കോയമ്പത്തൂർ തെരുവുകളും കഥ പറയുന്ന മിനാരങ്ങളും

മുസ്‍ലിം പാരമ്പര്യത്തിന്റെ ഒട്ടേറെ ബാക്കിവെപ്പുകളോടൊപ്പം, ചരിത്രത്തിന്റെ നടുക്കുന്ന ചില ഓര്‍മ്മകളും കോയമ്പത്തൂരിനും ആ പാതക്കും പറയാനുണ്ട്. അവയെല്ലാം തേടിയുള്ള ഒരു യാത്രയാണ് ഇത്.
 
വേനലിന്റെ തീക്ഷ്ണമായ ചൂട് മുന്നോട്ടു കുതിക്കും തോറും കുറഞ്ഞു വരുന്നതായി തോന്നി. വയലുകളുടെ പച്ചപ്പും നദികളുടെ ഒഴുക്കും ആട്ടിൻപറ്റങ്ങളുടെ കശപിശയും ഒരുപക്ഷേ മനസ്സിന്റെ ചൂടിനെ ശമിപ്പിച്ചിട്ടുണ്ടാകും. നീണ്ടുകിടക്കുന്ന തരിശുപാടങ്ങൾ, വയലിൽ മേയുന്ന കന്നുകാലികൾ, കഠിനദ്ധ്വാനം ചെയ്യുന്ന കർഷകർ, പൂത്തു നിൽക്കുന്ന മരങ്ങൾ. മൺസൂൺ കാലത്താണ് പാലക്കാട് കോയമ്പത്തൂർ റെയിൽപാത ദൃശ്യ വിസ്മയം സൃഷ്ടിക്കാറുള്ളത്. പച്ചപ്പിൽ കുളിച്ച ഉപരിതലവും ചാലിട്ടൊഴുകുന്ന അരുവികളും അക്കാലത്ത് ഈ റൂട്ടിൽ നിത്യകാഴ്ചയാണ്. കാരക്കാട് റെയിൽവേ സ്റ്റേഷൻ എത്തുന്നതിന്റെ തൊട്ടുമുമ്പ് ഭാരതപ്പുഴ നൽകുന്ന ദൃശ്യാനുഭൂതി കാണേണ്ടതു തന്നെയാണ്. ഈ റെയിൽ പാതയെ മനോഹരമാക്കുന്നതിൽ ഇടതൂർന്ന വൃക്ഷങ്ങൾക്കും ഉയർന്ന മലനിരകൾക്കുമുള്ള പങ്ക് ചെറുതല്ല. വാളയാറിൽ എത്തുന്നതിനു മുമ്പ് തന്നെ വ്യത്യസ്തമായ തമിഴ്നാടൻ ഭൂപ്രകൃതി പ്രകടമായി കാണാം. റെയിൽപാളത്തിന്റെ തൊട്ടടുത്തായി പുല്ലു തിന്നുന്ന പശുക്കൾക്ക് ട്രെയിനിന്റെ വരവും ഹോണും പരിചിത ദൃശ്യങ്ങൾ മാത്രമാണ്. 

വാഗൺ കൂട്ടക്കൊല


Podannur junction railway സ്റ്റേഷനിലൂടെ ട്രെയിൻ കടന്നു പോയപ്പോൾ വാഗൺ കൂട്ടക്കൊലയുടെ ചരിത്ര സംഭവങ്ങൾ മനസ്സിലൂടെ ഓടിമറഞ്ഞു. ഇന്ത്യാ ചരിത്രത്തിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊലകളിൽ ഒന്നാണ് വാഗൺ കൂട്ടക്കൊല. അത് കേവലം ട്രാജഡി (ദുരന്തം) ആയിരുന്നില്ല. മറിച്ച് ബോധപൂർവ്വമുള്ള കൂട്ടക്കൊല തന്നെയായിരുന്നു. 1921 ലെ മലബാർ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പിടിയിലായവരെ, തിരൂർ സബ് ജയിലിലും മലബാറിലെ മറ്റു ജയിലുകളിലും സ്ഥലമില്ലാത്തത് കാരണം 100 അംഗങ്ങൾ വീതമുള്ള സംഘങ്ങളായി ബെല്ലാരിയിലേക്ക് ട്രെയിനിൽ അയക്കാൻ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു. അങ്ങനെ നിരവധി തവണ തടവുകാരെ ചരക്കു വാഗണിൽ കൊണ്ടുപോയി. മദ്രാസ്- ദക്ഷിണ മറാത്ത റെയിൽവേയുടെ എൽ വി 1711 എന്ന ചരക്ക് വാഗണാണ് തടവുകാരെ കൊണ്ടുപോകാൻ 1921 നവംബർ 19ന് ഉപയോഗിച്ചിരുന്നത്. തടവുകാരെ ബെല്ലാരിയിലേക്ക് അയക്കാനുള്ള ചുമതല സർജന്റ്  ആൻഡ്രൂസിനായിരുന്നു. കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന  ട്രെയിൻ നവംബർ 19ന് സന്ധ്യയ്ക്ക് 7:15 ന് തിരൂരിൽ എത്തി. 100 പേരെ അതിൽ കുത്തിനിറച്ചു. അതിൽ 97 മുസ്‍ലിംകളും മൂന്ന് ഹിന്ദുക്കളും ഉണ്ടായിരുന്നു.

3 അറകളുള്ള വാഗൺ ഇരുമ്പു കൊണ്ടും മരപ്പലകകൾ കൊണ്ടും നിർമ്മിച്ചതായിരുന്നു. ട്രെയിൻ 8:40ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും തടവുകാർ അവശരായി കഴിഞ്ഞിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് പരിഗണിച്ചതേയില്ല. രാത്രി 12:30ന് ട്രെയിൻ പോത്തന്നൂരിൽ (podannur) എത്തി. അപ്പോഴേക്കും 56 പേർ മരണപ്പെട്ടിരുന്നു. ഈ 56 മൃതദേഹങ്ങൾ അതേ വാഗണിൽ കുത്തിനിറച്ചു തിരൂരിലേക്ക് തിരിച്ചയച്ചു. ബാക്കി തടവുകാരെ കേണറുടെ നേതൃത്വത്തിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. 44 തടവുകാരുമായി ട്രെയിൻ കോയമ്പത്തൂരിൽ എത്തിയപ്പോഴേക്ക് ആറ് പേർ മരണപ്പെട്ടിരുന്നു. ബാക്കിയുള്ളവരിൽ 13 പേരെ കോയമ്പത്തൂർ സിവിൽ ഹോസ്പിറ്റലിലും 25 പേരെ സെൻട്രൽ ജയിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിവിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉദ്ദേശിച്ച 13 പേരിൽ രണ്ടുപേർ അന്നും നാലുപേർ തൊട്ടടുത്ത ദിവസവും മരണപ്പെട്ടു. നവംബർ 24 ന് രണ്ടുപേർ കൂടി മരിച്ചു. മൊത്തം 70 മരണം.(1)

കോട്ടയ്‌മേട് ഹിദായത്തുൽ ഇസ്‍സാം ജമാഅത്ത് മസ്ജിദ്


വാഗൺ കൂട്ടക്കൊലയുടെ തീക്ഷ്ണമായ ഓർമകൾ അയവിറക്കുന്നതിനിടെ ട്രെയിൻ കോയമ്പത്തൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തി. ഒരു മഴക്ക് സ്വാഗതമരുളും പോലെ കാർമേഘങ്ങൾ കറുത്തിരുണ്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങി കോട്ടയ്‌മേട് ഹിദായത്തുൽ ഇസ്‍ലാം ജമാഅത്ത് മസ്ജിദ് ലക്ഷ്യമാക്കി നീങ്ങി. മഗ്‍രിബ് നിസ്കാരം നിർവഹിച്ചു. ടിപ്പുസുൽത്താന്റെ നേതൃത്വത്തിൽ 1776 ലാണ് ഈ മസ്ജിദ് നിർമ്മിച്ചത്. പിന്നീട് ഹാജി മുഹമ്മദ് റാവുത്തറുടെ നേതൃത്വത്തിൽ 1911ൽ പള്ളി വിശാലമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിരവധി സൗകര്യങ്ങളോടെ 1910 ൽ പള്ളിയുടെ പണി പൂർത്തിയായി. ഇൻഡോ അറബ് വാസ്തുവിദ്യയിൽ നിർമ്മിക്കപ്പെട്ട മസ്ജിദ് കോയമ്പത്തൂരിലെ ചരിത്രപ്രാധാന്യം ഏറെയുള്ള ഇടമാണ്(2). കോയമ്പത്തൂരിന്റെ ചരിത്രത്താളുകളിൽ ടിപ്പുസുൽത്താന്റെ സാന്നിധ്യം വ്യക്തമായി ദർശിക്കാനാവും. 1791 മെയ് മാസത്തിൽ ടിപ്പുസുൽത്താന്റെ മൈസൂർ സൈന്യം കോയമ്പത്തൂരിലെ ബ്രിട്ടീഷുകാർ കൈവശം വെച്ചിരുന്ന കോട്ട ഉപരോധിച്ചു. ബ്രിട്ടീഷ് സൈനിക തലവൻ ജോൺ ചാൽമേഴ്സും സൈന്യവും മൈസൂർ സൈന്യത്തിനു മുമ്പിൽ പരാജയം സമ്മതിച്ച് കീഴടങ്ങിയതാണ് ചരിത്രം (3).
  
തെരുവുകൾ
രാത്രികാലങ്ങളിലെ തെരുവ് കച്ചവടങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിപൊടിക്കുന്നുണ്ട്. കോയമ്പത്തൂർ കോർപ്പറേഷന്റെ നഗര ശുചീകരണത്തിനായുള്ള വാഹനങ്ങൾ തെരുവിൽ കാണാം. രാത്രിയിൽ പോലും ശുചീകരണ തൊഴിലാളികൾ കോയമ്പത്തൂർ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി അധ്വാനിക്കുന്നത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. ഏറെ പ്രതീക്ഷകളോടെയാണ് കോയമ്പത്തൂരിൽ എത്തുന്നത്. പ്രധാനമായും കോയമ്പത്തൂരിലെ ബസാറുകളും തെരുവുകളും ആസ്വദിക്കണം. അവിടത്തെ സന്ദര്‍ശന പ്രധാനമായ സ്ഥലങ്ങള്‍ നേരില്‍ കാണണംയ

മനസ്സിന്റെ എല്ലാ മുൻധാരണകളെയും തിരുത്തുന്ന മനോഹരമായ കാഴ്ചകളാണ് കോയമ്പത്തൂരിലെ തെരുവുകൾ സമ്മാനിച്ചത്. തെരുവുകളിലൂടെ നടക്കുമ്പോൾ കോഴിക്കോട് വലിയങ്ങാടിയിലെയും മംഗലാപുരത്തെ ബന്തറിലേയും തെരുവുകൾ ഓർമ വന്നു. പുരാതനമായ കെട്ടിടങ്ങൾ, നിരവധി ബസാറുകൾ, ഇടമുറിയുന്ന തെരുവീഥികൾ, ശബ്ദമുഖരിതമായ അന്തരീക്ഷം. ഈ തെരുവുകൾക്ക് എന്തൊരു ആകർഷണീയതയാണ്! പാതയോരങ്ങൾക്ക് സമീപമായി അമ്പലങ്ങളും ചർച്ചകളും പള്ളികളും കാണാം. ആരാധനാലയങ്ങളിൽ പ്രാർത്ഥിക്കുന്ന വിശ്വാസിക്കൂട്ടങ്ങൾ കോയമ്പത്തൂരിന്റെ നിത്യ കാഴ്ചകളാണ്. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മാതൃക തീർക്കുന്നതിൽ തമിഴർ ഒരു പടി മുന്നിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെരുവുകളിൽ നിന്ന് തെരുവുകളിലേക്കുള്ള നടത്തം കാലുകൾക്ക് ക്ഷീണം പകരാൻ തുടങ്ങിയിട്ടുണ്ടെങ്കിലും കാഴ്ചകള്‍ കാണാനുള്ള അതിയായ ആഗ്രഹം മുന്നോട്ടു നടക്കാനുള്ള ശക്തി നല്കുന്നുണ്ടായിരുന്നു.

അത്താർ ജമാഅത്ത്‌ മസ്ജിദ്


ഒപ്പനക്കര തെരുവിലെ അത്താർ ജമാഅത്ത് മസ്ജിദ് ലക്ഷ്യമാക്കിയാണ് ഞാന്‍ നടന്നത്. നഗരപാതകളെക്കുറിച്ച് മുൻപരിചയമോ അറിവോ ഇല്ലാത്ത എനിക്ക് വഴികാട്ടികളായത് സ്നേഹമുള്ള തമിഴരായിരുന്നു. അത്താർ ജമാഅത്ത് മസ്ജിദിന്റെ മിനാരങ്ങൾ ദൂരെനിന്ന് തന്നെ വ്യക്തമായി കാണാം. വ്യത്യസ്ത നിറങ്ങളുള്ള ബൾബുകൾ കൊണ്ട് പള്ളിയെ അലങ്കരിച്ചിരിക്കുന്നു. വാസ്തുവിദ്യയുടെ മനോഹാരിത കാരണം മസ്ജിദിന്റെ കവാടത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു. തിരുനെൽവേലിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് കുടിയേറിയ സുഗന്ധ വ്യാപാരികളാണ് ഈ മസ്ജിദ് നിർമിച്ചത്. 1860ൽ മസ്ജിദിന്റെ പണി തുടങ്ങിയെങ്കിലും 1904 ലാണ് നിർമ്മാണം പൂർത്തിയായത്(4). മസ്ജിദിന്റെ ഭംഗി വർധിപ്പിക്കുന്നതിന്റെ പ്രധാന കാരണം ഉയർന്ന മിനാരങ്ങളാണ്. മസ്ജിദിന്റെ മുൻഭാഗത്ത് വിശാലമായ ശുദ്ധീകരണക്കുളമുണ്ട്. ഒപ്പനക്കര തെരുവിന്റെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് അഭയം പ്രാപിക്കാനുള്ള ഇടം കൂടിയാണ് അത്താർ ജമാഅത്ത് മസ്ജിദ്.

പള്ളിയുടെ കവാടത്തിനരികെ ആദരവോടെ നഗ്നപാദരായി നിൽക്കുന്ന ഹൈന്ദവ സഹോദരങ്ങളെ കാണാൻ കഴിഞ്ഞു. അവർ മസ്ജിദിലെ ഇമാമിനോട് തങ്ങളുടെ പ്രയാസങ്ങൾ പറയുകയും അവർക്ക് വേണ്ടി ഇമാം പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. പള്ളിയുടെ അകത്തേക്ക് ചെരിപ്പിടാതെയാണ് ഞാൻ കടന്നുചെന്നത്. കാരണം എന്റെ മുന്നിലുള്ള ഹൈന്ദവ സഹോദരങ്ങൾ ആരും തന്നെ പള്ളിയുടെ ഉള്ളിലേക്ക് ചെരുപ്പ് ധരിച്ചിട്ടില്ലായിരുന്നു. ശുചീകരണത്തിനായി ചെന്നപ്പോഴാണ് അവിടെ ചെരുപ്പിടാം എന്നെനിക്ക് മനസ്സിലായത്. പള്ളിയോട് ചേർന്ന് ധാരാളം മൂത്രപ്പുരകളും കക്കൂസുകളും കുളിമുറികളും ഉണ്ട്. കോയമ്പത്തൂർ നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നിരവധി ജനങ്ങൾക്ക് ഈ സൗകര്യങ്ങൾ വലിയ ഒരു ആശ്രയം തന്നെയാണ്. പള്ളിക്കുള്ളിൽ കയറി ഞാന്‍ രണ്ട് റക്അത് നിസ്കരിച്ചു. വല്ലാത്ത ഒരു ശാന്തത! പള്ളിയുടെ ഉൾവശത്ത് ഏറ്റവും ഉയർന്ന ഭാഗത്തായി ഫാരിസി ഭാഷയിൽ കവിതാ ശകലങ്ങൾ കുറിച്ചിട്ടുണ്ട്.മസ്ജിദിന്റെ നിർമാതാക്കളായ അത്താർ വ്യാപാരികളെ സൂചിപ്പിച്ചിട്ടുള്ളതാണ് പ്രസ്തുത കവിത. ഹിജ്റ 1322 ലാണ് മസ്ജിദ് സ്ഥാപിച്ചതെന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരം കൊണ്ട് നിർമ്മിച്ച മേൽക്കൂരക്ക് താഴെ, മനോഹരമായ മിമ്പർ നോക്കി ഞാൻ കുറച്ചു സമയം മസ്ജിദിൽ ചിലവഴിച്ചു.

ശേഷം ഒപ്പനക്കര തെരുവിലെ റോഡിന്റെ മധ്യഭാഗത്തുള്ള ജമീഷ് വലിയുല്ലാഹി(റ)യുടെ ദർഗ സന്ദർശിച്ചു. ദർഗയുടെ സമീപത്ത് പ്രാർത്ഥനക്കായെത്തിയ ഹൈന്ദവ സഹോദരങ്ങളെ കാണാൻ കഴിഞ്ഞു. തെരുവുകൾ സജീവമായിട്ടുണ്ട്. എങ്ങും പ്രകാശമയം. നീണ്ടുകിടക്കുന്ന തെരുവീഥികളിലൂടെ നടന്നു. ഇനി കാണാനുള്ളത് ഹൈദരലി ടിപ്പുസുൽത്താൻ ദഖ്നി സുന്നത്ത് ജമാഅത്ത് മസ്ജിദാണ്. കോയമ്പത്തൂരിലേക്ക് വരാനുള്ള പ്രധാനകാരണം ഈ മസ്ജിദ് സന്ദർശനമാണ്.

ഹൈദരലി ടിപ്പുസുൽത്താൻ ദഖ്നി സുന്നത്ത് ജമാഅത്ത് മസ്ജിദ്


പാലക്കാട്ടേക്കുള്ള പടയോട്ട കാലത്ത് മൈസൂർ സൈന്യം ഇവിടെ വിശ്രമിച്ചിരുന്നുവത്രെ. ആ കാലത്ത് ടിപ്പുസുൽത്താൻ നിർമ്മിച്ചതാണ് ദഖ്നി സുന്നത്ത് ജമാഅത്ത് മസ്ജിദ്. ജനലുകൾ ഇല്ലാതെ ഒരൊറ്റ വാതിൽ മാത്രമായിട്ടായിരുന്നു ടിപ്പുസുൽത്താൻ ഈ പള്ളി നിർമ്മിച്ചിരുന്നത്. നിസ്കാര സമയങ്ങളിലും മറ്റും ശത്രുക്കളിൽ നിന്നുള്ള ആക്രമണം നേരിടാൻ വേണ്ടിയായിരുന്നു ഇങ്ങനെ നിർമിച്ചതെന്നാണ് പറയപ്പെടുന്നത്. കാലാനുസൃതമായി പള്ളി വിശാലമാക്കപ്പെട്ടു(5). മലബാർ സമര നായകനായ ആലി മുസ്ലിയാർ ഈ പള്ളിക്ക് സമീപമാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

ആലി മുസ്‌ലിയാരുടെ ഖബർ


സത്യസന്ധമായി മലബാർ സമരത്തെക്കുറിച്ച് വായിച്ചറിഞ്ഞ ഏതൊരു ചരിത്രാന്വേഷിയും സമരനായകനായ ആലി മുസ്ലിയാരെ ഹൃദയത്തോട് ചേർത്ത് വെക്കാതിരിക്കില്ല. ഹിജ്റ 1270ൽ മഞ്ചേരിക്കടുത്ത നെല്ലിക്കുത്താണ് ആലി മുസ്ലിയാർ ജനിച്ചത്. കുഞ്ഞിക്കമ്മു മുലയിൽ നിന്ന് പ്രാഥമിക പഠനം നേടിയ ശേഷം മുടിക്കോട്, പൊന്നാനി എന്നിവിടങ്ങളിൽ നിന്ന് ഒറ്റകത്ത് നൂറുദ്ദീൻ മുസ്‌ലിയാർ, മുഹമ്മദ് മഖ്ദൂം എന്ന ചെറിയ ബാവ മുസ്ലിയാർ, ഏന്തീൻകുട്ടി മഖ്ദൂം എന്നീ മഹാജ്ഞാനികളിൽ നിന്ന് വിജ്ഞാനം നുകർന്നു. ഉപരിപഠനാർത്ഥം ഏഴു വർഷത്തോളം മക്കയിൽ താമസിച്ചു. അവിടെ വെച്ച് സുപ്രസിദ്ധ സുന്നി പണ്ഡിതനായ അഹമ്മദ് സൈനി ദഹ്ലാൻ (റ) വിന്റെ ശിഷ്യത്വം സ്വീകരിച്ചു. സയ്യിദ് ഹുസൈൻ(റ), മുഹമ്മദ് രിദ്‍വാൻ (റ) എന്നിവർ ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്ന ആലി മുസ്ലിയാരുടെ മാർഗ്ഗദർശികളാണ് (6).

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടപൊരുതിയ മഹാനായ നേതാവായിരുന്നു ആലി മുസ്ലിയാർ. 1922 ഫെബ്രുവരി 17 ശനിയാഴ്ച കോയമ്പത്തൂർ ജില്ലാ ഖിലാഫത്ത് നേതാവും പ്രമുഖനുമായ യാക്കൂബ് ഹസ്സൻ സേട്ട് സാഹിബ് പോലീസ് അനുമതിയോടെ ആലി മുസ്ലിയാരെ സന്ദർശിച്ചിരുന്നു. നാട്ടിൽ ആരെയെങ്കിലും അറിയിക്കണോ എന്നും മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്നും അദ്ദേഹം ആലി മുസ്ലിയാരോട് ചോദിച്ചു. ദുന്‍യവിയ്യായ ഒരു ആവശ്യവുമില്ല എന്നായിരുന്നു ആലി മുസ്ലിയാരുടെ മറുപടി. അവസാനമായി വുളൂ ചെയ്ത് രണ്ട് റക്അത്ത് നിസ്കരിക്കാൻ ആരംഭിക്കുകയും നിസ്കാരത്തിലായി അദ്ദേഹം ഈ ലോകത്തോട് വിട പറയുകയുമാണ് ഉണ്ടായത്. എന്നാൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇക്കാര്യം പരസ്യപ്പെടുത്താതെ ആലി മുസ്ലിയാരുടെ മൃതശരീരത്തെ തൂക്കുകയറിലേറ്റുകയുണ്ടായി. അന്ന് തൂക്കിലേറ്റപ്പെട്ട ആലി മുസ്ലിയാരുടെയും 12 അനുയായികളുടെയും മൃതദേഹങ്ങൾ ടിപ്പുസുൽത്താൻ ദഖ്നി ജമാഅത്ത് മസ്ജിദിന്റെ ഖബർസ്ഥാനിൽ നിരനിരയായി മറവു ചെയ്തു. ആദ്യ തവണ മയ്യത്ത് നിസ്കാരത്തിന് ഖാളിൽ ഖുളാത് ആയിരുന്ന പേശി ഇമാം അബ്ദുറസാഖ് സാഹിബും രണ്ടാം തവണ മൗലാനാ യാക്കൂബ് ഹസ്സൻ സേട്ട് സാഹിബുമാണ് നേതൃത്വം നൽകിയത്. 1958ല്‍ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ മുൻ കേന്ദ്രമന്ത്രി പ്രൊഫസർ ഹുമയൂൺ കബീർ മസ്ജിദിന് സമീപം ഒരു സ്മാരകം ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഖബറിടവും സ്മാരകവും ഇന്ന് വിസ്‌മൃതിയിലാണ്.

മലബാറിന്റെ ചരിത്രാന്വേഷണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായ നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ, തന്റെ പിതാമഹനായ ആലി മുസ്ലിയാരെ തൂക്കിലേറ്റിയ ദിവസം ജയിൽ പരിസരത്തുണ്ടായിരുന്ന പലരെയും സന്ദർശിച്ചിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരങ്ങളും യാക്കൂബ് ഹസൻ സേട്ട് സാഹിബിന്റെ വിവരണവും നിസ്കാരത്തിൽ ആലി മുസ്ലിയാർ പരലോകം പ്രാപിച്ചതിലേക്ക് വിരൽ ചൂണ്ടുന്നു. 

മസ്ജിദിന്റെ സമീപത്ത് എത്തുമ്പോഴേക്കും നേരം ഇരുട്ടിയിട്ടുണ്ട്. തദ്ദേശവാസികളോട് ആലി മുസ്ലിയാരുടെ ഖബറിനെക്കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി നൽകാൻ അവർക്ക് കഴിഞ്ഞില്ല. മസ്ജിദിന്റെ ഖബർസ്ഥാനിൽ ആലി മുസ്ലിയാരുടെയും മറ്റ് ധീര രക്തസാക്ഷികളുടെയും ഖബറുകൾ ഉണ്ടെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ അവയുടെ കൃത്യ സ്ഥാനം എവിടെയാണെന്ന് അവർക്കറിയില്ലായിരുന്നു. ആലി മുസ്ലിയാരുടെ ഖബർ പ്രത്യേകം അടയാളപ്പെടുത്താത്തത് കാരണം ഖബർസ്ഥാന്റെ കവാടത്തിൽ നിന്ന് ഞാൻ പ്രാർത്ഥിച്ചു. കോയമ്പത്തൂരിലെ കഥ പറയുന്ന മിനാരങ്ങളെ കൂടുതൽ അറിയാനായി ഇനിയും വരണമെന്ന ആഗ്രഹത്തോടെ, തല്‍ക്കാലം ഞാന്‍ നഗരത്തോട് വിടപറഞ്ഞു.


കുറിപ്പുകൾ
1.ആർ. കെ. ബിജുരാജ്,1921 നവംബർ 19: വാഗൺ ദുരന്തമല്ല ;കൂട്ടക്കൊല, മാധ്യമം ദിനപത്രം,18/11/2021
2. Mosques in history, THE HINDU, 15/10/2013
3.Wenger Estefania, Tipu Sultan: A Biography, Vij Books India Pvt Ltd,2017
4.Mosques in history, THE HINDU, 15/10/2013
5.Mosques in history, THE HINDU, 15/10/2013
6.കുഞ്ഞി മുഹമ്മദ്‌ ഫൈസി വലിയ പറമ്പ്, ദക്ഷിണേന്ത്യൻ സിയാറത്ത്‌ ഡയറി, ഇർഷാദ് പബ്ലിക്കേഷൻസ്,1998

(നിങ്ങള്‍ക്കും ഇതുപോലെ യാത്രാവിവരണങ്ങള്‍ എഴുതാം. നിങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ഞങ്ങള്‍ക്ക് അയച്ച് തരുക - islamonweb.net@gmail.com)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter