ബ്രിട്ടനിലെ മുസ്‌ലിം വിശേഷങ്ങള്‍

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്, 2011ല്‍ ബ്രിട്ടന്റെ മത സാമൂഹിക രംഗം ഒന്നാകെ പിടിച്ചു കുലുക്കിയ ഒരു വന്‍ വാര്‍ത്തയായിരുന്നു അവിടത്തെ   ജനസംഖ്യാ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ സംഭവിച്ച പല കാതലായ മാറ്റങ്ങളെയും ഈ റിപ്പോര്‍ട്ട് അടയാളപ്പെടുത്തി.
സെന്‍സസ് പ്രകാരം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജനസംഖ്യ ഏഴു ശതമാനം വര്‍ധിച്ച് 56.5 മില്യണായി ഉയര്‍ന്നു. ഇതില്‍ 3.5 ശതമാനം വളര്‍ച്ചയും കുടിയേറ്റം കാരണമായുണ്ടായതാണ്.
2001ല്‍ നടന്ന സെന്‍സസ് പ്രകാരം ക്രിസ്തീയര്‍ മൊത്തം ജനസംഖ്യയുടെ 72 ശതമാനമുണ്ടായിരുന്നു. ബ്രിട്ടന്‍ ഒരു ക്രിസ്തുരാജ്യമാണെന്നുള്ള ചര്‍ച്ചിന്റെ അവകാശവാദം ഈ കണക്കിലേക്ക് വിരല്‍ചൂണ്ടിയായിരുന്നു.പക്ഷേ, 2011ലെ പുതിയ സെന്‍സസ് പ്രകാരം ക്രിസ്തുമതാനുയായികളില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 72 ശതമാനത്തില്‍ നിന്ന് 59 ശതമാനത്തിലേക്ക് അവരിന്ന് കൂപ്പുകുത്തിയിരിക്കുകയാണ്.
2011ല്‍ തന്നെ നടന്ന ഒരു സര്‍വേ ക്രിസ്തുമതത്തിന്റെ അപ്രമാദിത്വത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതു പ്രകാരം ക്രിസ്തീയരെന്നു സ്വയം പരിചയപ്പെടുത്തുന്നവരില്‍ പകുതിയിലധികവും യേശുവില്‍ അവിശ്വസിക്കുന്നവരാണ്. മാത്രമല്ല, വെറും ഒമ്പതു ശതമാനം പേര്‍ മാത്രമാണ് കുര്‍ബാന പോലുള്ള ആരാധനാകര്‍മങ്ങള്‍ പതിവായി അനുഷ്ഠിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിര്‍മത പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആശയങ്ങളുടെ പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ട് കൊണ്ടിരിക്കുകയാണ്. ഇതിനായി കാമ്പയിനുകളും മറ്റും വ്യാപകമായി സംഘടിപ്പിച്ചത് വഴി ഒരുപാട് പേരെ തങ്ങളുടെ അണിയിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. നിര്‍മത സംഘടനകളുടെ വര്‍ധിത സ്വാധീനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാറ്റീവ് സെക്കുലര്‍ കോണ്‍ഫറന്‍സ് ഡയറക്ടറുടെ വാക്കുകളില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു.ഒരു പ്രത്യേക മതം, സമൂഹം എന്നിവയുടെ പേരുകളില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നു തുലോം തുഛമാണ്. മാത്രമല്ല, നിര്‍മതരെന്നും നിരീശ്വരവാദികളെന്നും അറിയപ്പെടാനാണ് അധിക പേരും ആഗ്രഹിക്കുന്നത്. അതു കൊണ്ട് തന്നെ ഈ മാറ്റങ്ങള്‍ക്ക് അനുസൃതമായി ദേശീയ-പ്രാദേശിക ഭരണകൂടങ്ങള്‍ പ്രതികരിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യ പടിയായി ക്രിസ്ത്യന്‍ മതപാഠശാലകള്‍ക്കും മറ്റും നല്‍കിവരുന്ന സാമ്പത്തിക സഹായവും നിര്‍ത്തിവക്കണം. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

മുസ്‌ലിങ്ങള്‍ മുന്നോട്ടു തന്നെ  
ക്രിസ്ത്യന്‍ ജനസംഖ്യ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയതെങ്കില്‍ നേര്‍വിപരീതമാണ് മുസ്‌ലിങ്ങളുടെ അവസ്ഥ. മുന്‍ സെന്‍സസിനെ അപേക്ഷിച്ച് ശക്തമായ വളര്‍ച്ചയണ് ഇത്തവണയുണ്ടായിരിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം 1.8 മില്യണായിരുന്നു മുസ്‌ലിം ജനസംഖ്യ. എന്നാല്‍, ഇന്നിത് 2.7 മില്യണായി വര്‍ധിച്ചിരിക്കുകയാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമായിരുന്ന അവരിന്ന് ആറു ശതമാനമായുയര്‍ന്ന് ഒരു പ്രബല ന്യൂനപക്ഷമായി മാറിയിരിക്കയാണ്.
മേല്‍ പ്രസ്താവിച്ചത് ഗവണ്‍മെന്റ് പുറത്തു വിട്ട ഔദ്യോഗിക കണക്കുകളാണ്. യഥാര്‍ത്ഥ കണ്ക്കുകള്‍ ഇതിലുമേറെയാണെന്ന് വളരെ വ്യക്തമാണ്. കാരണം, മുസ്‌ലിങ്ങളില്‍ പെട്ട ഒരു വിഭാഗം തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. മാത്രമല്ല, മറ്റൊരു പ്രബല വിഭാഗവും തങ്ങളുടെ ആദര്‍ശത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

നിര്‍മത സംഘടനകളുടെ മുന്നേറ്റം
കാക്കത്തൊള്ളായിരം ഇസങ്ങളുള്ള ഇക്കാലത്ത് ബ്രിട്ടനില്‍  വലിയ സ്വീകാര്യത ആര്‍ജിച്ചെടുത്തത് നിര്‍മത പ്രസ്ഥാനങ്ങളാണ്. രാജ്യത്ത് 15 ശതമാനം മാത്രമായിരുന്ന അവരിന്ന് 25 ശതമാനമായി വര്‍ധിച്ചിരിക്കയാണ്. മത നിരപേക്ഷതയ്ക്ക് ബ്രിട്ടനില്‍ എന്നല്ല ലോകത്തു തന്നെ ലഭിക്കുന്ന വന്‍ സ്വീകാര്യത പരക്കെ ചര്‍ച്ചയാവുന്നുണ്ട്.
സെന്‍സസിലുള്ളത് ചെറിയ കണക്കാണെന്നും യാഥാര്‍ത്ഥ്യം ഇതിലുമപ്പുറമാണെന്നും നിര്‍മത പ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും അവകാശവാദമുയരുന്നുണ്ട്. കാരണം, മതമുണ്ടെന്ന് പറയുന്നവര്‍ തന്നെ അത് വെറുമൊരു വിശ്വാസമായി മാത്രം പരിഗണിക്കുകയോ ഇനി അതുമല്ലെങ്കില്‍ കുടുംബ സാഹചര്യം, സാമൂഹിക പശ്ചാത്തലം എന്നിവ കൊണ്ട് മാത്രം മതാസ്തിത്വം പുറത്തു പറയാന്‍ നിര്‍ബന്ധിതരായവരോ ആണ്.ഏറെ കൊട്ടിഘോഷിക്കപ്പെട്ട സെന്‍സസിലാവട്ടെ മത സംബന്ധമായി കൂടുതലൊന്നും അന്വേഷിക്കുന്നില്ല. ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമാണ് മതത്തെകുറിച്ചുള്ള മറുപടിയായി അവര്‍ സ്വീകരിക്കുക. വെറും വിശ്വാസമായി മതം ഹൃദയത്തില്‍ മാത്രം കൊണ്ടുനടക്കുന്നവര്‍ക്ക് മതാനുയായികളെന്നു പറയാനുള്ള യാതൊരു അവകാശവുമില്ല. കാരണം മതം അര്‍ത്ഥമാക്കുന്നത് ഒരു  സ്വഭാവസംഹിതയും ജീവിതരീതിയും കൂടിയാണ്. ഇതൊക്കെയാണ് തങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ വലുതാണെന്നതിനു കാരണമായി നിര്‍മത പ്രസ്ഥാനങ്ങള്‍ മുന്നില്‍ നിര്‍ത്തുന്ന വാദങ്ങള്‍.
ഇവ്വിഷയകമായി കൂടുതല്‍ ആഴത്തില്‍ അന്വേഷിച്ചാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് ക്രിസ്ത്യാനികള്‍ക്ക് തീര്‍ത്തും ഇരുട്ടടിയാണ്. കാരണം, ക്രിസ്ത്യാനികളെന്നു സ്വയം പരിചയപ്പെടുത്തുന്നവരില്‍ 73 ശതമാനം പേരും ചര്‍ച്ചില്‍ പോകുന്നവരല്ലെന്ന് മാത്രമല്ല മത പുരോഹിതര്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്തവരാണ്.എങ്കിലും നിര്‍മത പ്രസ്ഥാനങ്ങളുടെ വക്താക്കളായി ജീവിക്കുന്ന പലരും ചില മതവിശ്വാസങ്ങളും ആചാരങ്ങളും വച്ചുപുലര്‍ത്തുന്നവരാണെന്നത് ക്രിസ്തീയര്‍ക്ക് അല്‍പം ആശ്വാസത്തിനു വക നല്‍കുന്നു.
ചുരുക്കത്തില്‍, 2001നു ശേഷം ബ്രിട്ടനിലെ സാമൂഹിക പശ്ചാത്തലം സമഗ്ര മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ക്രിസ്തു മതത്തിന്റെ തളര്‍ച്ചയും ഇസ്‌ലാമിന്റെയും നിര്‍മത പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയുമാണ് അവയില്‍ പ്രധാനം.
തങ്ങളുടെ മതത്തില്‍നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് അത്രവലിയ കാര്യമാക്കാനില്ലെന്നാണ് പല ക്രിസ്ത്യന്‍ ബുദ്ധി ജിവികളും അഭിപ്രായപ്പെടുന്നത്. മത നിരാസകരില്‍ 22 ശതമാനവും ആത്മാവില്‍ വിശ്വസിക്കുന്നവരാണെന്നും അതില്‍ തന്നെ 14 ശതമാനം ആളുകള്‍ മനുഷ്യ ശരീരങ്ങളില്‍ സന്നിവേശിക്കാനുള്ള ആത്മാവുകളുടെ കഴിവില്‍ വിശ്വാസം വച്ചു പുലര്‍ത്തുന്നവരാണെന്നും മറ്റൊരു 15 ശതമാനം മരണാനന്തര ജീവിതമുണ്ടെന്ന് കരുതുന്നവരാണെന്നും തങ്ങളുടെ വാദങ്ങള്‍ക്ക് കാരണമായി അവര്‍ അച്ചു നിരത്തുന്നു.
എന്നാല്‍, ഇവ തികച്ചും വാസ്തവ വിരുദ്ധമാണെന്നത് പകല്‍ പോലെ വ്യക്തമാണ്. കാരണം സര്‍വേയില്‍ ഈവക കാര്യങ്ങളെക്കുറിച്ച് ഒരു പരാമര്‍ശമേയില്ല. മാത്രമല്ല, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 40 ലക്ഷത്തോളം പേര്‍ ക്രിസ്തു മതം ഉപേക്ഷിച്ചതായി നാറ്റീവ് സെക്കുലര്‍ കോണ്‍ഫറന്‍സ് പുറത്തു വിട്ട ആധികാരിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടനിലെ മത സാമൂഹിക രംഗത്ത് സംഭവിച്ച ഒരു വലിയ വിപ്ലവമായാണ് അവരതിനെ കാണുന്നത്. ഈ മാറ്റം ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കനത്ത മുന്നറിയിപ്പാണ് നല്‍കുന്നതെന്നും ഇതു വരെ കൈയടക്കി വച്ചിരുന്ന മത സാമൂഹിക കുത്തക ഇനിയവര്‍ക്ക് അവകാശപ്പെടാനാവില്ലെന്നും ഈ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.

മുസ്‌ലിം മുന്നേറ്റത്തിന്റെ  കാരണങ്ങള്‍
സെന്‍സസ് പ്രകാരം മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ചത് ഇസ്‌ലാമാണെന്നത് വ്യക്തമാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതമായ ഇസ്‌ലാമിനിന്നു ബ്രിട്ടനില്‍ മൂന്നു മില്യണിലധികം അനുയായികളെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്.
മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് പ്രധാനമായും മൂന്നു കാരണങ്ങളാലാണ്. സന്താനോല്‍പാദനത്തിലെ ഇസ്‌ലാമിക കാഴ്ചപ്പാട്  ജീവിത രീതിയില്‍ ഉള്‍കൊണ്ടതാണ് അവയിലൊന്ന്. അതു കൊണ്ട് തന്നെ ഒരു ബ്രിട്ടീഷ് മുസ്‌ലിം കുടുംബത്തില്‍ ശരാശരി ആറു കുട്ടികള്‍ വരെയുണ്ട്.   ഇസ്‌ലാമിന്റെ സുന്ദര ആശയങ്ങള്‍ക്ക് ലഭിക്കുന്ന വന്‍സ്വീകാര്യത വഴി ഇസ്‌ലാമിലേക്കുള്ള പാശ്ചാത്യരുടെ കൂലംകുത്തിയുള്ള ഒഴുക്ക് ഈ ഗണത്തിലെ മറ്റൊരു കാരണമാണ്.
മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള വന്‍തോതിലുള്ള കുടിയേറ്റം മുസ്‌ലിം ജനസംഖ്യാ വര്‍ധനവിന്റെ മറ്റൊരു കാരണമായി കണക്കാക്കപ്പെടുന്നു. ബ്രിട്ടണിലെ കുടിയേറ്റ നിയമങ്ങളിലുള്ള സൗകര്യങ്ങള്‍ വിദേശ  മുസ്‌ലിങ്ങളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. അതു പോലെ മുസ്‌ലിങ്ങളില്‍ സന്താനോല്‍പാദനം മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്.ബ്രിട്ടനില്‍ ജനിച്ചു വീഴുന്ന  അഞ്ചിലൊരു കുട്ടിയും മുസ്‌ലിമാണ്. മാത്രമല്ല രാജ്യത്തെ 50 ശതമാനം മുസ്‌ലിങ്ങളും ഇവിടെത്തന്നെ ജനിച്ചുവളര്‍ന്നവരാണ്.
വ്യാപകമായ മത പരിവര്‍ത്തനമാണ് മുസ്‌ലിം മുന്നേറ്റത്തിന്റെ പ്രധാന ഹേതുകം. അനേകായിരം ബ്രിട്ടീഷ് പൗരന്മാരാണ് വര്‍ഷം തോറും ഇസ്‌ലാമാശ്ലേഷിക്കുന്നത്. മതപരിവര്‍ത്തനം ആസ്പദമാക്കി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഫെയിത്ത് മാറ്റേര്‍സ് എന്ന സംഘടന നടത്തിയ ഒരു സമഗ്ര പഠനം ബ്രിട്ടനില്‍ ഏറെ വാര്‍ത്താപ്രചാരം സൃഷ്ടിച്ചിരുന്നു. ഇതനുസരിച്ച് 5000ത്തോളം പേരാണ് വര്‍ഷം തോറും ഇസ്‌ലാമിലേക്ക് കടന്നുവരുന്നത് (ഫ്രാന്‍സിലും ജര്‍മനിയിലും ഇത് 4000ത്തോളമാണ്). ഏകദേശം ഒരു ലക്ഷമാളുകള്‍ ഇത്തരത്തില്‍ ഇസ്‌ലാം സ്വീകരിച്ചതായി ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, ഇസ്‌ലാം സ്വീകരിച്ചവരില്‍ 70 ശതമാനവും  ശരാശരി 27 വയസ്സുളള സ്ത്രീകളാണെന്നും ഈ പഠനം കൂട്ടിച്ചേര്‍ക്കുന്നു.
ഇനി വെള്ളക്കാരായ മുസ്‌ലിങ്ങളുടെ മാത്രം കണക്കെടുത്താല്‍ മതം മാറ്റത്തിന്റെ ആധിക്യം കൂടുതല്‍ വ്യക്തമാവും. 2001ലെ സെന്‍സസ് പ്രകാരം 1,80,000 (മൊത്തം മുസ്‌ലിങ്ങളുടെ 12%) വെളുത്ത വര്‍ഗക്കാരായ മുസ്‌ലിംകളാണുണ്ടായിരുന്നതെങ്കില്‍ പുതിയ കണക്കുകള്‍ പ്രകാരം ഇതു 3,24,000മായി വര്‍ധിച്ചിരിക്കയാണ്.

ഇസ്‌ലാമാശ്ലേഷണത്തിന്റെ കാണാപ്പുറങ്ങള്‍
ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള പുതുമുസ്‌ലിങ്ങടെ വീക്ഷണ സംബന്ധിയായി സ്‌വാന്‍സി യൂനിവേഴ്‌സിറ്റി ഒരു സമ്പൂര്‍ണ സര്‍വേ നടത്തിയിരുന്നു. ഇതനുസരിച്ച് അമിത മദ്യപാനം സ്വഭാവ ദൂഷ്യം സാര്‍വത്രിക ലൈംഗികത അപകടകരമായ വംശീയ വിദ്വേഷം എന്നിവയാണ് ബ്രിട്ടീഷ് സാമൂഹിക തലത്തിലെ ശാപങ്ങളായി അവര്‍ക്കു കണ്ടെത്താന്‍ സാധിച്ചത്.
ശക്തമായ വംശീയത കാരണം ബ്രിട്ടനില്‍ സൈ്വരമായി  ജീവിക്കാനാവില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത നാലിലൊരാളും അഭിപ്രായപ്പെട്ടത്. അതേസമയം, സ്ത്രീകള്‍ക്ക് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന പൂര്‍ണ വസ്ത്രധാരണമാണ് തങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതെന്നാണ് 10ല്‍ ഒമ്പത് പേരുടെയും പക്ഷം. അതു പോലെ, പകുതിയിലധികം പേരും ഹിജാബ്, നിഖാബ് എന്നിവ സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷ ബോധ്യപ്പെട്ടതിനാലാണ് ഇസ്‌ലാമാേശ്ശഷിച്ചന്നു വ്യക്തമാക്കുന്നു.
പുതുനൂറ്റാണ്ടില്‍ ക്രിസ്തുമതത്തില്‍നിന്നുള്ള വ്യാപക കൊഴിഞ്ഞുപോക്ക് ജനങ്ങളില്‍ ആത്മീയമായ ഒരു ശൂന്യത സൃഷ്ടിച്ചിരുന്നു. ഈ വന്‍ശൂന്യത വിജയകരമായി നികത്താനായതിലാണ് ഇസ്‌ലാമിന് ഇത്രയധികം സ്വീകാര്യത ആര്‍ജിച്ചെടുക്കാനായത്. പക്ഷേ, ഇസ്‌ലമാശ്ലേഷണം വഴി സമൂഹത്തില്‍നിന്ന് ശക്തമായ എതിര്‍പ്പു നേരിടേണ്ടിവരുന്നതിനാല്‍ പുതു മുസ്‌ലിങ്ങള്‍ക്ക് ബ്രിട്ടനിലെ ജീവിതം തികച്ചും ദുസ്സഹമായി മാറിയിരിക്കുകയാണ്.

കുടിയേറ്റ വര്‍ധനവ്   
വര്‍ധിത കുടിയേറ്റമാണ് സെന്‍സസിലെ മറ്റൊരു പ്രധാന വാര്‍ത്ത. 2001ല്‍ മൂന്നു മില്യണ്‍ മാത്രമായിരുന്ന കുടിയേറ്റ സമൂഹം 10 വര്‍ഷങ്ങള്‍ക്കിപ്പുറം 2011ല്‍ 7.5 മില്യണായാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്തേക്കുള്ള വിദേശികളുടെ ഈ കുത്തൊഴുക്ക് ഏറ്റവും കൂടുതലായി സംഭവിക്കുന്നത് യഥാക്രമം ഇന്ത്യ, പോളണ്ട്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ്. അതേസമയം, തദ്ദേശീയരായ ബ്രിട്ടീഷ് പൗരന്മാര്‍ മൊത്തം ജനസംഖ്യയുടെ 80 ശതമാനമായി ചുരുങ്ങിയിട്ടുണ്ടെങ്കിലും ഈ പ്രവണത കൊണ്ട് ബ്രിട്ടണ്‍ ഒരു ബഹുസ്വര സംസ്‌കാരത്തിന്റെ ഉടമയായിത്തീര്‍ന്നിട്ടുണ്ട്.
ബ്രിട്ടണില്‍ ഇന്നു ജീവിക്കുന്ന 13 ശതമാനം പേരും രാജ്യത്തിനു പുറത്ത് ജനിച്ചവരാണ്. ഈ ബഹുസ്വരത ഏറ്റവും കൂടുതലായി പ്രകടമാവുന്നത് തലസ്ഥാനമായ ലണ്ടനില്‍ തന്നെയാണ്. ലണ്ടനിലെ മൊത്തം ജനസംഖ്യയുടെ 37  ശതമാനവും കുടിയേറ്റ സമൂഹമാണ്. മാത്രമല്ല വെളുത്ത വര്‍ഗക്കാര്‍ 45  ശതമാനമേ ഇവിടെയുള്ളൂ. മുന്‍ സെന്‍സസിനെക്കാള്‍ 10 ശതമാനം  കുറവാണ് അവരില്‍ ഉണ്ടായിരിക്കുന്നത്.
കുടിയേറ്റ സമൂഹമാവട്ടെ ബ്രിട്ടീഷ് പൗരത്വം പോലുമില്ലാതെയാണ് രാജ്യത്ത് അധിവസിക്കുന്നത്. 34  ശതമാനത്തോളം ആളുകളാണ് ഇത്തരത്തിലുള്ളത്. 4.8 മില്യണിലധികം വരുന്ന ഇവര്‍ ബ്രിട്ടണില്‍ തങ്ങുന്നത് മറ്റു രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് കൊണ്ടാണ്.
ഇവ്വിഷയകമായി ലാങ്ഷയര്‍ എന്ന കൊച്ച് പ്രദേശത്ത് ബി.ബി.സി നടത്തിയ അന്വേഷണപ്രകാരം 2001ല്‍ 1500 വിദേശികളാണുണ്ടായിരുന്നതെന്നും ഇന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞെന്നും വ്യക്തമായി. ഇവിടേക്കുള്ള കുടിയേറ്റം ഇന്നും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
ഈ ബഹുസ്വര സംസ്‌കാരം കുടുംബങ്ങളിലേക്കും ഇന്നു വ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടു മില്യണിലധികം ദമ്പതികളും മിശ്രവിവാഹിതരാണ്. കഴിഞ്ഞ സെന്‍സസിനെ അപേക്ഷിച്ച് അര മില്യണിലധികം വര്‍ധനവാണ് ഇത്തരം കുടുംബങ്ങളിലുണ്ടായിരിക്കുന്നത്. എന്നാല്‍ മുസ്‌ലിങ്ങളിലാവട്ടെ 4.2 ശതമാനം (1,13,000) മാത്രമേ മിശ്രവിവാഹിതരുള്ളൂ.
ഇസ്‌ലാമിക ലോകവും പാശ്ചാത്യ സമൂഹവും തമ്മില്‍ ഒരുപാട് പടലപ്പിണക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുപക്ഷത്തിനും സമവായത്തിലെത്താനാവുമെന്ന് വിശ്വസിക്കുന്നവരാണ് ബ്രിട്ടീഷ് ജനതയുടെ ബഹുഭൂരിപക്ഷവും. ബി.ബി.സി നടത്തിയ സര്‍വേ പ്രകാരം 77  ശതമാനമാളുകളും ഈ അഭിപ്രായക്കാരാണ്. ഇപ്പോള്‍ സ്‌കൂളുകളിലും മറ്റും ലഭിക്കുന്ന മികച്ച ശിക്ഷണമാണ് ഈ നിലപാടു മാറ്റത്തിന് കാരണമെന്നാണ് ഒരു നഴ്‌സറി ഡയറക്ടറുടെ പക്ഷം.
ബഹുസ്വര സാമൂഹികാന്തരീക്ഷത്തില്‍ വലിയ തോതില്‍ ഇടപഴകാന്‍ പുതുതലമുറക്ക് സാധിക്കുന്നു. എന്നാല്‍, ചെറുപ്പത്തില്‍ ഇത്തരം മതസംസ്‌കാരത്തെക്കുറിച്ച് മുന്‍തലമുറ പൂര്‍ണമായും അജ്ഞരായിരുന്നു. അതുകൊണ്ടാണ് മറ്റു വിഭാഗക്കാരോട് സങ്കുചിത മനസ്ഥിതി അവരിലുണ്ടായത്. ഈ സ്ഥിതി വിശേഷം മാറ്റിയെടുക്കണമെങ്കില്‍ വളരെ നേരത്തേ തന്നെ അവയെക്കുറിച്ചുളള അറിവ് അവര്‍ ആര്‍ജിച്ചെടുത്തേ തീരൂ. എങ്കില്‍ മാത്രമേ അന്യ സംസ്‌കാരങ്ങളെയും മതങ്ങളെയും ബഹുമാനത്തോടെ മാത്രം നോക്കിക്കാണാന്‍ അവര്‍ക്ക് സാധിക്കുകയുളളൂ. ഇങ്ങനെയാണ് ഡയറക്ടര്‍ തന്റെ വാക്കുകള്‍ മുഴുമിപ്പിക്കുന്നത്.
സെന്‍സസ് റിപ്പോര്‍ട്ടുകള്‍ സ്വാഗതാര്‍ഹമെന്നു പ്രഖ്യാപിച്ച് രംഗത്തെത്തിയ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ എന്ന സംഘടന മുസ്‌ലിങ്ങളുടെ വളര്‍ച്ചയാണ് ബ്രിട്ടന്റെ ബഹുസ്വര സംസ്‌കാരത്തിന് ഈട് നല്‍കുന്നതെന്ന് അവകാശപ്പെട്ടു.
സെന്‍സസിന്റെ സന്ദേശം എല്ലാ ജനവിഭാഗങ്ങളും ഏറ്റു പിടിച്ചതിനാല്‍ 2001നെ അപേക്ഷിച്ച് ഇത്തവണ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ മുഴുവന്‍ ന്യൂനപക്ഷ സമൂഹങ്ങളും ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി രേഖപ്പെടുത്താന്‍ സെന്‍സസ് ബോര്‍ഡിനു സാധിച്ചിട്ടുണ്ട്.
പ്രാദേശിക സെന്‍സസ് റിപ്പോര്‍ട്ട് നോക്കിയാല്‍ മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് കൂടുതല്‍ വ്യക്തമാവും. കഴിഞ്ഞ  ഒരു ദശകത്തിനിടെ മാഞ്ചസ്റ്ററില്‍ മുസ്‌ലിം ജനസംഖ്യ ഒരു ലക്ഷമായാണ് വര്‍ധിച്ചിരി ക്കുന്നത്. ബര്‍മിംഗ്ഹാം (96,000), ബ്രാഡ്‌ഫോര്‍ഡ് (55,000), ന്യഹാംഷയര്‍ (64,000)   എന്നിങ്ങനെയാണ് മറ്റു നഗരങ്ങളുടെ കണക്കുകള്‍.
ചുരുക്കത്തില്‍, ക്രിസ്ത്യന്‍ തളര്‍ച്ചയും മുസ്‌ലിം നിരീശ്വര വളര്‍ച്ചയും ബ്രിട്ടന്റെ മത സാമൂഹിക ഭൂപടം ഏറെക്കുറെ മാറ്റിവരച്ച് കഴിഞ്ഞു. പത്തു വര്‍ഷത്തിനപ്പുറം നടക്കുന്ന സെന്‍സസില്‍ മൊത്തം ജനസംഖ്യയുടെ 10 ശതമാനമായി മാറാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതു കൊണ്ടു തന്നെ ഭാവിയില്‍ ബ്രിട്ടീഷ് മത സാമൂഹിക തലത്തില്‍ ശോഭനമായൊരു ഭാവി തന്നെയാണ് ഇസ്‌ലാമിനെ കാത്തിരിക്കുന്നതെന്നതില്‍ രണ്ടു പക്ഷമില്ല.  ‘
അവലംബം: അല്‍മുജ്തമഅ് മാസിക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter