രാമക്ഷേത്രത്തിനായി പോരാടുന്ന അതേ മോദി സര്‍ക്കാര്‍  ദലിതരുടെ ക്ഷേത്രം തകർക്കുന്നു
ന്യൂഡല്‍ഹി: ക്ഷേത്രം മുൻനിർത്തി ഹിന്ദു വിശ്വാസികളെ പ്രീണിപ്പിച്ച് കൊണ്ടുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഭീം സേന. വിശ്വാസത്തിന്റെ പേരുപറഞ്ഞ് രാമക്ഷേത്രത്തിനായി പോരാടുന്ന മോദി സര്‍ക്കാര്‍ അതേ സമയത്ത് ദലിതരുടെ ക്ഷേത്രം തകര്‍ത്ത് വിശ്വാസങ്ങള്‍ ഹനിക്കുകയാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ രവിദാസ് ക്ഷേത്രം പൊളിക്കാനുള്ള സർക്കാർ നീക്കത്തെ പരാമർശിച്ചു കൊണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ബിജെപി സര്‍ക്കാര്‍, ദലിതര്‍ ആരാധന നടത്തിയിരുന്ന ഡല്‍ഹിയിലെ രവിദാസ് ക്ഷേത്രം പൊളിച്ച് അവരുടെ വിശ്വാസം ഇല്ലാതാക്കുകയാണ് ചെയ്തത്. അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നുവെന്ന കാര്യത്തില്‍ കോടതിയില്‍ സര്‍ക്കാരിനോ അഭിഭാഷകര്‍ക്കോ യാതൊരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. വിശ്വാസത്തിന്റെ പേരിലായിരുന്നു ഇത്രയും കാലം നിയമപോരാട്ടം നടത്തിയത്. എന്നാല്‍, മറുവശത്ത് എല്ലാ തെളിവുകളുമുണ്ടായിരുന്നിട്ടും രവിദാസ് ക്ഷേത്രം തകര്‍ത്ത് ദലിതരെ ആരാധനാലയങ്ങളില്‍നിന്ന് അവര്‍ പുറത്താക്കി. ഞങ്ങള്‍ പ്രതിഷേധിച്ചാല്‍ ജയിലിലടയ്ക്കപ്പെടും. ഇങ്ങനെയാണ് സര്‍ക്കാര്‍ ഞങ്ങളോട് പ്രതികാരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തകര്‍ക്കപ്പെട്ട അതേ സ്ഥലത്തുതന്നെ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്. രവിദാസ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി 400 ചതുരശ്ര മീറ്റര്‍ സ്ഥലം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദലിതുകള്‍ ഒരുമിച്ചുനിന്നാല്‍ മോദി സര്‍ക്കാരിന് നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter