തഞ്ചാവൂരിലെ സൂഫിയിടങ്ങള്‍
ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന തഞ്ചാവൂർ തമിഴ്നാട്ടിലെ സഞ്ചാരികളുടെ ഇഷ്ടനഗരങ്ങളിലൊന്നാണ്. തെന്നിന്ത്യൻ ചക്രവർത്തിയായിരുന്ന രാജരാജ ചോളൻ നിർമിച്ച ബൃഹദീശ്വര ക്ഷേത്രത്തിന്റെ പെരുമ തഞ്ചാവൂരിനെ ലോകപ്രശസ്തമാക്കി. ചോള നാളുകളുടെ ചരിത്രത്താളുകളിൽ ആവേശമുണർത്തുന്ന ഭാഗം പടയോട്ടങ്ങളാണ്. പല്ലവരെയും രാഷ്ട്രകൂടരെയും കീഴടക്കിയ, ഗംഗ വരെ വെന്നിക്കൊടി പാറിച്ച, കടലുകടന്ന് ശ്രീലങ്കയും കാദരവും (മലേഷ്യ) ശ്രീവിജയവും (ഇന്തോനേഷ്യ) കീഴടക്കിയ ചോളരുടെ കഥകൾ എങ്ങനെ ആവേശം കൊള്ളിക്കാതിരിക്കും.
അഞ്ചുനിലകളുള്ള ബൃഹദീശ്വര ക്ഷേത്രത്തിന്റെ ആദ്യഗോപുരത്തിന്റെ പേര് 'തിരുവാസൽ കേരളാന്തകൻ' എന്നാണ്. കേരള നാട്ടുരാജാവായിരുന്ന ഭാസ്കര രവിവർമ്മനെ പരാജയപ്പെടുത്തിയതിന്റെ ഓർമയ്ക്കായിട്ടാണത്രേ ഇത് നിർമിച്ചത്. കേരളത്തിലെ ചേരന്മാരെ പരാജയപ്പെടുത്തിയതിൽ ചോളർ അഭിമാനം കൊണ്ടിരുന്നുവെന്നതിലേക്ക് ഇത് സൂചന നൽകുന്നുണ്ട്. 28 വർഷംകൊണ്ടാണ് (എ.ഡി. 985 മുതൽ 1013 വരെ) ഈ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായത്. ശില്പനിർമാണത്തിലും വാസ്തുകലയിലും പതിനൊന്നാം നൂറ്റാണ്ടിലെ ദ്രാവിഡ കലാകാരന്മാർ കൈവരിച്ച ഔന്നത്യത്തിന്റെ നിദർശനമാണ് ഈ നിർമിതി.
പതിമൂന്നാം നൂറ്റാണ്ടോടെ ചോളസാമ്രാജ്യത്തിന്റെ പ്രതാപകാലം അവസാനിച്ചിരുന്നു. പിന്നീട് തഞ്ചാവൂർ പാണ്ഡ്യന്മാരുടെ ഭരണത്തിന് കീഴിലായി. ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ പടത്തലവനായ മലിക് കഫൂറിന്റെ സൈന്യം പാണ്ഡ്യന്മാരെ തോൽപിച്ച് തഞ്ചാവൂർ കീഴടക്കിയിരുന്നു. എന്നാൽ അധികം താമസിയാതെ പാണ്ഡ്യന്മാർ അധികാരം പുനഃസ്ഥാപിച്ചു. പിന്നീട് ഈ നഗരം വിജയനഗരസാമ്രാജ്യത്തിന്റെ അധികാരപരിധിയിലായി. അവരെ തുരത്തി മധുരൈ നായ്ക്കന്മാരും കുറച്ചുകാലം തഞ്ചാവൂർ ഭരിച്ചു. 1675-ൽ ശിവജിയുടെ അർധസഹോദരനായിരുന്ന വെങ്കോജി ബോൺസ്ലെയെന്ന മറാത്ത ജനറൽ തഞ്ചാവൂർ ആക്രമിച്ച് കീഴടക്കി രാജാവായി സ്വയം അവരോധിച്ചു. തഞ്ചാവൂരിന്റെ പ്രൗഢമായ ചരിത്രവും നിർമിതികളും ആസ്വദിക്കാൻ ദിനംപ്രതി നിരവധി സന്ദർശകരാണ് തഞ്ചാവൂരിലേക്ക് ഒഴുകിയെത്തുന്നത്.
തഞ്ചാവൂരിലേക്കുള്ള യാത്ര അതിമനോഹരമായിരുന്നു. വിസ്തൃതമായ കൃഷിയിടങ്ങൾ, ഇടക്ക് വിശാലമായ തരിശു ഭൂമികൾ, ട്രെയിനിന്റെ ജാലകത്തിലൂടെ മിന്നിമറയുന്ന നെൽപ്പാടങ്ങൾ, അവയുടെ നടുവിൽ മാനംമുട്ടെ ഉയർന്നു നിൽക്കുന്ന കരിമ്പനകൾ. ഞാൻ പാലക്കാടൻ ഗ്രാമങ്ങളെ ഓർത്തുപോയി.'ഖസാക്കിന്റെ ഇതിഹാസം' ആസ്വദിച്ച ആരെയും ഈ കാഴ്ചകൾ ഓർമകളിലേക്ക് ആനയിക്കും.'തസ്രാക്കിന്റെ' വീഥികൾക്കരികെ പാടത്ത് തല ഉയർത്തി നിൽക്കുന്ന കരിമ്പനക്കൂട്ടങ്ങൾ എന്റെ മനസ്സിൽ ഓടിയെത്തി.ഒ വി വിജയൻ എന്ന സാഹിത്യപ്രഭുവിന്റെ തൂലികയിൽ നിന്ന് 'ഖസാക്കിന്റെ ഇതിഹാസം' പൊട്ടിവിടർന്നതിൽ 'തസ്രാക്ക്' എന്ന പാലക്കാടൻ ഗ്രാമം വഹിച്ച പങ്ക് ചെറുതല്ല. അത്തരം ഗ്രാമങ്ങളിലൂടെയാണ് എന്റെ യാത്ര. തണുപ്പുള്ള വയലുകൾ നിറഞ്ഞയിടം എന്നാണ് തഞ്ചാവൂരിന് തമിഴിൽ അർഥം. എന്നാൽ തഞ്ചൈ മുത്തരയർ എന്ന് പേരുള്ള അസുരൻ ഉണ്ടായിരുന്നുവെന്നും അങ്ങനെയാണ് ഈ പേര് വന്നതെന്നും ഒരു ഐതിഹ്യമുണ്ട്(1). തഞ്ചാവൂരിന്റെ ചരിത്രത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ സൂഫിയിടങ്ങളെ തേടിയാണ് എന്റെ യാത്ര.ഹസ്രത്ത് സയ്യിദ് ബാബ ശംസ് പീർ ഔലിയ(റ)വിന്റെ ദർഗ ലക്ഷ്യമാക്കി ഞാൻ നടന്നു. ദർഗക്ക് സമീപം ശംസ് മൻസൂർ(റ), ശാഹ് ഗരീബ് ദീവാൻ (റ) അടക്കമുള്ള ധാരാളം മഹാന്മാരുടെ മഖ്ബറകൾ കാണാം. ഈ മഹാന്മാരുടെ ജീവിത ചരിത്രങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും തൃപ്തികരമായ ഒന്നും ലഭിച്ചില്ല. തമിഴ്നാടിന്റെ മണ്ണിൽ അന്തിയുറങ്ങുന്ന മഹാന്മാരുടെ മുഴുവൻ ചരിത്രവും പഠിക്കുകയെന്നത് അതിസാഹസികത ആയിരിക്കും, ഒരു പക്ഷെ അസാധ്യവും.
സയ്യിദ് ഷാഹുൽ ഹമീദ്(റ)
തഞ്ചാവൂരിലെ മുസ്‍ലിം സംസ്കൃതിയുടെ വേരുകൾ നാഗൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ സയ്യിദ് ഷാഹുൽ ഹമീദ്(റ)വിന്റെ ജീവിതവുമായി ഇഴകിച്ചേർന്നതാണ്. മഹാനവർകളും ശിഷ്യന്മാരും തഞ്ചാവൂർ കേന്ദ്രീകരിച്ചുകൊണ്ട് ഇസ്‍ലാമിക പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ത്രിച്ചിയിലെ ത്വബലെ ആലം ബാദുഷ (റ)വിന്റെ ദർഗ സന്ദർശിച്ചതിനു ശേഷമാണ് നാഗൂർ ശൈഖ്(റ) തഞ്ചാവൂരിൽ എത്തിയത്. അന്ന് നായക്ക രാജാക്കന്മാരിൽ പെട്ട അച്ചുതപ്പ നായക്കനായിരുന്നു തഞ്ചാവൂർ ഭരിച്ചിരുന്നത്. അദ്ദേഹം നിത്യരോഗം മൂലം കിടപ്പിലായിരുന്നു. രാജാവിനെ ചികിത്സിക്കാൻ പല വൈദ്യന്മാരും കൊട്ടാരത്തിലെത്തി. പക്ഷേ എത്ര ചികിത്സിച്ചിട്ടും രോഗം സുഖപ്പെട്ടില്ല. ആയിടക്ക് നാഗൂർ ശൈഖ്(റ)വിന്റെ ജീവിതത്തെക്കുറിച്ചും അത്ഭുത സിദ്ധികളെ കുറിച്ചും തഞ്ചാവൂരിലെ മന്ത്രി കേൾക്കാനിടയായി. അദ്ദേഹം പ്രസ്തുത വിവരം രാജാവിനേയും രാജ്ഞിയേയും അറിയിച്ചു. രാജ്ഞിയുടെ നിർദ്ദേശപ്രകാരം, മന്ത്രി കൊട്ടാരത്തിൽ നിന്ന് രണ്ടു മൈൽ അകലെ തമ്പടിച്ചിരിക്കുന്ന നാഗൂർ ശൈഖിന്റെ സന്നിധിയിൽ ചെന്നു. രാജാവിന്റെ രോഗത്തെക്കുറിച്ച് സങ്കടം ബോധിപ്പിച്ചു. നാഗൂർ ശൈഖ് ഒരു നിമിഷം കണ്ണുകളടച്ച് മൗനം പാലിച്ചു. ശേഷം തന്റെ മകനായ യൂസുഫ്(റ)നോട് മന്ത്രിയുടെ കൂടെ കൊട്ടാരത്തിലേക്ക് പോവാൻ ആവശ്യപ്പെട്ടു. യൂസഫ് (റ) മന്ത്രിയുടെ കൂടെ കൊട്ടാരത്തിലെത്തി രാജാവിനെ സന്ദർശിക്കുകയും രോഗ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
തിരിച്ചെത്തിയ മകനോട് നാഗൂർ ശൈഖ് ചോദിച്ചു: മോനേ.. രാജാവിന് എങ്ങനെയുണ്ട്? രാജാവിന് മാറാരോഗമായിട്ട് ഒന്നും തന്നെയില്ല എന്നായിരുന്നു മകന്റെ മറുപടി. ഉടനെ മന്ത്രിയെയും സേനാ നായകനെയും വിളിച്ച് നാഗൂർ ശൈഖ് പറഞ്ഞു: നിങ്ങളിരുവരും ഇപ്പോൾതന്നെ കൊട്ടാരത്തിലേക്ക് പുറപ്പെടുക. കൊട്ടാരത്തിന്റെ മുകളിലത്തെ നിലയിലുള്ള പ്രാവുകളുടെ കൂട്ടത്തിൽ അവശനിലയിലായ ഒരു പ്രാവുണ്ട്. അതിനെയും രാജാവിനെയും താമസിയാതെ ഇവിടെ എത്തിക്കുക. ആജ്ഞപ്രകാരം മന്ത്രിയും സൈനികരും ചേർന്ന് രാജാവിനേയും പ്രാവിനേയും ബഹുമാനപ്പെട്ടവരുടെ സന്നിധിയിൽ എത്തിച്ചു. രാജാവിന്റെ രോഗം സുഖപ്പെടുത്തുവാൻ ഒരു ദിവ്യൻ വന്നിട്ടുണ്ടെന്ന വാർത്ത നാട്ടിലെങ്ങും പരന്നു. ധാരാളം ആളുകൾ ശൈഖിന്റെ സന്നിധിയിലേക്ക് ഒഴുകിയെത്തി. ശൈഖവർകൾ അവശനിലയിലായ പ്രാവിനെ എടുക്കുകയും അതിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, മാരണത്തിന്റെ ഭാഗമായി ശത്രുക്കൾ തറച്ച ഇരുമ്പ് സൂചികൾ എടുക്കുകയും ചെയ്തു. ഇരുമ്പ് സൂചികൾ മുഴുവനായും എടുത്തപ്പോൾ രാജാവിന്റെ കൈകാലുകൾ അനങ്ങുകയും രോഗം പൂർണമായും സുഖപ്പെടുകയും ചെയ്തു. രോഗം മാറിയ സന്തോഷത്തിൽ വെള്ളിനാണയങ്ങളും സ്വർണ്ണാഭരണങ്ങളും രാജാവ് ശൈഖിന് സമ്മാനിച്ചു. പക്ഷേ മഹാനവർകൾ അതൊന്നും സ്വീകരിച്ചില്ല. പകരം രാജപരിധിയിൽപ്പെട്ട ഏതെങ്കിലും ഒരു സ്ഥലത്ത് താമസിക്കാനുള്ള അനുവാദം ചോദിച്ചു. അപ്പോൾ തന്നെ നാഗൂർ ശൈഖിനും(റ) ശിഷ്യന്മാർക്കും താമസിക്കാനുള്ള ഭൂമി രാജാവ് പതിച്ചു നൽകി. സന്താന സൗഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ശൈഖിനോട് രാജ്ഞി അഭ്യർത്ഥിച്ചു. അത് പ്രകാരം ബഹുമാനപ്പെട്ടവർ പ്രാർത്ഥിക്കുകയും ജനങ്ങൾക്ക് ഉപദേശങ്ങൾ നൽകുകയും ചെയ്തു (2).
തഞ്ചാവൂരിൽ നിന്നും യാത്ര തിരിച്ച സയ്യിദ് ഷാഹുൽ ഹമീദ് (റ)വും ശിഷ്യന്മാരും തിരുവാളൂരിൽ എത്തിച്ചേർന്നു. ആ സമയത്ത് ഹിന്ദുക്കളുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി തേരിൽ പ്രതിമ എഴുന്നള്ളിച്ചുള്ള ഘോഷയാത്ര നടക്കുകയായിരുന്നു. ആ കാഴ്ച വഴിയിലൂടെ കടന്നുപോകുന്ന ശൈഖവർകൾ കാണാനിടയായി. ഉടനെ ശൈഖിന്റെ മുന്നിൽ തേര് നിശ്ചലമായി. പൂജാരികളുടെ നേതാവായ കനക സബായ് പാണ്ടാരം എന്ന പേരിൽ അറിയപ്പെടുന്ന സ്വാമിജി ശൈഖിനെ സമീപിച്ച് പറഞ്ഞു: ഞങ്ങളുടെ പതിവനുസരിച്ചുള്ള ഘോഷയാത്രയാണിത്. പതിനായിരം പേർ തെളിക്കുന്ന തേര് ഇരുപതിനായിരം പേർ വലിച്ചിട്ടും നീങ്ങുന്നില്ല. അങ്ങയുടെ ശാപം കാരണമാണെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഉടനെ ശൈഖ് പറഞ്ഞു: അങ്ങനെയോ... എന്നാൽ നീ ദൂരെ പോവുക. ശൈഖ് വടിയെടുത്ത് തേരിന് ഒരടി കൊടുത്തു. അതോടെ തേര് വേഗത്തിൽ ഓടാൻ തുടങ്ങി. ഈ അത്ഭുത സംഭവങ്ങൾ അറിഞ്ഞ ഒരു വയോധികനായ ബ്രാഹ്മണൻ ശൈഖിന്റെ സന്നിധിയിൽ ചെന്ന് പരാതി ബോധിപ്പിച്ചു: ശൈഖവർകളേ, എന്റെ ചെലവുകൾക്കെല്ലാം തികയുന്ന സമൃദ്ധമായ ഒരു തെങ്ങിൻതോപ്പ് എനിക്കുണ്ടായിരുന്നു. എന്നാൽ ഇക്കാലത്തെ ഭീകരമായ വരൾച്ച നിമിത്തം തെങ്ങുകൾ ഉണങ്ങി കരിഞ്ഞു പോയി. എന്റെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. എനിക്ക് തൊഴിലോ കച്ചവടമോ വശമില്ല. എന്റെ വീട്ടിലെ അടുപ്പിൽ തീ പുകഞ്ഞിട്ട് നാളുകൾ ഏറെയായി. അങ്ങ് ഈ വിപത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണം. ആ പാവപ്പെട്ടവന്റെ അഭ്യർത്ഥന സ്വീകരിച്ച് നാഗൂർ ശൈഖ്(റ) പ്രാർത്ഥിച്ചു. അത്ഭുതകരമെന്ന് പറയട്ടെ, വരണ്ടുണങ്ങിയ തെങ്ങുകൾ പെട്ടെന്ന് തന്നെ പച്ചപിടിച്ചു. പൂർവ്വോപരി നാളികേരം കായ്ക്കുകയും ബ്രാഹ്മണന്റെ കഷ്ടകാലം അവസാനിക്കുകയും ചെയ്തു.
കൊടൈക്കൽ
തിരുവാളൂരിൽ നിന്നും കിഴക്കോട്ട് യാത്ര തിരിച്ച നാഗൂർ ശൈഖ്(റ)വും ശിഷ്യഗണങ്ങളും വഴിമധ്യേ ഒരു കൃഷി സ്ഥലത്ത് വിശ്രമിച്ചു. അതിനിടെ ശൈഖ് ഫാത്തിഹ ഓതി ഹദിയ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ശിഷ്യന്മാർ ചോദിച്ചു: അങ്ങ് ആർക്കാണ് ഈ വിജനമായ സ്ഥലത്ത് വെച്ച് പ്രാർത്ഥിച്ചത്? ഇവിടെ ഖബറിന്റെ അടയാളമൊന്നും കാണുന്നില്ലല്ലോ....
ശൈഖ് പറഞ്ഞു:" ഇസ്രാഈൽ സന്തതികളിൽ ധാരാളം ഔലിയാക്കൾ ഉണ്ടായിരുന്നു. അവരിൽ രണ്ടുപേരുടെ മഖ്ബറ ഇവിടെയുണ്ട്. ശൈഖ് അബ്ദുൽ റന്നാഹുൽ ഇസ്രാഈലി (റ), ശൈഖ് അബ്ദു റസ്സാഖുൽ ഇസ്രാഈലി (റ) എന്നിവരുടെ ഖബറുകളാണ് ഇവിടെയുള്ളത്. അടുത്തകാലത്ത് അവ തിരിച്ചറിയപ്പെടും. സന്ദർശകർ ഇവിടെ അധികരിക്കും. മാത്രമല്ല അവരുടെ കറാമത്തുകൾ മുഖേന അനവധി മനുഷ്യർക്ക് അനുഗ്രഹം ലഭിക്കുകയും ചെയ്യും. അവർക്കാണ് ഞാൻ ഫാത്തിഹ ഓതിയത്". നീളമുള്ള ഇരു കബറുകൾക്ക് പുറമേ കൊടയ്ക്കൽ പാളയത്ത് 60 അടി നീളമുള്ള മഹാന്റെ മറ്റൊരു ഖബ്റും കാണാം. കൊടൈക്കൽ ബാബ എന്നാണ് തമിഴർ അവരെ വിളിക്കുന്നത്. 60 അടി ബാബ എന്ന പേരിലും അവർ അറിയപ്പെടുന്നുണ്ട്. ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. അന്ത്യ പ്രവാചകൻ മുത്ത് റസൂൽ(സ്വ)യുടെ കാലത്തിനു മുമ്പേ കടന്നുപോയ മുൻകാല സമുദായങ്ങളിൽപെട്ട പല മഹാരഥന്മാരും ഇന്ത്യയുടെ പല ഭാഗങ്ങളിലും അന്ത്യവിശ്രമം കൊള്ളുന്നതായി കരുതപ്പെടുന്നുണ്ട്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം മഹാരഥന്മാരുടെ ഖബറുകൾ കാണാവുന്നതാണ്.
പാപ്പാവൂർ
നാഗൂർ ശൈഖ് ഷാഹുൽ ഹമീദ്(റ)വിന്റെ പ്രധാന ഖലീഫയായിരുന്ന അലാവുദ്ദീൻ(റ)വിന്റെ മഖ്ബറയാണ് പാപ്പാവൂരിൽ സ്ഥിതി ചെയ്യുന്നത്. ബഹുമാനപ്പെട്ടവർ ചിശ്തി ത്വരീഖത്തിന്റെ ശൈഖായിരുന്നു. നാഗൂർ ശൈഖും സംഘവും യാത്രാമധ്യേ നാഗപട്ടണത്തിനടുത്തുള്ള പാപ്പാവൂരിൽ താമസിച്ചിരുന്നു. പാപ്പാവൂരിലെ ഒരു വലിയ വ്യാപാരി ശൈഖിനെയും അനുയായികളെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. സമൃദ്ധമായ സൽക്കാരം നൽകി. ശേഷം ആ വ്യാപാരി ശൈഖിനോട് പറഞ്ഞു: ബഹുമാനപ്പെട്ടവരേ, എന്റെ വലിയ രണ്ട് കപ്പലുകള്‍ ചരക്കുമായി ബത്താവിയിലേക്ക് പോയിട്ടുണ്ട്. അപകടം കൂടാതെ അവ തിരിച്ചു വരാൻ അങ്ങ് പ്രാർത്ഥിക്കണം.
ഉടനെ തന്നെ ശൈഖ് രണ്ട് തലയിണ എടുത്തു പുറത്തേക്കു നടന്നു. ഒന്നും മനസ്സിലാകാതെ വീട്ടുടമസ്ഥൻ ഒരു തലയിണ അവിടെ വെച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. ഉടമയുടെ മനോഗതം മനസ്സിലാക്കിയ ശൈവർകൾ ഒരു തലയിണ തിരിച്ചു നൽകി. മറ്റേ തലയിണയുമായി വിജനമായ ഭൂമിയിലെത്തി ശക്തിയായി അന്തരീക്ഷത്തിലേക്ക് എറിഞ്ഞു തിരിച്ചു പോന്നു. ദിവസങ്ങൾക്ക് ശേഷം ഒരു കപ്പൽ തിരിച്ചുവന്നു. രണ്ടാമത്തെ കപ്പലിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. രക്ഷപ്പെട്ട കപ്പലുകാർ പറഞ്ഞു: ഞങ്ങൾ യാത്ര ചെയ്യവേ കപ്പലിന്റെ അടിഭാഗത്ത് സാരമായ കേടു പറ്റി വെള്ളം ഇരച്ചു കയറാൻ തുടങ്ങി. അത്ഭുതകരമെന്ന് പറയട്ടെ, പെട്ടെന്ന് വെള്ളത്തിന്റെ തള്ളിക്കയറ്റം നിലക്കുകയും അപകടത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെടുകയും ചെയ്തു. ഈ വിവരം ശൈഖിനോട് വീട്ടുടമ വിവരിച്ചു. ചെയ്തവർകൾ പറഞ്ഞു: ഞാൻ രണ്ട് തലയിണ എടുത്തപ്പോൾ താങ്കളതിൽ അതൃപ്തി പ്രകടിപ്പിച്ചത് കാരണം ഒന്ന് അവിടെത്തന്നെ വെക്കേണ്ടി വന്നു. രണ്ടും എടുത്തിരുന്നുവെങ്കിൽ രണ്ട് കപ്പലിന്റെയും ദ്വാരം അടയുമായിരുന്നു. അല്ലാഹു ഉദ്ദേശിച്ചത് പ്രകാരം നടന്നു. അവന്റെ ഖളാഇൽ നീ ക്ഷമിക്കുക (3).
ഒട്ടേറെ ഓർമകളും പേറിയാണ് പാപ്പാവൂരിൽ നിന്ന് നാഗൂരിലേക്ക് യാത്ര തിരിച്ചത്. നാഗൂരിലേക്കുള്ള ഈ യാത്ര എന്നെ ആവേശഭരിതനാക്കുന്നതിന് ഒരു കാരണമുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയിലെ എന്റെ അഭിവന്ദ്യ ഗുരുവര്യർ അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ നാഗൂർ ശൈഖിനെക്കുറിച്ച് പറഞ്ഞു തന്ന 'മവാഹിബുൽ മജീദ് ഫീ മനാഖിബി ഷാഹിൽ ഹമീദ്' എന്ന അറബി ഗ്രന്ഥവും 1964ൽ ആമിന ബുക്സ് പുറത്തിറക്കിയ 'മനാഖിബ് ശാഹുൽ ഹമീദ് ന്നാഹൂരി(റ)'എന്ന മലയാള പുസ്തകവും വായിച്ചിട്ടുള്ള യാത്രയാണിത്. ചരിത്രകഥകളിൽ കേട്ട ഒരു നഗരത്തെക്കുറിച്ച് മനസ്സിൽ ഒരു ഭാവനാലോകം തന്നെ സൃഷ്ടിക്കപ്പെടുമല്ലോ. യഥാര്‍ത്ഥത്തില്‍ ആ ഭാവനാലോകത്തേക്കായിരുന്നു എന്റെ ഈ യാത്ര എന്ന് പറയുന്നതാവും ശരി.
റഫറൻസുകൾ
1.കെ.വിശ്വനാഥ്, ചോളന്‍ വാണ തഞ്ചാവൂര്‍, മാതൃഭൂമി 22/10/2018
2. വിവർത്തനം വെള്ളായണി കുമാരസ്വാമി,ജ്ഞാന പ്രകാശകൻ നാഗൂർ ദാനപ്രഭു സയ്യിദ് ഷാഹുൽ ഹമീദ്(റ), ഹാജി അലി ഹസ്സൻ സാഹിബ് ഫൈസി, നാഗൂർ, 2002
3.കുഞ്ഞി മുഹമ്മദ് ഫൈസി വലിയ പറമ്പ്, ദക്ഷിണേന്ത്യൻ സിയാറത്ത് ഡയറി, ഇർഷാദ് പബ്ലിക്കേഷൻസ്, 1998
Leave A Comment