സാത്വിക ജീവിതത്തിന്റെ വിശുദ്ധ വഴിയില്‍
chelakkad(സമസ്ത കേന്ദ്ര മുശാവറ മെമ്പറും കോഴിക്കോട് ജില്ല പ്രസിഡന്റുമായ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുമായി നടത്തിയ അഭിമുഖം) വിനയവും താഴ്മയും ഭൂമിയിലെ നല്ലജീവിതങ്ങളുടെ അടയാളമായിരിക്കും. ശിരസ്സുയര്‍ത്തിപ്പിടിക്കാന്‍ അര്‍ഹതയുണ്ടായാലും താഴേക്ക് നോക്കി നടന്ന് ഉയരം കാണും അവര്‍. ജീവിതത്തിന്റെ നടപ്പും ശീലവുമെല്ലാം ഇലാഹീസാന്നിധ്യത്തിന്റെ സത്യസാക്ഷ്യങ്ങളായി അവര്‍ സ്വയം ഏറ്റെടുത്തു നിര്‍വഹിക്കും. ഇങ്ങനെയാണ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറ അംഗം കൂടിയായ വിനയസാന്നിധ്യത്തിന്റെ ജീവിതം അടുത്തറിയുമ്പോള്‍ അനുഭവിക്കാനാവുക. അറിവിന്റെ നീണ്ട അനുഭവങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് ഉസ്താദ് ജീവിതം നിവര്‍ത്തിത്തന്നപ്പോള്‍ ബോധ്യപ്പെട്ടത്. വയനാട് ജില്ലയിലെ വാളാട് മഹല്ലില്‍ 45 വര്‍ഷത്തോളം ഖാസിയായിരുന്ന അബ്ദുല്ല മുസ്‌ലിയാരാണ് ഉസ്താദിന്റെ പിതാവ്. ഉസ്താദിന്റെ ജീവിത വഴിയില്‍ പിതാവ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മഹാന്‍ ആദരപൂര്‍വം ഓര്‍ത്തെടുക്കുന്നു. ഭൗതിക രംഗത്ത് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ഇതിനുശേഷം ഇസ്‌ലാമിന്റെ അന്തസത്ത അറിയാനും ജ്ഞാനസമ്പാദനത്തിനായുമുള്ള ഒരു നിദാന്തമായ യാത്രയ്ക്കായിരുന്നു ജീവിതം പിന്നീട് വേദിയായത്. ഈ അന്വേഷണയാത്രയില്‍ ആത്മീയതയുടെ അകസാരങ്ങളെ അടുത്തറിഞ്ഞ, നിമിഷാര്‍ധങ്ങളുടെ ഓരോ ചാക്രികതയിലും സത്യത്തിനു വേണ്ടി മാത്രം ശ്വാസ-നിശ്വാസങ്ങള്‍ നീക്കിവച്ച വലിയ ജീവിതങ്ങളെ കണ്ടുമുട്ടുകയും അവരോടൊപ്പം അറിവിന്റെ ഗഹനതകളിലേക്കൂളിയിട്ട് എല്ലാം തിരിയുന്നൊരു മനസ്സിന്റെ ഉടമയായി ഉസ്താദ് മാറുകയും ചെയ്തു. വിജ്ഞാനവിജിഗീഷുകളായി ഒരു ദേശത്തിന്റെ ചരിത്രം നിര്‍ണയിച്ച ശീറാസി, പടിഞ്ഞാറയില്‍ അഹമ്മദ് മുസ്‌ലിയാര്‍, മേച്ചിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍, 20ാം നൂറ്റാണ്ടിനെ സാന്നിധ്യം കൊണ്ടനുഗ്രഹിച്ച ആത്മീയ ലോകത്തെ മലയാളി മുഖങ്ങളായ ശംസുല്‍ ഉലമാ ഇ.കെ. ഉസ്താദ്, കണ്ണിയത്ത് ഉസ്താദ്, ഫള്ഫരി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കുട്ട്യാലി മുസ്‌ലിയാര്‍ കടമേരി, കീഴന ഉസ്താദ്, കാങ്ങാടോര്‍ തുടങ്ങിയവരുടെ സാമീപ്യത്തിലാണ് അറിവ് സ്വീകരിച്ചത്. ഇതുതന്നെ മതി ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ അറിവിന്റെ കനം എത്രയുണ്ടെന്ന് മനസ്സിലാക്കാന്‍. നാദാപുരം, പാറക്കടവ്, ചെമ്മങ്കടവ്, പൂക്കോത്ത്, വാഴക്കാട്, പൊടിയാട് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. പൊടിയാട്ടു വച്ച് ഫള്ഫരി അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ അടുത്തു നിന്നാണ് ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോവുന്നത്. നീണ്ട 16 വര്‍ഷം അറിവിന്റെ വഴിയില്‍ ഒരു മുതഅല്ലിമായി കഴിഞ്ഞു കൂടിയിട്ടുണ്ട്. 1960ല്‍ വെല്ലൂരിലെത്തിയ ഉസ്താദ് 1962ലാണ് ബിരുദം നേടി പുറത്തിറങ്ങിയത്. അറബിക്കവിതയ്ക്ക് മലയാളച്ചാര്‍ത്തേകിയ സഹോദരങ്ങളായ അരീക്കല്‍ അബ്ദുറഹിമാന്‍, അരീക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പാനൂര്‍ തങ്ങള്‍ തുടങ്ങിയ ഒട്ടനവധി പ്രമുഖര്‍ പലയിടങ്ങളിലായി പഠനവഴിയില്‍ ഒരേ ദര്‍സുകളില്‍ സംഗമിച്ചിട്ടുണ്ട്. 1960ല്‍ ബാഖിയാത്തില്‍ മുത്വവല്ലിലേക്കുള്ള സെലക്ഷനില്‍ 20 പേരാണ് ഉണ്ടായിരുന്നത്. അതില്‍ അഞ്ചാളുകള്‍ക്കാണ് യോഗ്യത നേടാനായത്. ഞാനും സി.എം. അബ്ദുല്ല മുസ്‌ലിയാര്‍ ചെമ്പരിക്കയും അതിലുണ്ടായിരുന്നു. അന്ന് പരീക്ഷയ്ക്ക് ഞങ്ങളോടൊപ്പം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും ഉണ്ടായിരുന്നെങ്കിലും മുതവ്വലിലേക്ക് നടന്ന പരീക്ഷയില്‍ യോഗ്യത ലഭിക്കാതിരുന്നത് കൊണ്ട് അദ്ദേഹം മുഖ്തസ്വറിലാണ് ഇരുന്നത്. പക്ഷേ, ഇതിനെക്കുറിച്ച് ഒരിക്കല്‍ എ.പി പറഞ്ഞത് മുത്വവ്വലിലിരിക്കന്‍ യോഗ്യതയുണ്ടായിട്ടും ബുഖാരി ക്ലിയറാക്കാന്‍ മുഖ്തസറിലിരുന്നു എന്നാണ്. ഞാനും ചെമ്പരിക്കയും ഒരേ സമയത്താണ് ബാഖിയാത്തില്‍ നിന്നു പുറത്തിറങ്ങിയത്. ബാഖിയാത്തിലെ പഠനകാലത്ത് സി.എം. ഉസ്താദടക്കം ഞങ്ങള്‍ അഞ്ചുപേര്‍ ഒരു റൂമിലായിരുന്നു. അന്നേ ഇംഗ്ലീഷ് പത്രങ്ങള്‍ വരുത്തി വായിക്കുമായിരുന്നു സി.എം. ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന സന്ദര്‍ഭമായിരുന്നു അത്. അന്ന് യുദ്ധത്തിന്റെ ഓരോ അവസ്ഥാന്തരങ്ങളും ഇംഗ്ലീഷ് പത്രം വായിച്ച് ഞങ്ങള്‍ക്ക് വിശദീകരിച്ച് തരുമായിരുന്നു. അതിലൂടെ ലഭിക്കുന്ന ലോകവിവരം മാത്രമാണ് ഉണ്ടായിരുന്നത്. പഠനകാലയളവില്‍ പ്രഭാഷണത്തോട് വലിയ താല്‍പ്പര്യമായിരുന്നു. മേല്‍മുറിയില്‍ പഠിക്കുന്ന കാലത്തെ ഒരു പ്രഭാഷണത്തിന്റെ ഓര്‍മ ഇന്നും സുഗന്ധമായി കൂടെ നടക്കുന്നുണ്ട്. കല്‍പ്പകഞ്ചേരിയില്‍ ഒരു മദ്‌റസാ ഉദ്ഘാടനത്തിന് പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളോടൊപ്പം പങ്കെടുക്കുകയുണ്ടായി. തങ്ങള്‍ അധ്യക്ഷനും സി.എച്ച്. മുഹമ്മദ് കോയ ഉദ്ഘാടകനും ഞാന്‍ പ്രഭാഷകനുമായിരുന്നു. ആ വലിയ മനുഷ്യര്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥിയായ എനിക്ക് പ്രസംഗം നടത്താന്‍ ലഭിച്ച അവസരം ജീവിതത്തിലെ മഹനീയ നിമിഷമായി കരുതുന്നു. മലപ്പുറത്ത് പഠിക്കുന്ന സന്ദര്‍ഭത്തില്‍ മുജാഹിദടക്കമുള്ള ബിദഈ കക്ഷികള്‍ക്കെതിരേ നിരവധി തവണ പ്രസംഗിച്ചുട്ടുണ്ട്. നാദാപുരത്തെ പഠന കാലയളവില്‍ ചേലക്കാട്, ചിയ്യൂര്‍, പേരാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വഅളിന് പോയിട്ടുണ്ട്. ദീന്‍ പഠിക്കാന്‍ വേണ്ടി മാത്രം സംഘടിപ്പിക്കുന്ന 30ഉം 40ഉം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന, വഅളുകളിലൂടെയാണ് അന്നത്തെ തലമുറ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയിരുന്നത്. ഏത് വഅളുകള്‍ക്കും ആളുകള്‍ തിങ്ങിനിറയുന്ന അവസ്ഥയായിരുന്നു. മസ്അലകളും അനുബന്ധ ചര്‍ച്ചകളുമാവും മിക്ക വഅളുകളുടെയും പ്രതിപാദ്യം. അതുകൊണ്ട് തന്നെ അന്നത്തെ സാധാരണക്കാര്‍ക്ക് പോലും വലിയ വലിയ മസ്അലകള്‍ അറിയുമായിരുന്നു. റമളാന്‍ മാസം മുഴുവന്‍ സമൂഹം ഇത്തരം വയളുകള്‍ക്കുവേണ്ടി നീക്കിവച്ചിരുന്നു. അതുകൊണ്ട് റമളാനിനെ വലിയ ആവേശപൂര്‍വം കാത്തിരിക്കുന്ന സ്ഥിതിയായിരുന്നു. അന്ന് കുറച്ച് കൂടുതല്‍ പഠിക്കാമല്ലോ എന്ന ചിന്തയായിരുന്നു പഴയ തലമുറയ്ക്കുണ്ടായിരുന്നത്. ഇന്ന് ആ സ്ഥിതിയൊക്കെ വലിയ മാറ്റങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഇന്ന് വഅള് സംഘടിപ്പിച്ച് സംഘാടകര്‍ ശ്രോതാക്കളെ കാത്തിരിക്കേണ്ട കാലമാണ്. മുതഅല്ലിമുകള്‍ക്ക് ഇന്നുള്ളതു പോലെയുള്ള വിശാലമായ സൗകര്യങ്ങള്‍ അന്നില്ലായിരുന്നെങ്കിലും കഷ്ടതയുടെ പാടങ്ങളില്‍ വിത്തെറിഞ്ഞ് അവര്‍ ഫലസമ്പുഷ്ടമായ അറിവിന്റെ വിളകള്‍ കൊയ്‌തെടുത്തു. അതിന്റെ ശേഷിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ് ഇസ്‌ലാമിക മൂല്യങ്ങള്‍ ഇവിടെ മങ്ങാതെ നിലനില്‍ക്കുന്നത്. മുമ്പ് മുതഅല്ലിമുകള്‍ക്ക് വലിയ ഇസ്സത്തും സ്ഥാനവുമുള്ള സാമൂഹിക ചുറ്റുപാടായിരുന്നു. ചെലവിന് വീടുകളില്‍ ഒരംഗത്തെ പോലെ ഇഴകിച്ചേരാന്‍ അവര്‍ക്ക് കഴിഞ്ഞു. അന്നൊക്കെ വീട്ടിലെ സ്ത്രീകളും ചെലവിന് വരുന്ന കുട്ടിയില്‍ നിന്ന് കിതാബോതുന്ന ജ്ഞാനലോകം നിലനിന്നിരുന്നു. നൂറുല്‍ അബ്‌സാര്‍, പത്തുകിതാബ് തുടങ്ങിയവ ഉമ്മമാരും പഠിച്ചെടുത്തു. തങ്ങള്‍ പഠിച്ചെടുത്തത് സമൂഹത്തിന് ഉപകാരപ്പെടട്ടെയെന്ന ചിന്തയുള്ള അറിവിന്റെ പ്രസരണ സംസ്‌കാരത്തിന്റെ വഴിയിലെ സുന്ദരസാന്നിധ്യങ്ങളായിരുന്നു അന്നത്തെ മുതഅല്ലിം തലമുറ. ഭക്ഷണത്തിന് പോവുന്ന വീടുകളിലേക്ക് കിതാബുകള്‍ കൊണ്ടുപോയി അവിടെ നിന്ന് നോക്കും. ആ സമയം പോലും നഷ്ടപ്പെടരുതെന്ന ചിന്തയുള്ള മുതഅല്ലിമിന്റെ ഇല്‍മിനോടുള്ള ആവേശമൊന്ന് ചിന്തിച്ചു നോക്കൂ. അന്നത്തെ മുതഅല്ലിമിന്റെ എല്ലാ ശീലങ്ങളും ഈ ഒരൊറ്റ കാര്യത്തില്‍നിന്നു തന്നെ മനസ്സിലാക്കാം. എന്റെ പഠനകാലത്ത് നല്ല ഭക്ഷണമൊക്കെ അപൂര്‍വം കാഴ്ചയായിരുന്നു. അല്ലെങ്കില്‍ അതിനൊന്നും മനസ് കൊതിച്ചിരുന്നില്ല എന്നു പറയുന്നതാവും ശരി. പൂക്കോത്ത് ദര്‍സില്‍ പഠിക്കുന്ന സന്ദര്‍ഭത്തില്‍ രാത്രി ഭക്ഷണത്തിന് ഒരു വീട്ടില്‍ പോയി. അവിടെനിന്ന് ആകെ ലഭിച്ചത് ഒരു ഗ്ലാസ് കട്ടന്‍ചായയും ഒരു വെല്ല (ശര്‍ക്കര) കഷ്ണവുമായിരുന്നു. അതും കഴിച്ച് തിരിച്ചുപോന്നു. ഒരുപക്ഷേ, അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍. ഉള്ളത് നല്‍കുക എന്നത് വീട്ടുകാരുടെ സ്വഭാവവും കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുകയെന്നത് മുതഅല്ലിമിന്റെ ശീലവും സംസ്‌കാരവുമായിരുന്നു. ഇത്തരം നല്ല സ്വഭാവങ്ങളാണ് അന്നത്തെ സാമൂഹികാവസ്ഥയെ ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തിയത്. അന്ന് ആകെയുണ്ടായിരുന്നത് കിതാബുകള്‍ തഹ്ഖീഖാക്കുക എന്ന ജോലി മാത്രമായിരുന്നു. നഹ്‌വിന്റെ കിതാബുകളൊക്കെ സൂക്ഷ്മമായി പഠിച്ചെടുത്തു. കണ്ണിയത്ത് ഉസ്താദിന്റെ അടുത്ത് വാഴക്കാട് ഓതിയകാലം ഇന്നലെ കഴിഞ്ഞതുപോലെ മനസ്സിലേക്കോടിവരുന്നു. അന്ന് ഒരു വേനല്‍ക്കാലത്ത്. വെള്ളം കിട്ടാതെ ആളുകളൊക്കെ വല്ലാതെ കഷ്ടപ്പെടുന്ന സന്ദര്‍ഭം. ആളുകള്‍ കൂട്ടമായി വന്ന് കണ്ണിയത്ത് ഉസ്താദിനോട് ആവലാതി ബോധിപ്പിച്ചു. ഒരു ളുഹര്‍ നിസ്‌കാരത്തിന് ദുആ ചെയ്തു. മഴപെയ്തില്ല. അസ്വര്‍ നിസ്‌കാര ശേഷം വീണ്ടും ദുആ ചെയ്തു. ഉടനെത്തന്നെ അതിശക്തമായ മഴ പെയ്തു. ആളുകള്‍ക്ക് കണ്ണിയത്തെന്ന അല്ലാഹുവിന്റെ നല്ല ഖലീഫയുടെ ശക്തിബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. ചെറുപ്പത്തില്‍തന്നെ സമ്മേളനങ്ങള്‍ക്കും സമസ്തയുടെയൊക്കെ പരിപാടികള്‍ക്കു പങ്കെടുക്കുകയെന്നത് വലിയ ആവേശമായിരുന്നു. വാഴക്കാട് ദര്‍സില്‍ പഠിക്കുന്ന സന്ദര്‍ഭത്തില്‍ ചാലിയത്തു വച്ച് നടന്ന ഒരു പരിപാടിക്ക് വാഴക്കാട്‌നിന്നു നടന്നുപോയ ആവേശത്തിന്റെ ഓര്‍മ ഇന്നും വല്ലാത്തൊരു അനുഭവമാണ്. പാറക്കടവ് പള്ളിയൊക്കെ വലിയ വഅ്‌ളിന് പ്രമുഖരുടെ സാന്നിധ്യംകൊണ്ട് പേര്‌കേട്ട പ്രദേശമാണ്. ബിസ്മി കൊണ്ട് തുടങ്ങി നികാഹ് കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു വഅള്. ഇത്തരം വഅ്‌ളുകളില്‍ പ്രഭാഷകനാവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. റമളാനിലെ ഇത്തരം സന്ദര്‍ഭങ്ങളെ കുറിച്ച് സുന്നി അഫ്കാര്‍ റമളാന്‍ സ്‌പെഷ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിതാവിന്റെ ആണ്ട് ഇന്ന് വാളാട് പള്ളിയില്‍ വച്ച് വളരെ വിപുലമായി നടത്തിവരുന്നു. ആദ്യമൊക്കെ ആണ്ട് നടത്തിയിരുന്നില്ലെങ്കിലും പിന്നീട് ആ നാട്ടിലെ രണ്ടു മൂന്നാളുകള്‍ പിതാവിനെ സ്വപ്നം കാണുകയുണ്ടായി. ഉപ്പ അവരോട് സ്വപ്നത്തില്‍ 'മരണ ശേഷം എന്നെ വേണ്ടേ' എന്ന് ചോദിക്കുകയുണ്ടായി. ഈ സംഭവശേഷം വലിയ ആദരവോടെ അവര്‍ ആണ്ട് നടത്തിവരുന്നു. അവിടെയുള്ളവര്‍ എല്ലാ കാര്യങ്ങള്‍ക്കും നേര്‍ച്ചയാക്കുന്നത് ഉപ്പാന്റെ പേരിലാണ്. ബാഖിയാത്തില്‍നിന്നു തഹ്‌സീല്‍ നേടിയ ശേഷം ആദ്യമായി സ്വന്തം നാടായ ചേലക്കാടാണ് ജോലിയേറ്റത്. ശേഷം ചിയ്യൂര്‍, കൊടക്കല്‍, അണ്ടോണ, ഇരിക്കൂര്‍, കൊളവല്ലൂര്‍, പഴയങ്ങാടി, കണ്ണാടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ മുദര്‍രിസായിരുന്നു. 1988ല്‍ ജാമിഅ നൂരിയ്യയിലെത്തി. 1999വരെ അവിടെ തുടര്‍ന്നു. ശേഷം ശംസുല്‍ ഉലമായുടെ ക്ഷണ പ്രകാരം നന്തി ദാറുസ്സലാമിലെത്തി. ഏഴു കൊല്ലം അവിടെ തദ്‌രീസ് നടത്തി. ഇപ്പോള്‍ മടവൂര്‍ കോളജിലെ പ്രിന്‍സിപ്പലാണ്. അഞ്ചാമത്തെ വര്‍ഷമാണ് ഇവിടെ. ആദ്യമൊക്കെ വഅളിന് പോവാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിനൊന്നും പോവാറില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറ അംഗമായി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ കാപ്പ് എന്നിവരോടൊപ്പം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇവര്‍ക്ക് ആദ്യമായി സ്വീകരണമേര്‍പ്പെടുത്തിയത് കടമേരി റഹ്മാനിയ്യയിലെ ബഹ്ജത്തുല്‍ ഉലമയായിരുന്നു. സമസ്തയുടെ ഫത്‌വ-കമ്മിറ്റിയിലേക്കും അര്‍ജന്റ് ചര്‍ച്ചകളില്‍ ക്ഷണിക്കാറുണ്ട്. 1986ലാണ് ആദ്യമായി ഹജ്ജിന് പോയത്. ജീവിതത്തിലെ മറക്കനാവാത്ത അനുഭവമാണത്. അന്ന് കോട്ടുമല ഉസ്താദും ശംസുല്‍ ഉലമായുമടക്കമുള്ള വിജ്ഞാനലോകത്തെ പടുക്കള്‍ ഹജ്ജിനു വന്ന സന്ദര്‍ഭമായിരുന്നു. അന്നാണ് കേരളീയ ജ്ഞാന പ്രസരണ ലോകത്തെ അനിവാര്യസ്രോതസ്സായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ വഫാത്താകുന്നത്. ഞങ്ങളെല്ലാവരും കോട്ടുമല ഉസ്താദിന്റെ മകനായ ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ അവിടെ വച്ച് മയ്യിത്ത് നിസ്‌കരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ചെറുപ്പകാലത്തു തന്നെ ചെറിയ കിതാബുകള്‍ കൃത്യമായ പഠന-മനനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നത് കൊണ്ട് പിന്നീടുള്ള കാലത്ത് വലിയ അധ്വാനം വേണ്ടിവന്നിട്ടില്ല. നഹ്‌വിന് കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സ് കിട്ടിയാല്‍ പിന്നെ ഒന്നും വേണ്ട. അത്രമേല്‍ നിപുണനായിരുന്നു ആ വിഷയത്തില്‍ കീഴനോര്‍. തുഹ്ഫ ഓതാതെ തന്നെ ദര്‍സ് നടത്താനൊക്കെ കഴിയുന്നത് അന്നത്തെ കാലത്തെ ആ പഠന രീതിയുടെ മഹത്വം കൊണ്ടാണ്. പാരമ്പര്യപരമായിത്തന്നെ പണ്ഡിത തറവാടുകളുമായി ബന്ധപ്പെടുന്ന കുടുംബമാണ്. ഒരുകാലത്ത് ചേലക്കാട് പ്രദേശത്തിന്റെ പണ്ഡിത പ്രതിനിധിയായിരുന്ന ചേലക്കാട് ചുക്രം മുസ്‌ലിയാര്‍ ഉമ്മാന്റെ വലിയുപ്പയാണ്. നാദാപുരം, കടമേരി എന്നീ ദേശങ്ങളെ പോലെ പണ്ഡിത പാരമ്പര്യ കുടുംബങ്ങളുടെ പേരില്‍ ചേലക്കാടും പ്രസിദ്ധമായ ഒരു കാലമുണ്ടായിരുന്നു. പിന്നീടത് നാദാപുരത്തും കടമേരിയിലും മാത്രമായി ചുരുങ്ങുകയായിരുന്നു. സംസ്ഥാനക്കാര്‍ തലപൊക്കുന്ന ഒരു പ്രദേശത്താണ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ ജീവിതം. അസൂയയാല്‍ ഉണ്ടാക്കപ്പെട്ട പാര്‍ട്ടിയാണ് അവരുടേതെന്ന് ശംസുല്‍ ഉലമാ എപ്പോഴും പറയാറുണ്ടായിരുന്നെന്ന് ഉസ്താദ് ഓര്‍ത്തെടുക്കുന്നു. ഇന്ന് മതവിജ്ഞാന രംഗത്ത് വന്നുപെട്ട ശോഷണത്തിന് ഒട്ടനവധി കാരണങ്ങളുണ്ട്. പഠനകാലം വളരെ കുറവാണ്. ഉള്ള കാലത്തു തന്നെ മതവും ഭൗതികവുമെല്ലാം പഠിച്ചെടുക്കണം. അവിടെ ഭൗതിക വിഷയങ്ങള്‍ മുന്‍ഗണന നേടുകയും ചെയ്യുന്നു. മതരംഗത്ത് കിതാബുകള്‍ മാത്രം ശ്രദ്ധിക്കുന്ന മുതഅല്ലിമുകള്‍ കുറവാണ്. മുന്‍ കാലങ്ങളെ പോലെ എല്ലാ ഫന്നുകളിലും കഴിവുള്ള പണ്ഡിതന്‍മാര്‍ വളര്‍ന്നു വരുന്ന തലമുറയില്‍ കുറവാണ്. മതവിജ്ഞാന മേഖലയുടെ ഭാവി ശോഭനമാണെന്ന് കരുതനാവില്ല. ചെറിയ കിതാബുകള്‍ നല്ലവണ്ണം തഹ്ഖീഖാക്കണം. നഹ്‌വിന്റെയും സ്വര്‍ഫിന്റെയും കിതാബുകള്‍ തഹ്ഖീഖാക്കിയാല്‍ പിന്നെ ഈ രംഗത്തെ ഏതു കിതാബുകളും ഭയക്കേണ്ടതില്ല. പക്ഷേ, ഇന്ന് ഭൗതിക വിഷയങ്ങള്‍ക്കിടയില്‍ പെട്ട് അതൊന്നും വേണ്ടത്ര ശ്രദ്ധകിട്ടാതെ പോവുന്ന അവസ്ഥയാണ് അറബിക് കോളേജുകളിലും ദര്‍സുകളിലുമെല്ലാം നിലനില്‍ക്കുന്നത്. എടക്കാട് മുദര്‍രിസായിരുന്ന അരൂര്‍ കാരപ്പറമ്പത്ത് അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ മകളെയാണ് ഉസ്താദ് വിവാഹം ചെയ്തത്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഉസ്താദിനുള്ളത്. കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍, നാസര്‍ ഫൈസി കുടത്തായി, മലയമ്മ അബൂബക്കര്‍ ഫൈസി തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്. പഴയ തലമുറയിലെ വിജ്ഞാനപടുക്കളായ ആലിമീങ്ങളില്‍ അവശേഷിക്കുന്ന അല്‍പ്പം ചില പണ്ഡിതന്‍മാരില്‍ ഒരാളാണ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍. കുന്നുമ്മല്‍, നെല്ലിച്ചേരി മഹല്ലുകളില്‍ ഖാളി സ്ഥാനം വഹിക്കുന്ന ഉസ്താദ് അവര്‍കള്‍ വിനയം പെയ്തിറങ്ങുന്ന അറിവിന്റെ ഉടമയാണ്. ആ സാന്നിധ്യം ഇനിയുമൊരുപാട് കാലം അനുഭവിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter