍ ഇവര്‍ സത്യത്തില്‍ ശീഅത്തു അലീ എന്ന ശിയാക്കള്‍ തന്നെയാണ്.
അവരുടെ പ്രശ്‌നം പുതിയതായി ഉണ്ടായതൊന്നുമായിരുന്നില്ല. പണ്ടേ അവര്‍ ഇസ്‌ലാമിക ഭരണാധികാരികളോട് പ്രശ്‌നത്തിലായിരുന്നു. നബി(സ)യുടെ കാലശേഷം അലി(റ)വിന് ആണ് അധികാരം ലഭിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹത്തെ മററുള്ളവര്‍ അധികാരത്തില്‍ നിന്നും തന്ത്രപൂര്‍വ്വമോ ബലപ്രയോഗത്തിലൂടെയോ മാററുകയായിരുന്നു എന്നാണ് അവരുടെ വാദം. നബി(സ)ക്കു ശേഷം അബൂബക്കര്‍(റ) ഖലീഫയായതും അദ്ദേഹം മരണത്തിന്റെ തൊട്ടുമുമ്പായി ഉമര്‍(റ)വിനെ തന്റെ പിന്‍ഗാമിയായി വാഴിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നാണ് അവരുടെ വാദം. മൂന്നാമതായി ഉസ്മാന്‍(റ) ഖലീഫയായതും ഇതേ തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അവര്‍ പറയും. ഇതിനുവേണ്ടി ഈ ഖലീഫമാര്‍ ചരടുവലിച്ചതായി അവര്‍ പല കഥകളും പ്രചരിപ്പിക്കും. ഈ കുററം ചുമത്തി അവര്‍ ഇപ്പോഴും ഉന്നതരായ ഈ സ്വഹാബിമാരെ ആക്ഷേപിക്കുകയും ചെയ്യും. 
സത്യത്തില്‍ അന്നൊന്നും അലി(റ)വോ അദ്ദേഹത്തിനു വേണ്ടി മററാരെങ്കിലുമോ അങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടേയില്ല. ഉന്നയിച്ചിരുന്നുവെങ്കില്‍ അവര്‍ അതു അപ്പോള്‍ തന്നെ നല്‍കുവാനുള്ള മനശുദ്ധി ഉള്ളവര്‍ തന്നെയായിരുന്നു. ഓരോ ഘട്ടത്തിലും ആത്മാര്‍ഥമായി അധികാരത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ ശ്രമിച്ചവരായിരുന്നു അവര്‍ എന്ന് അവരെ തെരഞ്ഞെടുക്കുന്ന ഓരോ രംഗത്തിലും നമുക്ക് ചരിത്രത്തില്‍ കാണാം. അലി(റ) തന്നെ നാലാം ഊഴത്തില്‍ അതു സ്വീകരിക്കുവാന്‍ മടിച്ചുനിന്ന ആളായിരുന്നു. ആരും അധികാരം ഏറെറടുക്കുവാന്‍ തയ്യാറാവാതെ ദിവസങ്ങളോളം സിംഹാസനം ഒഴിഞ്ഞുകിടക്കുക പോലുമുണ്ടായി. ആയതിനാല്‍ ശിയാക്കളുടെ വാദങ്ങളെ മുസ്‌ലിം ലോകം വെറും രാഷ്ട്രീയമായിട്ടാണ് കാണുന്നത്. അവരുടെ ഇമാമാത്ത് വാദമാകട്ടെ, ആ രാഷ്ട്രീയത്തിനുവേണ്ടി അവര്‍ കെട്ടിച്ചമച്ച നാടകവുമാണ്. അതിന്റെ ഒരു പക അവരുടെ ഉള്ളില്‍ സദാ ഉണ്ട്. റാഷിദീ ഖലീഫമാരോടും അമവീ ഖലീഫമാരോടും അവര്‍ അതു പുലര്‍ത്തിപ്പോന്നു.
നബി കുടുംബത്തെയല്ലാതെ മററാരെയും അവര്‍ നേതാവായി അംഗീകരിക്കുന്നില്ല.എന്നാല്‍ ഹാറൂന്‍ റഷീദടക്കമുള്ള അബ്ബാസീ ഖലീഫമാരെല്ലാം നബികുടുംബക്കാര്‍ തന്നെയാണല്ലോ എന്നത് അവര്‍ അംഗീകരിക്കുന്നുമില്ല.അവര്‍ പറയുന്നത് അവര്‍ നബി കുടുംബത്തിന്റെ ഭാഗമല്ല എന്നാണ്. ഒരിക്കല്‍ മൂസല്‍ കാളിമിനോട് ഹാറൂന്‍ റഷീദ് ഇതു നേരിട്ടുതന്നെ ചോദിക്കുകയുണ്ടായി.ശിയാക്കളുടെ ഏഴാമത്തെ ഇമാമായിരുന്നു മൂസല്‍ കാളിം. അദ്ദേഹം ഹാറൂന്‍ റഷീദിന്റെ കാലത്താണ് ജീവിച്ചിരുന്നത്. നിങ്ങളെ പോലെ ഞങ്ങളും നബി കുടുംബമല്ലേ എന്ന്. അതിനദ്ദേഹം പറഞ്ഞ മറുപടി അല്ല എന്നായിരുന്നു. അദ്ദേഹത്തിന്റെ ന്യായം ഇതാണ്.അബ്ദുല്‍ മുത്തലിബിന്റെ മക്കാളായ അബ്ദുല്ല, അബൂത്വാലിബ് എന്നിവര്‍ ഒരു ഉമ്മയുടെ മക്കളാണ്. എന്നാല്‍ അബ്ബാസ് ആ ഉമ്മയുടെ മകനല്ല. വേറെ ഉമ്മക്കു ജനിച്ചതാണ്. മക്കള്‍, ഭാര്യമാര്‍, നേര്‍സഹോദരങ്ങള്‍ എന്നിവര്‍ക്കേ പിന്തുടര്‍ച്ചാവകാശമുള്ളൂ. ഇതു വിളക്കിച്ചേര്‍ക്കുന്നത് മാതാവാണ്.മാതാവ് മാറിയാല്‍ ബന്ധം മുറിയും. തങ്ങളുടെ രാഷ്ട്രീയ നിലപാടിനുവേണ്ടി ഇങ്ങനെ പലതും വാദിക്കുന്നതില്‍ മിടുമിടുക്കന്‍മാരാണ് പണ്ടേ ശിയാക്കള്‍.
ഇപ്പോള്‍ അബ്ബാസികളോടും അവരതു തന്നെ പുലര്‍ത്തുകയാണ്. ഖലീഫമാരുടെ ഏതെങ്കിലും നയത്തോടുള്ള എതിര്‍പ്പല്ല അവരുടേത്.അവരുടെ ഇമാമാണ് ഖലീഫയാവേണ്ടത് എന്ന വാദമാണ് അവരുടേത്.അതിനാല്‍ അവര്‍ ഒരു ഖലീഫയെയും അംഗീകരിക്കില്ല. ഹാറൂന്‍ റഷീദിന്റെ കാലത്തും അവര്‍ തലപൊക്കുവാന്‍ നോക്കി. വളരെ ചെറിയ പ്രായത്തില്‍ ഭരണത്തിലേറിയ ഖലീഫയായിരുന്നതുകൊണ്ട് അവര്‍ക്കതു വേഗം വിജയിപ്പിച്ചെടുക്കാം എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ, വളരെ സമര്‍ഥനായിരുന്നു ഹാറൂന്‍ റഷീദ്. അദ്ദേഹം അതെല്ലാം തുടക്കത്തിലെ ചവിട്ടിക്കെടുത്തി. അക്കാലത്തെ അവരുടെ നായകനും ഇത്‌നാഅശ്‌രി ശ്രേണിയിലെ അവരുടെ ഏഴാം ഇമാമുമായിരുന്ന മൂസ ബിന്‍ ജഅ്ഫര്‍ കാളിമിനെയടക്കം ഖലീഫാ ജയിലിലടച്ചു. അവരെ നിരന്തരം വേട്ടയാടി. അങ്ങനെ അവരുടെ ശല്യം നിയന്ത്രണവിധേയമാക്കി.
അപ്പോഴാണ് പുതിയ ഒരു പ്രശ്‌നം തലപൊക്കിയിരിക്കുന്നത്. അത് കിരീടാവകാശിയെ ചൊല്ലിയുള്ള തര്‍ക്കമാണ്. ഹാറൂന്‍ റഷീദിന് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കണം. മക്കള്‍ രണ്ടുപേരും പഠനമൊക്കെ ഏതാണ്ട് കഴിഞ്ഞ് അതിനുള്ള പ്രായത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. അമീനും മഅ്മൂനും. അവരില്‍ ആരെ കിരീടാവകാശിയിക്കും എന്നതാണ് പ്രശ്‌നം. അതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ കൊട്ടാരത്തിനകത്തുനിന്ന് ആരംഭിച്ചു. പ്രായം കൊണ്ട് മഅ്മൂനാണ് ആ സ്ഥാനത്തിന് അര്‍ഹന്‍. വിവരത്തിന്റെയും കാഴ്ച്ചപ്പാടിന്റെയുമൊക്കെ കാര്യത്തില്‍ ഒരു ചുവടു മുന്നില്‍ മഅ്മൂന്‍ തന്നെയാണ്. രാജ്യകാര്യങ്ങളില്‍ ഒരു പ്രതീക്ഷ നല്‍കുന്നുണ്ട് മഅ്മൂന്‍. മഅ്മൂനിന്റെ ശേഷികള്‍ താന്‍ പലപ്പോഴും നേരിട്ടു അനുഭവിച്ചിട്ടുള്ളതുമാണ്. അവയിലെ ഒരു ചിത്രം ഇപ്പോഴും ഖലീഫയുടെ മനസ്സിലുണ്ട്.

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter