അൽബേനിയൻ മുസ്‍ലിംകൾ മതസ്വാതന്ത്ര്യം തിരിച്ചുപിടിച്ച വിധം

ഉസ്മാനിയ ഭരണകാലത്താണ് ഇസ്‌ലാം അൽബേനിയയിലെത്തിയത്. ശേഷം അവിടെ നൂറ്റാണ്ടുകളോളം സജീവമായി നിലകൊണ്ട ഇസ്‍ലാമിക വിശ്വാസം, 20-ാം നൂറ്റാണ്ടിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നതോടെ, മറ്റു മതങ്ങളെയെല്ലാം പോലെ വലിയ വെല്ലുവിളികള്‍ക്ക് വിധേയമായി. എന്നാല്‍ അവയെയെല്ലാം അതിജയിച്ച് ഇന്നും അല്‍ബേനിയ മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രമായി തന്നെ തുടരുന്നതിന് പിന്നില്‍, അക്കാലത്തെ മുസ്‍ലിംകളുടെ ധീരവും സമയോചിതവുമായ ഇടപെടലുകളും വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും ആരുമറിയാതെ പുതുതലമുറകളിലേക്ക് പകരാനും അവര്‍ നടത്തിയ വലിയ ശ്രമങ്ങളാണ്. ശേഷം, കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചതോടെ, അടിസ്ഥാന സൗകര്യങ്ങൾ, സാഹിത്യം, വിദ്യാഭ്യാസ സൗകര്യങ്ങൾ, അന്താരാഷ്ട്ര അന്തർദേശീയ ബന്ധങ്ങൾ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിച്ച്  ഇസ്ലാമിനെ അവര്‍ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയുടെ 2020-ലെ ലോക രാഷ്ട്രങ്ങളിലെ മതവിശ്വാസികളുടെ കണക്ക് പ്രകാരം, ഏകദേശം 59 ശതമാനവും മുസ്ലിംകളും 38 ശതമാനം ക്രിസ്താനികളും ബാക്കിയുള്ളത് മറ്റു മതസ്ഥരുമാണ് അല്‍ബേനിയയിലുള്ളത്. വെല്ലുവിളികളെ അതിസാഹസികവും വിജയകരവുമായി അതിജയിച്ച ആ ചരിത്രം പരിചയപ്പെടാം.

അല്‍ബേനിയയുടെ ചരിത്രം:

യൂറോപ്പിലെ ആദ്യത്തെ മുസ്‍ലിം രാഷ്ട്രമാണ് അൽബേനിയ. പണ്ട് മുതൽക്കെ അൽബേനിയയിൽ ജനവാസം ആരംഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുരാതന ഗ്രീക്ക് ഗ്രന്ഥങ്ങളിൽ പോലും നമുക്ക് കാണാം. പണ്ട് കാലത്ത് ഇലീറിയ എന്ന പേരിലാണ് അൽബേനിയ അറിയപ്പെട്ടിരുന്നത്. ഇലീറിയക്കാരിലെ ആൽബനോയി എന്ന വംശത്തിന്റെ പേരിൽ നിന്നാണ് അൽബേനിയ എന്ന ദേശനാമം ലഭിച്ചത്. 14-ആം നൂറ്റാണ്ടിൽ അൽബേനിയയുടെ ചില ഭാഗങ്ങൾ സ്വാതന്ത്ര്യം നേടിയപ്പോൾ മറ്റു ഭാഗങ്ങളിൽ ആഭ്യന്തരകലഹങ്ങൾ ഉടലെടുത്തു. ഈ സമയത്താണ് ഉസ്മാനി ഭരണം അൽബേനിയയിൽ ഇടപെടുന്നത്. 1430-ഓട് കൂടെ അൽബേനിയ പൂർണമായി ഉസ്മാനിയ ഖിലാഫത്തിന്റെ കീഴിലായി. പിന്നീട് നാലര നൂറ്റാണ്ട് വരെ തുർക്കി ഭരണത്തിന് കീഴിൽ അൽബേനിയ മുന്നോട്ട് നീങ്ങി. 

19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ, മുസ്‍ലിം വിരുദ്ധ ശക്തികൾ യൂറോപ്പ്യരുടെ സഹായത്തോട് കൂടെ അൽബേനിയയിൽ അഴിഞ്ഞാടാന്‍ ആരംഭിച്ചു. തുർക്കി ഭരണത്തിനെതിരെ കലാപങ്ങൾ ഇളക്കിവിട്ടു. അങ്ങനെ രാജ്യത്ത് പൊട്ടി പുറപ്പെട്ട ആഭ്യന്തര കലാപങ്ങൾ കണ്ട് ഇതര ബാൽക്കൻ രാജ്യങ്ങൾ ഈ അവസരത്തെ മുതലെടുക്കാൻ ഒരുങ്ങി. ഇതോടെ അൽബേനിയയിൽ ദേശീയതായുദ്ധം ഉടലെടുത്തു. 1912 നവംബർ 28-ന് ഇസ്മാഈൽ കാമിലിയുടെ നേതൃത്വത്തിൽ അൽബേനിയ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. അൽബേനിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടും യൂറോപ്പിലെ വൻശക്തികൾ അടങ്ങിയിരുന്നില്ല. യൂറോപ്പിലെ വൻകിട രാഷ്ട്രങ്ങളായ ബ്രിട്ടൻ, ജർമ്മനി, റഷ്യ, ഓസ്ട്രിയ, ഹംഗറി തുടങ്ങിയവർ അൽബേനിയൻ പ്രശ്നത്തിലിടപ്പെട്ടെങ്കിലും അൽബേനിയയുടെ സ്വാതന്ത്ര്യബോധത്തിന് മുന്നിൽ പിൻവാങ്ങേണ്ടി വരുകയും അവസാനം അൽബേനിയയെ അംഗീകരിക്കാൻ അവർ നിർബന്ധിതരാവുകയും ചെയ്തു. 


അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണം:

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ വരികയും, നേതാവ് എൻവർ ഹോക്സയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മെഹ്മെത് ഷെഹുടെയും അടങ്ങുന്ന കുമ്യൂണിസ്റ് സംഘത്തിന്റെ കീഴിൽ തെക്കൻ അൽബേനിയയിൽ നിന്നുള്ള മുസ്‍ലിംകളും ഭരണത്തിന്റെ ഭാഗമായിരുന്നു. അന്ന് അൽബേനിയയിലെ ജനങ്ങൾ നാല് മതസമൂഹമായിട്ട് വിഭജിക്കപ്പെട്ടിരുന്നു. അന്നത്തെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 72% മുസ്‍ലിംകളും 17.2% ഓർത്തഡോക്സും 10% കത്തോലിക്കരും ആയിരുന്നു. 

അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം ദേശീയ ഐക്യം എന്ന സങ്കൽപ്പത്തിലൂടെ ഒരു ഏകീകൃത അൽബേനിയൻ ഐഡന്റിറ്റി രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഈ മതപരമായ വ്യത്യാസങ്ങളെ മറികടക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു ദേശീയ സ്വത്വം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 

1967 നും 1991 നും ഇടയിലുള്ള കാലത്ത് അൽബേനിയയിലെ മുസ്‍ലിം ജനതയ്ക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. എൻവർ ഹോക്സയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ രാജ്യം സമൂലമായ രാഷ്ട്രീയ സാമൂഹിക പരിവർത്തനങ്ങൾക്ക് വിധേയമായി. ഈ സമയത്ത് നടപ്പിലാക്കിയ നയങ്ങൾ മുസ്‍ലിം സമുദായം ഉൾപ്പെടെയുള്ള മതസമൂഹങ്ങളെ സാരമായി ബാധിച്ചു. 1967-ൽ, അൽബേനിയ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചു. എല്ലാത്തരം മതപരമായ ആവിഷ്കാരങ്ങളെയും ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നയങ്ങളാണ് തുടര്‍ന്ന് അവർ സ്വീകരിച്ചത്. അവരുടെ പ്രധാന ലക്ഷ്യം പള്ളികൾ, മതപാഠശാലകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളെ അടിച്ചമർത്തുകയായിരുന്നു. മസ്ജിദുകൾ അടച്ചുപൂട്ടി പകരം സ്പോർട്സ് ഹാളുകൾ, വെയർഹൗസുകൾ, കളപ്പുരകൾ, റെസ്റ്റോറന്റുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സിനിമാശാലകൾ എന്നിവയാക്കി മാറ്റുക വരെ ചെയ്തു. മതനേതാക്കളെ പീഡിപ്പിക്കുകയും മത വിദ്യാഭ്യാസം നൽകുന്നത് നിരോധിക്കുകയും ചെയ്തു. വെറും ഏഴ് മാസത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം 2,169 മതപരമായ കെട്ടിടങ്ങളും മറ്റ് സ്മാരകങ്ങളും നശിപ്പിച്ചു. അവയിൽ 530 ഓളം ടെക്കുകളും ടർബുകളും ദര്‍ഗകളും ദേവാലയങ്ങളുമായിരുന്നു.

കമ്മ്യൂണിസ്റ്റ് ഭരണം മതവിരുദ്ധ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയെങ്കിലും, മനസ്സില്‍ വിശ്വാസത്തെ മാറ്റി നിര്‍ത്താന്‍ മുസ്‍ലിംകൾ തയ്യാറായില്ല. പരസ്യമായ മതപ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് വെച്ച അവര്‍, തങ്ങളുടെ വിശ്വാസവും ആചാരങ്ങളും രഹസ്യമായി കൊണ്ട് നടക്കുകയും മക്കള്‍ക്ക് അവ യഥാവിധി പകരുകയും ചെയ്തു.

കമ്മ്യൂണിസത്തിന്റെ പതനം:

1985-ൽ അൻവർ ഹോജയുടെ മരണത്തെ തുടർന്ന് റാമിസ്‌ ആലിയയുടെ കാലഘട്ടത്തിൽ അല്‍ബേനിയ കമ്മ്യൂണിസത്തിന്റെ പതനത്തിന് സാക്ഷ്യം വഹിച്ചു. 1992-ൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാർ പരാജയപ്പെട്ടു. അതോടെ, മതസ്വാതന്ത്ര്യം തിരിച്ചുവന്നു. മസ്ജിദുകളും മതപരമായ ആചാരങ്ങളും വീണ്ടും സജീവമായി. തടവിലാക്കപ്പെട്ട ഇമാമുമാർക്കും പണ്ഡിതര്‍ക്കും മോചനം അനുവദിച്ചു. ഏതാനും പതിറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിന് ശേഷം മതസ്വാതന്ത്ര്യം തിരിച്ചെത്തിയതോടെ പൂര്‍വ്വോപരി ആവേശത്തോടെയാണ് ചെറുപ്പക്കാരും പുതുതലമുറയും അവയെ സ്വീകരിച്ചതും നിത്യജീവിതത്തിന്റെ ഭാഗമാക്കിയതും. 

വിശുദ്ധ ഇസ്‍ലാമിന്റെ ഇന്നോളമുള്ള ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് അല്‍ബേനിയയിലും നടന്നത് എന്ന് ചുരുക്കം. അടിച്ചമര്‍ത്തപ്പെടും തോറും കുതിച്ചുയരുകയും തളര്‍ത്തപ്പെടും തോറും വളരുകയും ചെയ്യുന്നതാണ് അതിന്റെ സ്വഭാവം. അത് തന്നെയാണ് അല്‍ബേനിയയിലും ലോകം കണ്ടത്. പലയിടങ്ങളിലും അടിച്ചമര്‍ത്തലുകള്‍ക്കും അപരവല്‍കരണത്തിനും വിധേയമാവുന്ന ഈ വേളയില്‍ നിരാശ ബാധിക്കാതെ മുന്നോട്ട് പോവാന്‍ ഈ ചരിത്രം നമുക്ക് പ്രചോദകമാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter