പാഠ്യക്രമം താളം തെറ്റുന്നു...
അറിവിനെ ഇസ്‌ലാമികവത്കരിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിന് എന്തൊക്കെ ഉപാധികള്‍ പൂര്‍ത്തിയാകണമെന്നു പോലും ഒരൊറ്റ മുസ്‌ലിമും ഇന്നോളം ആലോചിക്കുകയോ എടുക്കേണ്ട നടപടികള്‍ നിര്‍ണയിക്കുകയോ ചെയ്തിട്ടില്ല. പടിഞ്ഞാറിന്റെ അറിവും കരുത്തും നേടിയെടുക്കുന്നതിനെക്കുറിച്ച് മാത്രമേ നമ്മുടെ കഴിഞ്ഞുപോയ പരിഷ്‌കര്‍ത്താക്കള്‍ പലരും ആലോചിച്ചിരുന്നുള്ളൂ. പാശ്ചാത്യ വിജ്ഞാനവും ഇസ്‌ലാമിക വീക്ഷണവും തമ്മിലുള്ള അന്തരം പോലും അവര്‍ക്കറിയുമായിരുന്നില്ല. പുതിയ തലമുറയാണ് ആ അന്തരം മനസ്സിലാക്കിയത്. ഈ തര്‍ക്കം നമ്മുടെ മേല്‍ ഏല്‍പിച്ച ആത്മീയ മര്‍ദനം കാരണമായി മുസ്‌ലിം സര്‍വകലാശാലകളില്‍ ഇസ്‌ലാമിക ആത്മാവ് ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥയെക്കുറിച്ച് ബോധവാന്മാരായിക്കൊണ്ട് തന്നെ നമുക്ക് ഉണരാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് ഈ തിന്മയെ തടയാനും അതിന്റെ പ്രത്യാഘാതങ്ങളെ ഇല്ലായ്മ ചെയ്യാനും മുസ്‌ലിം ലോകത്തെ മുഴുവന്‍ നാം ജാഗരൂകരാക്കിക്കൊണ്ടിരിക്കുന്നത്.

നാം നിര്‍വഹിക്കേണ്ട ദൗത്യങ്ങളില്‍ ഏറ്റവും മഹത്തായ ദൗത്യമാണിത്. ലോക മതങ്ങളും പാശ്ചാത്യലോകവും കമ്യൂണിസവുമെല്ലാം തങ്ങളുടെ സാധിച്ചെടുക്കാന്‍ ആദ്യമെടുത്ത നടപടി ഇതായിരുന്നു. ചരിത്രത്തിന്റെ വിധാതാക്കളാകണമെങ്കില്‍ മുസ്‌ലിംകളും ഇത്തരമൊരു നടപടി സ്വീകരിച്ചേ പറ്റൂ. ഇതര മതങ്ങളെപ്പോലെ വ്യക്തി തലത്തില്‍ മാത്രം സ്വീകരിക്കുകയും ഇഷ്ടമുള്ളപ്പോള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഒരു സ്വകാര്യ ഇടപാടല്ല ഇസ്‌ലാം. ഇസ്‌ലാമിന്റെ അവകാശവാദങ്ങള്‍ യുക്തിഭദ്രമത്രെ. അതിന് സാര്‍വലൗകികമായ സാധുതയും മനുഷ്യകുലത്തിന്റെ മുഴുവന്‍ അംഗീകാരത്തിന് അര്‍ഹതയുമുണ്ട്. തികച്ചും യുക്തിഭദ്രമായൊരു വാദം എന്ന നിലയില്‍ അത്ര തന്നെ ശക്തിയുള്ള വാദവുമായേ അതിനെ നേരിടാനൊക്കൂ. അത്തരം പ്രതിവാദങ്ങളെ മുസ്‌ലിംകള്‍ സ്വാഗതം ചെയ്യുകയും തെളിവുകള്‍ നിരത്തി അതിന് മറുപടി പറയുകയും വേണം. ഉത്തമ ബോധ്യം വരുന്ന തെളിവുകളുടെ പിന്‍ബലമില്ലാതെ ഒരു ഇസ്‌ലാമിക വാദവും അംഗീകരിക്കേണ്ടതായിട്ടില്ല. വേണ്ടത്ര തെളിവുകളോടെയും പണ്ഡിതോചിതമായും ഒരിക്കല്‍ ആ വാദം സ്ഥാപിച്ചു കഴിഞ്ഞാല്‍ ഒന്നുകില്‍ അത് സ്വീകരിക്കാതിരിക്കാം; അല്ലെങ്കില്‍, അജ്ഞതയും യുക്തിയില്ലായ്മയും മൂലം ചെറുത്തുനില്‍ക്കാം. ഇതില്‍ ആദ്യത്തേത് ഉറച്ചൊരു ശത്രുവിന്റെ നിലപാടാണ്; രണ്ടാമത്തേത് മാനസിക ഭദ്രതയില്ലാത്ത വിവരം കെട്ടവന്റെയും. രണ്ടിനെയും ഇസ്‌ലാം ജാഹിലിയ്യതെന്നു വിളിക്കുന്നു.

ഇസ്‌ലാമിന്റെ വരുതിക്കുള്ളില്‍ നിന്നുകൊണ്ട് മനുഷ്യ വിജ്ഞാനത്തെ ആമൂലാഗ്രം പുനഃസംവിധാനിക്കുകയെന്ന മഹത്തായ കര്‍ത്തവ്യമാണ് മുസ്‌ലിം ബുദ്ധിജീവികളുടെയും നേതാക്കളുടെയും മുന്നിലുള്ളത്. യാഥാര്‍ത്ഥ്യ ലോകത്ത് സാക്ഷാത്കരിക്കപ്പെടാനാകാത്തൊരു വീക്ഷണത്തെ ഇസ്‌ലാമിക വീക്ഷണം എന്നു പറയാനാവില്ല. ഇത്തരമൊരു പുനഃക്രോഡീകരണം നടക്കുമ്പോള്‍ പാശ്ചാത്യമായ എല്ലാ രീതികളും സ്വഭാവങ്ങളും മാറ്റി തികച്ചും ഇസ്‌ലാമികമായ മറ്റൊരു രീതി സ്വീകരിക്കേണ്ടി വരും. മനുഷ്യ കഴിവുകളെ പരിപോഷിപ്പിക്കുകയും മനുഷ്യന് ക്ഷേമം നല്‍കുകയും പുതിയൊരു നാഗരികതയും സംസ്‌കാരവും കെട്ടിപ്പടുക്കുകയും സൃഷ്ടികളെ മുഴുവന്‍ സ്രഷ്ടാവിന്റെ ഇച്ഛക്കനുസരിച്ച് വാര്‍ത്തെടുക്കുകയും ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഇസ്‌ലാമിക മൂല്യങ്ങളെ അവതരിപ്പിച്ച് പാശ്ചാത്യ മൂല്യങ്ങളെ രംഗത്തു നിന്ന് നീക്കുകയാണ് വേണ്ടത്.

പുരോഗതികളേറെ കൈവരിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിം വിദ്യാഭ്യാസം ഇപ്പോഴും താഴ്ന്ന പടിയില്‍ തന്നെയാണുള്ളത്. സെക്യുലര്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും സര്‍വകലാശാലകളുടെയും മുസ്‌ലിം വിരുദ്ധ സ്വഭാവത്തിന് സമീപകാലത്ത് സിദ്ധിച്ച സ്വീകാര്യത ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്രയാണ്. കൊളോണിയല്‍ ഭരണകൂടങ്ങള്‍ അവ സ്ഥാപിച്ചതു മുതല്‍ ഇസ്‌ലാമിക സമ്പ്രദായങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്. പൊതുമുതലില്‍ നിന്ന് സഹായം ലഭ്യമാകാത്ത ഒരു സ്വകാര്യ ഇടപാടായിത്തീര്‍ന്നിരിക്കുകയാണ് ഇസ്‌ലാമിക വിദ്യാഭ്യാസം. സഹായം ലഭ്യമാകുന്നിടത്ത് ആധുനികതയുടെയും പുരോഗതിയുടെയും പേരില്‍ മതേതരവത്കരണം ചുമത്തപ്പെടുകയും ചെയ്യുന്നു. പാഠ്യവിഷയങ്ങളെ ഇസ്‌ലാമികമെന്നും അല്ലാത്തതെന്നും തരം തിരിച്ചുകൊണ്ടാണിത് ചെയ്യുന്നത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അല്‍ അസ്ഹര്‍ സര്‍വകലാശാല. ഇതിന്റെ ഇസ്‌ലാമിക ഭാഗം ഒരിക്കലും പരിഷ്‌കരിക്കപ്പെടുന്നില്ല. യാഥാസ്ഥിതികത്വവും നിക്ഷിപ്ത താത്പര്യവുമാണ് ഇതിന്റെയൊരു കാരണമെങ്കില്‍, ആധുനിക കാലഘട്ടവുമായും യാഥാര്‍ത്ഥ്യങ്ങളുമായും അതിന്നകലം നിലനിര്‍ത്തുക എന്ന സെക്യുലറിസ്റ്റ് ഉദ്ദേശ്യമാണ് മറ്റൊരു കാരണം. ഇങ്ങനെ വരുമ്പോള്‍ അവിടത്തെ ബിരുദധാരികള്‍ സെക്യുലര്‍ സ്ഥാപനങ്ങളിലെ ബിരുദധാരികളെക്കാള്‍ വളരെ പിറകോട്ടായിരിക്കുമല്ലോ. കൊളോണിയലിസ്റ്റുകളുടെ ആസൂത്രിതമായ പദ്ധതി തന്നെയാണിത്. ദേശീയ സ്വാതന്ത്ര്യം മതേതര വ്യവസ്ഥക്ക് മുന്നേറ്റം നല്‍കുകയാണുണ്ടായത്. ദേശീയതയുടെ പേരില്‍ അതിനെ സ്വന്തമാക്കി അവര്‍. പാശ്ചാത്യവത്കരണവും മതേതരവത്കരണവും അതിനെ തുടര്‍ന്ന് അധ്യാപകരിലും വിദ്യാര്‍ത്ഥികളിലുമുണ്ടായ ഇസ്‌ലാം തകര്‍ച്ചയും കൂടിക്കൊണ്ടേയിരിക്കുകയാണ്. ഈ വഴികേടിനെ തടയാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്നതാണ് വസ്തുത. കൊളോണിയലിസത്തിനു കീഴിലുണ്ടായിരുന്നതിനെക്കാള്‍ പരിതാപകരമാണ് ഇന്നത്തെ അവസ്ഥ. അന്ന് മുസ്‌ലിംകള്‍ക്ക് പ്രതിരോധ- വിമോചന ബോധമുണ്ടായിരുന്നു; ഇസ്‌ലാമിക പരിഹാരത്തിനുള്ള തേട്ടമുണ്ടായിരുന്നു. ഇന്നാകട്ടെ, നിന്ദയും ജഡിലതയും ഇസ്‌ലാമിക നേതൃത്വത്തോട് അവിശ്വാസവുമാണുള്ളത്. നേതൃത്വത്തിന്റെ പോരായ്മയും ഇതിനൊരു കാരണമായിട്ടുണ്ട്. യുവാക്കളില്‍ നിന്ന് ഇസ്‌ലാം ചോര്‍ന്നുപോകുന്നതിനെ തടയാന്‍ മുസ്‌ലിം ഗവണ്മെന്റോ സര്‍വകലാശാലാധികൃതരോ ഒന്നും ചെയ്യുന്നില്ല. ഇന്ന് നിലവിലുള്ള വിദ്യാഭ്യാസ പദ്ധതികളെല്ലാം മതേതരത്വത്തിന്റെ ലക്ഷ്യങ്ങളെ മാത്രമേ പൂര്‍ത്തീകരിക്കുന്നുള്ളൂ. വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക ഗുണം മെച്ചപ്പെടുത്താന്‍ ഒരു വിഹിതവും ചെലവഴിക്കപ്പെടുന്നില്ല. വിദ്യാര്‍ത്ഥികളില്‍ ഇസ്‌ലാമിക ബോധം നിലനിര്‍ത്താനും ശ്രമങ്ങളില്ല. പാശ്ചാത്യന്‍ വിദ്യാഭ്യാസ രീതികളുടെ പിന്നാലെയുള്ള നെട്ടോട്ടമാണെങ്ങും.

മുസ്‌ലിം യൂനിവേഴ്‌സിറ്റി അധ്യാപകന്റെ ഏറ്റവും ഉയര്‍ന്ന ഒരു മോഡല്‍ നോക്കുക- ഒരു പാശ്ചാത്യ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഒരു പ്രഫസര്‍. പടിഞ്ഞാറു നിന്ന് വിദ്യാഭ്യാസം സിദ്ധിക്കുകയും ശരാശരി വിജയം നേടുകയും ചെയ്തയാളാണയാള്‍. നേരത്തെ തന്നെ വേണ്ടത്ര ഇസ്‌ലാമിക ബോധമില്ലാത്തതിനാല്‍ പടിഞ്ഞാറ് ലഭ്യമായ എല്ലാ വിവരങ്ങളും കരഗതമാക്കുവാന്‍ അയാള്‍ക്ക് സാധിച്ചിട്ടില്ല. തന്റെ അധ്യാപകനെ മുന്‍കടക്കുവാനോ തന്റെ മുന്‍ഗാമികള്‍ പുരാതന ഗ്രീക്ക്- ഇന്ത്യന്‍- പേര്‍ഷ്യന്‍ ശാസ്ത്രങ്ങളെ ഇസ്‌ലാമികവത്കരിച്ചതു പോലെ താന്‍ പഠിച്ചത് ഇസ്‌ലാമിനനുസൃതമായി ഉരുവപ്പെടുത്തിയെടുക്കാനോ അയാള്‍ക്ക് സാധിച്ചിട്ടില്ല. എങ്ങനെയെങ്കിലും ഒരു ബിരുദം കരസ്ഥമാക്കി നല്ല വരുമാനമുണ്ടാക്കുന്ന ഒരു ജോലി നാട്ടില്‍ തരപ്പെടുത്താനേ അയാള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. അന്ന് വായിച്ച പുസ്തകങ്ങള്‍ തന്നെയാണയാളുടെ അറിവിന്റെ അതിര്‍ത്തി. അത് വികസിപ്പിക്കാന്‍ അയാള്‍ക്ക് സമയമോ അന്തഃചോദനയോ ഇല്ല. ജീവിക്കുന്ന ചുറ്റുപാടും അതിനനുകൂലമായിരിക്കുന്നില്ല. ഇക്കാരണം കൊണ്ട് തന്നെ അയാളുടെ ശിഷ്യന്മാരും അയാളെപ്പോലെ കഴിവ് കുറഞ്ഞവരും ഉള്‍ക്കാഴ്ചയില്ലാത്തവരും ആയിരിക്കും. വിദ്യാഭ്യാസത്തിന്റെ നിലവാരം ക്രമേണ താഴുന്നു. മുസ്‌ലിം ലോകത്തെ പാശ്ചാത്യ വിദ്യാഭ്യാസം പാശ്ചാത്യന്‍ രൂപത്തിന്റെ അപഹാസ്യമായ വികട ചിത്രം മാത്രമായിത്തീരുകയും ചെയ്യുന്നു.

പടിഞ്ഞാറിന്റെ വീക്ഷണം ഒഴിച്ചു നിര്‍ത്തിയ പകര്‍പ്പുകള്‍ മാത്രമാണ് മുസ്‌ലിം ലോകത്ത് ഇന്ന് പഠിപ്പിക്കപ്പെടുന്നത്. കാഴ്ചപ്പാടില്ലാത്തത് കൊണ്ട് അത് ഇടത്തരം സ്വഭാവമുള്ളതാകുന്നു. ഒന്നുമറിയാതെ എല്ലാം അറിയാമെന്ന് കരുതുന്ന വിഡ്ഢികളെയാണ് ഈ രീതി മുസ്‌ലിം ലോകത്ത് സൃഷ്ടിച്ചുവിടുന്നത്.

വൈശിഷ്ട്യത്തിന്റെ എല്ലാ സാധ്യതകളും ഇതുകൊണ്ട് മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് നഷ്ടമാകുന്നു. ആ സാധ്യതയുണ്ടാകണമെങ്കില്‍ വിജ്ഞാനത്തിന്റെ സമ്പൂര്‍ണതയെക്കുറിച്ചൊരു വീക്ഷണവും അതിനപ്പുറം എത്താനുള്ള മനോസന്നദ്ധതയും വേണം. ആദ്യത്തേത് രണ്ടാമത്തേതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. വിജ്ഞാനത്തിന്റെ സമ്പൂര്‍ണതയിലെത്തണമെങ്കില്‍ ആ മാര്‍ഗത്തിലുള്ള അര്‍പ്പണമനോഭാവം ആവശ്യമാണ്. വിജ്ഞാനസമ്പൂര്‍ണത കൈവരിക്കണം എന്നുണ്ടെങ്കില്‍ അത് ഉന്നംവെക്കണം. അതുണ്ടെങ്കിലേ അതിനുമപ്പുറം എത്താന്‍ കഴിയൂ. മുസ്‌ലിമിന് എന്തെങ്കിലുമൊന്ന് ലക്ഷ്യമായി സ്വീകരിക്കാമെങ്കില്‍ അത് ഇസ്‌ലാം മാത്രമാണ്. ഇതില്ലാതെ പടിഞ്ഞാറു നിന്ന് പഠിച്ച മുസ്‌ലിം അധ്യാപകര്‍ക്ക് വിജ്ഞാനത്തിന്റെ സാകല്യം സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍വകലാശാലകളിലെ അധ്യാപകരായ അവര്‍ക്ക് വൈശിഷ്ട്യത്തിന്റെ ഈ ഉപാധി തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കാനും കഴിഞ്ഞിട്ടില്ല. ഇത് അവരെയും അവരുടെ ശിഷ്യരെയും ഒരിടത്തരം നിലവാരത്തിലേ എത്തിക്കുന്നുള്ളൂ.

മുസ്‌ലിം ലോകത്തെ സര്‍വകലാശാലകളിലെ അധ്യാപകര്‍ക്ക് ഇസ്‌ലാമിക വീക്ഷണം ഇല്ലെന്നതും അവര്‍ക്ക് ആ ലക്ഷ്യം ഇല്ലെന്നതുമാണ് മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ അപകടം. മുസ്‌ലിം ലോകത്തുടനീളം വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലകളിലേക്ക് കടക്കുന്നത് ഇസ്‌ലാമിനെക്കുറിച്ച് തങ്ങള്‍ക്ക് വീട്ടില്‍ നിന്നോ പ്രാഥമിക പള്ളിക്കൂടങ്ങളില്‍ നിന്നോ ലഭിച്ച അറിവുമായാണ്. ഇത് അവനില്‍ ശരിയായ വീക്ഷണം ജനിപ്പിക്കുന്നില്ല. ആദര്‍ശപരമായി അവന്റെ മനസ്സ് ഒരു ക്ലീന്‍സ്ലേറ്റാണ്. അവന്‍ മതവികാരവുമായി വന്നതായിരിക്കാം. പക്ഷേ, ആശയങ്ങളുമായല്ലെന്നത് തീര്‍ച്ച. മതേതര സാഹചര്യത്തില്‍ ശാസ്ത്രീയമെന്ന ലേബലില്‍ അവന്റെ മുമ്പില്‍ അവതരിപ്പിക്കപ്പെടുന്ന 'വസ്തുനിഷ്ഠമായ' 'യാഥാര്‍ത്ഥ്യ'ങ്ങളുടെയും 'ആശയ'ങ്ങളുടെയും മുമ്പില്‍ അവ തകര്‍ന്നുപോകുന്നു. ഈ അക്രമത്തിനെതിരെ അവന് പ്രതിരോധമില്ല. അവന്‍ ബിരുദം നേടുമ്പോഴേക്കും അടിയുറച്ച ഒരു നിരീശ്വരവാദിയോ കമ്യൂണിസ്‌റ്റോ മതേതരവാദിയോ ആയിട്ടില്ലെങ്കില്‍പോലും അവന്റെ ഇസ്‌ലാം തന്റെ വ്യക്തിജീവിതത്തിലും കുടുംബത്തിലും മാത്രം ഒതുങ്ങുന്നൊരു സ്വകാര്യ ഇടപാടായി മാറിക്കഴിഞ്ഞിരിക്കും. അവനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ഒരു പ്രശ്‌നത്തിനും പരിഹാരമായിരിക്കില്ല. ടാങ്കും മെഷീന്‍ ഗണ്ണുമായി ആക്രമിക്കുന്ന ഒരു ഭടനെ വാളും കുന്തവും കൊണ്ട് പ്രതിരോധിക്കുന്നവനെ പോലെയാണ് ആധുനിക കാലഘട്ടത്തിലെ നവീനാദര്‍ശങ്ങളെ മുസ്‌ലിം ലോകത്തെ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേടരിടുന്നത്. പാശ്ചാത്യ പാരമ്പര്യങ്ങള്‍ അവിടത്തെ സ്‌കൂളുകളില്‍ എത്ര ശാസ്ത്രീയമായും ഗൗരവത്തോടും കൂടിയാണോ പഠിപ്പിക്കുന്നത്, ആ ഗൗരവത്തോടും അര്‍പ്പണ ബോധത്തോടും ശാസ്ത്രീയതയോടും കൂടി ഇസ്‌ലാമിക വീക്ഷണം മുസ്‌ലിം ലോകത്തെവിടെയും വളര്‍ത്തിയെടുക്കപ്പെടുന്നില്ല.

വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നം പരിഹരിക്കുകയാണ് ഇന്നെത്രയും വേഗം ചെയ്യേണ്ടത്. വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യാതെ ഉമ്മത്തിന്റെ യഥാര്‍ത്ഥമായ പുനരുദ്ധാരണം സാധിക്കുകയില്ല. മുസ്‌ലിം വിദ്യാഭ്യാസത്തിന് ഇന്നുള്ള ദ്വിമാന സ്വഭാവം- ഇസ്‌ലാമികം എന്നും മതേതരം എന്നുമുള്ള വിഭജനം- എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുകയും രണ്ടും തമ്മില്‍ സംയോജിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിക ദര്‍ശനത്തിനനുസൃതമായ പരിപാടികള്‍ക്ക് യോജിച്ചതാകണം പുതിയ പദ്ധതി. ഇതിനെ ഇസ്‌ലാമില്‍ നിന്നും സ്വതന്ത്രമാക്കുകയോ പാശ്ചാത്യ രീതിയുടെ അനുകരണമാക്കുകയോ അരുത്. വിദ്യാര്‍ത്ഥിയുടെ കേവലമായ അറിവിനും വ്യക്തിപരമായ പുരോഗതിക്കും ഭൗതികമായ നേട്ടത്തിനും സാക്ഷാത്കാരം കണ്ടെത്താന്‍ മാത്രമുള്ളതാവുകയും അരുത്. ഇസ്‌ലാമിക വീക്ഷണം ഉണ്ടാക്കുകയും അതിവിടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നൊരു ലക്ഷ്യം അതിനുണ്ടാകണം. ഇത് പ്രയാസമേറിയ ഒരു കാര്യം തന്നെ. മറ്റുള്ള സമൂഹങ്ങള്‍ ഈ ഉദ്ദേശ്യാര്‍ത്ഥം ചെലവഴിക്കുന്നതിന്റെ വളരെ ചെറിയൊരു അംശം മാത്രമേ മുസ്‌ലിംകള്‍ ഇതിനു വേണ്ടി ചെലവഴിക്കുന്നുള്ളൂ എന്നതൊരു സത്യമാണ്. സമ്പന്ന രാഷ്ട്രങ്ങളിലാകട്ടെ, ഗവേഷണത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും എന്നതിനേക്കാളേറെ കെട്ടിട നിര്‍മാണത്തിനും ഭരണ നിര്‍വഹണത്തിനുമാണ് പണം ചെലവഴിക്കുന്നത്. ഇപ്പോള്‍ ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സംഖ്യ ഉമ്മത്ത് ഇതിന് ചെലവഴിക്കേണ്ടത് ആവശ്യമാണ്. എങ്കില്‍ മാത്രമേ മുസ്‌ലിംകള്‍ 'അറിവിന്റെ ആളുകളും' അതിന്റെ 'അന്വേഷകരും' ആയിത്തീരുകയുള്ളൂ.

പ്രാഥമിക മദ്‌റസ, സെക്കന്‍ഡറി മദ്‌റസ, കോളേജ്, യൂനിവേഴ്‌സിറ്റി എന്നിവയടങ്ങുന്ന ഇസ്‌ലാമിക വിദ്യാഭ്യാസ സമ്പ്രദായം പബ്ലിക് സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളുമടങ്ങുന്ന മതേതര വിദ്യാഭ്യാസ സമ്പ്രദായവുമായി സംയോജിപ്പിക്കേണ്ടതുണ്ട്. ഗവണ്മെന്റിന്റെ സാമ്പത്തിക സഹായം ലഭിക്കുകയെന്ന മെച്ചവും ഇസ്‌ലാമിക വീക്ഷണത്തോട് പ്രതിബദ്ധതയുണ്ടാക്കാന്‍ കഴിയുകയെന്ന സവിശേഷതയും ഈ സംയോജിത സമ്പ്രദായം കൊണ്ടുണ്ടാകണം. കൂടാതെ, പഴഞ്ചന്‍ പാഠപുസ്തകങ്ങളും പരമ്പരാഗത സമ്പ്രദായത്തിലെ പരിചയ സമ്പന്നതയില്ലാത്ത അധ്യാപകരും സൃഷ്ടിച്ചുവിടുന്ന എല്ലാ അപാകതകളില്‍ നിന്നും ഇത് മുക്തമായിരിക്കുകയും വേണം. എല്ലാറ്റിനുമുപരി, മതേതര സ്വഭാവമുള്ള പാശ്ചാത്യന്‍ രീതികളുടെ അന്ധമായ അനുകരണത്തിന് അറുതി വരുത്തേണ്ടതുമുണ്ട്.

ഗവണ്മെന്റുകള്‍ നിയന്ത്രണമില്ലാതെ ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കില്‍ ആ ആനുകൂല്യം മുഴുവനും ഉപയോഗപ്പെടുത്താന്‍ പുതിയ സംവിധാനങ്ങള്‍ക്ക് കഴിയേണ്ടതാണ്. പൂര്‍ണമായും സ്വതന്ത്രമല്ലെങ്കിലും പുതിയ വിദ്യാഭ്യാസ സമ്പ്രദായം സാമ്പത്തികമായി സുരക്ഷിതമായിരിക്കാന്‍ സ്വത്തുദാനത്തെ പ്രോത്സാഹിപ്പിക്കുകയും ആ ഫണ്ട് ഇതിനായി വിനിയോഗിക്കുകയും ചെയ്യണം. ഉമ്മത്തിന്റെ നന്മക്ക് വേണ്ടി ശരീഅത്ത് അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തതാണ് വഖ്ഫ് സമ്പ്രദായം. കഴിഞ്ഞ കാലങ്ങളില്‍ ഓരോ മദ്‌റസയുടെയും വഖ്ഫാണ് അതിനെ സ്വതന്ത്രമായി നിലനിര്‍ത്തുകയും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിജ്ഞാനസമ്പാദനം നടത്താന്‍ സൗകര്യങ്ങളേകിയതും. മദ്‌റസക്ക് ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തതും വഖ്ഫ് സമ്പ്രദായം തന്നെ. എട്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പാശ്ചാത്യ ലോകത്ത് ആദ്യമായി യൂനിവേഴ്‌സിറ്റികള്‍ ഉടലെടുത്തപ്പോള്‍ അവര്‍ മാതൃകയാക്കിയത് വഖ്ഫിലധിഷ്ഠിതമായ മദ്‌റസയെ ആയിരുന്നു.

വൈജ്ഞാനിക രംഗത്തുണ്ടായ വിസ്‌ഫോടനവും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും വിദ്യാഭ്യാസം വഖ്ഫുകളെക്കൊണ്ട് മാത്രം നടത്താന്‍ സാധിക്കാത്തത്ര ചെലവുള്ളതാക്കിത്തീര്‍ത്തിട്ടുണ്ട്. പൊതു ഫണ്ടില്‍ നിന്ന് വര്‍ഷാന്തം സഹായം ലഭിച്ചാലേ അത് നടത്താനൊക്കൂ. വിജ്ഞരായ സ്വന്തം സന്താനങ്ങളെ ആദരിക്കാത്ത, അവര്‍ക്ക് ഭൂതകാലത്തിലെ ആത്മീയ- സാംസ്‌കാരിക പൈതൃകങ്ങള്‍ പകര്‍ന്നു കൊടുക്കാത്ത, അതുപയോഗിച്ച് സ്വന്തം പൈതൃകങ്ങള്‍ വളര്‍ത്താനവര്‍ക്ക് കെല്‍പ് നല്‍കാത്ത ഉമ്മത്തിന് നന്മയോ ഭാവിയോ ഇല്ല. അധ്യാപകരുടെ നേരെ ഗവണ്മെന്റ് സദാ ജാഗരൂകരാകുന്നത് അക്രമമത്രെ. അതുപോലെത്തന്നെ അവര്‍ എന്തു പഠിപ്പിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്ങനെ നടത്തണമെന്നും രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞുകൊടുക്കുന്ന അവസ്ഥയും നാശത്തിന്റെ ലക്ഷണമാണ്.

രണ്ടു സമ്പ്രദായങ്ങളെയും യോജിപ്പിക്കുന്നതില്‍ നിന്നും അതിന്റെ പ്രാഥമിക ഫലങ്ങളെക്കാള്‍ കൂടുതല്‍ ചിലതുകൂടി പ്രതീക്ഷിക്കുന്നുണ്ട്. ഇസ്‌ലാമിക വിജ്ഞാനം മതേതര മണ്ഡലത്തിലേക്കും മതേതര വിജ്ഞാനം ഇസ്‌ലാമിക മേഖലയിലേക്കും കൊണ്ടുവരിക എന്നതാണത്. പ്രൈമറി- സെകന്‍ഡറി തലങ്ങളില്‍ മുസ്‌ലിം യുവഹൃദയങ്ങളെ മിഷനറിമാരുടെയോ അമുസ്‌ലിം അധ്യാപകരുടെയോ കൈയിലേല്‍പിക്കുന്ന ഇന്നത്തെ ക്രൂരകൃത്യത്തിന് അറുതി വരുത്തേണ്ടിയിരിക്കുന്നു. മതം, സദാചാരം, നിയമം, ചരിത്രം, ഇസ്‌ലാമിക സംസ്‌കാരം എന്നിവയിലെല്ലാം അറിവു ലഭിക്കാന്‍ അര്‍ഹനാണ് ഓരോ മുസ്‌ലിം വിദ്യാര്‍ത്ഥിയും. ഇതവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയാതെ വന്നാല്‍ മുസ്‌ലിം സമുദായവും അതിന്റെ നേതാക്കളും അതിന് നിയമപരമായി ഉത്തരവാദികളാണെന്നു മാത്രമല്ല, അല്ലാഹുവിന് മുന്നില്‍ കുറ്റവാളികള്‍ കൂടിയാണ്.

സര്‍വകലാശാലാ തലങ്ങളില്‍ നടക്കുന്ന അനിസ്‌ലാമീകരണത്തിനുള്ള ഏക പ്രതിരോധ നടപടി നാലു വര്‍ഷം നിര്‍ബന്ധമായും ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിക്കുക എന്നതാണ്. ഓരോ സര്‍വകലാശാലാ വിദ്യാര്‍ത്ഥിയും ഇത് പഠിച്ചേ തീരൂ. അവന് ഉമ്മത്തിലെ അംഗം എന്ന നിലയില്‍ തന്നെ അതിന്റെ ആദര്‍ശത്തെയും ഉത്തരവാദിത്വത്തെയും കുറിച്ച് അറിയാനുള്ള ബാധ്യതയുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിലാണെങ്കില്‍ അവിടത്തെ അമുസ്‌ലിം പൗരനും തന്റെ രാഷ്ട്ര മതത്തെക്കുറിച്ച് അറിയേണ്ടതുണ്ട്. ഇത്തരമൊരു നടപടി കൊണ്ടു മാത്രമേ തങ്ങളെ ആക്രമിക്കുന്ന ആദര്‍ശങ്ങളില്‍ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്താനാവൂ. ഇത്തരത്തില്‍ വിജ്ഞാനം ലഭിച്ച് കഴിയുമ്പോള്‍ അന്യ ആദര്‍ശങ്ങളുടെ എല്ലാ വാദങ്ങള്‍ക്കും അതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കാന്‍ അവനു കഴിയും. ഇതിലൂടെ മാത്രമേ ഉമ്മത്തിന്റെ പുരോഗതിയിലും സാംസ്‌കാരിക ജീവിതത്തിലും അവനു ഭാഗഭാഗിത്വം വഹിക്കാനാവൂ. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അന്തഃസത്ത മനസ്സിലാക്കിക്കഴിയുമ്പോള്‍ അവന് മറ്റുള്ളവരും താനും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ കഴിയുകയും ഉത്കൃഷ്ടമായ ഈ ആദര്‍ശത്തിലേക്കും സംസ്‌കാരത്തിലേക്കും ഇതരരെ ആകര്‍ഷിക്കണമെന്ന ബോധമുദിക്കുകയും ചെയ്യും.

ഒരാള്‍ക്ക് തന്റെ വ്യക്തിത്വത്തെ കുറിച്ച് ബോധമുണ്ടാക്കാന്‍ സംസ്‌കാരത്തെ കുറിച്ച് പഠിക്കുക മാത്രമാണ് ഏക മാര്‍ഗം. തന്റെ മുന്‍തലമുറകളെ കുറിച്ചും അവര്‍ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ആര്‍ജ്ജിച്ച നേട്ടങ്ങളെ കുറിച്ചും അവരുടെ സാമൂഹിക ഘടനെയുക്കുറിച്ചുമൊന്നും അറിയാത്ത ഒരാള്‍ സ്വയം ബോധവാനാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. തന്റെ പശ്ചാത്തലത്തെ ഇതരരുടേതുമായി തുലനം ചെയ്തു നോക്കിയാണ് ഒരാള്‍ തന്റെ വ്യക്തിത്വത്തെ കുറിച്ചറിയുന്നത്. ഇതരരില്‍ നിന്നും താന്‍ എത്ര ഭിന്നനാണെന്നറിയുന്നതിലൂടെയാണ് മനുഷ്യന്‍ തന്നെ അറിയുന്നത്. ഭൗതിക സമ്പത്തിന്റെ അടിസ്ഥാനത്തിലല്ല, ആത്മീയതയുടെ വശങ്ങളിലൂടെ ഇസ്‌ലാമിനെയും അതിന്റെ സംസ്‌കാരത്തെയും പഠിക്കുകയും അതിനെ ഇതര മത- സംസ്‌കാരങ്ങളുമായി താരതമ്യം ചെയ്തു പഠിക്കുകയും ചെയ്തുകൊണ്ട് മാത്രമേ ഇത് നേടാനാകൂ. ഇന്ന് 'ആധുനികനാവുക' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഓരോരുത്തനും തന്റെ സാംസ്‌കാരിക- നാഗരിക പാരമ്പര്യങ്ങളെക്കുറിച്ച് ബോധവാനാവുക എന്നതത്രെ. ഈ അറിവില്ലാതെ അവന് ഈ ലോകത്ത് നിലനില്‍ക്കാന്‍ തന്നെ കഴിയില്ല. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് ഭിന്നമായി ഇന്ന് സാംസ്‌കാരിക ശക്തികള്‍ക്ക് സൈനികമായ കടന്നാക്രമണങ്ങളോ മുന്നേറ്റങ്ങളോ ഇല്ലാതെത്തന്നെ ഏതൊരു ഭൂമിയും കൈയടക്കാന്‍ കഴിയും. അവര്‍ക്ക് ഏതൊരാളെയും തങ്ങളുടെ ആശയങ്ങളിലേക്ക് ആകര്‍ഷിച്ചെടുക്കാനും ജിതശ്രമമായി അതിലേക്ക് പരിവര്‍ത്തിപ്പിക്കാനും തങ്ങളുടെ പാവയായി നിലനിര്‍ത്താനും കഴിയും. ഈ ശക്തികള്‍ ഇന്ന് ലോകത്തിന്റെ ആധിപത്യത്തിനു വേണ്ടി മത്സരിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാം നാളെ വിജയം നേടണമോ, മുസ്‌ലിംകള്‍ ചരിത്രത്തിന്റെ അടിമകളാകണമോ തുടങ്ങിയ കാര്യങ്ങള്‍ മുസ്‌ലിംകളുടെ ഇന്നത്തെ തീരുമാനത്തെ ആശ്രയിച്ചു നില്‍ക്കുന്നു. ഇന്നു നടക്കുന്ന സാംസ്‌കാരികമായ യുദ്ധം ആരെയും പരിക്കേല്‍പിക്കാതെ വിടുകയില്ല. അപരരെ പരിവര്‍ത്തിപ്പിക്കാന്‍ മാത്രം ശക്തമായി സ്വന്തം സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഓരോ മനുഷ്യനും ഇതര സംസ്‌കാരങ്ങളുടെ ആക്രമണത്തിന് വിധേയനാവാന്‍ വിധിക്കപ്പെട്ടവനത്രെ.

ശരീഅത്ത് കോളേജുകളിലും യൂനിവേഴ്‌സിറ്റികളിലുമുള്ള ഇസ്‌ലാമിക പഠന വിഭാഗങ്ങളില്‍ ഇസ്‌ലാമിക സംസ്‌കാരം പാഠ്യവിഷയമാക്കിയാല്‍ അതവിടെ നിലനിന്നുകൊള്ളും എന്നു മുസ്‌ലിംകള്‍ കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണ്. ഇസ്‌ലാമിക സര്‍വകലാശാലകളില്‍ ഇസ്‌ലാമിക് സ്റ്റഡീസിന് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടാക്കുന്നതു തന്നെ മുസ്‌ലിംകളുടെ തകര്‍ച്ചയുടെ സൂചനയത്രെ. പാശ്ചാത്യ സര്‍വകലാശാലകളില്‍ പൗരസ്ത്യ പഠനത്തിനു ഡിപ്പാര്‍ട്ട്‌മെന്റുകളുള്ളത് അതേപടി അനുകരിച്ചിരിക്കുകയാണിവിടെയും. മുസ്‌ലിം ലോകവുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും മറ്റും ആവശ്യമായ വ്യക്തികളെ വാര്‍ത്തെടുക്കുന്നതിന് അവര്‍ ഉദ്ദേശ്യപൂര്‍വം ഉണ്ടാക്കിയതാണ് അവിടത്തെ പൗരസ്ത്യ പഠന വിഭാഗവും അതിലെ ഇസ്‌ലാമികാധ്യാപനവുമെല്ലാം. എന്നാല്‍, ഇസ്‌ലാമിക സര്‍വകലാശാലകളില്‍ ഏതാനും പേര്‍ക്ക് മാത്രം ഇസ്‌ലാമിക ശരീഅത്തില്‍ അവഗാഹം നേടാന്‍ കഴിഞ്ഞാല്‍ പോരാ; ഉമ്മത്തിലെ എല്ലാ അംഗങ്ങള്‍ക്കും അതിന് അവസരം ലഭിക്കണം. കാരണം, അവരുടെ അസ്തിത്വത്തിന്റെ അസ്തിവാരമാണത്.

ഇതിനു പുറമെ, ഇസ്‌ലാമിനെയും അതിന്റെ സംസ്‌കാരത്തെയും കുറിച്ചുള്ള അറിവ് ഏതാനും ചിലര്‍ക്കു മാത്രം ലഭിച്ചാല്‍ പോരാ; അത് എല്ലാ മനുഷ്യര്‍ക്കുമുള്ളതാണ്. എല്ലാ മനുഷ്യരെയും അസ്തിത്വത്തിന്റെ ഉന്നത മേഖലകളിലേക്കുയര്‍ത്താന്‍ രൂപകല്‍പന ചെയ്യപ്പെട്ടതാണത്. മനുഷ്യരെ പുരോഹിതരും സാധാരണക്കാരുമായി ഇസ്‌ലാം വിഭജിച്ചിട്ടില്ല. എല്ലാവരും ഒരുപോലെ അറിയുകയും പഠിക്കുകയും സത്യം ഗ്രഹിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം ഊന്നിപ്പറയുന്നു. രാഷ്ട്രീയ- സാംസ്‌കാരിക- ആത്മീയ- ഭൗതിക- സാമ്പത്തിക- സാമൂഹിക മേഖലകളിലത്രയും ജീവിതത്തെ സമഗ്രമായി കാണുന്ന മതം ഇസ്‌ലാം മാത്രം. ആത്മീയ കാര്യങ്ങളെ മാത്രം കൈകാര്യം ചെയ്ത് ബാക്കിയെല്ലാം സീസര്‍ക്ക് വിടുന്ന ബുദ്ധ മതത്തെയോ ക്രിസ്തു മതത്തെയോ പോലെയല്ല അത്. ഇസ്‌ലാം പ്രസക്തമല്ലാത്ത ഒരിടവും ഭൂമിയിലില്ല. ഏതെങ്കിലും ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രം ഇസ്‌ലാമിനെ തളച്ചിട്ടാല്‍ ഇസ്‌ലാം മരവിച്ചു എന്നാണര്‍ത്ഥം. എല്ലാ മനുഷ്യ കര്‍മങ്ങളെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രഥമ തത്വമാകണം ഇസ്‌ലാം.

ഇസ്‌ലാമിക ലക്ഷ്യത്തിലേക്കെത്തുകയും അല്ലാഹുവിന്റെ വചനത്തിന് സ്ഥലകാല മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യണമെങ്കില്‍ ഭൗതിക ലോകത്തെക്കുറിച്ചുള്ള അറിവും അനിവാര്യമത്രെ. മുസ്‌ലിംകള്‍ തകരുകയും സുഷുപ്തിയിലാവുകയും ചെയ്യുന്നതിന് മുമ്പ് അവര്‍ ഈ അറിവുകളൊക്കെ നേടുകയും ഇസ്‌ലാമിന്റെയും അതിന്റെ മൂല്യങ്ങളുടെയും ലോകവീക്ഷണത്തിന്റെയും പ്രസക്തി മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ മുഖ്യധാരയിലേക്ക് ഇതരരെ വിജയകരമായി ആവാഹിച്ചെടുക്കുവാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. എല്ലാ മേഖലകളിലും അവര്‍ അത്ഭുതകരമായ സംഭാവനകളര്‍പ്പിച്ചു. തങ്ങള്‍ നേടിയ വിജ്ഞാനം ഇസ്‌ലാമികാശയങ്ങളുടെ വികസനത്തിനും പ്രചരണത്തിനും അവര്‍ ഉപയോഗപ്പെടുത്തി. എന്നാല്‍, മുസ്‌ലിംകള്‍ ദീര്‍ഘമായ സുഷുപ്തിയിലാണ്ടു കിടന്നപ്പോള്‍ മുസ്‌ലിം ശാസ്ത്രജ്ഞരുടെയും വിജ്ഞരുടെയും പൈതൃകങ്ങള്‍ മുഴുവന്‍ അമുസ്‌ലിംകള്‍ കൈവശപ്പെടുത്തുകയും തങ്ങളുടെ സംഭാവനകള്‍ അതുമായി ചേര്‍ത്ത് തങ്ങളുടെ പുരോഗതിക്കായി അതിനെ ഉപയോഗപ്പെടുത്തുകയുമാണുണ്ടായത്. ഇന്ന് അമുസ്‌ലിംകളാണ് എല്ലാ മണ്ഡലങ്ങളിലും അധിപര്‍. മുസ്‌ലിംലോകത്തെ യൂനിവേഴ്‌സിറ്റികളില്‍ പോലും അമുസ്‌ലിംകള്‍ എഴുതിയ ഗ്രന്ഥങ്ങളും അവരുടെ ആശയങ്ങളുമാണ് പഠിപ്പിക്കുന്നത്. മുസ്‌ലിം യൂനിവേഴ്‌സിറ്റികളിലെ മുസ്‌ലിം അധ്യാപകരാല്‍ മുസ്‌ലിം യുവാക്കള്‍ ഇന്ന് പാശ്ചാത്യവത്കരിക്കപ്പെടുന്നു!

ഈ അവസ്ഥ മാറേണ്ടതുണ്ട്. വിജ്ഞാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മുസ്‌ലിം അക്കാദമീഷ്യന്മാര്‍ ആധിപത്യം വീണ്ടെടുത്തേ പറ്റൂ. അതിനു ശേഷം ഇസ്‌ലാമിന്റെ മൂല്യങ്ങളും വീക്ഷണങ്ങളും ആവശ്യപ്പെടും വിധത്തില്‍ ആ വിജ്ഞാനങ്ങളെ പുനഃസംവിധാനിക്കുകയും കുറ്റം തീര്‍ക്കുകയും ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്ത ശേഷം ഇസ്‌ലാമിക പാരമ്പര്യത്തിലേക്കവയെ ആവാഹിച്ചെടുക്കണം. ഇവക്ക് ഇസ്‌ലാമികാശയങ്ങളെ ഏതെല്ലാം വിധത്തില്‍ സഹായിക്കാന്‍ കഴിയുമെന്ന് നിര്‍ണയിക്കുകയും വേണം. അവസാനമായി, മനുഷ്യ ജ്ഞാനത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് മുസ്‌ലിംകളെയും അമുസ്‌ലിംകളെയും കൈപ്പിടിച്ചു കൊണ്ടുപോയി ദൈവിക സൃഷ്ടിയുടെ രഹസ്യങ്ങള്‍ അവരെ മനസ്സിലാക്കുകയും എങ്ങനെ അവന്റെ ഇച്ഛയെ ഭൂമിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നവരെ പഠിപ്പിക്കുകയും ചെയ്യണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter