ഈജിപ്തിലെ റമദാന്‍
പുരാതനസംസ്കാരവും പ്രൌഢമായ ഇസ്ലാമിക ചരിത്രവും സംഗമിക്കുന്ന ഭൂപ്രദേശമാണ് ഈജിപ്ത്. 70 മില്യനിലധികമാണ് അവിടത്തെ ജനസംഖ്യ. അംറുബ്നില്ആസ്(റ)ന്റെ കൈകളില്പിടിച്ച് ഈജിപ്ത് ഇസ്ലാമിന്റെ വെള്ളിവെളിച്ചത്തിലേക്ക് പിച്ച വെച്ചത് മുതല് ഇസ്ലാമികപൈതൃകവും മതകീയചിഹ്നങ്ങളും സൂക്ഷിച്ചുപോരുന്നതാണ് ഈജിപ്തിന്റെ മണ്ണും വിണ്ണും. വിവിധ വിഭാഗങ്ങളും സമൂഹങ്ങളും അവരുടേതായ ആചാരനടപ്പുകളും നിലവിലുണ്ടെങ്കിലും വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യുന്നതില് അവര്ക്ക് ഏക സ്വരമാണുള്ളത്.
മാസപ്പിറവി സ്ഥിരീകരിക്കപ്പെടുന്നതോടെ വാര്ത്താവിനിമയ മാധ്യമങ്ങളില് റമദാനിനെക്കുറിച്ചുള്ള പ്രഭാഷണങ്ങളും വിവരണങ്ങളും തുടങ്ങുന്നു. അതോടെ ഈജിപ്തിലെ റോഡുകളും തെരുവുകളും ജനങ്ങളെക്കൊണ്ട് നിറയും. റമദാന് പാനീസുകളുമായി റമദാന് ഹല്ലൂ..റമദാന് ഹല്ലൂ എന്ന വിളികളുമായി കുട്ടികളും നിരത്തുകളിലിറങ്ങും.അതോടെ അന്തരീക്ഷം ആകെ ആഘോഷമയമാവുന്നു. .
റമദാനില് രാവിലത്തെ തെരുവുകാഴ്ചകള് ഏറെ കൌതുകകരമാണ്. എല്ലാ ഷോപ്പുകളില്നിന്നും ഖുര്ആന് പാരായണത്തിന്റെ ശബ്ദവീചികള് കേള്ക്കാം. പ്രശസ്തരായ ഈജിപ്ത് ഖാരിഉകളുടെ സുന്ദര ശബ്ദമാവും അധികവും. അലങ്കരിച്ച തെരുവുകളിലൂടെ ഖുര്ആന് സൂക്തങ്ങള് കേട്ട് നടക്കുന്പോള് എന്തെന്നില്ലാത്ത അനുഭൂതിയും കുളിര്മ്മയുമാണ് അനുഭവപ്പെടുക. തെരുവുകള് സജീവമാവുക വൈകുന്നേരങ്ങളിലാണ്. അസര് നിസ്കാരം കഴിയുന്നതോടെ എല്ലാവരും തെരുവുകളിലേക്കിറങ്ങുന്നു. ഫൂല് ഈജിപ്തുകാരുടെ ഭക്ഷണപ്പട്ടികയില് ഒഴിച്ചുകൂടാനാവാത്തതാണ്.
അത്കൊണ്ട്തന്നെ ഏറ്റവും സജീവമാകുന്നത് ഫൂല് ഷോപ്പുകളായിരിക്കും. ഫൂല് തീര്ന്നാല്.. ഞങ്ങള് ഉത്തരവാദികളല്ലെന്ന് ഉറക്കെ വിളിച്ചുപറയുന്ന ഫൂല് കച്ചവടക്കാര് ഏറെ കൌതുകമുണര്ത്തുന്ന കാഴ്ചയാണ്. ഈജിപ്തിലെ ഇഫ്താര് വിഭവങ്ങള് ഏറെയാണ്. കബാബും കുഫ്തയും ഖശ്ശാഫും മലൂഖിയയുമൊക്കെ ഇയില് ചിലത് മാത്രം. കനാഫ, ഖതാഇഫ്, ബഖ്ലാവ തുടങ്ങിയ മധുരപലഹാരങ്ങള് വേറെയും. ഈജിപ്ത് ചായ ഗള്ഫ് നാടുകളില് പോലും പ്രസിദ്ധമാണ്. തറാവീഹ് നിസ്കാരങ്ങള്ക്ക് മുഴുവന് പള്ളികളും ജനങ്ങളെക്കൊണ്ട് നിറയുന്നു. അധിക പള്ളികളിലും സ്ത്രീകള്ക്കായി പ്രത്യേക സൌകര്യവുമൊരുക്കാറുണ്ട്. ഒരു റക്അതില് അര് ജുസ്അ് വീതം ഓതി, രാത്രിയുടെ അവസാനം വരെ നീണ്ടുനില്ക്കുന്ന തറാവീഹ് നിസ്കാരങ്ങളും ചില പള്ളികളില് നടക്കാറുണ്ട്.
ഉദ്ബോധനക്ലാസുകളും വിജ്ഞാനസദസ്സുകളും റമദാനില് അവിടെ സാധാരണയായി സംഘടിപ്പിക്കപ്പെടുന്നു. അത്താഴത്തിന് ജനങ്ങളെ വിളിച്ചുണര്ത്തുന്ന മുസഹിറാതികള് ഈജിപ്തിലെയും കാഴ്ചയാണ്. റമദാന് അവസാനത്തെ പത്ത് ഈജിപ്തിലും പ്രത്യേകം പ്രകടമാണ്. ആളുകള് ആരാധനാകര്മ്മങ്ങളില് മുഴുകുന്നതും പള്ളികള് നേരം വെളുക്കുന്നത് വരെ സജീവമാകുന്നതും കാണാം. പെരുന്നാള് അടുക്കുന്നതോടെ അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങുന്നു. ഈദ്കേക്ക് ഈജിപ്തുകാരുടെ പ്രത്യേക ഇനമാണ്. കുടുംബബന്ധങ്ങള് കൂട്ടിയിണക്കാനും പരിചയം പുതുക്കാനും റമദാന് മാസത്തില് പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ഈജിപ്തുകാര്.
Leave A Comment