ഇമാം ശാമിൽ: കോക്കസിലെ സൂഫിയായ പോരാളി

ഓരോ രാജ്യത്തിന്റെ ചരിത്രത്തിലും ചില വീര വ്യക്തിത്വങ്ങളുണ്ടാവും. ആ നാടിന്റെ സ്വാതന്ത്ര്യത്തിനും ഉന്നമനത്തിനും വേണ്ടി ജീവൻ പോലും ത്യജിക്കാൻ തയ്യാറായാവർ. അത്തരം നാമങ്ങളിൽ പലപ്പോഴും സ്വൂഫികൾ പോലും കടന്ന് വരാറുണ്ട്. കേരള ചരിത്രത്തിലെ മമ്പുറം തങ്ങളെയും ഉമർ ഖാളിയെയും പോലെ. റഷ്യൻ മുസ്‍ലിംകൾക്കുമുണ്ട്, എന്നെന്നും ആവേശം പകരുന്ന അത്തരമൊരു സ്വൂഫീ നാമം, അതാണ് കോകസിലെ ഇമാം ശാമിൽ.

കോകസിലെ മുസ്‍ലിംകൾക്ക് മാത്രമല്ല റഷ്യയും കടന്ന് മധ്യേഷ്യൻ മുസ്ലിംകൾക്ക് വരെ അദ്ദേഹം ഇന്നും ആവേശമാണ്. ഇമാം ശാമിലാണ് തന്റെ ഓരോ കളിയിലെയും പ്രോത്സാഹനമെന്ന് യു.എഫ്.സി ലോക ചാമ്പ്യനായ റഷ്യൻ ബോക്സിംഗ് താരം ഖബീബ് നുർമഗോമേദോവു ഒരിക്കൽ മാധ്യമങ്ങളോട് പറഞ്ഞത് ഇതിന്റെ തെളിവാണ്.

1797-ൽ ജിമ്രി ഗ്രാമത്തിലെ അവാർ മുസ്‍ലിം കുടുംബത്തിലാണ് ഇമാം ശാമിൽ ജനിക്കുന്നത്. ആറാം നൂറ്റാണ്ടിൽ മധ്യേഷ്യ മുതൽ മധ്യയൂറോപ്പ് വരെ വ്യാപിച്ചുകിടക്കുന്ന ഖാനൈറ്റ് പ്രവിശ്യ സ്ഥാപിച്ച തുർക്കി വംശജരാണ് അവാറുകൾ. അലി എന്നായിരുന്നു ഇമാം ശാമിലിന്റെ യഥാർത്ഥ നാമം. എന്നാൽ പ്രാദേശിക നാട്ടുരീതി അനുസരിച്ച്,  അസുഖം വന്നപ്പോൾ പേര് മാറ്റി ശാമില്‍ എന്നാക്കുകയായിരുന്നു. ഒരാളുടെ പേര് മാറ്റുന്നത് അയാളുടെ ആരോഗ്യ വര്‍ദ്ധനവിന് കാരണമാകുമെന്നാണത്രെ അവരുടെ വിശ്വാസം. 

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നഖ്ശബന്ദി സൂഫി സരണിയിലെ ശൈഖ് ജമാലുദ്ദീൻ അൽ ഗുമുഖിയിൽ നിന്ന് ആത്മീയ ശിഷ്യത്വം സ്വീകരിച്ച ശാമില്‍, ശൈഖ് ഗുമുഖിയുടെ മകളെ വിവാഹം കഴിക്കുകയും ഗുമുഖിയുടെ പ്രമുഖ ഗുരു ഖാലിദ് അൽ ബാഗ്ദാദിയെ സന്ദർശിക്കാൻ ഡമസ്‌കസിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. അവിടെ നിന്ന് മത വിജ്ഞാനങ്ങളിൽ അഗാധ പാണ്ഡിത്യം നേടി നാട്ടില്‍ മടങ്ങിയെത്തിയ ഇമാം ശാമില്‍ തന്റെ ബാല്യകാല സുഹൃത്ത് ഗാസി മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരുന്ന റഷ്യൻ സാമ്രാജ്യത്വത്തിനെതിരെയുള്ള  ചെറുത്തുനിൽപ്പിന്റെ ഭാഗമായി.

ഇമാം ശാമിലിന്റെ പോരാട്ടത്തെകുറിച്ച് പറയുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രത്തിന്റെ പ്രാധാന്യവും പറയേണ്ടതുണ്ട്.   കരിങ്കടലിന്റെയും കാസ്പിയൻ കടലിന്റെയും ഇടയിലുള്ള പ്രദേശങ്ങളാണ് ഡാഗിസ്ഥാനും കൊക്കേഷ്യയും. നൂറ്റാണ്ടുകളായി വർഗ്ഗ-ഭാഷാ വൈവിധ്യങ്ങളോടെ തുർക്കി ഗോത്രങ്ങളാണ് അവിടെ അധിവസിക്കുന്നത്. ഓട്ടോമൻ സാമ്രാജ്യം മുഖേനയാണ് ഈ ഗോത്രങ്ങൾ ഇസ്‍ലാം സ്വീകരിക്കുന്നത്.  ശേഷം റഷ്യയിലേക്ക് ഇസ്‌ലാം വ്യാപിക്കുന്നതും ഈ നാടുകളിലൂടെയാണ്. വർഷങ്ങളായി റഷ്യൻ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ സമ്മർദ്ദത്തിലായിരുന്ന ഡാഗിസ്ഥാനും കോക്കസും ഉസ്മാനികളുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചു. റഷ്യയുടെ സാമ്രാജ്യത്വ നീക്കങ്ങളോട് പൊരുത്തപ്പെടാനാവാതെ കോക്കസിലെ ചില മുസ്‌ലിംകൾ 1864-ൽ അനാട്ടോളിയയിലേക്ക് കുടിയേറിയത് ഇതിന്റെ തെളിവാണ്. 

പതിനാറാം നൂറ്റാണ്ടിൽ ഡാഗിസ്ഥാൻ ഒരു ഓട്ടോമൻ പ്രവിശ്യയായിരുന്നു. 1747 മുതൽ റഷ്യ ഡാഗിസ്ഥാനെ ആക്രമിക്കാൻ തുടങ്ങി. ജനറൽ അലക്‌സി പെട്രോവിച്ചിന് കീഴിലുള്ള റഷ്യൻ സൈന്യം 1819ൽ കോക്കസ് ജനങ്ങളുടെ ചെറുത്തുനിൽപ്പിനെ അടിച്ചമർത്തി. പിന്നീട് 1830-ൽ കോക്കസിലെ ഗോത്രക്കാർ റഷ്യക്കെതിരെ ജിഹാദ് പ്രഖ്യാപിക്കുകയും ഇമാം ശാമിൽ തന്റെ സുഹൃത്തായിരുന്ന ഗാസി മുഹമ്മദിനൊപ്പം അതിന് നേതൃത്വം കൊടുക്കുകയും ചെയ്തു.

1832ൽ ഗാസി മുഹമ്മദ് ശഹീദാവുകയും ശേഷം ഹംസ ബെക്ക് നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. 1834ൽ അദ്ദേഹവും മരണപ്പെട്ടതോടെ, ഡാഗിസ്ഥാൻ പോരാളികൾ ഇമാം ശാമിലിനെ തങ്ങളുടെ ഇമാമായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന് അന്ന് 39 വയസ്സ് മാത്രമായിരുന്നു പ്രായം. റഷ്യക്കാർക്കെതിരെ അദ്ദേഹം സർവ്വ സംഘടിതമായ ഒരു സൈനിക വിഭാഗത്തെ രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. വൈകാതെ, ഈ പോരാളികൾ റഷ്യൻ സൈന്യത്തിന്റെ പേടിസ്വപ്നമായി മാറി. 1834 മുതൽ 1859 വരെയുള്ള കാലയളവിൽ ഇമാം ശാമില്‍ സായുധ പോരാട്ടങ്ങളിലൂടെ റഷ്യയെ പ്രതിരോധിച്ചു. കോകസിലെ ഓരോ പ്രവിശ്യയിലും അഞ്ചു പ്രതിനിധി (നാഇബ്) എന്ന തോതിൽ തന്റെ നിയന്ത്രണത്തിലുള്ള എല്ലാ പ്രദേശങ്ങളിലും അദ്ദേഹം നാഇബുകളെ നിഞ്ചയിച്ചു. ഓരോ പ്രവിശ്യയിലും മത-ജീവിത കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള ഒരു അമീറിനെയും നിയോഗിച്ചു. നാഇബുകൾ നികുതി പിരിക്കുകയും സൈനികർ ന്യായാധിപരെ പോലെ പ്രവർത്തിക്കുകയും ചെയ്തു.

ഡാര്‍ഗി യുദ്ധത്തില്‍ ഇമാം ശാമില്‍ കോകസിലെ റഷ്യൻ സൈന്യത്തെ പരാജയപ്പെടുത്തി. അതോടെ 1,50,000 സൈനികരടങ്ങുന്ന വന്‍വ്യൂഹവുമായെത്തിയ റഷ്യന്‍ സാമ്രാജ്യത്വം ഡാഗിസ്ഥാൻ വളയുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. അതിലും റഷ്യന്‍ സൈന്യത്തിന് ഏറെ നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു. ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാതമായ നെയിംസേക്ക് നോവലിലെ പ്രധാന കഥാപാത്രമായ ഹദ്ജി മുറാത്ത് ഇമാം ശാമിലിന്റെ സൈന്യത്തിലെ അംഗമായിരുന്നു.

റഷ്യയോടുള്ള യുദ്ധകാര്യത്തില്‍ ഇമാം ശാമിൽ കർക്കശ സ്വഭാവക്കാരനായിരുന്നു. റഷ്യയോട് ചര്‍ച്ചകള്‍ നടത്തി യുദ്ധം അവസാനിപ്പിക്കണമെന്ന ചിലരുടെ അഭിപ്രായങ്ങള്‍ പോലും അദ്ദേഹത്തിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ചെച്നിയക്കാരായ രണ്ട് മുസ്‌ലിം ഗ്രാമീണരെ റഷ്യക്കാർ പീഢിപ്പിച്ചതായി കേട്ട ശാമിലിന്റെ മാതാവ് റഷ്യക്കാരുമായി കരാർ ഉണ്ടാക്കാൻ മകനോട് ആവശ്യപ്പെടുന്നുണ്ട്. അത് പോലും അദ്ദേഹം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മാതാവിന്റെ മേൽ 100 ചാട്ടവാറടി വിധിക്കുകയും ആ ശിക്ഷ ഇമാം ശാമിൽ മാതാവിന് വേണ്ടി സ്വയം ഏറ്റെടുക്കുകയും ചെയ്ത ചരിത്രം ഏറെ പ്രശസ്തമാണ്. 

1854ലെ ക്രിമിയൻ യുദ്ധത്തിനുശേഷം ഇമാം ശാമിലിന്റെ സൈന്യം ഓട്ടോമൻ സൈന്യത്തെ പിന്തുണച്ചെങ്കിലും റഷ്യക്കാർ റോഡുകൾ ഉപരോധിക്കുകയും ആയുധ വിതരണം തടയുകയും ചെയ്തു. അവസാനം, ഗത്യന്തരമില്ലാതെ ഇമാം ശാമിൽ യുദ്ധത്തിൽ നിന്ന് പിന്മാറുകയും ഡാഗിസ്ഥാൻ പൂർണമായി റഷ്യൻ സൈന്യത്തിന് കീഴിലാവുകയും ചെയ്തു. പിന്നീട് അദ്ദേഹം ഡാഗിസ്ഥാനിലെ കോട്ടകളാൽ സുരക്ഷിതമായ ഗുനിബ് എന്ന ഗ്രാമത്തിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റി. റഷ്യന്‍ സൈന്യം അവിടെയും പിന്തുടര്‍ന്നെത്തുകയും 1859 സെപ്റ്റംബർ ആറിന് ഇമാം ശാമിൽ തന്റെ രണ്ട് മക്കളോടൊപ്പം കീഴടങ്ങുകയും ചെയ്തു. റഷ്യക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം, ഡാഗിസ്ഥാന്‍ നിവാസികള്‍ക്ക് സുരക്ഷ ഉറപ്പ് നല്കാമെന്ന വാഗ്ദാനത്തില്‍ ഇമാം ശാമില്‍ തന്റെ അനുയായികളോടൊപ്പം ഇസ്താംബൂളിലേക്ക് നാട് വിട്ടെങ്കിലും റഷ്യക്കാര്‍ ആ വാഗ്ദാനം പാലിച്ചില്ല. 

ശേഷം ഇമാമിനെ സെന്റ് പീറ്റേഴ്‌സ് ബർഗിലേക്ക് കൊണ്ടുവരികയും പത്തുവർഷം  കലുഗയില്‍ കഴിയാന്‍ നിര്‍ബന്ധനാവുകയും ചെയ്തു. ശേഷം, ഔദ്യോഗിക അനുമതിയോടെ തീർത്ഥാടനത്തിനായി ഹിജാസിലേക്ക് പോകുകയും ഇസ്താംബൂളിലെ ഓട്ടോമൻ സുൽത്താൻ അബ്ദുൽ അസീസും ഈജിപ്തിലെ ഖേദിവ് ഇസ്മാഈൽ പാഷയും അദ്ദേഹത്തെ യഥോചിതം സ്വീകരിക്കുകയും ചെയ്തു.

തീർത്ഥാടനാനന്തരം 1871ൽ മദീനയിൽ വെച്ച് അദ്ദേഹം മരണപ്പെടുകയും ജന്നത്തുൽ ബഖീഇൽ മറമാടപ്പെടുകയും ചെയ്തു. ശാമിലിന്റെ മകൻ ഖാസി മുഹമ്മദ് പാഷ ഓട്ടോമൻ സാമ്രാജ്യത്തിന് വേണ്ടി സൈനിക സേവനം ചെയ്തു. 1877ലെ റഷ്യ- ടർക്കിഷ് യുദ്ധത്തിൽ കോക്കസ് മുന്നേറ്റനിരയിലെ കുതിരപ്പടയെ നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു. ഇളയ മകൻ കാമിൽ പാഷയിലുണ്ടായ പേരമകൻ സൈദ് ശാമിൽ 1918 മുതൽ 21 വരെ ഡാഗിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മറ്റൊരു നേതാവായിരുന്നു. 

ഇമാം ശാമിലിന്റെ അദ്ധ്യാത്മിക, പോരാട്ട ഓർമ്മകൾ മുസ്‌ലിം സമുദായത്തിന്റെ, വിശിഷ്യ റഷ്യന്‍ അധീശത്വത്തിൽ ജീവിക്കുന്നവരുടെ മനസ്സില്‍ ഇന്നും നിലനിൽക്കുന്നുണ്ട്. അതിന്റെ സ്വാധീനങ്ങൾ മധ്യേഷ്യൻ മുസ്‍ലിം സംസ്കാരത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്നതായി കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter