തെരഞ്ഞെടുപ്പ് കാലം; മതേതരത്വവും സംഘ്പരിവാരും ഒരു വിശകലനം
നമ്മുടെ രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്.
2019-ലെ തെരഞ്ഞെടുപ്പ് അതീവ ഗൗരവത്തോടെയാണ് ജനാധിപത്യ വിശ്വാസികള്‍ വീക്ഷിക്കുന്നത്. ഏതാനും ദേശീയ പാര്‍ട്ടികളും പ്രാദേശിക കക്ഷികളും തമ്മിലുള്ള ബലപരീക്ഷണമായി ഈ തെരഞ്ഞെടുപ്പിനെ ചുരുക്കിക്കൂട.രണ്ട് ഐഡിയോളജികള്‍ തമ്മിലുള്ള ആശയ സമരമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്.ഒരു ഭാഗത്ത് ഇന്ത്യയുടെ അന്തസത്ത സംരക്ഷിക്കാന്‍ വേണ്ടി മതേതര കക്ഷികള്‍.മറുഭാഗത്ത് തീവ്ര ദേശീയതയും വര്‍ഗീയ ദ്രുവീകരണവും മുഖമുദ്രയാക്കിയ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍.സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇത്തരം ഒരു വെല്ലുവിളി ഇതിനകം നേരിട്ടിട്ടുണ്ടോ എന്നത് സംശയകരമാണ്.മതപരമായും മൗലികമായും ഈ തെരഞ്ഞെടുപ്പ് പ്രസക്തമാകുന്നത് അതുകൊണ്ടാണ്.
ഈ കലുഷിത രാഷ്ട്രീയാന്തരീക്ഷത്തില്‍ വിവേകപൂര്‍വമായ ഇടപെടലാണ് നമ്മില്‍ നിന്ന് ഉണ്ടാവേണ്ടത്.
മതേതര ചേരിയെ ശക്തിപ്പെടുത്താനുള്ള 'ചൂണ്ടുവിരല്‍ ജിഹാദാ'യി വോട്ടിനെ നമുക്ക് വ്യാഖ്യാനിക്കാം.
ഒരു പുല്‍കൊടിപോലും കൈയിലേന്താതെ, ഒരു തുള്ളി രക്തം പോലും നിലംപതിക്കാതെ നാം നടത്തുന്ന സൈലന്റ് റവല്യൂഷന്‍!
ഈ രണഭൂമിയില്‍ നാം എന്തിന് വേണ്ടി പൊരുതുന്നുവോ അതായിരിക്കും രാജ്യത്തിന്റെ ഭാവി.ഫാഷിസത്തിനെതിരെയായിരിക്കണം നമ്മുടെ ഓരോ വോട്ടും.അത് നമ്മുടെ സ്വകാര്യ ബാധ്യതയാണ്.നമ്മള്‍ നിര്‍ബന്ധ നിസ്‌കാരത്തിലാണ് എന്ന് സങ്കല്‍പിക്കുക.ജീവന്‍ അപകടപ്പെടാവുന്ന ദുരന്തത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഒരാള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെട്ടു.ഉടന്‍ നിസ്‌കാരം മുറിച്ച് അയാളെ രക്ഷിക്കണമെന്നാണല്ലോ ശരീഅത്ത് നിയമം.എന്തൊരു സുന്ദരമായ ആശയമാണിത്!
ഇന്ത്യ സംഘ്പരിവാറിനാല്‍ ദുരന്തത്തില്‍ അകപ്പെടാനിരിക്കെ ഈ 'ശരീഅത്ത് നിയമ'ത്തിന്റെ സാഗത്യം വളരെ വലുതാണ്. പ്രായോഗികത ഏറെ പ്രയാസരഹിതവും!മതേതര ചേരിയെ ശക്തിപ്പെടുത്താനുള്ള വോട്ടുകള്‍ ശേഖരിക്കല്‍ നമ്മുടെ സാമൂഹിക കടമയാണ്.
പവിത്രത കല്‍പിക്കപ്പെടുന്നതിന് ആപത്ത് വരുമ്പോള്‍ പ്രതിരോധിക്കലിനെ ഫര്‍ള് കിഫായയിലാണല്ലോ കര്‍മശാസ്ത്രം എണ്ണിയത്!
വര്‍ത്തമാനകാലത്ത് സഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്
മതകീയ സാധുതയുണ്ടെന്ന് ചുരുക്കം.സഘ്പരിവാറിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ രണ്ട് അപകടങ്ങളെ നാം മുമ്പേ കാണണം.
തീവ്രദേശീയതയാണ് ഒന്ന്.വര്‍ഗീയതയാണ് രണ്ടാമത്തേത്.ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ പരീക്ഷിച്ച പ്രത്യാഘാതങ്ങള്‍ പ്രവചിക്കാന്‍ കഴിയാത്ത രണ്ട് മഹാദുരന്തങ്ങള്‍.1933-ല്‍ ഇതിഹാസ ശാസ്ത്ര പ്രതിഭ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന് മാതൃഭൂമിയായ ജര്‍മനി വിടേണ്ടി വന്നു.
കാരണം അയാള്‍ ജൂതനായിരുന്നു!
ഹിറ്റ്‌ലറിന്റെ ഹിറ്റ് ലിസ്റ്റില്‍ ജര്‍മനിയില്‍ നിന്ന് പുറത്താക്കപ്പെടേണ്ട കൊടും പാതകി.അദ്ദേഹം അമേരിക്കയില്‍ അഭയം തേടി.അമേരിക്ക ആ പ്രതിഭയെ തിരിച്ചറിഞ്ഞ് ആദരവ് നല്‍കി സ്വീകരിച്ചു. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ഉന്നത സ്ഥാനത്ത് അവരോധിച്ചു.1955-ല്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ അദ്ദേഹം അമേരിക്കന്‍ പൗരനാണ്.ജര്‍മനിക്ക് ഇതിലും വലിയ നഷ്ടവും മാനക്കേടും വേറെയുണ്ടാവില്ല.
ഐന്‍സ്റ്റീന്‍ എന്ന ലജന്റിനെയാണ് അവര്‍ ഉള്‍കൊള്ളാതെ പോയത്.
ഫാഷിസത്തിന് വൈകാരികതക്കപ്പുറംമറ്റൊരു ലോകമില്ല.ഹിറ്റ്‌ലറിന്റെ മസ്തിഷ്‌കം കൊണ്ടാണ്
ഇന്ന് പല സംഘ്പരിവാര്‍ നേതാക്കളും ചിന്തിക്കുന്നത്.ഇന്ത്യ ഹിന്ദുക്കള്‍ക്ക് സ്വന്തം.മറ്റുള്ളവരെല്ലാം അന്യര്‍.എന്‍.ഡി.എ, ഭരണം നിലനിര്‍ത്തിയാല്‍ അവര്‍ക്ക് നാട് വിടേണ്ടി വരും.സഘ്പരിവാര്‍ വക്താക്കള്‍ പരസ്യമായി പറഞ്ഞ് കൊണ്ടിരിക്കുന്ന പ്രസ്താവങ്ങളാണിതെല്ലാം.
ഇത് കേവലം വാചാടോപങ്ങളല്ല.അഞ്ച് വര്‍ഷത്തെ അനുഭവത്തിന്റെ സാക്ഷ്യമാണ്.പശുവിന്റെ പേരില്‍ മാത്രം കൊല്ലപ്പെട്ടത് മുപ്പതില്‍ അധികം പേര്.പൈശാചിക പീഢനത്തിന് വിധേയമായവര്‍ അതിലും എത്രയോ ഇരട്ടി.വലിയ കലാപങ്ങള്‍ക്ക് അണിയറയില്‍ ചരട് വലിച്ചവര്‍ നിരപരാധികളായി ഭരണത്തിന്റെ തണല്‍ പറ്റുന്നു.
പ്രജ്ഞാ സിങ് ഠാക്കൂര്‍ എന്ന മാലേഗാവ് സ്ഫോടനത്തിന് പിന്നിലെ സൂത്രധാരക ബി.ജെ.പി.ടിക്കറ്റില്‍ ലോക് സഭയിലേക്ക് മത്സരിക്കുന്നു.
ഇതെല്ലാം നല്‍കുന്ന സന്ദേശമെന്താണ്?ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം ചരിത്രപരമായ അബദ്ധമാണെന്ന് നാം ഉറക്കെ വിളിച്ച് പറയണം.മത രാഷ്ട്രങ്ങള്‍ എന്തു നേടി ?ഒന്നും നേടിയില്ലെന്ന് മാത്രമല്ല; പലതും നഷ്ടപ്പെടാന്‍ അതു നിമിത്തമായി.
പാക്കിസ്ഥാന്‍ തന്നെ മികച്ച ഉദാഹരണം. ചൗധരി റഹ്മത് അലി കണ്ടെത്തിയ, രാഷ്ട്ര നാമത്തോട് പോലും നീതി പുലര്‍ത്താന്‍ അവര്‍ക്കായില്ല.
മുസ്ലിംകള്‍ക്കൊരു രാജ്യം എന്ന ആശയം ദാര്‍ശനികനായ അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റേതാണ്.
പക്ഷേ, സാക്ഷാത്കൃതമായപ്പോള്‍ എന്തുണ്ടായി?അന്യ മതസ്ഥര്‍ക്ക് മദ്യം സേവിക്കാനുള്ള സൗകര്യം, പലിശയില്‍ അതിഷ്ഠിതമായ ബാങ്കിംഗ് സംവിധാനം,അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണരംഗം, അമേരിക്കയോട് പ്രതിബദ്ധത പുലര്‍ത്തിപ്പോരുന്ന രാഷ്ട്ര നേതൃത്വം, തീവ്രവാദ ഗ്രൂപ്പുകളെ പാലൂട്ടി വളര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യം, ആഭ്യന്തര കലഹങ്ങളുടെ സാര്‍വത്രികത, അയല്‍ രാജ്യങ്ങളോടുള്ള അടങ്ങാത്ത വിദ്വേഷം, അവികസിത രാജ്യം എന്ന മുദ്രയില്‍ നിന്ന് മുക്തി നേടാനാവാത്ത സ്ഥിത വിശേഷം.
ഇതാണ് വര്‍ത്തമാന പാകിസ്ഥാന്‍!മത രാഷ്ട്ര സംസ്ഥാപനത്തിലൂടെ
നമ്മുടെ ഇന്ത്യ പെരുവഴിലാകുന്നത് എത്ര അസഹ്യം.മതേതരത്വത്തിന്റെ അലകും പിടിയും തട്ടിയിളക്കപ്പെടാതിരിക്കാന്‍, ജനാധിപത്യം കെട്ടുകാഴ്ച്ചയാവാതിരിക്കാന്‍ ഓരോ ഭാരതീയനും ജാഗ്രത പുലര്‍ത്തുക.
ജയ്ഹിന്ദ് !
Leave A Comment