ഭക്ഷ്യവിശുദ്ധി
അബൂ ഹുറൈറ(റ)യില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: '' നിശ്ചയം, അല്ലാഹു പരിശുദ്ധനാണ്; പരിശുദ്ധമല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. തീര്‍ച്ച, അല്ലാഹു ദൂതന്‍മാരോട് കല്‍പ്പിച്ചതെന്തോ അത് വിശ്വാസികളോടും കല്‍പ്പിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു: ''റസൂലുമാരേ, ശുദ്ധമായവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുവിന്‍, സല്‍കര്‍മ്മം അനുഷ്ഠിക്കുവിന്‍.'' അതേ അവന്‍ പറഞ്ഞു: ''വിശ്വസിച്ചൊരുത്തരേ, നിങ്ങള്‍ക്കു നാം നല്‍കിയതില്‍ ശുദ്ധമായവയില്‍നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക.'' പിന്നെ നബി, ദീര്‍ഘയാത്ര നടത്തുന്ന പുരുഷനെ അനുസ്മരിച്ചു. മുടി ജടപിടിച്ചും പൊടി പുരണ്ടും നടക്കുന്ന അയാള്‍ ആകാശത്തേക്കു ഇരു കൈകളും നീട്ടി, 'എന്റെ റബ്ബേ, എന്റെ റബ്ബേ' എന്നു പ്രാര്‍ത്ഥിക്കും. അയാളുടെ ഭക്ഷണമാണെങ്കിലോ നിഷിദ്ധം, പാനീയവും നിഷിദ്ധം, വസ്ത്രവും നിഷിദ്ധം. നിഷിദ്ധം കൊണ്ട് അയാള്‍ ഭക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവന് പിന്നെങ്ങനെ ഉത്തരം നല്‍കപ്പെടാനാണ്.'' (മുസ്‌ലിം)
ഇസ്‌ലാമിന്റെ മൗലിക നയങ്ങള്‍ക്കും പൊതുനിയമങ്ങള്‍ക്കും സ്രോതസ്സായി കാണുന്ന പ്രവാചക വചനങ്ങളിലെ ഒരു സുപ്രധാന ഹദീസാണിത്. കുറ്റം-കുറവുകളില്‍നിന്ന് എത്രയും പരിശുദ്ധനാണല്ലോ അല്ലാഹു. സമ്പൂര്‍ണ്ണതക്കുള്ള ഗുണങ്ങള്‍ മുഴുവനും അവനില്‍ സമ്മേളിതമാണ്. അവന്റെ പെരുമ പുകള്‍പ്പെറ്റതും നാമങ്ങളൊക്കെയും ജ്ഞാനികള്‍ക്ക് ആവേശഭരിതവുമാണ്. സത്തയിലും വിശേഷണ പ്രവൃത്തികളിലും എല്ലാ വിധത്തിലും പരിശുദ്ധത നിറഞ്ഞ അല്ലാഹു, അതുകൊണ്ടുതന്നെ പരിശുദ്ധമായതേ സ്വീകരിക്കുകയും ചെയ്യൂ. സ്വയം ശുദ്ധത കൊണ്ടുനടക്കുന്നവന് വൃത്തി ഹീനവും അശുദ്ധവുമായതെങ്ങനെ തന്നിലേക്ക് അടുപ്പിക്കാനാവും?
കര്‍മ്മങ്ങളില്‍ നിന്നും ധനത്തില്‍ നിന്നും ശുദ്ധമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല .ചെറുസല്‍ക്കര്‍മ്മമാണെങ്കിലും അതിനെ നാശമാക്കുന്ന ചില സംഹാരികളുണ്ട്. ലോകമാന്യം, അഹന്ത, അസൂയ തുടങ്ങിയ മനോവ്യാപാരങ്ങള്‍ അവയില്‍ ചിലതാണ്. കര്‍മ്മത്തിന്റെ ശുദ്ധതയില്‍ നിഴല്‍വീഴ്ത്താന്‍ അവക്ക് വളരെ പെട്ടെന്ന് കഴിയും. തന്മൂലം കറപുരണ്ട കര്‍മത്തെ അല്ലാഹു അംഗീകരിക്കാതെ തിരിച്ചയക്കും. സമ്പത്ത് ഹറാമിന്റെ കലര്‍പ്പടങ്ങാത്തതു മാത്രമേ അല്ലാഹു പൊരുത്തപ്പെടുകയുള്ളൂ. ശര്‍അ് നല്ലതായി ഗണിച്ച ധനമാണ് 'ത്വയിബ്' അല്ലാതെ അവനവനു മനസ്സിനിണങ്ങുന്ന ഭക്ഷണപാനീയങ്ങള്‍ എല്ലാം അനുവദിക്കപ്പെട്ടതല്ല.
ഹദീസുകളിലിങ്ങനെ കാണാം: ആരെങ്കിലും ഒരു സുകൃതം ചെയ്തു; അതില്‍ അല്ലാഹുവല്ലാത്തതിനെ പങ്കു ചേര്‍ക്കുകയും ചെയ്തുവെന്നാല്‍, അല്ലാഹു അവനെയും പങ്കു ചേര്‍ത്തതിനെയും ഒരുമിച്ച് ഒഴിവാക്കിക്കളയുന്നതാണ്. ഹറാമില്‍ നിന്ന് മുളച്ച ഏതു മാംസവും നരകവുമായി ഏറ്റവും അനുയോജ്യമായതാണ്. കര്‍മ്മമാവട്ടെ, ഭക്ഷണമാവട്ടെ, കളങ്കമേശാത്തതാവണമെന്നാണ് ഇത്തരം വചനങ്ങള്‍ പഠിപ്പിക്കുന്നത്.
പ്രവാചകന്‍മാരോടുള്ള അല്ലാഹുവിന്റെ കല്‍പ്പനകള്‍ ഉമ്മത്തുകള്‍ക്കും ബാധകമാവുമെന്ന് ഹദീസ് പഠിപ്പിച്ചു. നിയമം പ്രവാചകര്‍ക്ക് സവിശേഷതയുള്ളതാണെന്ന് പ്രത്യേകം രേഖ കൊണ്ട് സ്ഥിരപ്പെട്ടതല്ലാത്ത ഏതു വിധിയും അങ്ങനെ തന്നെയാണ്. അല്ലാഹുവിന്റെ പരിശുദ്ധത നമ്മുടെ ജീവിത വിശുദ്ധിക്ക് പ്രചോദനമേകുന്നതുപോലെ, പ്രവാചകന്‍മാരുടെ ജീവിതമാതൃക നമുക്കും അനുകരിക്കപ്പെടാനുള്ളതാണെന്നാണ് അതിനു കാരണം.
ആഹാരത്തിനു ഏറ്റവും ശ്രേഷ്ഠം കൃഷി ചെയ്തു സമ്പാദിച്ച സമ്പാദ്യമുപയോഗിക്കലാണ്. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയെന്ന വിശിഷ്ട സ്വഭാവം കൂടുതല്‍ ആവശ്യമാകുന്നത് കൃഷിയായതുകൊണ്ടാണത്. പിന്നെ സ്വയം കൈപ്പണി ചെയ്തു നേടുന്നവയാണ്. അധ്വാനിച്ചവന് സംതൃപ്തി എന്ന തത്വം പ്രത്യക്ഷപ്പെടുന്ന മേഖലയാണത്. തുടര്‍ന്ന് കച്ചവട സമ്പാദ്യമാണ് കടന്നു വരുന്നത്. സ്വഹാബിമാര്‍ പലരും കച്ചവടം ചെയ്തു ഉപജീവനം നടത്തിയത് ചരിത്രത്തില്‍ കാണാം.
ഇസ്‌ലാം അനുവദിച്ച ഭക്ഷ്യവസ്തുവാണ് ശുദ്ധ ഭക്ഷണം. അതു കഴിക്കുന്നതില്‍ അല്ലാഹുവിന് വഴിപ്പെടാനുള്ള ശക്തിയാര്‍ജ്ജിക്കുകയെന്ന് സദുദ്ദേശ്യമുണ്ടാകുമ്പോള്‍തന്നെ ഭോജനം പ്രതിഫലാര്‍ഹമാകുന്നു. സ്വയാഗ്രഹവും സുഖാനുഭൂതിയും ലക്ഷ്യമാക്കുന്നുവെങ്കില്‍ അതു അനുവദനീയം മാത്രമാണ്. ശരീരത്തിനോ, ബുദ്ധിക്കോ മാരകമാവുന്ന വസ്തു ഭക്ഷിക്കുന്നത് ഹറാമാണ്. കല്ല്, മണ്ണ്, പളുങ്ക്, വിഷം തുടങ്ങിയവ ഹാനികരമാണെന്നുറപ്പുള്ള പക്ഷം അവ അകത്താക്കല്‍ നിഷിദ്ധമാകും. ഹാനികരമാകാത്ത പ്രകൃതക്കാരന് ഹറാമാണെന്ന പറയാനാകില്ല, കാരണം അവയിലൊന്നും പ്രത്യേകം നിരോധനം വന്നിട്ടില്ല.
ആഹാരത്തില്‍ ഉല്ലാസ ഭോജന ഒഴിവാക്കുകയാണ് നല്ലത്. പൂര്‍വ്വസൂരികളുടെ രീതിയല്ല അത്. പക്ഷേ, സവിശേഷ സന്ദര്‍ഭങ്ങളില്‍ ഉല്ലാസഭോജനം അഭിലഷണീയമാകും. അതിഥി സല്‍ക്കാരം, ആശൂറാഅ്, പെരുന്നാള്‍ പോലോത്ത വേളകളില്‍ പ്രതാപഭാവത്തിനല്ലാതെ, അതിഥി- കുടുംബങ്ങളെ സന്തോഷിപ്പിക്കുവാനുദ്ദേശിച്ച് വര്‍ണശബളമായി ഭക്ഷണമൊരുക്കല്‍ വേണ്ടതാണ്. മധുരമുള്ള ഭക്ഷ്യ വിഭവം സുന്നത്താണ്. പരമാവധിയാളുകളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്.
പ്രാര്‍ത്ഥനക്ക് ഉത്തരം പ്രതീക്ഷിക്കാവുന്ന വ്യത്യസ്ഥ പശ്ചാത്തലങ്ങളില്‍ പ്രധാനപ്പെട്ടതാണ് യാത്ര. അത് ആരാധനയുടേത്, സാധാരണം- ഏതുമാവട്ടെ. സ്വദേശം വിട്ടുള്ള നീണ്ട ഒറ്റപ്പെട്ടല്‍, യാത്രാക്ലേശങ്ങള്‍ വഹിക്കല്‍ തുടങ്ങിയവ കൊണ്ട് വീര്‍പ്പുമുട്ടുന്ന ഹൃദയത്തിന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാന്‍ കൂടുതല്‍ അര്‍ഹമാകുന്നു. വിങ്ങുന്ന മാനസത്തിനു പുറമെ പ്രത്യക്ഷ വേഷ വിധാനത്തില്‍ യാത്രികനില്‍ വെളിവാകുന്ന ദൈന്യത- ജടപിടിച്ചതും പൊടിപുരണ്ടതുമായ ശരീരവും വസ്ത്രവും - നേരില്‍ കാണുന്ന അല്ലാഹു അനുഭാവപൂര്‍ണ്ണമായ പരിഗണന യാത്രക്കാരന് നല്‍കുന്നത് സ്വാഭാവികമാണല്ലോ.
പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാവുന്ന മാനസിക - ശാരീരിക മാതൃകകള്‍ സ്വായത്തമാക്കിയ യാത്രക്കാരന് പക്ഷെ അവനറിയാതെ പ്രാര്‍ത്ഥന അസ്വീകാര്യമാവുന്ന ദുരന്തം ഹദീസ് വിശദീകരിച്ചു. ഭക്ഷണപാനീയങ്ങളും വസ്ത്ര വിധാനങ്ങളും അപരര്‍ നല്‍കുന്ന ആഹാരവുമൊക്കെ, നിഷിദ്ധമായവയില്‍ നിന്നു വിനിയോഗിക്കുന്ന യാത്രികന്റെ അവസ്ഥയാണത്. അവന്റെ പ്രാര്‍ത്ഥന മുഴുവനും നിഷ്ഫലമായിതീരുന്നു.
പ്രാര്‍ത്ഥന ഫലവത്താകുന്നതിനു വേണ്ടുന്ന നിബന്ധനകളും ചിട്ടകളും അതിനെ തടയിടുന്ന കാര്യങ്ങളും ധാരാളം വിവരിക്കപ്പെട്ടിട്ടുണ്ട്. ഹറാം കലര്‍ന്ന ജീവിതരീതി പ്രാര്‍ത്ഥനക്കു പ്രധാന തടസ്സമാണെന്നാണ് ഹദീസ് താല്‍പ്പര്യപ്പെടുന്നത്. 'പിന്നെങ്ങനെ അവനു ഉത്തരം നല്‍കപ്പെടും' എന്ന ചോദ്യം സ്വീകാര്യതയുടെ ഘടകങ്ങളെ മറികടക്കുന്നതാണ് അസ്വീകാര്യതയുടെ 'തടയണകള്‍' എന്നറിയിക്കുന്നു. പ്രാര്‍ത്ഥനയുടെ നിബന്ധനകളില്‍ വേറെയുമുണ്ട്. ദോഷത്തെ അര്‍ത്ഥിക്കാതിരിക്കുക, അസാധ്യമായതും നന്നേ അസാധാരണമായതും ആവശ്യപ്പെടാതിരിക്കുക, മനസ്സാന്നിധ്യത്തോടെ പ്രാര്‍ത്ഥിക്കുക, ഉത്തരം ലഭിക്കുമെന്ന നല്ല വിചാരം പുലര്‍ത്തുക, ധൃതി കൂട്ടാതിരിക്കുക എന്നിവ അവയില്‍ ചിലതാണ്. അവക്കു വിപരീതം കാണിക്കുന്ന പ്രാര്‍ത്ഥനാനിരതനു പ്രതീക്ഷക്കു വകയില്ലെന്നര്‍ത്ഥം.
ത്വബ്‌റാനി ഇബ്‌നു അബ്ബാസില്‍ നിന്നു നിവേദനം ചെയ്ത ഹദീസ് ശ്രദ്ധേയമാണ്. ഇബ്‌നു അബ്ബാസ് പറഞ്ഞു: ഞാന്‍ നബി(സ)ക്ക് ഈ സൂക്തം ഓതിക്കൊടുത്തു: ''മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും സംശുദ്ധവുമായത് ഭക്ഷിച്ചു കൊള്ളുവിന്‍.'' അന്നേരം സഅ്ദ്ബ്‌നു അഹീ വഖാസ് എഴുന്നേറ്റു പറഞ്ഞു: ''റസൂലെ, ദുആക്ക് ഉത്തരം ചെയ്യപ്പെടുന്നവനാകാന്‍ അങ്ങെനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം.'' നബി(സ) പ്രതിവചിച്ചു: ''സഅ്‌ദേ, നിന്റെ ഭക്ഷണം നല്ലതാക്കുക, എന്നാല്‍ നീ ഉത്തരം ലഭിക്കുന്നവനാകും. മുഹമ്മദിന്റെ നഫ്‌സ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണു സത്യം. ഏതൊരു അടിമയും ഹറാമായ ഉരുള തന്റെയകത്തേക്കു എറിയുന്നുവോ നാല്‍പതു ദിവസം അതില്‍നിന്ന് ഒന്നും സ്വീകരിക്കപ്പെടുന്നതല്ല.
Leave A Comment