ചെങ്കൊടിക്ക്‌ കീഴില്‍ തളര്‍ന്ന്‌ വീഴുന്ന  ചൈനീസ്‌ മുസ്‍ലിംകള്‍
uygoorചൈനയുടെ പടിഞ്ഞാറ്‌ ഭാഗത്തുള്ള സിന്‍ജിയാങ്ങ്‌ പ്രവിശ്യയിലാണ്‌ മുസ്‍ലിംകളില്‍ ഭൂരിഭാഗവും അധിവസിക്കുന്നത്‌. സിന്‍ജിയാങ്ങ്‌ പ്രവിശ്യയിലെ 43ശതമാനം ഉയിഗുര്‍ വംശജരായ മുസ്‍ലിംകളും 41ശതമാനം ചൈനീസ്‌ വംശജരായ ഹാന്‍ സമൂഹവുമാണ്‌. ചരിത്രാധീന കാലം മുതല്‍ക്കു തന്നെ ചൈനീസ്‌ ഭരണാധികാരികളില്‍ നിന്നും കടുത്ത പീഢനത്തിന്‌ വിധേയരായിട്ടുണ്ട്‌ ഇവിടുത്തെ മുസ്‍ലിംകള്‍. 1949ല്‍ ചൈന കമ്മ്യൂണിസ്റ്റ്‌ റിപ്ലബിക്കായി പ്രഖ്യാപിക്കപ്പെട്ടതോടെ മുസ്‍ലിംകള്‍ക്കെതിരെയുള്ള മര്‍ദ്ദനങ്ങള്‍ക്കും തീവ്രത വര്‍ദ്ധിക്കുകയുണ്ടായി.ഏക ശിലാത്‌കമായ സംസ്‌കാരത്തിന്‌ പ്രാമുഖ്യം നല്‍കി, മത വംശീയ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ചൈനീസ്‌ ഭരണം തുനിഞ്ഞപ്പോള്‍ ടിബറ്റിലെ ബുദ്ധഭിക്ഷുക്കളേക്കാള്‍ ഭീകരമായ അടിച്ചമര്‍ത്തലിന്‌ മുസ്‍ലിംകള്‍ വിധേയരായി. ചൈനയുടെ ഭരണകൂട ഭീകരതയില്‍ സഹികെട്ട ഉയിഗുര്‍ മുസ്‍ലിംകള്‍ 1950കളില്‍ വിഘടന വാദവുമായി രംഗത്തെത്തി.ചൈനയില്‍ നിന്നും സ്വാതന്ത്രം നേടി, മുസ്‍ലിം രാജ്യമായ തുര്‍ക്കിസ്ഥാനില്‍ ലയിക്കാന്‍ വേണ്ടിയായിരുന്നു ദശകങ്ങള്‍ നീണ്ട്‌ നിന്ന രക്തരൂക്‌ഷിത വിഘടന വാദം. പട്ടാളശക്തിയുപയോഗിച്ച്‌ ഗവണ്‍മെന്റ്‌ കലാപത്തെ അടിച്ചമര്‍ത്തിയെങ്കിലും 1991 സോവിയറ്റ്‌ യൂനിയന്റെ പതനത്തോടെ സ്വതന്ത്രദാഹം മുസ്‍ലിംകളില്‍ ശക്തമായി. 1990 മുതല്‍ മുസ്‍ലിംകളോടുള്ള ചൈനീസ്‌ ഭരണകൂട നയം കൂടുതല്‍ രൗദ്രത പ്രാപിച്ചു.ആരാധന സ്വാതന്ത്രങ്ങള്‍ നിഷേധിച്ചും സര്‍ക്കാര്‍ ജോലികളില്‍ നിന്ന്‌ തഴഞ്ഞും സിന്‍ജിയാങ്ങ്‌ പ്രവിശ്യയില്‍ ഹാന്‍ വംശജര്‍ക്ക്‌ കുടിയേറ്റ കേന്ദ്രങ്ങള്‍ അനുവധിച്ചും ഉയിഗുര്‍ മുസ്‍ലിംകളെ ദുരിതത്തിന്റെ തീച്ചൂളയിലേക്ക്‌ ചൈനീസ്‌ ഭരണകൂടം വലിച്ചെറിഞ്ഞു. മതകീയ സ്വതന്ത്രങ്ങളെല്ലാം നിഷേധിക്കപ്പെട്ട സമുദായമാണ്‌ ഉയിഗുര്‍ മുസ്‍ലിംകള്‍. ബാങ്ക്‌ വിളിയും ആരാധനകള്‍ക്ക്‌ വേണ്ടി ഒരുമിച്ച്‌ കൂടലും ശക്തമായി നിരോധിക്കപ്പെട്ടിട്ടുണ്ട്‌. വികസനത്തിന്റെ പേര്‌ പറഞ്ഞ്‌ കണ്ണായ വഖ്‌ഫ്‌ ഭൂമികളും പല പള്ളികളും ഗവണ്‍മെന്റ്‌ നശിപ്പിച്ചിട്ടുണ്ട്‌.പുറമെ പുതിയ ആരാധനായലങ്ങള്‍ നിര്‍മ്മിക്കുന്നതും ശിക്ഷാര്‍ഹമാണ്‌.മുസ്‍ലിംകള്‍ക്ക്‌ വിസ നല്‍കുന്നതിന്‌ കര്‍ശനമായ വ്യവസ്ഥകളുള്ളതിനാല്‍ തീര്‍ത്ഥാടന യാത്രകള്‍ക്കും ഹജ്ജ്‌ കര്‍മ്മത്തിനുമുള്ള അവസരം ലഭിക്കാറില്ല പലപ്പോഴും. സാമ്പത്തികമായി ഹാന്‍ വംശജരെക്കാള്‍ എത്രയോ പിന്നിലാണ്‌ ഉയിഗുര്‍ മുസ്‍ലിംകള്‍. ഖനനം വ്യവസായം തുടങ്ങിയ ലാഭം കൊയ്യുന്ന ബിസിനസ്‌ പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നത്‌ ഹാന്‍ വംശജരാണ്‌. പരമ്പരാഗത കൃഷി രീതിയാണ്‌ ഒട്ടുമിക്ക മുസ്‍ലിംകളുടെയും അന്നത്തിനുള്ള മാര്‍ഗം. കൃഷിക്ക്‌ വേണ്ടി നവീന സാങ്കേതിക വിദ്യകള്‍ ചൈനയില്‍ ലഭ്യമാണെങ്കിലും ഇതെല്ലാം ഇവര്‍ക്ക്‌ അന്യമാണ്‌. ഹാന്‍ വിഭാഗക്കാര്‍ ചൈനീസ്‌ ഭാഷയായ മാന്‍ഡരിന്‍ ആണ്‌ ഉപയോഗിക്കുന്നതിനാല്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലകളിലും അവരുടെ കടുത്ത തള്ളിക്കയറ്റമാണുള്ളത്‌. മുസ്‍ലിംകളാവട്ടെ പ്രാദേശിക തുര്‍ക്ക്‌ ഭാഷയാണുപയോഗിക്കുന്നത്‌. ഇക്കാരണത്താല്‍ തന്നെ സര്‍ക്കാര്‍ ജോലികളിലൊക്കെ ഇവര്‍ക്ക്‌ അയിത്തം കല്‍പിച്ച്‌ മാറ്റി നിര്‍ത്തിയിരിക്കയാണ്‌ ചൈനീസ്‌ ഗവണ്‍മെന്റ്‌. ചൈനീസ്‌ ഭരണകൂടത്തിന്റെ കഴുത്തറപ്പന്‍ നിയമങ്ങളെ കടുത്ത അമര്‍ഷത്തോടെയാണ്‌ ഉയിഗുര്‍ മുസ്‍ലിംകള്‍ നോക്കിക്കാണുന്നത്‌. ഈ അമര്‍ഷത്തിന്റെ ബഹിസ്‌ഫുരണമാണ്‌ പലപ്പോഴും ഗവണ്‍മെന്റിനെതിരെ നടത്തപ്പെടുന്ന സായുധാക്രമണങ്ങള്‍. ഭരണകൂട ഭീകരതക്കെതിരെ ജിഹാദീയാക്രമണങ്ങളിലൂടെ മറുപടി നല്‍കാന്‍ സജ്ജരായ യുവാക്കള്‍ വര്‍ദ്ധിച്ച്‌ വരികയാണെന്ന്‌ ലോക ഉയിഗൂര്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ റാബിയ ഖദീര്‍ പോലും സമ്മതിച്ചതാണ്‌. കഴിഞ്ഞ മാസം 28ന്‌ സായുധരായ ഉയിഗുര്‍ മുസ്‍ലിംകള്‍ നടത്തിയ അക്രമണത്തില്‍ ഇരുപതില്‍ പരം ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി. ഇത്തരത്തിലുള്ള പല അക്രമ സംഭവങ്ങളും സിന്‍ജിയാങ്ങ്‌ മേഖലയില്‍ പതിവാണ്‌. ഉയിഗുര്‍ മുസ്‍ലിംകളുടെ നിലനില്‍പിനായുള്ള പോരാട്ടം തീവ്രവാദമെന്നാണ്‌ ചൈനീസ്‌ ഭരണകൂടത്തിന്റെ വെപ്പ്‌. സായുധരായി അടിച്ചമര്‍ത്തപ്പെടുന്നതിന്‌ പുറമെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധങ്ങള്‍ കൂടി ചൈനീസ്‌ ഭരണകൂടം ശക്തമാക്കിയതോടെ ഉന്മൂല നാശത്തിന്റെ വക്കിലാണ്‌ ഉയിഗുര്‍ മുസ്‍ലിംകള്‍. മറ്റു മുസ്‍ലിം രാജ്യങ്ങളില്‍ നിന്ന്‌ ഐക്യദാര്‍ഢ്യം ലഭിക്കുമെന്ന്‌ ആശ നഷ്‌ടപ്പെട്ട ഇവര്‍ സായുധ സമരത്തിലാണ്‌ അവരുടെ ദുരിതങ്ങളുടെ പരിഹാരം കാണുന്നത്‌. ഹാന്‍ വംശജരും ഉയിഗുര്‍ മുസ്‍ലിംകളും തമ്മില്‍ പലപ്പോഴും വംശീയ സംഘട്ടനങ്ങളും പതിവാണ്‌. സര്‍ക്കാര്‍ പിന്‍ബലത്തോടെ അത്യാധുനിക ആയുധങ്ങളുമുപയോഗിച്ചാണ്‌ ഹാന്‍ വംശജര്‍ മുസ്‍ലിംകളെകളെ നേരിടാറ്‌. 2011ല്‍ ഇരുവംശജര്‍ക്കുമിടയില്‍ രക്തരൂക്ഷിത കലാപം അരങ്ങേറുകയുണ്ടായി. നൂറിലധികം നിരായുധരായ മുസ്‍ലിംകളാണ്‌ ഈ കലാപത്തില്‍ രക്തസാക്ഷികളായത്‌. ഭരണകൂടത്തിന്റെ ഒത്താശയോടെ ഉയിഗുര്‍ മേഖലയിലേക്ക്‌ കടന്നുകയറി അവരെ പുറത്താക്കാന്‍ ഹാന്‍ വംശജര്‍ ശ്രമിക്കുമ്പോഴാണ്‌ മുസ്‍ലിംകള്‍ സായുധ പോരാട്ടത്തിനിറങ്ങുന്നത്‌. chinese-muslimsതീവ്രവാദികളെന്ന്‌ മുദ്രകുത്തി മുസ്‍ലിംകളെ ഉന്മൂലനം ചെയ്യാനാണ്‌ ചൈനീസ്‌ ഭരണകൂടം ശ്രമിക്കുന്നത്‌. രാഷ്‌ട്ര അഖണ്ഡതയെ വിളക്കിച്ചേര്‍ക്കാന്‍ മുസ്‍ലിം ഉന്മൂലനം നിര്‍ബന്ധമാണെന്ന്‌ ചൈനീസ്‌ ഭരണകൂടം ശഠിക്കുന്നു. സായുധ സംഘട്ടനങ്ങള്‍ക്ക്‌ മുസ്‍ലിംകളെ സജ്ജരാക്കുന്ന ഇസ്‌ലാം മതത്തെ നിരോധിക്കലും ചൈനീസ്‌ ഭരണകൂടത്തിന്റെ ലക്ഷ്യമാണ്‌. കഴിഞ്ഞ വര്‍ഷം പുതിയ തലമുറ ചൈനയുടെ ഭരണമേറ്റെടുത്തപ്പോള്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയതാണീ നയങ്ങള്‍. സകല പഴുതുമുപയോഗിച്ച്‌ രാജ്യത്തെ പ്രബലരായ ന്യൂനപക്ഷങ്ങളായ മുസ്‍ലിംകളെ പട്ടാള മുഷ്‌ക്‌ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്‌ ചൈനീസ്‌ ഭരണകൂടം. പ്രതികള്‍ മുസ്‍ലിംകളായത്‌ കൊണ്ട്‌ ലോകപോലീസ്‌ അടക്കമുള്ള എല്ലാ രാജ്യങ്ങളും ഈ ന്യൂനപക്ഷ ഉന്മൂലനത്തിനെതിരെ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ തയ്യാറല്ല. -മുബശ്ശിര്‍ വി.പി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter