നഷ്ട പ്രതാപങ്ങളുടെ കഥ പറയുന്ന സിസിലി- ഭാഗം 01
രണ്ട് നൂറ്റാണ്ടിലേറെക്കാലം സിസിലി മുസ്‍ലിംകളുടെ നിയന്ത്രണത്തിലായിരുന്നു. ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മുസ്‍ലിം സിസിലി ഏകദേശം ഒരു ലക്ഷം ആളുകള്‍ അധിവസിച്ചിരുന്ന ജനനിബിഢ നഗരമായിരുന്നു. ഇരുന്നൂറു വർഷത്തെ അറബ് ഭരണമാണ് സിസിലിയുടെ സംസ്കാരത്തെയും സ്വത്വത്തെയും രൂപപ്പെടുത്തിയത് എന്ന് പറയാവുന്നതാണ്.
മെഡിറ്ററേനിയനിലെ ഏറ്റവും വലിയ ദ്വീപാണ് സിസിലി. ഇസ്‍ലാമിക സംസ്കാരങ്ങളാൽ സമ്പന്നമായ നാടാണ് ഈ ദ്വീപ്. ഇറ്റലിയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിസിലിയയുടെ ഇസ്‍ലാമിക ചരിത്രം ആരംഭിച്ചത് സിസിലിയിലെ ആദ്യത്തെ അറബ് വാസസ്ഥലമായ മസാറയെ എഡി. 827-ൽ മുസ്‍ലിംകൾ കീഴടക്കിയത് മുതലാണ്. സിസിലിയുടെയും മാൾട്ടയുടെയും തുടർന്നുള്ള ഭരണം ആരംഭിച്ചത് പത്താം നൂറ്റാണ്ടിലാണ്. സിസിലി പ്രവിശ്യയിലെ മുസ്‍ലിം ഭരണം എഡി. 831 മുതൽ എഡി. 1061 വരെ നീണ്ടുനിൽക്കുന്നതായിരുന്നു. 902 വരെ ദ്വീപ് മുഴുവൻ മുസ്‍ലിംകളാണ് നിയന്ത്രിച്ചിരുന്നത്.
സിസിലിയിലെ ആദ്യ മുസ്‍ലിം യുദ്ധം
ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന സിസിലി ഭരണകൂടവുമായി മുസ്‍ലിംകൾ ആദ്യമായി ഏറ്റുമുട്ടുന്നത് ഉസ്മാൻ (റ)ന്റെ കാലഘട്ടത്തിലാണ്. സിറിയയിലെ ഗവർണറായ മുആവിയ(റ) നയിച്ച സൈന്യമായിരുന്നു യോദ്ധാക്കളായി അന്ന് പോരാട്ടങ്ങളിൽ അണിനിരന്നിരുന്നത്. ശേഷം കിൻദ ഗോത്രത്തിൽപെട്ട മുആവിയത്തുബ്നു ഹുദൈജായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്.
എഡി.669-ൽ സിസിലിയിലേക്കുള്ള രണ്ടാമത്തെ മുസ്‍ലിം സൈനികമുന്നേറ്റം നടന്നു. ഇത്തവണ, അലക്സാണ്ട്രിയയിൽ നിന്നുള്ള 200 കപ്പലുകൾ അടങ്ങുന്ന ശക്തമായ ഒരു സൈന്യം ദ്വീപിനെ ലക്ഷ്യം വെച്ചുനീങ്ങി. അവർ സിസിലിയിലെ സിറാക്കൂസിനെ അക്രമിക്കുകയും ഒരു മാസത്തെ യുദ്ധത്തിന് ശേഷം ഈജിപ്തിലേക്ക് മടങ്ങുകയും ചെയ്തു. വടക്കേ ആഫ്രിക്ക മുസ്‍ലിംകൾ കീഴടക്കിയതിന് ശേഷം 703, 728, 729, 730, 731, 733, 734 എന്നീ വർഷങ്ങളിൽ മുസ്‍ലിംകൾ സിസിലി കീഴടക്കാൻ വേണ്ടി ശക്തമായ ശ്രമങ്ങള്‍ നടത്തി. അവസാനത്തെ രണ്ട് അറബ് ആക്രമണങ്ങളും ഗണ്യമായ ബൈസന്റൈൻ പ്രതിരോധം നേരിട്ടു. 740ലായിരുന്നു ആദ്യത്തെ കീഴടക്കൽ, ആ വർഷം, 728-ൽ യുദ്ധത്തിൽ പങ്കെടുത്ത ഹബീബ് ഇബ്ൻ അബി ഉബൈദ അൽ-ഫിഹ്രി വിജയകരമായി സിറാക്കൂസ് അക്രമിച്ചു. ദ്വീപ് മുഴുവൻ കീഴടക്കാൻ തയ്യാറായെങ്കിലും ഒരു ബർബരി കലാപത്താൽ യുദ്ധമവസാനിപ്പിച്ച് ടുണീഷ്യയിലേക്ക് മടങ്ങാൻ നിർബന്ധിതരായി.
805-ൽ, സിസിലിയിലെ കോൺസ്റ്റന്റൈൻ, ഇബ്രാഹിം അമീർ ഇബ്രാഹിം ഇബ്നു അൽ-അഗ്ലബുമായി പത്തുവർഷത്തെ ഉടമ്പടി ഒപ്പുവച്ചു. എന്നാൽ ഈ കരാർ ആഫ്രിക്കയിലെയും സ്പെയിനിലെയും മറ്റു പ്രദേശങ്ങളിൽ നിന്നുള്ള മുസ്‍ലിം കപ്പലുകളെ 806 മുതൽ സാർഡിനിയുമായും കോർസിക്കയുമായും യുദ്ധം ചെയ്യുന്നതിൽ നിന്ന് തടഞ്ഞില്ല. 812-ൽ ഇബ്രാഹിമിന്റെ മകൻ അബ്ദുല്ല ഒന്നാമൻ സിസിലി കീഴടക്കാൻ ഒരു സേനയെ അയച്ചു. ഗെയ്റ്റയുടെയും അമാൽഫിയുടെയും പ്രഭുക്കന്മാരുടെ ഇടപെടലിലൂടെ അദ്ദേഹത്തിന്റെ കപ്പലുകൾ ആദ്യം അക്രമിക്കപ്പെട്ടു. പിന്നീട് ഒരു കൊടുങ്കാറ്റിൽ വലിയ അളവിൽ കപ്പലുകൾ നശിച്ചു. എന്നിരുന്നാലും, ലാംപെഡൂസ ദ്വീപ് കീഴടക്കാനും ടൈറേനിയൻ കടലിൽ പോൻസ, ഇഷിയ ദ്വീപുകൾ കീഴടക്കാനും അവർക്ക് കഴിഞ്ഞു. പുതിയ ഭരണാധികാരി ഗ്രിഗോറിയസും അമീറും തമ്മിലുള്ള മറ്റൊരു ഉടമ്പടി തെക്കൻ ഇറ്റലിക്കും ആഫ്രിക്കക്കും ഇടയിൽ വാണിജ്യ സ്വാതന്ത്ര്യം സ്ഥാപിച്ചു. 819-ൽ ആഫ്രിക്കയിലെ അമീർ സിയാദത്തുല്ലാഹ് ഒന്നാമന്റെ ബന്ധുവായ മുഹമ്മദു ബ്നു അബ്ദുല്ലാഹ് നടത്തിയ മറ്റൊരു ആക്രമണത്തിന് ശേഷം 827 വരെ സിസിലിയിലെ തുടർന്നുള്ള മുസ്‍ലിം യുദ്ധങ്ങളൊന്നും ചരിത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല.
യൂഫെമിയസും അസദും
സിസിലിയിലും തെക്കൻ ഇറ്റലിയുടെ ചില ഭാഗങ്ങളിലും മുസ്‍ലിം യുദ്ധം 75 വർഷത്തോളം നീണ്ടുനിന്നു. മൈക്കൽ രണ്ടാമൻ ചക്രവർത്തിയുമായി ശത്രുതയിലായ ബൈസന്റൈൻ കമാൻഡറായ യൂഫെമിയസാണ് ഈ ആക്രമണത്തിന് മുസ്‍ലിംകളെ പ്രേരിപ്പിച്ചത്. ഒരു ഹ്രസ്വകാല യുദ്ധത്തിനു ശേഷം, അദ്ദേഹത്തെ ചക്രവർത്തിയായി പ്രഖ്യാപിച്ചു. എന്നാൽ വിശ്വസ്തരായ സൈന്യം ആഫ്രിക്കയിലെ സിയാദത്തുല്ലായുടെ കൊട്ടാരത്തിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനായി. എഴുപതുകാരനായ ഖാദി അസദ് ഇബ്‌നു അൽ-ഫുറാത്തിനെ സിയാദത്തുല്ലാഹ് സിസിലി കീഴടക്കാനുള്ള ചുമതല ഏൽപ്പിച്ചു. മുസ്‍ലിം സേനയിൽ 10,000 കാലാൾപ്പടയും 700 കുതിരപ്പടയും 100 കപ്പലുകളുമുണ്ടായിരുന്നു. യൂഫെമിയസിന്റെ കപ്പൽപ്പടയും മസാറ ഡെൽ വല്ലോയിൽ ഇറങ്ങിയ ശേഷം ബൈസന്റൈൻ സൈനികർക്കെതിരായ ആദ്യ യുദ്ധം 827 ജൂലൈ 15 ന് മസാറയ്ക്ക് സമീപം നടക്കുകയും യുദ്ധത്തില്‍ അഗ്ലാബിദുകൾ വിജയിക്കുകയും ചെയ്തു.
അസദ് പിന്നീട് ദ്വീപിന്റെ തെക്കൻ തീരം കീഴടക്കുകയും സിറാക്കൂസ് ഉപരോധിക്കുകയും ചെയ്തു. ഒരു വർഷത്തെ ഉപരോധത്തിനും പോരാട്ടത്തിനും ശേഷം, ഡോഗ് ജിയുസ്റ്റിനിയാനോ പാർട്ടിസിപാസിയോയുടെ നേതൃത്വത്തിലുള്ള വെനീഷ്യൻ കപ്പലിന്റെ പിന്തുണയോടെ പലേർമോയിൽ നിന്ന് അയച്ച ഒരു വലിയ സൈന്യത്തെ പരാജയപ്പെടുത്താൻ അദ്ദേഹത്തിന്റെ സൈന്യത്തിന് കഴിഞ്ഞു. തുടര്‍ന്നുണ്ടായ പ്ലേഗ് ബാധയില്‍ നിരവധി സൈനികരും അസദും മരിച്ചുവീണപ്പോള്‍ മുസ്‍ലിംകൾ മിനിയോ കോട്ടയിലേക്ക് പിൻവാങ്ങി. പിന്നീട് അവർ ആക്രമണത്തിലേക്ക് മടങ്ങിയെങ്കിലും സിസിലിയിലെ കാസ്ട്രോജിയോവാനിയെ കീഴടക്കുന്നതിൽ പരാജയപ്പെട്ടു മസാറയിലേക്ക് തിരിച്ചുപോയി. 830-ൽ മുസ്‍ലിംകൾക്ക് 30,000 ആഫ്രിക്കൻ, സ്പാനിഷ് സൈനികരുടെ ശക്തമായ പിന്തുണ ലഭിച്ചു. ആ വർഷം ജൂലൈയിലും ഓഗസ്റ്റിലും സ്പാനിഷ് മുസ്‍ലിംകൾ ബൈസന്റൈൻ കമാൻഡർ തിയോഡോട്ടസിനെ പരാജയപ്പെടുത്തി. എന്നാൽ വീണ്ടുമുണ്ടായ പ്ലേഗ് അവരെ വീണ്ടും മസാറയിലേക്കും പിന്നീട് ആഫ്രിക്കയിലേക്കും മടങ്ങാൻ നിർബന്ധിതരാക്കി. പലേർമോയെ ഉപരോധിക്കാൻ അയച്ച ആഫ്രിക്കൻ-ബർബർ സൈനികർ ഒരു വർഷം നീണ്ട ഉപരോധത്തിന് ശേഷം 831 സെപ്റ്റംബറിൽ പലേർമോ പിടിച്ചെടുത്തു. അൽ-മദീന എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പലേർമോ നഗരം സിസിലിയുടെ മുസ്‍ലിം തലസ്ഥാനമായി മാറി.
അബൂ ഫിഹ്റ് മുഹമ്മദ് ബനു അബ്ദില്ലാഹ്
832 ഫെബ്രുവരിയിൽ, സിയാദത്തുല്ലാഹ് തന്റെ ബന്ധുവായ അബു ഫിഹ്റ് മുഹമ്മദ് ബ്‌നു അബ്ദില്ലയെ ദ്വീപിലേക്ക് അയയ്ക്കുകയും സിസിലിയിലെ ഗവർണറായി നിയമിക്കുകയും ചെയ്തു. 834-ന്റെ തുടക്കത്തിൽ അദ്ദേഹം ബൈസന്റൈൻ സൈന്യത്തെ പരാജയപ്പെടുത്തി. അടുത്ത വർഷം അദ്ദേഹത്തിന്റെ സൈന്യം തീരപ്രദേശമായ ടോർമിന വരെ എത്തി. അതേസമയം ബൈസന്റൈൻ സൈന്യം അവരുടെ ശക്തികേന്ദ്രങ്ങളായ കാസ്ട്രോജിയോവാനിയിലും സെഫാലുയിലും ചെറുത്തു നിന്നു. പുതിയ അമീർ അൽ അഗ്ലബ് അബു അഫാനിൽ നിന്ന് പുതിയ സൈന്യം ദ്വീപിലെത്തി. പ്ലാറ്റാനി, കാൽറ്റബെല്ലോട്ട, കോർലിയോൺ, മരിനിയോ, ജെറാസി എന്നിവ കീഴടക്കി. അതോടെ പടിഞ്ഞാറൻ സിസിലിയുടെ പൂർണ്ണ നിയന്ത്രണം മുസ്‍ലിംകളുടെ കൈകളിലായി.
836-ൽ, ബൈസന്റൈൻ സൈന്യം നേപ്പിൾസിലെ ആൻഡ്രൂ രണ്ടാമനെ ഉപരോധിച്ചപ്പോൾ, മുസ്‍ലിം കപ്പലുകൾ അവരുടെ സഖ്യകക്ഷിയെന്ന നിലയില്‍ അദ്ദേഹത്തെ സഹായിച്ചു. തുടര്‍ന്ന്, നേപ്പിൾസിന്റെ പിന്തുണയോടെ 842-ൽ സിസിലിയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ മെസ്സിന പിന്നീട് ബാരി എമിറേറ്റ് സ്ഥാപിച്ച മുഹമ്മദ് അബുൽ അബ്ബാസ് കീഴടക്കി. 845-ൽ ദക്ഷിണ സിസിലിയിലെ മോഡിച്ചയും മു846-ൽ ലെന്റിനിയും 848-ൽ റഗുസയും കീഴടക്കി മുസ്‍ലിംകൾ അവരുടെ പ്രയാണം തുർന്നു.
അബ്ബാസ് ബ്നു ഫദ്‍ല്‍
851-ൽ ഗവർണര്‍ അൽ അഗ്ലബ് അബൂ ഇബ്‍റാഹീം മരണപ്പെട്ടു. അദ്ദേഹത്തിന്റെ പിൻഗാമിയായി അബ്ബാസ് ബ്നു ഫദ്‍ല്‍ അധികാരമേറ്റു. 859-ലെ ശൈത്യകാലത്ത് ബ്യൂട്ടേര, ഗാഗ്ലിയാനോ, സെഫാലു എന്നീ നഗരങ്ങൾക്ക് പുറമെ സുപ്രധാന പ്രദേശമായ കാസ്ട്രോജിയോവാനി നഗരവും പിടിച്ചെടുത്തുകൊണ്ട് അദ്ദേഹം ബൈസന്റൈൻ ഭരണത്തിന് വലിയൊരു പ്രഹരമേൽപ്പിച്ചു. അതിന് മറുപടിയായി, ബൈസന്റൈൻ ചക്രവർത്തി 859-860-ൽ കോൺസ്റ്റന്റൈൻ കോണ്ടോമൈറ്റസിന്റെ കീഴിൽ ഒരു വലിയ സൈന്യത്തെ അയച്ചു. എന്നാൽ സൈന്യത്തെ വഹിച്ചിരുന്ന കപ്പലുകളെ അബ്ബാസ് പരാജയപ്പെടുത്തി. അതേസമയം, ബൈസന്റൈൻ കുതന്ത്രങ്ങൾ മുസ്‍ലിംകൾ കീഴടക്കിയ പല നഗരങ്ങളെയും കലാപത്തിലേക്ക് നയിക്കുന്നുണ്ടായിരുന്നു. അതിനാല്‍ 860-861 വർഷങ്ങൾ കലാപങ്ങൾ പരിഹരിക്കാനായി അദ്ദേഹം നീക്കിവച്ചു. 861-ൽ അദ്ദേഹവും 862 ഫെബ്രുവരിയിൽ മകൻ അബ്ദല്ലയും മരണപ്പെട്ടു. പകരം അഗ്ലാബിഡുകൾ ഖഫാഗിയ ബ്നു സുഫ്യാനെ ഭരണത്തിൽ കൊണ്ടുവന്നു. അദ്ദേഹം നോട്ടോ, സിക്ലി, ട്രോയിന എന്നീ നഗരങ്ങൾ പിടിച്ചെടുത്തു.
ജഅ്ഫർ ബിൻ മുഹമ്മദ്
877-ല്‍ അന്നത്തെ സുൽത്താനായിരുന്ന ജഅ്ഫർ ബ്നു മുഹമ്മദ് അൽ-താമിനി, സിറാക്കൂസ് ഉപരോധിച്ചു. 878 മെയ് 21-ന് നഗരം മുസ്‍ലിംകൾ കീഴടക്കി. ഈ അവസരത്തിൽ ബൈസന്റൈൻസ് ടോർമിനയ്ക്ക് ചുറ്റുമുള്ള ഒരു ചെറിയ തീരത്ത് അവരുടെ നിയന്ത്രണം നിലനിർത്തി. അതേസമയം മുസ്‍ലിം കപ്പൽ ഗ്രീസിനെയും മാൾട്ടയെയും ആക്രമിച്ചു. 880-ലെ ഒരു നാവിക യുദ്ധത്തിൽ മുസ്‍ലിംകളുടെ കപ്പൽ സേന നശിപ്പിക്കപ്പെട്ടതോടെ, ബൈസന്റൈൻസ് സിസിലി തിരിച്ചുപിടിക്കുമോ എന്ന ആശങ്കകളുയര്‍ന്നു. പക്ഷെ, കരമാര്‍ഗ്ഗമുള്ള നീക്കങ്ങളിലൂടെ പുതിയ പുതിയ വിജയങ്ങൾ കൈവരിച്ച് അവര്‍ നിയന്ത്രണം നിലനിര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.
886-ലെ ബൈസാന്റൈൻ ചക്രവർത്തി ബേസിൽ ഒന്നാമന്റെ മരണ ശേഷം ദക്ഷിണ ഇറ്റലിയിലെ കാലാബ്രിയ മുസ്‍ലിം സൈന്യത്തിന് കീഴിലായി. 892-ൽ ഇബ്രാഹിം രണ്ടാമൻ എന്നറിയപ്പെടുന്ന ഇബ്റാഹീമു ബ്‌നു അഹമ്മദ് ആഫ്രിക്കയിൽ നിന്ന് പലേർമോയിലേക്ക് ഒരു അമീറിനെ അയച്ചെങ്കിലും ഏതാനും മാസങ്ങൾക്ക് ശേഷം അദ്ദേഹം പുറത്താക്കപ്പെട്ടു. 900-ൽ തന്റെ മകൻ അബുൽ അബ്ബാസ് അബ്ദുല്ലയുടെ കീഴിൽ മറ്റൊരു ശക്തമായ സൈന്യത്തെ സിസിലിയിലേക്ക് അയച്ചു. ശേഷിക്കുന്ന ബൈസന്റൈൻ കോട്ടകൾക്കെതിരെ നീങ്ങിയ അബുൽ അബ്ബാസ് 901 ജൂൺ 10 ന് റെജിയോ കോട്ട പിടിച്ചടക്കി മുസ്‍ലികളുടെ കൊടി നാട്ടി.
ഇബ്രാഹിം തുണീഷ്യയിൽ നിന്ന് സ്ഥാനമൊഴിയാൻ നിർബന്ധിതനായതിനാൽ, തെക്കൻ ഇറ്റലിയിലെ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാൻ അദ്ദേഹം തീരുമാനിച്ചു. സിസിലിയിലെ അവസാനത്തെ പ്രധാന ബൈസന്റൈൻ ശക്തികേന്ദ്രമായ ടോർമിന 902 ഓഗസ്റ്റ് 1-ന് മുസ്‍ലിംകൾ കീഴടക്കി. മെസിന അടക്കമുള്ള നഗരങ്ങളുടെ കവാടങ്ങൾ തുറന്ന് മുസ്‍ലിംകൾ മുന്നേറി. ഇബ്രാഹിമിന്റെ സൈന്യം തെക്കൻ കാലാബ്രിയയിലും കൊസെൻസയിലും ഉപരോധിച്ചെങ്കിലും, അദ്ദേഹം അസുഖം ബാധിച്ച് മരണപ്പെട്ടതോടെ സൈന്യം പിന്‍വലിഞ്ഞു.
അഗ്ലബി ഭരണം (827-909)
902-ൽ സിസിലി ഏതാണ്ട് പൂർണ്ണമായും അഗ്ലാബികളുടെ നിയന്ത്രണത്തിലായി. ഐബീരിയ, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‍ലിം കുടിയേറ്റക്കാരാണ് സിസിലിയുടെ ജനസംഖ്യ വർദ്ധിപ്പിച്ചത്. പലേർമോയിലെ അമീർ പ്രധാന നഗരങ്ങളിൽ ഗവർണർമാരെ നിയമിച്ചു. ഓരോ നഗരത്തിനും ജെമാ എന്ന് വിളിക്കപ്പെടുന്ന ഒരു കൗൺസിൽ ഉണ്ടായിരുന്നു. പ്രാദേശിക സമൂഹത്തിലെ ഏറ്റവും പ്രഗത്ഭരായ അംഗങ്ങളായിരുന്നു അതിൽ പങ്കെടുത്തിരുന്നത്. അവർക്ക് പൊതുപ്രവർത്തനങ്ങളുടെയും സാമൂഹിക ക്രമത്തിന്റെയും പരിപാലനം ഏൽപ്പിക്കപ്പെട്ടിരുന്നു.
മുസ്‍ലിംകൾ ഭൂപരിഷ്‌കരണത്തിന് തുടക്കമിട്ടു. അത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും വയലുകളും കൃഷിയും സജീവമാവുകയും ചെയ്തു. ഇത് ഭൂവുടമകളുടെ ആധിപത്യത്തിന് വിള്ളൽ വീഴ്ത്തി. ജലസേചന സംവിധാനങ്ങളും മെച്ചപ്പെടുത്തി. ഏകദേശം 300,000 നിവാസികളുള്ള പത്താം നൂറ്റാണ്ടിലെ പലേർമോ ഇറ്റലിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായിരുന്നു. 950-ൽ സിസിലി സന്ദർശിച്ച ബാഗ്ദാദിലെ വ്യാപാരിയായ ഇബ്നു ഹൗഖൽ, നഗരത്തിന്റെ ഒരു വിവരണം നൽകുന്നത് ഇങ്ങനെയാണ്, ഖസ്റ് (കോട്ട) എന്ന് വിളിക്കപ്പെടുന്ന മതിലുകളാൽ ചുറ്റപ്പെട്ട ഒരു പ്രാന്തപ്രദേശമായിരുന്നു പലേർമോയുടെ കേന്ദ്രം. ഗ്രേറ്റ് ഫ്രൈഡേ പള്ളി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. അൽ-ഖലീസയുടെ (സിസിലിയിലെ ഇറ്റാലിയൻ നഗരമായ പലേർമോയുടെ ചരിത്രപ്രധാനമായ ഒരു പാദമാണ് ഖലീസ) പ്രാന്തപ്രദേശത്ത് സുൽത്താന്റെ കൊട്ടാരം, കുളിമുറി, ഒരു പള്ളി, സർക്കാർ ഓഫീസുകൾ, ഒരു സ്വകാര്യ ജയിൽ എന്നിവ ഉണ്ടായിരുന്നു. 150 കടകളിലായി 7,000 ലധികം പേര്‍ കച്ചവടം നടത്തിയിരുന്നുവെന്നും ഇബ്‌നു ഹൗഖൽ രേഖപ്പെടുത്തുന്നുണ്ട്.
ഫാത്തിമി ഭരണം (909–965)
909-ൽ ആഫ്രിക്കൻ അഗ്ലാബിദ് രാജവംശത്തിന് പകരം ഇസ്മായിലി ഷിയാ രാജവംശമായ ഫാത്തിമി ഖിലാഫത്ത് നിലവിൽ വന്നു. മൂന്ന് വർഷത്തിന് ശേഷം അമീർ ഇബ്‌നു ഖുർഹുബിന്റെ കീഴിലായപ്പോൾ ഫാത്തിമി ഗവർണർ പലേർമോയിൽ നിന്ന് പുറത്താക്കപ്പെട്ടു. 917-ൽ, അസംതൃപ്തരായ സിസിലിയിൽ നിന്നുള്ള ഒരു ഫാത്തിമി കപ്പൽ പലേർമോയ ഉപരോധിച്ചു. ആറ് മാസത്തെ ഉപരോധത്തിന് ശേഷം ഇബ്നു ഖുർഹുബിനെയും മകനെയും പിടികൂടി വധിച്ച് കളഞ്ഞു.
തുടർന്നുള്ള 20 വർഷക്കാലം ഫാത്തിമികളാണ് ദ്വീപ് ഭരിച്ചിരുന്നത്. 937-ൽ അഗ്രിജെന്റോയിലെ ബർബർ വംശം കലാപം ഇളക്കിവിട്ട് അധികാരം പിടിച്ചെങ്കിലും, 941-ൽ കലാപം പൂർണ്ണമായും അടിച്ചമർത്തപ്പെട്ടു.
Leave A Comment