മധ്യ ഏഷ്യയിലെ ഇസ്‍ലാം: മതവിരുദ്ധതയെ ഭൂഗർഭ മസ്ജിദുകളിൽ നിന്ന് സൂഫികൾ പ്രതിരോധിച്ച വിധം
ഇസ്‍ലാമിക ലോകത്ത് അധിനിവേശ ശക്തികൾക്കെതിരെ ആശയപരമായി പോരാടുന്നതിൽ സൂഫികൾ വഹിച്ച പങ്ക് വളരെ വലുതാണ്. തുർക്കിയിൽ കമാലിസ്റ്റ് ആശയങ്ങൾക്കെതിരെ സഈദ് നൂർസിയുടെ നേതൃത്വത്തിൽ നടത്തിയ മുന്നേറ്റവും ലിബിയയിൽ ഉമർ മുഖ്താർ, സനൂസി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അധിനിവേശവിരുദ്ധ നീക്കങ്ങളും വളരെ ശ്രദ്ധേയമാണ്. എന്നാൽ ഏഴ് പതിറ്റാണ്ടോളം നീണ്ടുനിന്ന സോവിയറ്റ് അധിനിവേശത്തിന് കീഴിൽ അടിച്ചമർത്തപ്പെട്ട മധ്യ ഏഷ്യയിലെ മുസ്‍ലിം സമൂഹത്തിൽ സൂഫികൾ സോഷ്യലിസ്റ്റ് മതവിരുദ്ധ ആശയങ്ങൾക്കെതിരെ എങ്ങനെയാണ് ചെറുത്ത് നിന്നത് എന്നത് അവഗണിക്കപ്പെട്ട ഒരു ചരിത്ര വസ്തുതയാണ്.
മതമുക്ത സോവിയറ്റ് സാമ്രാജ്യം സ്ഥാപിക്കാൻ ഒരുങ്ങിയ സോഷ്യലിസ്റ്റുകൾക്ക് ഇസ്‍ലാം ഒരു വെല്ലുവിളിയായിരുന്നു. ഇസ്‍ലാമിനെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിച്ച സോഷ്യലിസ്റ്റുകൾ ആശയപരമായി ഇസ്‍ലാമിനെ തകർക്കാൻ വേണ്ടി നിരീശ്വരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചു. ജനങ്ങൾക്കിടയിൽ കാലങ്ങളായി ശക്തമായ വേരോട്ടം ലഭിച്ച സൂഫി സരണികളാണ് അവയെ ചെറുക്കുന്നതിൽ മുൻനിരയിൽ ഉണ്ടായിരുന്നത്. മതവിരുദ്ധരായ സോവിയറ്റ് ഭരണകൂടം മധ്യ ഏഷ്യയിൽ അധിനിവേശം തുടങ്ങിയതു മുതൽ തദ്ദേശീയരായ മുസ്‍ലിംകള്‍ക്ക് മേൽ അതിശക്തമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചു. 1917യിൽ ഇരുപത്തിഅയ്യായിരം പള്ളികൾ ഉണ്ടായിരുന്ന മധ്യ ഏഷ്യയിൽ 1929 ആയപ്പോഴേക്കും നാലായിരം പള്ളികൾ ആയി ചുരുങ്ങുകയും അത് 1936ല്‍ 386 ലേക്ക് താഴുകയും ചെയ്തു. 1927ല്‍ തുടങ്ങിയ മതവിരുദ്ധ ക്യാമ്പയിനിലൂടെ ഭരണകൂടത്തിന് കീഴിൽ അല്ലാത്ത മതസ്ഥാപനങ്ങളെ തകർക്കുകയും വഖഫ് സ്വത്തുകൾ കണ്ടു കെട്ടുകയും ചെയ്തു. രാജ്യദ്രോഹികൾ എന്ന പേരിൽ പല മുസ്‍ലിം നേതാക്കളെയും വധശിക്ഷയ്ക്ക് വിധേയരാക്കി.
എന്നാൽ 1943 സദൂം (SADUM) എന്ന മത സംഘടന സ്ഥാപിച്ചതോടെ ഇസ്‍ലാമിന്റെ തിരിച്ചുവരവിന് സാധ്യതകൾ വർദ്ധിച്ചു എങ്കിലും ഭരണകൂടത്തിന്റെ നയങ്ങളെ ന്യായീകരിച്ച് ഫത്‌വ ഇറക്കാൻ ആയിരുന്നു ഈ പണ്ഡിത സഭ രൂപീകരിക്കപ്പെട്ടത്. നഖ്ശബന്ദി സൂഫി സരണി പിന്തുടരുന്ന പല പണ്ഡിതന്മാരും ഇതിൻറെ തലപ്പത്ത് ഉണ്ടായിരുന്നു എങ്കിലും അവരുടെ പല നയങ്ങളും ഇസ്‍ലാമിക വിരുദ്ധമായിരുന്നു. ഇസ്‍ലാമികമായ ആചാരങ്ങൾ SADUM ഇന് കീഴിലായിരുന്നു നടപ്പാക്കപ്പെട്ടത്. അപ്പോഴും പ്രാദേശികരായ മുസ്‍ലിംകൾ ഭരണകൂടത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്ത പല പള്ളികളിലും ദർഗകളിലുമായി തങ്ങളുടെ ആചാരങ്ങൾ നിർവഹിച്ചു പോന്നു. ഇതിന് അവർക്ക് നേതൃത്വം നൽകിയത് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചു കൊണ്ടിരുന്ന സ്വാതികരായ സൂഫികളായിരുന്നു. ഭരണകൂട ഭീകരതയെ അവഗണിച്ച് സൂഫികൾ അണ്ടർഗ്രൗണ്ട് മസ്ജിദുകളിൽ ജനങ്ങളെ ഒരുമിച്ചു കൂട്ടി ആശയപരമായി കമ്മ്യൂണിസത്തെ നേരിടാനുള്ള ശ്രമങ്ങൾ നടത്തി. മതവിദ്യാഭ്യാസം എന്നതിലുപരി മധ്യേഷ്യയിലെ മുസ്‍ലിംകളുടെ ആചാര അനുഷ്ഠാനങ്ങൾ നിലനിർത്താനുമുള്ള ഒരു ഇടമായി അണ്ടർ ഗ്രൗണ്ട് മസ്ജിദുകൾ മാറി എന്ന് വേണം പറയാന്‍.
അണ്ടർ ഗ്രൗണ്ട് മസ്ജിദുകളും സൂഫി ദർഗകളും സോവിയറ്റ് യൂണിയനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ കേന്ദ്രങ്ങൾ ആയി മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കിയ ഭരണകൂടം പല ദർഗകളെയും തകർക്കുകയും പൂട്ടിക്കുകയും ചെയ്തു. മുസ്‍ലിംകളുടെ ആത്മ വീര്യം തകർക്കാൻ വേണ്ടി പള്ളികളെയും ദർഗകളെയും മ്യൂസിയങ്ങളും റസ്റ്റോറന്റുകളും ആക്കി മാറ്റി. എന്നാൽ ആത്മ വീര്യം ചോരാത്ത സ്വാത്തികരായ സൂഫികൾ തങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരുന്നു.
ഒരു ഭാഗത്ത് സൂഫികൾ മുസ്‍ലിം സമുദായത്തിന് ആത്മീയമായി നേതൃത്വം നൽകിക്കൊണ്ടിരിക്കുമ്പോൾ മുഫ്തിമാരും മുല്ലമാരും വളരെ രഹസ്യമായി ജനങ്ങൾക്ക് കർമ്മ ശാസ്ത്രവും വിശ്വാസപരവുമായ വിജ്ഞാനങ്ങൾ പകർന്നു കൊടുക്കുന്നതിൽ വ്യാപൃതരായിരുന്നു. സദുമിന് (SADUM) കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന പള്ളികളിലെ ഇമാമുമാരുമായി രഹസ്യമായി സഹകരിച്ച് ജനങ്ങൾക്ക് ഉദ്ബോധനം നൽകിയായിരുന്നു അവർ മുന്നോട്ടു പോയത്. അനൗദ്യോഗികമായി പ്രവർത്തിച്ചിരുന്ന മുല്ലമാരിൽ പലരും ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന കർഷകരും മറ്റുമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ സാക്ഷരത നിരക്ക് വളരെ കുറവായ കാരണത്താൽ തന്നെ അവർക്ക് മത ഗ്രന്ഥങ്ങൾ സ്വയം വായിച്ചെടുക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. അതിനാൽ ജനങ്ങളുമായി സംവദിക്കുമ്പോൾ പ്രാദേശികമായ ഭാഷകളായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അറബിയിൽ മുറി എന്ന അർത്ഥം വരുന്ന ഹുജ്റ എന്ന രഹസ്യ വീടുകളിൽ ആയിരുന്നു ഇവർ ജനങ്ങൾക്ക് അധ്യാപനം നൽകിയിരുന്നത്. ഒരേസമയം ഭൗതികമായും മതപരമായും വിദ്യ അഭ്യസിച്ച മുല്ലമാരായിരുന്നു അധ്യാപന രംഗത്ത് ഉണ്ടായിരുന്നത്. ഏത് സമയവും പിടിക്കപ്പെടുകയും ശക്തമായ ശിക്ഷ നേരിടേണ്ടി വരുകയും ചെയ്യാം എന്നതിനെ അവഗണിച്ച് സമിസാദ് എന്ന പേരിലുള്ള മത ഗ്രന്ഥങ്ങൾ ജനങ്ങൾക്ക് അവരുടെ നാട്ടു ഭാഷയിൽ എഴുതി സൗജന്യമായി വിതരണം ചെയ്യുന്നതിലൂടെ ജനങ്ങളുടെ സാക്ഷരത വർദ്ധിപ്പിക്കുകയെന്നതായിരുന്നു ആദ്യ ലക്ഷ്യം. അതിലൂടെ പ്രാഥമിക വിജ്ഞാനം നേടിയെടുത്ത ജനങ്ങള്‍ക്ക് കൂടുതല്‍ വായിക്കാനും പഠിക്കാനും അവസരങ്ങളൊരുങ്ങി.
നീണ്ട ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം സോവിയറ്റ് യൂണിയൻറെ തകർച്ചയോടെ സ്വതന്ത്രരായ മധ്യേഷന്‍ രാജ്യങ്ങളിൽ ഇസ്‍ലാമിക പുനരുത്ഥാനം വളരെ ധ്രുതഗതിയിലാണ് നടന്നത്. മിക്ക രാജ്യങ്ങളിലും സെക്യുലറിസ്റ്റ് ഭരണകൂടങ്ങളാണ് നിലവിൽ വന്നത് എന്ന കാരണത്താൽ തന്നെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ കുറവാണ്. എന്നാലും ഹിസ്ബുതഹ്‍രീര്‍ പോലോത്ത ഇസ്‍ലാമിസ്റ്റ് സംഘടനകളും സ്വകാര്യ ഏജൻസികളും നടത്തുന്ന വിദ്യാഭ്യാസ ജാഗരണ പ്രവർത്തനങ്ങൾ ഇവിടെയുള്ള ഇസ്‍ലാമിക നവോത്ഥാനത്തെ സുഗമവും സത്വരവുമാക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.
Leave A Comment