റോഹിംഗ്യയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ഇപ്പോഴും ശുഭകരമല്ല
റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള മ്യാന്മറിന്റെ കടുത്ത വിവേചനം വ്യക്തമാക്കുന്നതാണ് അവിടെനിന്നും പുറത്തുവരുന്ന പുതിയ വാര്‍ത്തകര്‍. റോഹിംഗ്യകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അന്വേഷിക്കാന്‍ യു.എന്‍ നിയോഗിച്ച അന്വേഷണ സമിതിയോട് സഹകരിക്കില്ലെന്നും അതിന് അനുവദിക്കില്ലെന്നുമാണ് മ്യാന്മാര്‍ ഭരണവിഭാഗം ഔദ്യാഗികമായി അറിയിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി റോഹിംഗ്യകള്‍ക്കെതിരെ അവര്‍ നടത്തുന്ന ഭരണകൂട ഭീകരതയുടെ ആഴവും അതിനു പിന്നിലെ നിഗൂഢതയും ഇത് വ്യക്തമാക്കുന്നു.
മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരേ വംശഹത്യ നടത്തുന്ന ആയുധധാരികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി ഐക്യരാഷ്ട്രസഭ മൂന്നംഗ വിദഗ്ധ സമിതിയെ നിയമിച്ച് ഒരു മാസം പിന്നിട്ടിരിക്കുന്നു. അപ്പോഴാണ് മ്യാന്മര്‍ നേതാവ് സൂക്കിയുടെ സുരക്ഷാ ഉപദേശകന്റെ ഇതിനെതിരെയുള്ള പ്രതികരണം പുറത്തുവന്നത്. ഞങ്ങള്‍ ഈ വിഷയത്തില്‍ പല ചര്‍ച്ചകളും നടത്തിയുട്ടെണ്ടെന്നും യു.എന്‍ വിദഗ്ധരുടെ സന്ദര്‍ശനം ഇവിടെ നാശംവിതയ്ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ പശ്ചിമ മ്യാന്‍മറിലുണ്ടായ സൈനിക നടപടിയെ അതിജീവിച്ചവര്‍ കൊടുംപട്ടിണിയിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടിരുന്നു.
അവിടെ 2,25,000 പേര്‍ അടിയന്തര സഹായം തേടുകയാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം തയാറാക്കിയ റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നു. റോഹിംഗ്യകള്‍ അനുഭവിക്കുന്ന ദുരിതം പല തവണ ഐക്യരാഷ്ട്രസഭാ എജന്‍സികള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ യു.എന്‍ റിപ്പോര്‍ട്ടില്‍ റോഹിംഗ്യകളുടെ പൗരത്വം അപഹരിക്കപ്പെടുകയാണെന്ന വിവരവും വ്യക്തമാക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയം അന്വേഷിക്കാന്‍ യു.എന്‍ ദൗത്യസംഘത്തെ നിയമിച്ചിരുന്നത്.
എന്നിട്ടും റോഹിംഗ്യകള്‍ നേരിടുന്ന കൊടുംപീഡനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാനെത്തുന്ന യു.എന്‍ സംഘത്തിന് പ്രവേശനം നിഷേധിക്കുമെന്നതാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ആങ്സാന്‍ സൂക്കിയുടെ നിലപാട്. കഴിഞ്ഞ മാസവും യു.എന്‍ സംഘത്തിന് പ്രവേശനം നിഷേധിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
മ്യാന്‍മറിന്റെ വടക്കന്‍ സംസ്ഥാനമായ റാഖിനെയിലാണ് റോഹിംഗ്യകള്‍ക്കു നേരെ അക്രമം നടക്കുന്നത്. ഇതുവരെ 90,000 ത്തിലധികം റോഹിംഗ്യകളാണ് തങ്ങളുടെ വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുള്ളത്.
കാലങ്ങളായി മ്യാന്മര്‍ തുടരുന്ന മുസ്‌ലിം വിരോധം ഒന്നുംകൂടി മറ നീക്കി പുറത്തുവന്നിരിക്കയാണ് സൂക്കിയുടെ അറിവോടെയുള്ള ഈ തീരുമാനത്തിലൂടെ. നീതി തേടുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കുവേണ്ടി ലോകം ഒന്നുകൂടി അവകാശ പോരാട്ടത്തിന് ഗോദയിലിറങ്ങാന്‍ സമയമതിക്രമിച്ചിരിക്കുന്നു.
Leave A Comment