അല്ലാഹുവേ, നീയല്ലാത്ത ഒരാള്‍ ഇത് കേള്‍ക്കുന്നുണ്ടായിരുന്നുവെങ്കില്‍...

മറ്റുള്ളവര്‍ ആരും അറിയാതെ അല്ലാഹുവുമായുള്ള പ്രത്യേക ബന്ധം സൂക്ഷിക്കുന്നവരായിരുന്നു മുന്‍ഗാമികളെല്ലാം. ആരാധനാകര്‍മ്മങ്ങളെല്ലാം അല്ലാഹുവിന് മാത്രമാവണമെന്നതിനാല്‍ തന്നെ, ഇതരരുടെ മുന്നില്‍ അതൊന്നും കാണിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. വലത് കൈ ചെലവഴിക്കുന്നത് ഇടത് കൈ പോലും അറിയില്ലെന്ന് പറഞ്ഞത്, ആരാധനകളിലെല്ലാം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയവരായിരുന്നു അവര്‍. അത്തരം ഒരു സംഭവമാണ്, മഹാനായ ബിശ്റുല്‍ ഹാഫിയുടെ ജീവിതത്തില്‍ നമുക്ക് കാണാനാവുന്നത്. അതിങ്ങനെ വായിക്കാം.

ഹംസതുബ്നു ദഹ്ഖാന്‍(റ) എന്നവര്‍ പറയുന്നു, മഹാനായ ബിശ്റുല്‍ഹാഫി(റ)നോട് ഒരിക്കല്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു, ഒരു ദിവസം പൂര്‍ണ്ണമായും നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് കേട്ട അദ്ദേഹം പറഞ്ഞു, കുഴപ്പമില്ല, ഏതാണ് ദിവസമെന്ന് നീ തന്നെ തീരുമാനിച്ച് എന്നെ അറിയിക്കുക. 

എന്നാല്‍ നേരത്തെ അറിയിക്കാതെ, ഒരു ദിവസം അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി. അദ്ദേഹത്തിന്റെ ഒരു ദിവസം എങ്ങനെയാണെന്നും എന്തൊക്കെ കര്‍മ്മങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്നും നേരിട്ടറിയുകയായിരുന്നു എന്റെ ലക്ഷ്യം. മറ്റാരെങ്കിലും വീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാല്‍ അദ്ദേഹം കര്‍മ്മങ്ങള്‍ ചെയ്യുന്നത് ചുരുക്കുമെന്ന് എനിക്കറിയാമായിരുന്നു.

ഞാന്‍ എത്തിയപ്പോള്‍ അദ്ദേഹം തന്റെ പ്രത്യേക ഖുബ്ബയുടെ അകത്ത് നിസ്കാരത്തിലായിരുന്നു. അദ്ദേഹം നാല് റക്അത് നിസ്കരിച്ചു. അത്രയും നന്നായി ഒരു റക്അത് പോലും ഈ ജീവിതത്തില്‍ നിസ്കരിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രയും സമ്പൂര്‍ണ്ണവും സുദീര്‍ഘവുമായാണ് അദ്ദേഹം നിസ്കരിച്ചത്. സുജൂദില്‍ അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു, അല്ലാഹുവേ, ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധനാവുന്നതിനേക്കാള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് ആരുമറിയാതെ നിന്നെ ആരാധിച്ച് ഒതുങ്ങിക്കൂടുന്നതാണെന്ന് നിനക്ക് അറിയാമല്ലോ, സമ്പത്തും ഐശ്വര്യവും ഉണ്ടാവുന്നതിനേക്കാള്‍ എനിക്ക് എത്രയോ ഇഷ്ടം ദരിദ്രനായി ജീവിക്കുന്നതാണ് എന്നും നിനക്കറിയാമല്ലോ, നിന്നെ കഴിച്ചേ എനിക്ക് മറ്റെന്തുമുള്ളൂ എന്നതും നിനക്കറിയാവുന്നതാണല്ലോ. 

ഇത്രയും കേട്ടതോടെ എനിക്ക് കരച്ചില്‍ അടക്കാനായില്ല. എന്റെ തേങ്ങലിന്റെ ശബ്ദം കേട്ട അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞ് സുജൂദ് നിര്‍ത്തി, അല്ലാഹുവേ, നീയൊരല്ലാത്ത ഒരാള്‍ ഇത് കേള്‍ക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാനിതൊന്നും പറയുമായിരുന്നില്ല എന്നും നിനക്ക് നന്നായി അറിയുന്നതാണല്ലോ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter