ചാലിലകത്തിന്റെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍
കേരള മുസ്‌ലിം മത വിദ്യാഭ്യാസ മേഖലയെ ചടുലതയോടെ മുന്നോട്ടു നയിക്കുന്നതിന് ശാസ്ത്രീയമായൊരു രൂപം മുന്നോട്ടുവെച്ച നായകരില്‍ പ്രഥമ ഗണനീയനാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ആധുനിക സാങ്കേതിക വിദ്യകളെ സ്വീകരിക്കുന്ന വിഷയത്തില്‍ ആഴത്തിലുള്ള മനനവും ഗഹനമായ അന്വേഷണങ്ങളും ചര്‍ച്ചകളും നിരന്തരമായി നടന്നുകൊണ്ടിരുന്ന ഒരു കാലത്താണ് അദ്ദേഹം കടന്നുവരുന്നത്. ജ്ഞാന സ്വീകരണത്തിന്റെയും പ്രസരണത്തിന്റെയും പഴയതും പരമ്പരാഗതവുമായ ചില ശൈലികള്‍ മാത്രമേ അന്നേവരെ കേരളക്കരയില്‍ വ്യാപകമായി പരിചിതമായിരുന്നുള്ളൂ. ഇന്ന് ചിന്തിക്കുമ്പോള്‍ ലളിതമായി തോന്നാമെങ്കിലും അന്നുള്ളവരെ സംബന്ധിച്ചിടത്തോളം, മോശമല്ലാത്ത നിലക്ക് എഴുത്തും വായനയും അഭ്യസിക്കാന്‍ പറ്റിയ പല വിധ കേന്ദ്രങ്ങളും അന്നുണ്ടായിരുന്നു. തീര്‍ത്തും പരിമിതമായ സൗകര്യങ്ങളും നടപ്പുവഴികളും മാത്രമേ അവക്കുണ്ടായിരുന്നുള്ളൂ. ഇഖ്‌ലാസ്വിന്റെ ഉരക്കല്ലില്‍നിന്നും ചാലിച്ചെടുത്ത, നിര്‍മലവും സ്ഫുടവുമായ ഒരു മുഖമാണ് അന്ന് വിദ്യക്കും ആര്‍ജ്ജന മേഖലക്കുമുണ്ടായിരുന്നത്. അതിന്റെ അനന്തരഫലമെന്നോണം, നമുക്ക് ഊഹിക്കാന്‍പോലും കഴിയാത്തവിധം മതവിജ്ഞാന മേഖലയില്‍ അഗാധ പാണ്ഡിത്യമുള്ള അനവധി പണ്ഡിതരെ അന്ന് കാണാമായിരുന്നു. അക്കാലത്ത് അവരുടെ ജ്ഞാനാര്‍ജ്ജന ലക്ഷ്യം അറിവിനെ സ്വയം ഉള്‍ക്കൊള്ളുകയും അറിവുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്നതാണ്. ആയതിനാല്‍തന്നെ, അതിനുവേണ്ടി കഴിയുംവിധം ഒരുങ്ങുകയാണ് അവര്‍ ചെയ്തിരുന്നത്. അല്ലാതെ, വിദ്യാഭ്യാസത്തിന്റെ മറ്റൊരു ശൈലി അവര്‍ക്ക് ആവശ്യമില്ലായിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍, കാലങ്ങളായി നിലനിന്നുപോന്നിരുന്ന വിദ്യാഭ്യാസ മേഖലയിലെ ഒരു ഒഴുക്കിനെ കൂടുതല്‍ ക്രിയാത്മകവും ലളിതവുമായ ഒരു വഴിയിലേക്ക് തിരിച്ചുവിടുലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ആഗമനത്തോടെ സംഭവിക്കുന്നത്.
മതവിദ്യാഭ്യാസ പ്രക്രിയയിലെ ശൈലികള്‍
പൊന്നാനി കേന്ദ്രീകരിച്ച് നടന്നിരുന്ന മതവിദ്യാഭ്യാസ സംരംഭങ്ങളുടെ വിപ്ലവാത്മകമായ ആ കാലം കഴിഞ്ഞാല്‍, പ്രധാനമായും സാമൂഹിക തലങ്ങളില്‍ നടന്നിരുന്ന മത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നമുക്ക് മൂന്നായി വേര്‍ത്തിരിക്കാന്‍ കഴിയും. ഓത്തുപള്ളികള്‍, വഅള് പരമ്പരകള്‍, മദ്രസകള്‍ എന്നിവയാണവ. കേരളമുസ്‌ലിംകള്‍ക്കിടയില്‍ മത വിദ്യാഭ്യാസത്തിന്റെ മൗലികവും ആടിസ്ഥാനവുമായ സംവിധാനങ്ങളായി ഗണിക്കപ്പെട്ടിരുന്ന മൂന്നു സംരംഭങ്ങളാണിത്. ഇതിലൂടെയായിരുന്നു വിശ്വാസികള്‍ ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിച്ചിരുന്നത്. നല്‍കപ്പെടുന്ന വിജ്ഞാനങ്ങളുടെയും പങ്കെടുക്കുന്ന ആളുകളുടെയും അടിസ്ഥാനത്തില്‍ ഈ മൂന്നു സംരംഭങ്ങള്‍ക്കിടയിലും നമുക്ക് വ്യത്യാസം കണ്ടെത്താന്‍ കഴിയും.
ഓരോ മുസ്‌ലിമും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട, ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമിക അറിവുകള്‍ കൈമാറുന്ന കേന്ദ്രങ്ങളാണ് ഓത്തുപള്ളികള്‍. ഖുര്‍ആന്‍ പഠനം, അടിസ്ഥാനമായ ഇസ്‌ലാംകാര്യങ്ങളുടെ പഠനം തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ നടന്നിരുന്നത്. പള്ളികളോട് ചേര്‍ന്നോ അദ്ധ്യാപകരുടെ വീടുകളിലോ ആയിരുന്നു ഇവ നടത്തപ്പെട്ടിരുന്നത്. ഉസ്താദ് ഓതിക്കൊടുക്കുക, വിദ്യാര്‍ത്ഥികള്‍ കേട്ട് പഠിക്കുക എന്നതായിരുന്നു ഇവിടത്തെ പ്രധാന പഠനരീതി. ഈയൊരു സംരംഭത്തിന് ഇസ്‌ലാമിന്റെ ആഗമനകാലത്തോളംതന്നെ ചരിത്രം കാണാവുന്നതാണ്.
പൊതുജനങ്ങള്‍ക്ക് ഇസ്‌ലാമിക പഠന അവസരങ്ങള്‍ സൃഷ്ടിക്കുന്ന സംവിധാനമാണ് വഅള്പരമ്പരകള്‍. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ചെറുപ്പകാലത്തെ മതപഠനമെന്നത് ഒരിക്കലും പൂര്‍ണ്ണത നേടിക്കൊടുക്കുന്നതായിരിക്കില്ല. അതിന് പലതരത്തിലുമുള്ള പരിമിതികളുമുണ്ടായിരിക്കും. ഈയൊരു പോരായ്മ നികത്തുന്നതിനാണ് വഅള് പരമ്പരകള്‍ നടത്തപ്പെട്ടിരുന്നത്. വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികത എന്ന മഹത്തായൊരു ലക്ഷ്യം ഈ സംരംഭത്തില്‍ ഏറെ പ്രകടമാണ്.
ഓരോ വിശ്വാസിയും അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതും ദൈനംദിന ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ കാര്യങ്ങളായിരുന്നു ഈ മതപ്രസംഗങ്ങളിലെ വിഷയങ്ങള്‍. ദൈനംദിന ജീവിതത്തിലെ കര്‍മശാസ്ത്രങ്ങള്‍, വിധികള്‍, വിലക്കുകള്‍, അനുഷ്ഠാനങ്ങള്‍, ശൈലികള്‍ തുടങ്ങിയവയെല്ലാം ദിവസങ്ങളോളം നീണ്ടുനിന്നിരുന്ന വഅള് സദസുകളില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, നല്ലപോലെ കര്‍മശാസ്ത്രബോധമുള്ളവരായിരുന്നു അന്നത്തെ നാടന്‍ ജനങ്ങള്‍ പോലും. ഒരു പ്രശ്‌നത്തില്‍ ആധികാരികമായി തീര്‍പ്പ് കല്‍പിക്കാനുള്ള യോഗ്യതയും ആര്‍ജ്ജവവും അവര്‍ ഇതുവഴി നേടിയെടുത്തിരുന്നു.
കേരളക്കരയില്‍ ഇസ്‌ലാമികത്തനിമയെ പരിരക്ഷിച്ചുനിര്‍ത്താന്‍ കെല്‍പ്പുള്ള പണ്ഡിതന്മാരെ വാര്‍ത്തെടുത്തിരുന്ന മഹത്തായ ജ്ഞാന കേന്ദ്രങ്ങളായിരുന്നു ദര്‍സുകള്‍. ആഴത്തിലുള്ള പഠനങ്ങളും അവഗാഹമുള്ള ചര്‍ച്ചകളുമാണ് ഇവിടെ നടന്നിരുന്നത്. ആഴവും ത്രാണിയുമുള്ള പണ്ഡിതന്മാരുടെ നേതൃത്വത്തിലായിരുന്നു ദര്‍സുകളുടെ നടത്തിപ്പ്. കേരളത്തില്‍ ഉദയം ചെയ്തിട്ടുള്ള പണ്ഡിതന്മാരെല്ലാം ഇത്തരം സംരംഭങ്ങളിലൂടെ ഉയര്‍ന്നുവന്നവരാണ്.
കുറഞ്ഞ ചെലവില്‍ സമഗ്രമായ വിദ്യാഭ്യാസം നല്‍കുകയെന്ന വിഷയത്തില്‍ ദര്‍സുകള്‍ വലിയ മാതൃകയാണ് മുന്നോട്ടുവെക്കുന്നത്. തീര്‍ത്തും അല്‍ഭുതകരമായൊരു പഠന സംവിധാനവും പണ്ടുമുതലേ ദര്‍സുകളില്‍ നിലനിന്നിരുന്നു. ചെറിയവര്‍ക്കും വലിയവര്‍ക്കും വ്യത്യസ്തമായ പഠന രീതികളും ഗ്രന്ഥങ്ങളുമാണ് ഉണ്ടായിരുന്നത്. അവരെ പഠിപ്പിക്കുന്ന ശൈലിയും വ്യത്യസ്തമായിരുന്നു. തീര്‍ത്തും പിന്നീടു വന്ന കോളേജ് വിദ്യാഭ്യാസത്തിന്റെ ഒരു ചെറുരൂപമായി ദര്‍സ് സംവിധാനങ്ങളെ വായിക്കാവുന്നതാണ്.
ചാലിലകത്ത് കണ്ട വിദ്യാഭ്യാസ പരിസരം
മത ഭൗതിക വിദ്യാഭ്യാസ തലങ്ങളില്‍ ശ്രദ്ധേയമായ ചുവടുകളും മാറ്റങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയ കാലത്താണ് ചാലിലകത്ത് കടന്നുവരുന്നത്. ഭൗതിക വിദ്യാഭ്യാസത്തെക്കൂടി മതവുമായി ചേര്‍ത്തുവെച്ച് നല്‍കപ്പെടുന്ന പലവിധ കേന്ദ്രങ്ങളെക്കുറിച്ചും അന്ന് പലരും ചിന്തിച്ചുതുടങ്ങിയിരുന്നു. ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും വ്യവസ്ഥാപിതമായി, പുരോഗമിച്ച ശൈലിയില്‍ നല്‍കുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്.
ഇംഗ്ലീഷ് വിദ്യാഭ്യാസ സംരംഭങ്ങള്‍ നാടുനീളെ പ്രചരിച്ചുതുടങ്ങിയിരുന്നതിനാല്‍, അവയില്‍ നല്ലതായിതോന്നിയ പല ശൈലികളും മുസ്‌ലിംകളെ ആവേശിക്കാതിരുന്നില്ല. ഇസ്‌ലാമിക സംസ്‌കാരത്തോട് അവര്‍ പ്രഖ്യാപിച്ച തുറന്ന യുദ്ധങ്ങളായിരുന്നു എന്നും അവരോടുള്ള അടങ്ങാത്ത വിരോധം അണയാതെ സൂക്ഷിക്കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിച്ചിരുന്നത്. മതത്തിന്റെ കാര്യത്തില്‍ ഈ വിരോധം ശക്തമായപ്പോള്‍, അവരുടെ ചിന്തകളോ ശൈലികളോ സമീപനങ്ങളോ യാതൊന്നുംതന്നെ സ്വീകരിക്കാന്‍ പാടില്ലായെന്നൊരു തലത്തിലേക്ക് വരെ അന്നത്തെ മുസ്‌ലിംചിന്ത എത്തിപ്പെട്ടിരുന്നു. അവരോടുള്ള കഠിനമായ വിയോജിപ്പിന്റെയും എതിര്‍പ്പിന്റെയും പ്രകടനമായിരുന്നു ഇത്.
മുസ്‌ലിം മത ഭൗതിക വിദ്യാഭ്യാസ രംഗങ്ങള്‍ മെച്ചപ്പെടുന്നതിനെക്കുറിച്ചാണ്, ഇവയെല്ലാം കണ്ടപ്പോള്‍ ചിലയാളുകള്‍ ചിന്തിച്ചിരുന്നത്. ഈയൊരു ശൈലി തനിമയാര്‍ന്ന കേരളത്തിലെ ഇസ്‌ലാമിക ചിന്തയെ തകിടം മറിക്കുമോ എന്നൊരു പേടി അന്നത്തെ മുസ്‌ലിംപണ്ഡിതന്മാര്‍ക്കുണ്ടായിരുന്നു. ഏതായാലും, ചര്‍ച്ചകളും അന്വേഷണങ്ങളും എതിര്‍പ്പുകളും വിയോജിപ്പുകളും എല്ലാം നടന്നുകൊണ്ടിരിക്കെത്തന്നെ, കേരള മുസ്‌ലിം വിദ്യാഭ്യാസ മേഖല മെല്ലെ മെല്ലെ ആവശ്യമായ മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. മൂല്യം ചോര്‍ന്നുപോകാതെയുള്ള ഇത്തരമൊരു മാറ്റം അനിവാര്യമാണെന്ന് പണ്ഡിതന്മാര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ക്രമേണ അവര്‍ അത് സ്വീകരിക്കുകയും ചെയ്തു. 1867-ല്‍ ദയൂബന്തില്‍ തുടങ്ങിയ ദാറുല്‍ ഉലൂമിലാണ് ആദ്യമായി അല്‍പം വ്യവസ്ഥാപിതവും എന്നാല്‍ ആധുനികമായ ചില പുതുമകള്‍ അടങ്ങിയതുമായ ഒരു വിദ്യാഭ്യാസ സംരംഭം ആരംഭിക്കുന്നത്. ചോക്ക്, ബ്‌ളാക്ക് ബോര്‍ഡ്, ബെഞ്ച്, ഡസ്‌ക്, പരീക്ഷ, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ അവിടെ പ്രയോഗവല്‍ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ പ്രക്രിയയെ ലളിതമാക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് വന്‍സ്വീകാര്യതയാണ് അവിടങ്ങളിലെല്ലാം പ്രകടമായത്. 1883 ല്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തുടങ്ങിയ ബാഖിയാത്ത് സ്വാലിഹാത്തും ഏറെ പുതുമകളോടെയാണ് കടന്നുവന്നത്. വിജ്ഞാന കുതുകികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള എല്ലാ സംവിധാനങ്ങളും അവിടെയുണ്ടായിരുന്നു. ഇക്കാലത്ത് മലബാറില്‍നിന്നും വിവരം തേടി ആളുകള്‍ ഇവിടെ എത്തുകയുണ്ടായി. ദക്ഷിണേന്ത്യയിലെ തലയെടുപ്പുള്ളൊരു സ്ഥാപനം അന്ന് അതുതന്നെയായിരുന്നു. ഉത്തരേന്ത്യയില്‍ നടന്നിരുന്ന വിദ്യാഭ്യാസപരമായ പല ചലനങ്ങളും ദക്ഷിണേന്ത്യ അറിയുന്നത് ഈ സ്ഥാപനത്തിലൂടെയാണ്. ഇവിടെനിന്നും പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇത്തരം പുരോഗമിച്ച ശൈലികളെ നാടിന്റെ നാനാഭാഗത്തും പ്രചരിപ്പിച്ചു. മൂല്യമേറിയതും സരളവുമായ വിദ്യാഭ്യാസ ശൈലി ഉറപ്പുവരുത്തി.
മതവിദ്യാഭ്യാസ മേഖലയിലെ പുതിയ ചലനങ്ങള്‍ ഇതോടെ മലബാറിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒറ്റപ്പെട്ട ചില സംരംഭങ്ങള്‍ അനൗദ്യോഗികമായി അങ്ങുമിങ്ങും തലപൊക്കി. 1871- ല്‍ വാഴക്കാട്ടെ പ്രമാണിമാരായിരുന്ന കൊയപ്പത്തൊടി കുടുംബം ഈ രംഗത്തേക്ക് സജീവമായി കടന്നുവന്നു. തന്മിയത്തുല്‍ ഉലൂം മദ്‌റസ എന്ന പേരില്‍ അവരൊരു സ്ഥാപനം തുടങ്ങി. സാധാരണ ദര്‍സ് ക്രമീകരണങ്ങളില്‍നിന്നും മാറി പുതിയൊരു സംവിധാനമാണ് അവിടെയുണ്ടായിരുന്നത്. സ്ഥല-സ്ഥാന-ശൈലീ ക്രമീകരണങ്ങളിലായിരുന്നു പ്രധാനമായും മാറ്റം പ്രകടമായിരുന്നത്. പാഠ്യവിഷയങ്ങളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല. പള്ളിക്കു പകരം ഒരു ക്ലാസ് മുറിയും കാര്യങ്ങളെല്ലാം നോക്കിനടത്താന്‍ യോഗ്യനായൊരു ഉസ്താദും നിയോഗിക്കപ്പെട്ടു. തീര്‍ത്തും ആശാവഹമായ ചലനങ്ങളാണ് ഇതുവഴി ഉണ്ടായിരുന്നത്.
പൊതുവെ ജനങ്ങളെല്ലാം അന്ന് സമുദായത്തിലെ പണ്ഡിതരെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഇത്തരം സംരംഭങ്ങളില്‍ പണ്ഡിതരുടെയും നേതാക്കളുടെയും ഇടപെടല്‍കൂടി ശക്തമായിത്തുടങ്ങിയതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിജയം കണ്ടു. ഇക്കാലത്ത് കോഴിക്കോട് മദ്‌റസത്തുല്‍ ജിഫ്‌രിയ്യ എന്ന പേരില്‍ ഒരു സ്ഥാപനം നടന്നുപോന്നിരുന്നു. അന്നത്തെ തലയെടുപ്പുള്ള പണ്ഡിതരില്‍ ഒരാളായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ അതില്‍ കുറേകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ സംരംഭങ്ങളില്‍നിന്നും മാറി നിന്ന മുസ്‌ലിംകളെ ഭൗതിക വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുവിടാന്‍ പലവിധ പുതിയ സംരംഭങ്ങളും ഇക്കാലത്ത് അങ്ങിങ്ങായി ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് വിരോധം കാരണം അവരുടെ സ്ഥാപനങ്ങളിലേക്ക് നേരിട്ട് മുസ്‌ലിംകള്‍ പോയിരുന്നില്ല. ആയിടെ മതഭൗതിക വിദ്യാഭ്യാസം നല്‍കുന്ന പല കേന്ദ്രങ്ങളും ഉയര്‍ന്നുവന്നു. പല സ്ഥാപനങ്ങളും മുസ്‌ലിംപേരുകളിലാണ് പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിംകളെ ആകര്‍ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
1893-ല്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം കമ്മിറ്റിക്കുകീഴില്‍ ഒരു മദ്‌റസ ഉയര്‍ന്നുവന്നു. ഇന്‍തിശാറുല്‍ ഇസ്‌ലാം എന്നപേരില്‍ ഒരു ഉപസമിതിയാണ് ഇത് നടത്തിയിരുന്നത്. അന്നൊക്ക, നാട്ടിന്‍പുറങ്ങളില്‍ സാധാരണ നടത്തപ്പെട്ടിരുന്ന ഖുര്‍ആന്‍ പഠന പരിപാടിക്ക് ഓത്തുപള്ളികള്‍ എന്നാണ് പറയപ്പെട്ടിരുന്നത്. അല്‍പം കാര്യക്ഷമവും വ്യവസ്ഥാപിതവുമായ സ്ഥാപനങ്ങള്‍ക്ക് അഭിമാനത്തോടെ പ്രയോഗിച്ചിരുന്ന നാമമായിരുന്നു മദ്‌റസകള്‍. മദ്‌റസകള്‍ ഉയര്‍ന്നു തുടങ്ങിയതോടെ മുസ്‌ലിംകള്‍ അത് തേടിയെത്തിയിരുന്നു. 1912-ല്‍ ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ ഹിമായത്തുല്‍ ഇസ്‌ലാം ആംഗ്‌ളോ അറബിക് സ്‌കൂളായി പരിണമിച്ചു. കേരളത്തിലെ ആദ്യ മുസ്‌ലിം സ്‌കൂളായിരുന്നു ഇത്. 1894-ല്‍ പുള്ളിത്തൊടി സൈദ് മുഹമ്മദ് ഹാജി ഫറോക്ക് മാര്‍ക്കറ്റില്‍ ഒരു മദ്‌റസ തുടങ്ങിയിരുന്നു. അതും പിന്നീട് ഒരു മാപ്പിള സ്‌കൂളായി പരിണമിച്ചു. ചുരുക്കത്തില്‍ മദ്‌റസകളെക്കുറിച്ചും മുസ്‌ലിം വിദ്യാഭ്യാസത്തെക്കുറിച്ചും പലരും പലനിലക്കും സംസാരിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തിരുന്ന ഈ കാലത്താണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കടന്നുവരുന്നത്.
മത വിദ്യാഭ്യാസ മേഖലയെ ചേരുവകളേതുമില്ലാതെ കാര്യക്ഷമമാക്കണമെന്ന ചിന്തകളും ഇക്കാലത്ത് നല്ലപോലെ നടന്നിരുന്നു. ഒറ്റപ്പെട്ട നിലക്ക് പലയിടങ്ങളിലായി അതിനുള്ള രഹസ്യമായ ശ്രമങ്ങളുമുണ്ടായിരുന്നു. 1911-ല്‍ കണ്ണൂരിലെ കോയക്കുഞ്ഞി സാഹിബ് ഉണ്ടാക്കിയ മഅ്ദിനുല്‍ ഉലൂം മദ്‌റസ ഇതില്‍ ഏറെ ശ്രദ്ധേയമാണ്. 1915-ല്‍ തളിപ്പറമ്പില്‍ ഉയര്‍ന്നുവന്ന ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയാണ് മറ്റൊന്ന്.
പരിഷ്‌കരണം വന്ന വഴി
പരമ്പരാഗതമായി പണ്ഡിതന്മാരുടെ കുടുംബത്തിലാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ഹി: 1283-1338/എഡി: 1866-1919) ജനിക്കുന്നത്. മമ്പുറം തങ്ങളുടെ ശിഷ്യനായിരുന്ന ചാലിലകത്ത് ഖുസ്വയ്യ് ഹാജിയുടെ മകള്‍ ഫാഥിമയായിരുന്നു മാതാവ്. ആദൃശേരി മൂത്താട്ട് മൊയ്തീന്‍ കുട്ടി ഹാജി പിതാവും. പണ്ഡിത പ്രമുഖരായ ചാലിലകത്ത് അലിഹസന്‍ മുസ്‌ലിയാരും ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാരും അമ്മാവന്മാരായിരുന്നു.
ആത്മീയതയില്‍ ചാലിച്ചെടുത്ത പരിഷ്‌കരണ പാരമ്പര്യമുള്ള ഈയൊരു കുടുംബ സംവിധാനമാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ഒരു പരിഷ്‌കരണ നേതാവിനെ സൃഷ്ടിച്ചത്. അതിന്റെ പശ്ചാത്തലവും കാലവും മനസ്സിലാക്കാന്‍ ഈ കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വളര്‍ച്ചയെക്കുറിച്ചും പഠന ശൈലികളെക്കുറിച്ചുമെല്ലാം ശരിക്കും മനസ്സിലാക്കണം.
മമ്പുറം തങ്ങളുടെ ആശീര്‍വാദം ലഭിച്ച ചാലിലകത്ത് ഖുസ്വയ്യ് ഹാജിയുടെ കുടുംബത്തിലേക്ക് ചേര്‍ത്താണ് കുഞ്ഞഹമ്മദ് ഹാജി അറിയപ്പെടുന്നത്. അഥവാ, തന്റെ ഉമ്മയിലേക്ക് ചേര്‍ത്തി അറിയപ്പെടുന്നുവെന്ന് ചുരുക്കം. തന്റെ കൊച്ചു കാലം മുതല്‍തന്നെ ഈ തറവാട്ടുവീട്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നതാണ് ഇതിനു കാരണം. ഉമ്മയും ഉപ്പയും തമ്മിലുള്ള വിവാഹ ബന്ധം അവതാളത്തിലായപ്പോള്‍ ഉമ്മയോടൊപ്പം നില്‍ക്കാനായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ വിധി. ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാഗ്യമായിരുന്നു. പണ്ഡിത പാരമ്പര്യമുള്ള തന്റെ വലിയുപ്പ ഖുസ്വയ്യ് ഹാജിയുടെ നിരന്തരമായ ശിക്ഷണം ലഭിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. വലിയുപ്പയുടെയും ഉമ്മയുടെയും സാന്ദര്‍ഭികമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് അദ്ദേഹത്തെ വളര്‍ത്തി വലുതാക്കിയത്. ഈയൊരു ബന്ധവും പെരുമയും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം നിഴലിച്ചുവരികയായിരുന്നു.
ഖുസ്വയ്യ് ഹാജിയുടെ മകള്‍ ഫാഥിമ നല്ല മതബോധമുള്ള പെണ്ണായിരുന്നു. അതുകൊണ്ടുതന്നെ, മകനെ വളരെ ശ്രദ്ധയോടെയാണ് മഹതി വളര്‍ത്തിയിരുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ തജ്‌വീദ് അനുസരിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ മകനെ അവര്‍ പരിശീലിപ്പിച്ചിരുന്നു. ശേഷവും ഓരോ ചുവടുകളും വളരെ ശ്രദ്ധയോടെയാണ് മുന്നോട്ട് നയിച്ചിരുന്നത്.
ഇനി, കുഞ്ഞഹമ്മദ് ഹാജിയുടെ ഇവിടത്തെ പ്രധാന ഉസ്താദുമാരെ കുറിച്ച് കേള്‍ക്കുക. ഉല്‍പ്പതിഷ്ണുക്കളുടെ കണ്ണിലെ കരടായിരുന്ന അല്ലാമാ സൈനീ ദഹ്‌ലാന്റെ ശിഷ്യന്‍ കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരും ബദ്ര്‍ മൗലിദിന്റെ കര്‍ത്താവ് വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരും. പിന്നെ സ്വന്തം മാതുലന്‍ ചാലിലകത്ത് അലി ഹസന്‍ മുസ്‌ലിയാരും.
ഇവരില്‍നിന്നെല്ലാം മൗലിക പാഠങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ പരിഷ്‌കരണ പ്രക്രിയക്ക് ധൈഷണികമായ അടിത്തറ പാകുന്നത്.
കോഴിക്കോട് മുദാക്കര ജുമുഅത്ത് പള്ളിയില്‍ നടന്നിരുന്ന ദര്‍സിലും ശേഷം, പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി ദര്‍സിലും അദ്ദേഹം ചേര്‍ന്നു പഠിച്ചിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളി ദര്‍സില്‍നിന്നും വിദ്യ നുകരുകയുണ്ടായി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അറിവിന്റെ അടിത്തറ പാകുന്നത് ഈ കേന്ദ്രങ്ങളില്‍നിന്നെല്ലാമാണ്. ഇതായിരുന്നു തസ്വവ്വുഫില്‍ അധിഷ്ഠിതമായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ ആത്മീയ ബലവും.
പണ്ഡിത തറവാട്ടിലെ ഉത്തുംഗ പദവിയില്‍ വിരാജിച്ചിരുന്ന തന്റെ അമ്മാവന്മാരാണ് എന്നും അദ്ദേഹത്തിന്റെ പഠന കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത്. എവിടെ പഠിക്കണമെന്നും ആരുടെ ശിഷ്യത്വം സ്വീകരിക്കണമെന്നും എല്ലാം അവര്‍ അദ്ദേഹത്തിന് ആവശ്യാനുസരണം വഴി കാണിച്ചു. ദര്‍സ് കഴിഞ്ഞതോടെ ഉപരിപഠനത്തിനായി വെല്ലൂരിലെ ബാഖിയാത്തിലേക്ക് പോകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതും അവര്‍ തന്നെയായിരുന്നു. കുഞ്ഞഹമ്മദ് ഹാജിയെ പരമ്പരാഗത പണ്ഡിതരെപ്പോലെ അംഗീകാരമുള്ള ഒരു പണ്ഡിതനാക്കി മാറ്റുകയെന്നത് അവരുടെ നിര്‍ബന്ധ ആവശ്യമായിരുന്നു. അതിനായിരുന്നു കേരളത്തിന്റെ പരിചിതമായ വഴികളിലൂടെ അവര്‍ അദ്ദേഹത്തെ വഴിനടത്താന്‍ നിരന്തരം ശ്രമിച്ചിരുന്നത്.
1887-ല്‍ കുഞ്ഞഹമ്മദ് ഹാജി വെല്ലൂര്‍ ബാഖിയാത്തു സ്സ്വാലിഹാത്തില്‍ ചേര്‍ന്നു. തന്റെ ജ്ഞാനലോകത്തിന് പുതിയ പരിചയങ്ങളും ആഴത്തിലുള്ള അവഗാഹവും നല്‍കി. ഇത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കൂടുതല്‍ പാഠങ്ങള്‍ നല്‍കുന്ന യാത്രയായിരുന്നു. കേരളത്തിന്റെ ചുറ്റുപാടുകളും പരിസരങ്ങളുമായി മാത്രം ഇണങ്ങിച്ചേര്‍ന്ന അദ്ദേഹത്തിന് തന്റെ ജീവിതയാത്രയില്‍ പുതിയ സമവാക്യങ്ങള്‍ക്ക് ഇത് അവസരം കൊടുത്തു. കോളേജ് സ്ഥാപകനും പ്രിന്‍സിപ്പളുമായ മൗലാനാ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരായിരുന്നു അവിടത്തെ അദ്ധ്യാപകന്‍. ഒരു വര്‍ഷത്തോളം വിജ്ഞാന ധേനു നുകര്‍ന്ന് അവിടെ കഴിച്ചുകൂട്ടി. ശേഷം, വെല്ലൂരിലെ മറ്റൊരു സ്ഥാപനമായ ലഥീഫിയ്യ കോളേജിലേക്ക് മാറി. വിവിധ വിജ്ഞാന ശാഖകളില്‍ മുഴുകി ആറു വര്‍ഷത്തോളം അവിടെ ചെലവഴിച്ചു. സയ്യിദ് റുക്‌നുദ്ദീന്‍ ഖാദിരിയായിരുന്നു അവിടത്തെ പ്രിന്‍സിപ്പള്‍. ശൈഖ് മുഹമ്മദ് അബ്ദുല്‍ ജലീല്‍, ശൈഖ് മുഹമ്മദ് ഹസന്‍, ശൈഖ് മുഹമ്മദ് അഫ്ഹാമുല്ല തുടങ്ങിയവരില്‍നിന്നും വിവിധങ്ങളായ വിജ്ഞാനങ്ങള്‍ സ്വീകരിച്ചു. 1893-ല്‍ ബിരുദം വാങ്ങി പുറത്തിറങ്ങി.
ഗോളശാസ്ത്രത്തിലും കണക്കുകളിലും പ്രാഗല്‍ഭ്യം നേടാനാണ് കുഞ്ഞഹമ്മദ് ഹാജി ശേഷം തീരുമാനിച്ചത്. അതനുസരിച്ച് അദ്‌റാം എന്ന പട്ടണത്തിലെ ശൈഖ് അഹ്മദ് അല്‍ അദ്‌റമി എന്നു പേരുള്ള അഹ്മദ് സാലിം സാഹിബിനെ സമീപിച്ചു. അദ്ദേഹത്തിനടുത്തുനിന്നും 'രിസാലത്തുല്‍ മാറദീനി' പഠിക്കുകയും ഇല്‍മുല്‍ ഫലക്കില്‍ പ്രാവീണ്യം നേടുകയും ചെയ്തു.
വിചാരിച്ചപോലെ പഠനങ്ങളെല്ലാം കഴിഞ്ഞതോടെ കുഞ്ഞഹമ്മദ് ഹാജി അഗാധ വിജ്ഞാനവും അനവധി സ്വപ്നങ്ങളുമായി സ്വന്തം നാടായ മലബാറിലേക്ക് തിരിച്ചു.പരീക്ഷണത്തിന്റെ ഒന്നാം പാഠം
അനവധി പുതിയ പാഠങ്ങളും അനുഭവങ്ങളും ലഭിച്ച കുഞ്ഞഹമ്മദ് ഹാജിക്ക് ഇവയെല്ലാം സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. മത വിദ്യാഭ്യാസ മേഖല മെച്ചപ്പെടാനും കൂടുതല്‍ വ്യവസ്ഥാപിതമാകാനും ഇവ കൂടുതല്‍ സഹായകമായിരിക്കും. പക്ഷേ, ഇവയെല്ലാം എങ്ങനെ നടപ്പാക്കാനാകും എന്നതായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ചിന്ത.
ലഥീഫിയ്യയില്‍നിന്നും പഠിച്ചിറങ്ങിയ സമയം അവിടെത്തന്നെ അദ്ധ്യാപകനായി കുഞ്ഞഹമ്മദ് ഹാജിക്ക് ക്ഷണം കിട്ടിയിരുന്നു. പക്ഷേ, തന്റെ നാട്ടില്‍ താന്‍ ചെയ്യേണ്ടതായ ഉത്തരവാദിത്ത ബോധമാണ് അദ്ദേഹത്തെ അത് സ്വീകരിക്കുന്നതില്‍നിന്നും പിന്തിരിപ്പിച്ചിരുന്നത്. അങ്ങനെ മലബാറിന്റെ ഒരു പുതിയ പുലരി സ്വപ്നം കണ്ട് അദ്ദേഹം നാട്ടിലേക്ക് വണ്ടി കയറി.
തന്റെ പുതിയ യജ്ഞം എവിടെ തുടങ്ങണം? അദ്ദേഹം ചിന്തിച്ചു. മലബാറിന്റെ ജ്ഞാന പാരമ്പര്യത്തെ ഒട്ടും ചോദ്യം ചെയ്യാതെയായിരിക്കണം ഇതിന്റെ തുടക്കം. കാരണം, അതാണ് കരുത്ത്. ആ കരുത്തും അംഗീകാരവും നഷ്ടപ്പെടാതെ മത വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടുത്തണം. അത് തീര്‍ച്ചയായും തന്റെ സമുദായത്തിന് ഉപകാരപ്രദമായിരിക്കും. ഈയൊരു ഉത്തരവാദിത്ത നിര്‍വ്വഹണത്തിനാണ് തന്നെ അമ്മാവന്മാരും വലിയുപ്പയുമെല്ലാം പഠിക്കാനായി പറഞ്ഞയച്ചിരുന്നത്.
സമയം ഒട്ടും നഷ്ടമായിപ്പോകരുത്. എത്രയും വേഗം തുടങ്ങിയാല്‍ അത്രയും നല്ലതാണ്. ഒറ്റയടിക്ക് ചാടിവീണ് പുതിയ ശൈലികള്‍ പരിചയപ്പെടുത്തുന്നതും ശരിയല്ല. അതിനാല്‍ മെല്ലെ മെല്ലെ ആ രംഗത്തേക്കു കടന്നുവരാം. കുഞ്ഞഹമ്മദ് ഹാജി പുതിയ പുതിയ ആശയങ്ങളും സമവാക്യങ്ങളും മനസ്സില്‍ കണക്കു കൂട്ടി.
അറിവിന്റെ നഗരിയായ തിരൂരങ്ങാടി തന്നെയാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുത്തത്. അങ്ങനെ തിരൂരങ്ങാടി തറമ്മല്‍ പള്ളി നിര്‍മ്മിക്കുകയും അവിടെ ഓല മേഞ്ഞ ഷെഡ് കെട്ടി ദര്‍സ് തുടങ്ങുകയും ചെയ്തു.
കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളെക്കുറിച്ചും ദര്‍സ് മേഖലകളെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് നല്ല ബോധമുണ്ടായിരുന്നു. താനും ഇതേ വഴിയിലൂടെയാണ് വളര്‍ന്നുവന്നത് എന്നതിനാല്‍ ഈ മേഖലയിലെ പോരായ്മകളും അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, അത്തരം പോരായ്മകള്‍ നികത്തിയും പുതുമകള്‍ വരുത്തിയുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകള്‍. പണ്ഡിതോചിതവും അതിഗഹനവുമായിരുന്നു അദ്ദേഹത്തിന്റെ ചര്‍ച്ചകള്‍. വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് അറിവ് പകര്‍ന്നുനല്‍കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ദര്‍സിന്റെ ആദ്യകാല ശൈലിയും രീതിയും തന്നെയാണ് ബാഹ്യമായി തന്റെ ക്ലാസിനും ഉണ്ടായിരുന്നത് എന്നതിനാല്‍ വളരെ പെട്ടെന്നൊന്നും വിദ്യാര്‍ത്ഥികളില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നില്ല. ആഴത്തിലുള്ള അനുഭവങ്ങളും ബോധവും കുട്ടികള്‍ക്ക് പകരാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.
ഈ മേഖലയില്‍ വലിയൊരു പരിവര്‍ത്തനം തന്നെ കൊണ്ടുവന്നാല്‍ പുതിയ കാലത്തെ കുട്ടികളില്‍ പഠിക്കാന്‍ കൂടുതല്‍ ഉന്മേശവും ആശ്വാസവും പ്രകടമാവുമെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. പുതിയ കാലത്ത് പുതിയ കുട്ടികളുടെ മനസ്സ് വായിച്ചിട്ടുവേണം പഠന പരിസരങ്ങളും അകത്തളങ്ങളും സംവിധാനിക്കാന്‍. ക്ലാസുകളും അങ്ങനെത്തന്നെയായിരിക്കണം. അതായിരിക്കും കൂടുതല്‍ ഫലം ചെയ്യുക. അദ്ദേഹം പിന്നീട് അങ്ങനെയാണ് ചിന്തിച്ചിരുന്നത്.
തിരൂരങ്ങാടിയില്‍നിന്നും പിന്നീട് അദ്ദേഹം മയ്യഴിയിലേക്കു മാറി. അവിടെ കുറച്ചു കാലം ദര്‍സ് നടത്തി. പ്രഗല്‍ഭരും പ്രധാനികളുമായിരുന്ന പല പണ്ഡിതരെയും വാര്‍ത്തെടുക്കാന്‍ ഇക്കാലത്ത് അദ്ദേഹത്തിന് സാധിച്ചു. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ചാലിലകത്ത് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ ഇവിടെ നിന്നും അദ്ദേഹത്തിന്റെ ദര്‍സില്‍ പഠിച്ചവരായിരുന്നു.
മയ്യഴിയില്‍നിന്നും പിന്നീട് പുളിക്കലിലേക്കാണ് കുഞ്ഞഹമ്മദ് ഹാജി വന്നത്. പുളിക്കല്‍ ജുമുഅത്ത് പള്ളിയില്‍ പ്രധാന മുദരിസായി സേവനം ചെയ്തു.
അപ്പോഴേക്കും കുഞ്ഞഹമ്മദ് ഹാജിയുടെ ഖ്യാതിയും പ്രശസ്തിയും കേരളമാകെ പ്രചരിച്ചുകഴിഞ്ഞിരുന്നു. അഗാധ പാണ്ഡിത്യവും എല്ലാ വിഷയങ്ങളിലും അവഗാഹവും കാഴ്ചപ്പാടുമുള്ള പണ്ഡിതനായിട്ടാണ് എല്ലാവരും അദ്ദേഹത്തെ മനസ്സിലാക്കിയിരുന്നത്. ഇക്കാലത്താണ് പ്രസിദ്ധമായ ഖിബ്‌ലാ തര്‍ക്കം നടക്കുന്നത്. അതോടെ അദ്ദേഹത്തിന്റെ പ്രശസ്തി കൂടുതല്‍ വ്യാപകമാവുകയായിരുന്നു.
ഓരോ സ്ഥാപനങ്ങളും പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ് കുഞ്ഞഹമ്മദ് ഹാജിക്ക് നല്‍കിയിരുന്നത്. ഇവയുടെയെല്ലാം വെളിച്ചത്തില്‍ അദ്ധ്യയനത്തിന്റെയും അദ്ധ്യാപനത്തിന്റെയും പുതിയ പുതിയ വാതിലുകള്‍ തുറക്കാന്‍ അദ്ദേഹം വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയൊരു വ്യവസ്ഥാപിതവും നിലവാരവുമുള്ള മത വിദ്യാഭ്യാസ സംവിധാനത്തിന് അവസരവും സൗകര്യവും ഒരുങ്ങിക്കിട്ടാനായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഊന്നല്‍.പരിഷ്‌കരണത്തിന് അവസരമൊരുങ്ങുന്നു
ബാഖിയാത്തിലും മറ്റും പോയി ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങളുടെ പിന്‍ബലത്തില്‍ പുതിയൊരു മതവിദ്യാഭ്യാസ ക്രമീകരണം സ്വപ്നം കാണുകയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ആയിടെയാണ്, അന്ന് മലബാറിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറായിരുന്ന ബാബാസാഹിബ് മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നത്. കാര്യബോധമുള്ള ഒരു പണ്ഡിതന്‍ എന്ന നിലക്ക് അതില്‍ കുഞ്ഞഹമ്മദ് ഹാജിയും പങ്കെടുത്തിരുന്നു. പലരും പലതും പറഞ്ഞ കൂട്ടത്തില്‍ കുഞ്ഞഹമ്മദ് ഹാജിയും തന്റെ സ്വപ്നങ്ങളും വിലപിടിപ്പുള്ള അഭിപ്രായങ്ങളും അവരുടെ മുമ്പില്‍ വെച്ചു. പലര്‍ക്കും ഇത് മനോഹരമായിട്ടാണ് അനുഭവപ്പെട്ടിരുന്നത്. യോഗത്തില്‍ വാഴക്കാട്ടെ പൗരപ്രധാനിയായിരുന്ന കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജിയും ഉണ്ടായിരുന്നു. കുഞ്ഞഹമ്മദ് ഹാജിയുടെ അഭിപ്രായം കേട്ട അദ്ദേഹത്തിന് വല്ലാതെ സന്തോഷമായി. എങ്കില്‍ ഇതുപോലെ തന്റെ നാട്ടിലെ ദര്‍സും പുനഃക്രമീകരിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു.
വാഴക്കാട് കാലങ്ങളായി നടന്നുവരുന്ന ഒരു ദര്‍സുണ്ടായിരുന്നു. കൊയപ്പത്തൊടി കുടുംബമാണ് അതിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതും പരിപാലിച്ചിരുന്നതും. കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജിയും മൊയ്തീന്‍ കുട്ടി ഹാജിയും അതിന്റെ നടത്തിപ്പിനായി ധാരാളം സ്ഥലങ്ങള്‍ വഖഫ് ചെയ്തിരുന്നു. മോയിന്‍ കുട്ടി ഹാജിയും തന്റേതായ സംഭാവനകള്‍ നല്‍കി. അങ്ങനെയാണ് അത് നടന്നുപോന്നിരുന്നത്. പ്രഗല്‍ഭരായ പണ്ഡിതരും ജ്ഞാനികളുമാണ് അവിടെ ദര്‍സ് നടത്തിയിരുന്നത്. മുസ്‌ലിയാരകത്ത് സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ചാലിയം കുഞ്ഞാലിക്കുട്ടി മുസ്‌ലിയാര്‍, പൊന്നാനി ബാവ മുസ്‌ലിയാര്‍, കീഴുപറമ്പ് ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, ചെറുവാടി മമ്മദ് മുസ്‌ലിയാര്‍, വാഴക്കാട് അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരാണ് പല കാലങ്ങളിലായി അതിന് നേതൃത്വം നല്‍കിയിരുന്നത്.
കുഞ്ഞഹമ്മദ് ഹാജി ദര്‍സുകളെ കേന്ദ്രീകരിച്ച് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗിക മുഖം നല്‍കിക്കൊണ്ടിരിക്കുന്ന കാലം. ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരായിരുന്നു വാഴക്കാട്ടെ ഈ ദര്‍സില്‍ പഠിപ്പിച്ചിരുന്നത്. ചാലിലകത്തിനെക്കുറിച്ച് അദ്ദേഹത്തിന് നല്ലപോലെ അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അവഗാഹത്തിലും പഠിപ്പിലും നല്ല മതിപ്പും സംതൃപ്തിയുമുണ്ടായിരുന്നു.
ആയിടെയാണ് കുഞ്ഞഹമ്മദ് ഹാജി മയ്യഴിയിലെ ദര്‍സില്‍നിന്നും ഒഴിഞ്ഞുവരുന്നത്. വിവരം പെട്ടെന്നുതന്നെ കൊയപ്പത്തൊടി മൊയ്തീന്‍ കുട്ടി ഹാജിയുടെ അടുത്തെത്തി. അദ്ദേഹത്തെ ഉടനെ വാഴക്കാട്ടേക്ക് കൊണ്ടുവന്നാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന് തോന്നി. ഉടനെത്തന്നെ, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരെ തിരൂരങ്ങാടിയിലേക്ക് അയക്കുകയും അദ്ദേഹത്തെ പ്രധാനാദ്ധ്യാപകനായി കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം നടത്തുകയും ചെയ്തു.
ഈ പുതിയ ക്ഷണം കുഞ്ഞഹമ്മദ് ഹാജിയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹം അത് സ്വീകരിച്ചു. തനിക്കാവുന്നപോലെ സ്ഥാപനത്തെ ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കാമെന്ന് ഉറപ്പ് നല്‍കി.ദാറുല്‍ ഉലൂമിന്റെ പിറവി
പുതിയ സാഹചര്യം കൈവന്നതോടെ കുഞ്ഞഹമ്മദ് ഹാജിയുടെ മനക്കരുത്ത് വര്‍ദ്ധിച്ചു. കാലങ്ങളായി താന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നൊരു ചുറ്റുപാട് ഇവിടെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. പിന്നീട് അതിനുവേണ്ടിയായി പ്രവര്‍ത്തനങ്ങളെല്ലാം.
1909-ല്‍ അദ്ദേഹം വാഴക്കാട്ടെ തന്മിയത്തുല്‍ ഉലൂം മദ്‌റസയില്‍ പ്രധാനാദ്ധ്യാപകനായി സ്ഥാനമേറ്റു. അതോടെ അവിടെ ഉണ്ടായിരുന്ന ചെറുശ്ശേരി രണ്ടാം അദ്ധ്യാപക സ്ഥാനം നിലനിര്‍ത്തി. അദ്ധ്യാപക തുല്യമാണ് അദ്ദേഹവും ചാലിലകത്തിനെ കണ്ടിരുന്നത്. ചാലിലകത്തിന്റെ ജ്ഞാന ധേനു നുകരാന്‍ അദ്ദേഹവും മുന്നോട്ടു വന്നിരുന്നു.
സ്ഥാനമേറ്റെടുത്തതോടെ കുഞ്ഞഹമ്മദാജി തന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി പുറത്തുകൊണ്ടുവരാന്‍ തുടങ്ങി. കൊയപ്പത്തൊടി കുടുംബം അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വന്‍പ്രോത്സാഹനമായി മാറി. കൂടെയുണ്ടായിരുന്ന പണ്ഡിതരും ഇതിനെ അനുകൂലിക്കുകയാണ് ചെയ്തിരുന്നത്.
ബാഖിയാത്തില്‍നിന്നും ലഥീഫിയ്യയില്‍നിന്നും താന്‍ പഠിച്ച അനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം അവിടെയുണ്ടായിരുന്ന സംവിധാനങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പാഠ്യപദ്ധതിയിലും ക്ലാസ് ക്രമീകരണത്തിലും മാറ്റങ്ങള്‍ വന്നു. പുരോഗമിക്കുന്ന കാലഘട്ടത്തില്‍ മതപഠനത്തിന് പുതിയ വഴികള്‍ ആവശ്യമാണെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. കാര്യങ്ങളെല്ലാം ഒരളവോളം ശരിപ്പെട്ടുവന്നപ്പോള്‍ അദ്ദേഹം സ്ഥാപനത്തിന്റെ പേരും മാറ്റി. ഉത്തരേന്ത്യന്‍ ശൈലിയില്‍ അതിന് ദാറുല്‍ ഉലൂം എന്ന് നാമകരണം ചെയ്തു. 1910 ഓടെ സ്ഥാപനം പുതിയ ട്രാക്കില്‍ വിജയകരമായി മുന്നോട്ടു പോയി. പുതിയ സിലബസും ക്രമീകരണങ്ങളുമറിഞ്ഞ് നാനാഭാഗത്തുനിന്നും വിദ്യാര്‍ത്ഥികള്‍ അടുത്തു വരികയും പഠന പ്രക്രിയ സുഗമമായി മുന്നോട്ടു പോവുകയും ചെയ്തു. കുഞ്ഞഹമ്മദ് ഹാജിയെ സംബന്ധിച്ചിടത്തോളം പരീക്ഷണം തീര്‍ത്തും വിജയകരമായിരുന്നു.പരിഷ്‌കരണങ്ങള്‍
പണ്ടുമുതലേ പിന്തുടര്‍ന്നുവരുന്ന വിഷയങ്ങളോടും കിത്താബുകളോടും കുറച്ചു വിഷയങ്ങള്‍കൂടി കൂട്ടി അദ്ധ്യയനത്തിനും അദ്ധ്യാപനത്തിനും പുതിയ ശൈലികളും ക്രമീകരണങ്ങളും ചിട്ടകളും കൊണ്ടുവരികയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. അന്നത്തേതുപോലെയുള്ളൊരു കാലത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ശ്രദ്ധേയമായൊരു മുന്നേറ്റമായിരുന്നു അത്. പ്രാഥമികവും ഉന്നതവുമായ മതവിദ്യാഭ്യാസ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ആളായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടില്‍ ഏറെ വ്യവസ്ഥാപിതമായ നിലക്ക് മദ്‌റസകള്‍ ആരംഭിക്കുന്നതുതന്നെ അദ്ദേഹത്തിന്റെ കാലത്തോടെയാണ്. കേരളതത്തിലെ ആധുനിക മദ്‌റസാ-അറബികോളേജുകളുടെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്.
മതവിദ്യാഭ്യാസ മേഖലിയില്‍ അന്നേവരെ പിന്‍പറ്റി വന്നിരുന്ന പാഠ്യപദ്ധതിയില്‍ അദ്ദേഹം വലിയ മാറ്റങ്ങള്‍ സ്വീകരിച്ചു. പഴയ കാല സിലബസ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പല പുതിയ വിഷയങ്ങളും അതില്‍ ഉള്‍പ്പെടുത്തി. ചില പഴയ വിഷയങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. എല്ലാം വളരെ ലളിതവും സരളവുമ
Leave A Comment