യമനില്‍ ഹൂഥികള്‍ ആരെയാണ് ഉന്നംവെക്കുന്നത്?
houthis യമനില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ഹൂഥികള്‍. യമനിലെ സ്വസ്ഥ ഭരണത്തിന് തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ് ഇവര്‍.  2015 ജനുവരി 25ന് പ്രസിഡെന്‍ഷ്യല്‍ പാലസ് വരെയെത്തി ഹൂഥികളുടെ കടന്നുകയറ്റം. ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങളും യമന്‍-യുഎസ് അവിശുദ്ധ ബന്ധങ്ങളും നിരന്തരം ഉയര്‍ത്തി വടക്കന്‍ യമനില്‍ ഹൂഥികള്‍ കലാപക്കൊടി നാട്ടിതുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2003ലെ ഇറാഖ് അധിനിവേശത്തിനു ശേഷമാണ് അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഹൂഥികള്‍ വടക്കന്‍ യമനില്‍ രാഷ്ട്രീയമായി ശക്തിപെടുന്നത്. അതിനുശേഷം, 2004 മുതല്‍ യമന്‍ ഗവണ്മെന്റിനെതിരെ സായുധ വിപ്ലവങ്ങളുമായി രംഗത്ത് വന്ന ഹൂഥികള്‍ ശക്തി പ്രാപിച്ച്  ഇപ്പോള്‍ യമനിന്റെ തലസ്ഥാന നഗരിയിലും തെക്കന്‍ പ്രവിശ്യകളും കലാപക്കൊടി ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. ഹുസൈന്‍ ബദുറദ്ധീന്‍ അല്‍-ഹൂഥിയിലേക്ക് ചേര്‍ത്ത് കൊണ്ടാണ് ഇവര്‍ ഹൂഥികള്‍ എന്ന് അറിയപ്പെടുന്നത്. ഷിയാക്കളില്‍ പെട്ട സൈദി വിഭാഗത്തിന്റെ അല്‍-ഹഖ് എന്ന പൊളിറ്റിക്കല്‍ പാര്‍ട്ടി മെമ്പറായിരുന്നു ഇദ്ദേഹം. ഇമാം സൈദ്‌ ബിന്‍ അലിയിലേക്ക് ചേര്‍ത്ത് കൊണ്ടാണ് സൈദികള്‍ എന്ന് അറിയപ്പെടുന്നത്. യമനിലെ സൈദി രാഷ്ട്രീയത്തിന് തറക്കല്ലിട്ട യഹ്‍യ ബിന്‍ ഹുസൈന്‍ ഹാദവിയുടെ ഹാദവി ചിന്താ ധാരയും ജാറൂദി ആശയങ്ങളും ഹൂഥികളെ സ്വാധീനിച്ചിട്ടുണ്ട്. 1992 ല്‍ ഹുസൈന്‍ ബദുറദ്ധീന്‍ അല്‍-ഹൂഥി ശബാബുല്‍ മുഅമിനീന്‍ (Believing Youth) എന്ന സംഘടന ആരംഭിച്ചു. 1994-1995 കാലഘട്ടത്തില്‍ 20,000 വിദ്യാര്‍തഥികള്‍ക്ക് സമ്മര്‍ ക്യാമ്പുകള്‍ വഴി പരിശീലനം നല്‍കിയാണ് അതിലേക്ക് ആളുകളെ തെരെഞ്ഞെടുത്തത്. വടക്കന്‍ യമനിലെ ഹൂഥി കുടുംബത്തിന്റെ ആസ്ഥാനമായ 'സദാ' പ്രവിശ്യയാണ് ഹൂഥികളുടെ പ്രധാന കേന്ദ്രം. 2003 ലെ ഇറാഖ്  അധിനിവേശാനന്തരമാണ് യമനി ഭരണകൂടവുമായി ഇവര്‍ നേരിട്ടുള്ള സംഘര്‍ഷത്തിന് മുതിരുന്നത്. ഇവരെ സൈനിക നടപടികള്‍ വഴി അമര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. Houthis map (BBC) ഹുസൈന്‍ അല്‍ ഹൂഥി ഭരണകൂട വിരുദ്ധ നയങ്ങളുമായി രംഗത്ത് വന്നപ്പോള്‍ ഗവണ്മെന്റ് അദ്ദേഹത്തെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം ഗവണ്‍മെന്റുമായുള്ള രമ്യ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലായിരുന്നു. ഇതേതുടര്‍ന്ന് യമനി ഭരണകൂടം ഹൂഥി വിരുദ്ധ സൈനിക നടപടികള്‍ക്ക് തുടക്കം കുറിച്ചു. യമന്‍ ഗവണ്‍മെന്റിന്റെ സൈനിക നടപടികള്‍ക്ക് സായുധമായി തന്നെ ഹൂഥികള്‍ മറുപടി നല്‍കാന്‍ തുടങ്ങിയതോടെ വടക്കന്‍ യമന്‍ കലാപ കലുഷിതമായി.  1.5 ലക്ഷത്തോളം സിവിലിയന്മാരെ സ്ഥലമൊഴിപ്പിച്ചതടക്കം ആയിരക്കണക്കിന് പേരുടെ ജീവഹാനിക്കും സദാ പ്രവിശ്യ സാക്ഷിയായി. [caption id="attachment_43101" align="alignleft" width="300"]Hussein-Al-Houthi2 ഹുസൈന്‍ ബദറുദ്ദീന്‍ അല്‍-ഹൂഥി[/caption] 2004 സെപ്റ്റംബര്‍ 10 നു ഹൂഥി നേതാവ് ഹുസൈന്‍ അല്‍ ഹൂഥിയെ വധിക്കനായത് മാത്രമാണ് യമന്‍ ഗവണ്‍മെന്റിന്റെ ഹൂഥി വിരുദ്ധ സൈനിക ആക്രമണങ്ങളില്‍ പ്രധാനപ്പെട്ടത്. വടക്കന്‍ യമനില്‍ ശക്തമായ സാമൂഹ്യ-സാംസ്കാരിക ബന്ധങ്ങളുള്ള (സൈദിയ്യ )ഹൂഥികളെ ചെറുത്ത് തോല്‍പിക്കാന്‍ യമന്‍ ഗവണ്‍മെന്റിന് ഇതുവരെ  സാധിച്ചിട്ടില്ല. "ഹൂഥികള്‍ യമനിന്റെ ഒരു ട്യൂമറായി മാറിയിട്ടുണ്ടെന്ന" യമന്‍ പ്രസിടന്റിന്റെ പ്രധാന രാഷ്ട്രീയ ഉപദേഷ്ടാവ് അബ്ദുല്‍ കരിം ഇര്‍യാനിയുടെ വാക്കുകളില്‍ നിന്ന് ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്ന ശക്തികളായി ഹൂഥികള്‍ വളര്‍ന്നത്   വായിച്ചെടുക്കാവുന്നതാണ്. രാഷ്ട്രീയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുക, ഗതാഗത -വാഹന നിയന്ത്രണളേര്‍പെടുത്തുക, ഭക്ഷ്യ വസ്തുക്കളുടെ വിതരണം സ്തംഭിപ്പിക്കുക തുടങ്ങി യമന്‍  ഗവണ്‍മെന്റ് ഹൂഥി വിരുദ്ധ നടപടികള്‍ ശകതമാക്കികൊണ്ടിരിക്കുകയാണ്. 2011 ലെ യെമന്‍ വിപ്ലവത്തില്‍ ഹൂഥികള്‍ സജീവമായി പങ്കുകൊണ്ടു. ഗള്‍ഫ്-കോര്‍പറെഷന്‍ ഡീലിനെതിരെ  ശക്തമായ സമരമാരംഭിച്ച ഹൂഥികള്‍ നവംബറില്‍ സദാ പ്രവിശ്യയും അല്‍ ജൌഫ് പ്രവിശ്യയും തങ്ങളുടെ നിയന്ത്രണത്തിലാക്കി. 2012 മെയ് മാസത്തില്‍ തന്നെ തലസ്ഥാന നഗരമായ സനാ പിടിച്ചടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഹൂഥികള്‍ തുടങ്ങിയിരുന്നെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിന്നു. 2014 സെപ്റ്റംബര്‍ ആയപ്പോഴേക്ക് തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങള്‍ ഹൂഥികള്‍ പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ജനുവരി ഇരുപത്തഞ്ചിനു പ്രസിഡന്‍ഷ്യല്‍ പാലസ് ആക്രമിച്ചപ്പോള്‍ തലനാരിഴയ്ക്കാണ് പ്രസിഡന്റ് അബ്ദു റബ് മന്‍സൂര്‍ അല്‍ ഹാദി രക്ഷപ്പെട്ടത്. ഹൂഥി മുന്നേറ്റങ്ങളുടെ ലക്ഷ്യം പ്രധാനമായും യമനി ഭരണകൂടത്തിന്റെ വ്യാപകമായ വ്യവസ്ഥാപിത വിവേചനങ്ങക്കെതിരെ പോരാടുകയാണ്. രാഷ്ട്രീയമായി തങ്ങള്‍ അരികുവല്‍കരിക്കപ്പെടുന്നു എന്ന ബോധമാണ് ഇതിനവരെ പ്രേരിപ്പിക്കുന്നത്. ഒരുലക്ഷത്തിലധികം സായുധരും അല്ലാത്തവരുമായ സൈനിക-പൊതുജന പിന്തുണ ഹൂഥികള്‍ക്കുണ്ട്. ഒരു സഹസ്രാബ്ദത്തോളം വടക്കന്‍ യമന്‍ ഭരിച്ചിരുന്ന സൈദി ഭരണം പുനസ്ഥാപിക്കുകയാണ് ഹൂഥികളുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. ഹുസൈന്‍ അല്‍ ഹൂഥിക്ക് ശേഷം നേത്രത്തില്‍ വന്നതും ഹൂഥി കുടുംബക്കാരാണെങ്കിലും ഇത് ഒരു കുടുംബ പ്രശ്നമെന്നതിനെക്കാളേറെ സൈദി പ്രശ്നമായാണ് പരിഗണിക്കപ്പെടുന്നത്. ഹൂഥികളുടെ സാമ്പത്തിക ആയുധ സ്രോതസ്സുകള്‍ യമന്‍ ഭരണകൂടം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇറാനില്‍ നിന്നും ലബനനില്‍ നിന്നും സായുധ-സാമ്പത്തിക സഹായങ്ങള്‍ ഹൂഥികള്‍ക്ക്  ലഭിക്കുന്നുണ്ടെന്നാണ് യമനിന്റെ പക്ഷം.  ഗവണ്‍മെന്റനെ താഴെയിറക്കാന്‍ ഹൂഥികളുടെ കൊണ്ടുപിടിച്ച ശ്രമങ്ങളും അതിനെ യമന്‍ ഭരണകൂടം നേരിടുന്ന രീതിയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ശക്തമായ മാധ്യമ സെന്സറിങ്ങിനിടയിലും വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter