പിരമിഡുകളുടെ നാട്ടിലൂടെ...
ഞാന്‍ ജാമിഅയില്‍ പഠിക്കുന്ന കാലം.. അന്നൊരു ബുധനാഴ്ചയായിരുന്നു. ജാമിഅയില്‍ നിന്ന് ഒരു ഫോണ്‍കോളുണ്ടെന്ന് അടുത്ത വീട്ടിലെ കുട്ടി വന്നുപറഞ്ഞപ്പോള്‍ വേഗം ചെന്നു... ഓഫീസ് സെക്രട്ടറി അബൂക്കയായിരുന്നു ഫോണിന്റെ മറുതലക്കല്‍. ഏറെ സന്തോഷത്തോടെ അദ്ദേഹം ആ വിവരം കൈമാറി, നിങ്ങള്‍ക്ക്‌ ഒന്‍പതാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സെലക്ഷന്‍ ലഭിച്ചിരിക്കുന്നു ഒരു വേള കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. എന്റെ മനസ്സ് നിറയെ ഈജിപ്തായിരുന്നു. ഖുര്‍ആനില്‍ മിസ്വര്‍ എന്ന് പരാമര്‍ശിക്കപ്പെട്ട ചരിത്ര പാഠങ്ങളുടെ ലോകം... ചെങ്കടലും സൂയസ് കനാലും അസ്ഹറും കൈറോ സര്‍വകാശാലയും അതിലപ്പുറം ഫറോവയെന്ന പ്രതിയോഗിയുടെ കേള്‍ക്കപ്പെട്ട മുഖവുമെല്ലാം മനസ്സില്‍ മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നു. സ്കൂളില്‍ എഴാം ക്ലാസില്‍ ടീച്ചര്‍ ഈജിപ്ഷ്യന്‍ സംസ്കാരത്തെ വാതോരാതെ പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍, അന്നേ മനസ്സ്‌ പറഞ്ഞിരുന്നു, ഈ രാജ്യമൊക്കെ കാണാന്‍ അവസരമുണ്ടയിരുന്നെങ്കിലെന്ന്. ഇന്ന് നാഥന്‍ അത് സാക്ഷാല്‍കരിച്ചിരിക്കുന്നു, അതും ഖുര്‍ആന്‍ പഠിച്ചതിന്റെ ആദരവായി. ജാമിഅയില്‍ ചെന്ന് സെലക്ഷന്‍ ലെറ്റര്‍ കൈപറ്റി. ഈജിപ്ത് ഔഖാഫും അസ്ഹര്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലേക്ക് ഇന്ത്യയില്‍നിന്ന് രണ്ടു പ്രതിനിധികളാണ് ആ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത്‌. ഡല്‍ഹി എംബസിയില്‍ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു ഈജിപ്തിലേക്ക് പറന്നു. എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസ്സിലെ ആദ്യവിമാന യാത്ര ഏറെ അനുഭൂതിദായകമായിരുനു. വിമാനം ദുബായില്‍ ലാന്‍ഡ്‌ ചെയ്തു. അവിടെ നിന്ന് ഈജിപ്ത് എയറില്‍ കൈറോവിലേക്ക്. കൈറോ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കണ്ണുകളെ  വിശ്വസിക്കാനായില്ല .സ്യൂട്ടും കോട്ടും ധരിച്ച ഉദ്യോഗസ്ഥര്‍ ഞങ്ങളെ സ്വീകരിക്കാന്‍ നേരത്തെ അവിടെ എത്തിയിരുന്നു. ക്ലിയറന്‍സ് പൂര്‍ത്തിയാക്കുന്നതും ലഗ്ഗേജ്‌ എടുക്കുന്നതും എല്ലാം അവര്‍ തന്നെ. ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നു. എല്ലാം ഔഖാഫിന്റെ ഉദ്യോഗസ്ഥര്‍. അവസാനം അവര്‍ ഒരു സ്റ്റിക്കര്‍ എന്റെ കോട്ടില്‍ പിടിപ്പിച്ചു. ആ കണ്ടംവെച്ച കോട്ട് വായ്പ വാങ്ങിയതാണെന്ന് അവര്‍ക്കറിയില്ലല്ലോ. ഞാന്‍ ആ സ്റ്റിക്കറില്‍ എഴുതിയത് വായിച്ചു നോക്കി, vip participant എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പിന്നെ എയര്പോര്‍ടില്‍ നിന്ന് ഗ്രീന്‍ ചാനല്‍ വഴി നേരെ പുറത്തേക്ക്. എന്‍റെ ലഗേജ് പിടിച്ചിരിക്കുന്നത് പോലും ഉദ്യോഗസ്ഥരാണ്. പുറത്ത് ഞങ്ങളെ കാത്ത് വളരെ മനോഹരമായ ആഢംബര വാഹനം നില്‍ക്കുന്നുണ്ടായിരുന്നു. അതില്‍കേറി നേരെ  ദാറുല്‍ മുശാത്‌ എന്ന കൈറോയിലെ സ്റ്റാര്‍ ഹോട്ടലിലേക്ക്‌ പോകുമ്പോള്‍ ഞാന്‍ ചിന്തയിലായിരുന്നു. ഇന്നു ഞാന്‍ V.I.P ആയിരിക്കുന്നു. പാലക്കാട്‌ ജില്ലയിലെ       തിരുമിറ്റക്കോട് പഞ്ചായത്തിലെ പെരിങ്ങന്നൂര്‍ ഗ്രാമത്തിലെ ചെറ്റക്കുടിലില്‍ നിന്നെത്തിയ ഞാന്‍ എങ്ങനെ VIP ആയി. ഉത്തരത്തിനായി മനസ്സ്‌ പിറകോട്ടടിച്ചു. 1985-ല്‍ ഉപ്പയുടെ കൈയ്യും  പിടിച്ച് തൃശൂര്‍ ജില്ലയിലെ മാലിക്‌ ദീനാര്‍ ഇസ്ലാമിക്‌ കോംപ്ലക്സിലെ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക്‌ ഹാഫിളാകാന്‍ വേണ്ടി പോകുമ്പോള്‍ ഉപ്പ പറഞ്ഞത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. മോന്‍ ഹാഫിളാകാന്‍ പോവുകയാണ്, ഹാഫിളും ആലിമുമായാല്‍ വലിയ ആളാവും. ആളുകളെല്ലാം മോനെ ബഹുമാനിക്കും. ഉപ്പയുടെ ആ വാക്കുകളാണല്ലോ ഇവിടെ പുലര്‍ന്നിരിക്കുന്നതെന്ന് ഓര്‍ക്കും തോറും കണ്ണുകളില്‍ അറിയാതെ നനവ് പടരുന്നുണ്ടായിരുന്നു. ഒരു മാസത്തെ ഈജിപ്ത് ജീവിതത്തില്‍ ഒരു പാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചു. ഇമാം ശാഫി(റ), സകരിയ്യല്‍ അന്‍സാരി(റ), നഫീസതുല്‍ മിസ്രിയ (റ) തുടങ്ങി പല പ്രമുഖരും അന്ത്യവിശ്രമം കൊള്ളുന്നത് ഈജിപ്തിലാണല്ലോ. അവിടങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി. അവസാനം അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ വിജയിച്ച് പ്രസിഡന്റ്‌ ഹുസ്നി മുബാറകില്‍ നിന്ന് ശൈഖുല്‍ അസ്ഹര്‍ തന്‍ത്വാവിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ കാശ് പ്രൈസ് ഏറ്റു വാങ്ങുമ്പോഴും, പിതാവിന്റെ ആ വാക്കുകള്‍ ശ്രവണപുടങ്ങളില്‍ അലയടിക്കുന്നുണ്ടായിരുന്നു. ഒപ്പം വിശുദ്ധ ഖുര്‍ആനിന്റെ മഹത്വവും. അതേ സമയം, ഈ സൌഭാഗ്യമെല്ലാം കാണാന്‍ കാത്ത് നില്‍ക്കാതെ ഉപ്പ പിരിഞ്ഞുപോയല്ലോ എന്ന സങ്കടവും മനസ്സിന്റെ ഏതോ മൂലയില്‍ ചെറുതായി നീറിക്കൊണ്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter