ജാതീയത ഇന്ത്യയില്‍ ഇസ്‌ലാമിക വളര്‍ച്ചയെ ത്വരിതപ്പെടുത്തിയതെങ്ങനെ?

രാജ്യത്ത് ഫാഷിസത്തിന്റെ കടന്ന് കയറ്റത്തോടു കൂടി സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഒരു മുദ്രാവാക്യമായിരുന്നു 'മതം വര്‍ജിക്കൂ, മനുഷ്യനാകൂ' എന്നത്. മതമാണ് പ്രശ്‌നമെന്ന് കാണുന്ന ചിലരുടെ ബുദ്ധിയില്‍ നിന്നുദിച്ചതായിരിക്കാം ഈ വാക്യം. പക്ഷേ, ചില മതഭ്രാന്തന്മാരുടെ മതം കണ്ടാണ് ഇത്തരമൊരു വാക്യത്തിന് തുനിഞ്ഞതെന്ന് പറഞ്ഞാല്‍ തെറ്റാണെന്ന് പറയാന്‍ പാടാണ്.  

ഒരു കാലഘട്ടത്തില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഹൈന്ദവ സമൂഹത്തില്‍ നില നിന്നിരുന്ന ജാതീയതായായിരുന്നു. അത് ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ തുടര്‍ന്നു വരുന്നുണ്ട്. സവര്‍ണ്ണ വിഭാഗത്തിന്റെ മേല്‍കോയ്മയാണ് ജാതീയത ഇന്നും നിലനിന്നു പോവാനുള്ള കാരണം. ഈ ജാതീയ്യതക്ക് മതംമാറ്റത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു പങ്കുണ്ട്. മറ്റു മതങ്ങളില്‍ കീഴ്ജാതിക്കാര്‍ക്കും മേല്‍ ജാതിക്കാര്‍ക്കും വ്യത്യാസമില്ലെന്നത് തന്നെയാണ് ഇതിനു പിന്നിലുള്ള വലിയൊരു പ്രേരക ശക്തി. ഇവിടെ സവര്‍ണ്ണ വിഭാഗത്തിന് നഷ്ടപ്പെടുന്ന ആധിപത്യമാണ് മതംമാറ്റം ഒരു ഭയമായി അവരുടെ ജീവിതത്തില്‍ നിഴലിക്കുന്നത്.

ഇവ്വിഷയകമായി നടന്ന പല പഠനത്തില്‍ നിന്നും വ്യക്തമാവുന്നതു പോലെ, പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇവിടെ സവര്‍ണരുടെ കോപത്തിനിരയാക്കുന്നത്. ഒന്ന്, അധസ്ഥിത വിഭാഗത്തില്‍ നിന്നുള്ള മതം മാറ്റം. മറ്റൊന്ന്, മതത്തിനകത്ത് എല്ലാര്‍ക്കും തുല്യ സ്ഥാനമാണെന്ന് പറയുന്ന ഇസ്‌ലാമിന്റെ ആശയം. ഇവ രണ്ടും സമ്മേളിക്കുന്നതാണ് മേല്‍ ജാതിക്കാര്‍ക്ക് പ്രശ്‌നമായി വരുന്നത്. ബാക്കിയുള്ള മതങ്ങളില്‍ നിന്ന് ഇസ്‌ലാമിന്റെ ആശയം വ്യത്യസ്തമാകുന്നതും ഇവിടെയാണ്.

കേവലം മതംമാറ്റം ഒരു പ്രശ്‌നമായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പികളിലൊരാളായ ഡോ. ബി. ആര്‍ അംബേദ്ക്കാര്‍ ഒരു കൂട്ടം ആളുകളുമായി മറ്റൊരു മതം പുല്‍കുമായിരന്നില്ല. കേരളത്തിലെ വിഖ്യാത എഴുത്തുകാരനും കവിയുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും ബുദ്ധമതത്തിലേക്ക് മാറുകയുണ്ടായി. പക്ഷേ അപ്പോഴൊന്നും കേരളത്തില്‍ യാതൊരു വിധ മുറവിളിയും ഉയര്‍ന്നിരുന്നില്ല.

മലയാളികളുടെ സുപ്രസിദ്ധ എഴുത്തുകാരി മാധവികുട്ടി കമലാ സുരയ്യയാപ്പോള്‍ ചിലര്‍ക്കത് മുറിവുണ്ടാക്കി. മതം ഇസ്‌ലാമായത് കൊണ്ട് മാത്രമാവാം ഇവിടെ പ്രശ്‌നങ്ങള്‍ ഉദിക്കുന്നത്. ഏറെ അത്ഭുതപ്പെടുത്തിയ കാര്യം മുസ്‌ലിം നാമഥേയത്തില്‍ അറിയപ്പെടുന്ന ശ്രീ. പുനത്തില്‍ കുഞ്ഞബ്ദുല്ല പോലും വിമര്‍ശിച്ചു എന്നതാണ്. 

ഈ പരിവര്‍ത്തനത്തിന് ശേഷം കേരളം ചര്‍ച്ചയാക്കിയ മറ്റൊരു മതം മാറ്റം ഹാദിയയുടേതായിരുന്നു. ഇവിടെ ഇസ്‌ലാം എന്നത് മാത്രമല്ല കാരണം. ആ സ്ത്രീ ഈഴവ കുടുംബത്തില്‍ നിന്നുള്ള ഒരു അംഗമാണെന്നതും കൂടി കാരണമായിട്ടുണ്ട്. രാജ്യം ഹാദിയയുടെ പ്രശ്‌നത്തില്‍ ചര്‍ച്ച ചെയ്യുമ്പോഴൊക്കെ മാളത്തിലെന്ന പോലെ പുറം കാണാതിരുന്ന ഫെമിനിസ്റ്റ് വാദികള്‍ തികച്ചും ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ തന്നെയാണ്. അല്ലെങ്കില്‍ എന്ത് കൊണ്ടാണ് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിട്ടും അവരൊന്നും പ്രതികരിക്കാതിരുന്നത്.

ഇന്നും ഇതുള്‍ക്കൊള്ളാത്തവരുണ്ട്. സ്വസമുദായത്തില്‍ നിന്ന് ഹാദിയയെ അഖിലയെന്ന് വിളിക്കുന്നവരും കമലാ സുരയ്യയെ മാധവിക്കുട്ടിയെന്ന് വിളിക്കുന്നവരും അനാവശ്യ ദാര്‍ഷ്ട്യ മനോഭാവം കാത്തു സൂക്ഷിക്കുന്നവരാണ്.

ചരിത്രം പരിശോധിച്ചാല്‍ ജാതീയതയെ അടിച്ചമര്‍ത്തിയാണ് മതങ്ങളുടെ കടന്നു വരവ് ഇന്ത്യ ദര്‍ശിച്ചത് എന്നു കാണാം. ഇസ്‌ലാമും ബുദ്ധിസവും ജൈനിസവുമൊക്കെ ജാതീയത കൂടെ കൊണ്ടു നടന്നിരുന്ന സമൂഹത്തിലായിരുന്നു വ്യാപിച്ചത്. മാറ് മറക്കാന്‍ പോലും അനുവാദമില്ലാതിരുന്ന സ്ത്രീ സമൂഹത്തിനും തൊട്ട് കൂടായ്മ ഒരാചാരമായിരുന്ന ഹൈന്ദവ സമൂഹത്തിനിടയലും മതത്തിന്റെ കടന്നു വരവ് സുന്ദരമായ പരിഷ്‌കരണമായിരുന്നു സമ്മാനിച്ചത്. 

മാറ് മറക്കാന്‍ അനുവാദം ലഭിക്കാത്ത സ്ത്രീ മമ്പുറം തങ്ങളുടെയരികില്‍ വെച്ച് ദീന്‍ പുല്‍കിയപ്പോള്‍ അവള്‍ക്കത് നവ്യാനുഭവമായി മാറി. ടിപ്പുവിന്റെ കടന്നുവരവോടെ വസ്ത്ര ധാരണ ശീലങ്ങളും ശൈലികളും പാടെ മാറ്റപ്പെട്ടു. കീഴ് ജാതിക്കാര്‍ക്കും വസ്ത്രമണിയാനുള്ള അധികാരം നല്‍കി. സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള നിര്‍ഭയത്വവും സ്ത്രീക്ക് കൈവന്നത് ആ കാലഘട്ടത്തിലായിരുന്നു. അതോടെ ഫാഷിസം സവര്‍ണ്ണര്‍ക്കിടയില്‍ കടന്നു വന്നു. അധികാരവും ആധിപത്യവും നഷ്ടപ്പെടുമെന്നുള്ള വേവലാതിയായിരുന്നു ഇതിനു പിന്നില്‍. മുന്നില്‍ നിന്ന് പടനയിച്ചത് ഇസ്‌ലാം മതവും.

നല്ല ഹിന്ദുക്കള്‍ക്ക് ഒരിക്കലും ഒരു ഫാസിസ്റ്റ് ചിന്താഗതിക്കാരനാവാന്‍ സാധിക്കുകയില്ല. അവര്‍ ജാതീയതയെ വെറുക്കും. നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജി പോലും പറഞ്ഞത് ഞാനൊരു ഗോ ഭകതനും ആരാധികനുമാണ്; അതോടൊപ്പം മുസ്‌ലിം വിഭാഗത്തിലെ എന്റെ സുഹൃത്തുക്കള്‍ ഗോ മാംസം ആഗ്രഹിക്കുന്നവരാണെങ്കില്‍ അതിനും താന്‍ അനുവദിക്കുമായിരുന്നു എന്നാണ്. ഹിന്ദുക്കളുടെയൊക്കെ ആത്മീയാചാര്യനായിരുന്ന ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും വലിയ ദര്‍ശനവും അത്തരത്തിലൊന്നായിരുന്നു. 'ജാതീയതയിലെ വ്യത്യാസം മറന്ന് മനം പുല്‍കിയ മതമനുസരിച്ച് ജീവിക്കൂ' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖനായ അയ്യപ്പന്‍ പറഞ്ഞതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. 'ആരെങ്കിലും എന്നോട് മുസ്‌ലിം പള്ളികള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അതും ചെയ്യുമായിരുന്നു' എന്ന് അദ്ദേഹം പറയുകയുണ്ടായി.

സവര്‍ണ്ണ ജാതീയതക്ക് അറുതി വരുത്തി ഇസ്‌ലാം മതം രാജ്യത്ത് കടന്നു വന്നതാണ് ഫാഷിസത്തിന് അസഹനീയമായത്. അതുകൊണ്ടുതന്നെ മുസ്‌ലിം ലോകത്തെ മതാചാര്യരായി കടന്നുവന്നവരൊക്കെയും അവര്‍ക്ക് മുന്നില്‍ വലിയ ശത്രുക്കളായി മാറി. അന്ന് ഔറംഗസേബിനെ മതഭ്രാന്തനെന്നും ടിപ്പുവിനെ ഒറ്റുക്കാരനെന്നുമൊക്കെ മുദ്രകുത്തിയത് ഈ കാരണം കൊണ്ട് തന്നെയാണ്. പുതിയ മതവുമായി വന്ന മുഗള്‍ ഭരണാധികാരി അക്ബര്‍ അവരുടെ ആദരണീയനായ ഭരണാധികാരിയായി മാറി.

ചുരുക്കത്തില്‍ മതം എന്ന വാക്കാണ് ഫാഷിസം ഭയക്കുന്നത്. അവിടെ ജാതീയതയ്ക്ക് സ്ഥാനമില്ലാത്തതും ഭയം കൂട്ടുന്നു. സവര്‍ണ്ണ മേധാവിത്വത്തിന് അറുതി വരുത്തുന്ന കാലം വരെ ഫാഷിസ്റ്റ് ശക്തികള്‍ രാജ്യത്ത് വാഴും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter