കാലില്‍ തറക്കുന്ന മുള്ളുകള്‍ പോലും മഗ്ഫിറത്തിന് കാരണമാണ്
ആശിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു, നബി (സ) പറഞ്ഞു, ഒരു മുസ്ലിം അനുഭവിക്കുന്ന എന്ത് തരം പ്രയാസമാണെങ്കിലും അതിന് പകരം അല്ലാഹു അവന്‍റെ തെറ്റുകള്‍ പൊറുത്ത് നല്‍കുന്നതാണ്. (ബുഖാരി)
അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ നബി (സ) പറയുന്നു, "ഒരു മുസ്ലിം അനുഭവിക്കുന്ന ക്ഷീണം, രോഗം, പ്രയാസം മുതല്‍ ഒരു ദു:ഖം കാരണമായി പോലും അല്ലാഹു തെറ്റുകള്‍ പൊറുത്ത് കൊടുക്കും". മരങ്ങളില്‍ നിന്നും ഇലകള്‍ കൊഴിഞ്ഞ് വീഴുന്നത് പോലെ തെറ്റുകള്‍ പൊറുക്കുമെന്നാണ് മറ്റൊരു ഹദീസിലുള്ളത്. ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ തെറ്റുകള്‍ പൊറുക്കപ്പെടുമെന്നും നന്മകള്‍ എഴുതപ്പെടുമെന്നും പറയുന്നുണ്ട്.
സത്യവിശ്വാസികള്‍ക്ക് ഏറെ സന്തോഷദായകമായ വിവരണമാണ് ഈ ഹദീസുകള്‍ നല്‍കുന്നത്. പ്രയാസങ്ങളും ദുരിതങ്ങളും മനുഷ്യജീവിതത്തിന്‍റെ കൂടപ്പിറപ്പാണ്. രോഗങ്ങളും കഷ്ടപ്പാടുകളും ഏത് വ്യക്തിയും ജീവിതത്തില്‍ അനുഭവക്കേണ്ടി വരും. എത്ര സ്വത്തുണ്ടായാലും ജീവിതത്തില്‍ വിഷമകരമായ സ്ഥിതിവിശേഷങ്ങളുണ്ടാകും. മനസ്സമാധാനമില്ലാതെ ഉറങ്ങാന്‍ കഴിയാത്ത നിരവധി രാത്രികളുണ്ടാവും. ദുരിതങ്ങളിലും രോഗങ്ങളിലും മനുഷ്യര്‍ മാനസികമായി എളുപ്പം തകര്‍ന്ന് പോവുകയാണ് ചെയ്യുക. അതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണമാവും. ചെറിയ പ്രയാസങ്ങള്‍ നേരിടുമ്പോഴേക്കും മനസ്സ് തകരുന്നവര്‍ നിരവധിയാണ്. അത് വഴി ആ പ്രയാസങ്ങള്‍ ശതഗുണീഭവിക്കുകയും പരിഹാരം ഏറെ ദുശ്കരമാവുകയും ചെയ്യും. ചുരുക്കത്തില്‍ രോഗങ്ങളോടും ബുദ്ധിമുട്ടുകളോടുമുള്ള മാനസികമായ സമീപനമാണ് അവയെ വീണ്ടും കൂടുതല്‍ പ്രയാസകരമാക്കിത്തീര്‍ക്കുന്നത്.
Also read:https://islamonweb.net/ml/14-September-2017-737
എന്നാല്‍ പ്രയാസങ്ങളും രോഗങ്ങളും ജീവിതത്തിന്‍റെ ഭാഗമാണെന്നും അത് അല്ലാഹുവിന്‍റെ പരീക്ഷണമാണെന്നും അത് വഴി അല്ലാഹു മുന്‍ കഴിഞ്ഞ തെറ്റുകള്‍ പൊറുത്ത് നല്‍കുമെന്നും ഒരു സത്യവിശ്വാസി മനസ്സിലാക്കിയാല്‍ അത് അയാളെ മാനസികമായി കരുത്തുറ്റവനാക്കുകയും രോഗം എളുപ്പം മാറുകയും ചെയ്യും. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ സമീപനം വഴി രണ്ട് ഗുണങ്ങളാണ് ലഭിക്കുന്നത്. തെറ്റുകള്‍ പൊറുക്കപ്പെടുകയും നന്മകള്‍ രേഖപ്പെടുത്തപ്പെടുകയുമാണ് ആദ്യ ഗുണമെങ്കില്‍ മാനസികമായ കരുത്ത് ലഭിക്കലും അത് വഴി രോഗവും പ്രയാസവും ലഘൂകരിക്കപ്പെടലുമാണ് രണ്ടാമത്തെ ഗുണം. ഉമ്മു സാഇബ് എന്ന സ്വഹാബി വനിതയെ നബി (സ) കണ്ട് മുട്ടി. കിടുകിടാ വിറക്കുകയായിരുന്ന അവരോട് നബി (സ) കാരണമന്വേഷിച്ചു. "പനിയാണ്, അല്ലാഹു അതില്‍ ബറകത് ചെയ്തിട്ടില്ല" എന്ന് പനിയെ ആക്ഷേപിച്ച് കൊണ്ട് അവര്‍ മറുപടി പറഞ്ഞപ്പോള്‍ നബി (സ) പറഞ്ഞ, "അങ്ങനെ പറയരുത്, കാരണം ഉല ഇരുമ്പിന്‍റെ തുരുമ്പിനെ നീക്കം ചെയ്യുന്നത് പോലെ പനി മനുഷ്യരുടെ തെറ്റുകള്‍ നീക്കിക്കളയും". (ബുഖാരി)
തന്‍റെ അടിമകളുടെ തെറ്റുകള്‍ പൊറുത്ത് കൊടുക്കാന്‍ അല്ലാഹു ദുരിതങ്ങളെ കാരണമാക്കി നിശ്ചയിച്ചിരിക്കുകയാണ്. അത് കൊണ്ടാണ് ഏറ്റവും വലിയ പ്രയാസങ്ങള്‍ നബി (സ) യുടെ ജീവിതത്തില്‍ സംഭവിച്ചത്. രണ്ട് പേര്‍ക്ക് അനുഭവപ്പെടുന്ന വേദനയാണ് നബി (സ) അനുഭവിച്ചിരുന്നത്. രണ്ട് പേരുടെ പ്രതിഫലം അത് വഴി ലഭിക്കാനാണതെന്ന് മാത്രം.
തെറ്റുകള്‍ പൊറുത്ത് നല്‍കപ്പെടുന്ന പരിശുദ്ധ റമദാനിലെ രണ്ടാമത്തെ പത്ത് ദിനങ്ങളില്‍ രോഗവും കഷ്ടതയും അനുഭവിക്കുന്ന നിരവധി സത്യവിശ്വാസികള്‍ക്ക് ഈ ഗുണം ലഭ്യമാവും. എന്നാല്‍ അവ അല്ലാഹുവിന്‍റെ പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കി പൂര്‍ണ്ണമായ ക്ഷമ അവലംബിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.
Leave A Comment