ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ച്  ആശങ്ക അറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ
ന്യൂയോർക്ക്: ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് പട്ടിണിയെക്കുറിച്ചും ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചും ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ആശങ്ക അറിയിച്ചു. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ലോകത്തിന് നൽകിയ സന്ദേശത്തിലാണ് ഐക്യരാഷ്ട്ര സഭാ തലവൻ ഭക്ഷ്യ സന്തുലിതാവസ്ഥയിൽ ഐക്യരാഷ്ട്രസഭയുടെ ആശങ്ക വ്യക്തമാക്കിയത്. ലോകത്ത് 82 കോടി ജനങ്ങൾ ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണെന്നും അതേ സമയത്ത് തന്നെ 100 കോടി ടൺ ഭക്ഷണം പ്രതിവർഷം പാഴായി പോവുകയാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. പട്ടിണിപ്പാവങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും എന്നാൽ അതേ സമയം അവരുടെ പട്ടിണിമാറ്റാൻ സാധിക്കുമായിരുന്ന ഭക്ഷണം ഉപയോഗപ്പെടുത്താൻ സാധിക്കാതെ നശിച്ചു പോകുന്നതും തീർത്തും ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങളെയും അദ്ദേഹം വിമർശിച്ചു. ലോകത്ത് 200 കോടി ജനങ്ങൾ പൊണ്ണത്തടിയും അമിതഭാരവും മൂലം പ്രയാസമനുഭവിക്കുന്നവരാണെന്നും അനാരോഗ്യകരമായ ഈ പ്രവണത മാറേണ്ടതാണെന്നും സെക്രട്ടറി ജനറൽ പ്രസ്താവിച്ചു. പട്ടിണി രഹിതമായ ഒരു ലോകമാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം എന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ പ്രകാരം കൂടുതൽ പോഷകാഹാരം ദൗർലഭ്യം നേരിടുന്ന രാജ്യം ഇന്ത്യയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter