ജബല്‍ ഹഫീത്, എമിറേറ്റ്സിന്‍റെ നാടുകാണി
മുകള്‍ഭാഗം സന്ദര്‍ശകരാല്‍ നിബിഢമായിരുന്നു. വാഹനങ്ങളില്‍ അത്യുച്ചത്തില്‍ സംഗീതം വെച്ച് അതിനൊപ്പം ചുവടുകള്‍ വെച്ച് നൃത്തം ചെയ്യുന്ന ചെറുപ്പക്കാരെയും അവിടെ കാണാന്‍ സാധിച്ചു. സന്ദര്‍ശകരിലധികവും അല്‍പനേരത്തേക്ക് അതും ആസ്വദിക്കുന്നുണ്ടായിരുന്നു. മലയുടെ ഏറ്റവും മുകളിലെത്തിയതോടെ താഴ്വരക്കാഴ്ചകളുടെ മനോഹാരിത വര്‍ണ്ണനാതീതമായി. വിമാനം പറന്നുയരുമ്പോഴുള്ള അതേ അനുഭൂതിയായിരുന്നു താഴ്വരക്കാഴ്ചകള്‍ സമ്മാനിച്ചത്. കൈയ്യില്‍ ക്യാമറയുമായി വിവിധ സീനുകള്‍ക്ക് പോസ് ചെയ്യുമ്പോഴും സന്ദര്‍ശകരുടെ മുഖത്ത് അല്‍ഭുതം പ്രകടമായിരുന്നു. എന്നെന്നും ബാക്കിയാവുന്ന ആ ഓര്‍മ്മകളെ ഞങ്ങളും ക്യാമറയില്‍ പകര്‍ത്തി.
സൂര്യന്‍ അസ്തമിക്കാറായതോടെ തെരുവുവിളക്കുകള്‍ കണ്‍തുറക്കാന്‍ തുടങ്ങി. വൈദ്യുത വെളിച്ചത്തില്‍ അലംകൃതമായി കിടക്കുന്ന അല്‍ഐന്‍ പട്ടണത്തിന്റെ മനോഹാരിത വര്‍ണ്ണനാതീതമായിരുന്നു. വരണ്ടുണങ്ങിക്കിടക്കുമായിരുന്ന മണല്‍ഭൂമിയാണല്ലോ ഞങ്ങളുടെ മുമ്പില്‍ ഈ പ്രൌഢാഭയായി പ്രകാശം വാരിവിതറിക്കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍, പടച്ച തമ്പുരാനെ അറിയാതെ സ്തുതിച്ചു പോയി. ഈ വിപ്ലവം സാധ്യമാക്കിയ എമിറേറ്റ്സ് ഭരണാധികാരികളുടെ ഇഛാശക്തിക്ക് മുമ്പില്‍ ഒരു വേള മനസ്സാ നമിച്ചുപോയി.
ഇരുള്‍ തുടങ്ങിയതോടെ ഞങ്ങള്‍ മടക്കയാത്ര തിരിച്ചു. താഴോട്ട് വരുംതോറും തെരുവുവിളക്കുകളുടെയും അവയില്‍ മുങ്ങിക്കിടക്കുന്ന പട്ടണത്തിന്റെയും ഭംഗി കൂടുതല്‍ ആസ്വാദ്യമായി തോന്നി.
ശേഷം ഞങ്ങള്‍ പോയത് താഴ്വാരത്തിലുള്ള ഗ്രീന്‍മുബസ്സറയിലേക്കാണ്. പച്ചപ്പുല്ല് കൊണ്ട് തീര്‍ത്ത ഹരിതഭംഗിയാണ് അവിടത്തെ പ്രധാന ആകര്‍ഷണം. മരുഭൂമിയിലെ മരുപ്പച്ച പോലെ തോന്നി ഗ്രീന്‍മുബസ്സറയിലെ പുല്‍ത്തകിടികള്‍. പുല്ലുകള്‍ വിരിച്ച കൊച്ചുകൊച്ചു കുന്നുകളും കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാനായി വിവിധ സൌകര്യങ്ങളും അവിടെ ഒരുക്കിയിരുന്നു.
ഇതിലെല്ലാമുപരി ഞങ്ങളെ അല്‍ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ചയായിരുന്നു അവിടത്തെ ജലധാര. കാലാവസ്ഥാ ഭേദമന്യേ ചൂടുവെള്ളം മാത്രമാണ് അതിലൂടെ ഒഴുകുന്നത് എന്നത് ഏറെ വിസ്മയമായി തോന്നി. ചെറിയൊരു തോടുപോലെ ഒഴുകുന്ന ആ ജലപ്രവാഹത്തില്‍ കാല്‍ വെച്ചിരുന്ന് ആസ്വദിക്കുന്ന നിരവധി പേരെ അതിന്റെ ഇരുവശത്തുമായി കാണാന്‍ സാധിച്ചു. അങ്ങനെ ഇരുന്നാല്‍ കാലിന്‍റെ വിള്ളല്‍ മാറുമെന്ന ഒരു വിശ്വാസവും അവിടെ നിലനില്‍ക്കുന്നുണ്ടത്രെ.
കുട്ടികള്‍ക്ക് വെള്ളം കണ്ടപ്പോള്‍ ആവേശമേറി. കളിക്കാനായി അവര്‍ അതിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ തടഞ്ഞു. അടിഭാഗം നല്ല വഴുവഴുപ്പുള്ളതിനാല്‍ ഇങ്ങിയാല്‍ വീഴുമെന്നറപ്പാണ്.
തിരിച്ചുനടന്നപ്പോള്‍, സ്വദേശികളായ കുറെ ചെറുപ്പക്കാര്‍ തീച്ചൂളക്ക് ചുറ്റുമിരുന്ന് അതിലേക്ക് വീശുകയും ഊതുകയും ചെയ്യുന്നത് കണ്ട് എന്താണെന്ന് അറിയാതെ ഞങ്ങള്‍ ആലോചിച്ചുനിന്നു. അടുത്തേക്ക് ചെന്നുനോക്കിയപ്പോഴാണ് കാര്യം പിടി കിട്ടിയത്. അവര്‍ കോഴിയിറച്ചി ഗ്രില്‍ ചെയ്യുന്ന തിരക്കിലായിരുന്നു. ഗ്രില്ലിങ് കഴിഞ്ഞ് വലിയൊരു വിരിപ്പില്‍ എല്ലാവരും ഒന്നിച്ചിരുന്ന് അറബ് റൊട്ടിയും പെപ്സിയും ചേര്‍ത്ത് ഗ്രില്‍ ചിക്കന്‍ കഴിക്കുന്നത് കണ്ടാല്‍ ആരുടെ വായിലും വെള്ളമൂറിപ്പോവും. സമാനമായി ആസ്വദിക്കുന്ന മലയാളി കൂട്ടങ്ങളെയും അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞു.
പിന്നീട് ഞങ്ങള്‍ പോയത് മറ്റൊരു കാഴ്ചയിലേക്കായിരുന്നു. നിറയെ മല്‍സ്യങ്ങളുള്ള ഒരു തടാകം. നടുവില്‍ ചെറിയൊരു പാലം. പാലത്തിന്റെ ഇരുവശവും നിന്ന് മീനുകള്‍ക്ക് ഭക്ഷണം എറിഞ്ഞുകൊടുക്കുന്ന സന്ദര്‍ശകര്‍. ഭക്ഷണസാധനങ്ങള്‍ കഴിക്കാനായി കൂട്ടത്തോടെ ഓടിക്കൂടുന്ന വലുതും ചെറുതുമായ അനേകം മീനുകള്‍. ആ കാഴ്ച നോക്കിനിന്നപ്പോള്‍ സമയം പോയത് ഞങ്ങള്‍ അറിഞ്ഞതേയില്ല. കുട്ടികളും ഏറെ ആവേശത്തിലായിരുന്നു. കൈയ്യിലുള്ളത് കൊണ്ട് ഞങ്ങളും മീനുകളെ സല്‍ക്കരിച്ചു.
എല്ലം കണ്ട് കഴിഞ്ഞപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. കൂടെയുണ്ടായിരുന്ന പലര്‍ക്കും അബൂദാബിയിലും ദുബായിലുമൊക്കെ എത്താനുള്ളതിനാല്‍ മനമില്ലാമനസ്സോടെ ഞങ്ങള്‍ തിരിച്ചുനടന്നു. അപ്പോഴും മനസ്സില്‍ നിറയെ ജബല്‍ഹഫീതും വളഞ്ഞുപുളഞ്ഞുകിടക്കുന്ന മനോഹരറോഡുകളും തന്നെയായിരുന്നു.



Leave A Comment