പുതിയ കേശത്തിന്റെ ആധികാരികതയും കാന്തപുരം വ്യക്തമാക്കണം: ബഹാഉദ്ദീന്‍ നദ്‌വി
പ്രവാചകന്റേതെന്ന വ്യാജേന വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്തപുരം കൊണ്ടുവന്ന കേശത്തിന്റെ ആധികാരികത തെളിയിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ വിശ്വാസികളുടേയും പൊതുസമൂഹത്തിന്റേയും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും തിരുത്താന്‍ തയ്യാറല്ല എന്നതിന്റെ വ്യക്തതയാണ് പുതുതായ് കാന്തപുരം കൊണ്ടുവന്ന കേശമെന്നും അതിന്റെ ആധികാരികത കൂടി തെളിയിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും സമസ്ത മുശാവറ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന.സെക്രട്ടറിയുമായ ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു.പുതുതായ് കൊണ്ടുവന്ന കേശം ആരുടേതാണെന്നും അതിന്റെ ആധികാരികത എന്തെന്നും വ്യക്തമാക്കാതെ വീണ്ടും ആത്മീയ ചൂഷണം തുടരുന്ന നിലപാട് അംഗീകരിക്കാനാവില്ല. ഒരു ഭാഗത്ത് ഐക്യശ്രമത്തിന് പിന്തുണ പറയുകയും മറുഭാഗത്ത് കരുതിക്കൂട്ടി വീണ്ടും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന നിലപാട് തുടരുന്നത് ഐക്യം നടക്കരുതെന്ന തന്റെ ഉള്ളിലിരിപ്പ് സമൂഹം തിരിച്ചറിയണം അദ്ദേഹം പറഞ്ഞു.കേശം സൂക്ഷിക്കാന്‍ ലോകത്ത് ആരും മസ്ജിദ് നിര്‍മ്മിച്ച ചരിത്രമില്ല.എന്നാല്‍ കാന്തപുരം അതിനായി അണിയറയില്‍ കോപ്പുകൂട്ടുന്നത് സാമ്പത്തിക ചൂഷണത്തിന് വഴി സൃഷ്ടിക്കുകയാണ്. ഇത്തരം ചൂഷണ കേന്ദ്രങ്ങളെ നിയമം കൊണ്ട് നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം കാണണമെന്നും അദ്ദേഹം പറഞ്ഞു .മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ എസ്. വൈ.എസ് നടത്തുന്ന റബീഅ കാമ്പയിന്റെ ഭാഗമായ് കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ മീലാദ് സെമിനാര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു നദ് വി.
ജില്ലാ പ്രസിഡന്റ് സി.എച്ച്.മഹ്മൂദ് സഅദി അധ്യക്ഷത വഹിച്ചു.മുസ്തഫ അഷ്‌റഫി കക്കുപ്പടി, അബൂബക്കര്‍ ഫൈസി മലയമ്മ വിഷയാവതരണങ്ങള്‍ നടത്തി.ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.കെ.ഇബ്രാഹിം മുസ്ലിയാര്‍, സലാം ഫൈസി മുക്കം,പി.കെ.മാനു സാഹിബ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.പി.കോയ, എ.ടി.മുഹമ്മദ്, അയ്യൂബ് കൂളിമാട് പ്രസംഗിച്ചു.ജന.സിക്രട്രറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സെക്രട്ടറി അഷ്‌റഫ് ബാഖവി ചാലിയം നന്ദിയും പറഞ്ഞു.