നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് മാതൃകയാണോ?
ഒരു വ്യക്തിയില്‍ ആരോഗ്യകരമായ വ്യക്തിത്വം വളരുന്നതില്‍ അവന്റെ/അവളുടെ മാതാപിതാക്കള്‍ക്കുള്ള പങ്ക് വലുതാണ്. സമൂഹ നന്മയിലുള്ള താല്‍പര്യം ഒരു വ്യക്തിയില്‍ വളര്‍ന്നു വികസിക്കണമെങ്കില്‍ മാതാപിതാക്കളുടെ ശരിയായ പ്രേരണയും മാര്‍ഗനിര്‍ദ്ദേശവും കുട്ടിക്കു കിട്ടിയിരിക്കണം. അതിനനുസരിച്ച പെരുമാറ്റമായിരിക്കണം മാതാപിതാക്കളില്‍ നിന്നുണ്ടാവേണ്ടത്.
ഓരോ കുട്ടിയും പൂര്‍ണ വ്യക്തിയാണ്. അവനെ ബഹുമാന്യനായ വ്യക്തിയായി പരിഗണിക്കുകയും അനുഭാവപൂര്‍വ്വം ഇടപെടുകയും ചെയ്താല്‍ ആ കുട്ടിയിലും സമഭാവനയും സഹകരണ മനോഭാവവും വളര്‍ന്നു വരും. അവന്‍ സ്വന്തം കുടുംബത്തോടെന്നപോലെ സമൂഹത്തോടും ഇടപെടാന്‍ ശ്രമിക്കും. അതുപോലെ ഭാവിയില്‍ കുട്ടികള്‍ക്ക് മറ്റുള്ളവരോട് വിശ്വാസമുണ്ടാകണമെങ്കില്‍ മാതാപിതാക്കളില്‍നിന്നും മറ്റുള്ളവരില്‍നിന്നും സ്‌നേഹമുള്ള പെരുമാറ്റം ലഭിക്കണം.
സ്‌നേഹമെന്തെന്നും സ്‌നേഹിക്കേണ്ടതെങ്ങനെയെന്നും കുട്ടികള്‍ അറിയുന്നത് മാതാപിതാക്കളില്‍നിന്ന് സ്‌നേഹം ലഭിക്കുന്നതിലൂടെയാണ്. സ്‌നേഹം, അംഗീകാരം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന കുട്ടികള്‍ക്കു മാത്രമേ തിരിച്ചു മാതാപിതാക്കളെ സ്‌നേഹിക്കുവാനും അംഗീകരിക്കുവാനും കഴിയുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം മാതാപിതാക്കള്‍ മനസ്സിലാക്കിയിരിക്കണം. സ്‌നേഹം നിഷേധിക്കപ്പെട്ട കുട്ടികള്‍ മറ്റുള്ളവരെ സ്‌നേഹിക്കുമെന്നോ സഹായിക്കുമെന്നോ കരുതാന്‍ വയ്യ.
ഇന്ന് എല്ലാ ബന്ധങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സ്വാര്‍ത്ഥതയാണ്. ഈ സ്വഭാവം മാതാപിതാക്കള്‍ പ്രകടിപ്പിക്കുമ്പോള്‍ അവരുടെ കുട്ടികളിലും ഇത്തരം മനോഭാവം വളര്‍ന്നുവരുമെന്നതില്‍ സംശയമില്ല. ഇത്തരം മാതാപിതാക്കളും കുട്ടികളും ആധുനിക സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് ആശങ്കാജനകമാണ്.
കുട്ടിയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കുമ്പോള്‍, അഥവാ കുട്ടിക്ക് എല്ലാം ഇഷ്ടാനുസരണം ലഭ്യമാക്കുമ്പോള്‍ ഒന്നിനും വിലയില്ലാതാകുന്നു. 'ഇല്ലായ്മ' എന്ന ഒരവസ്ഥയെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ തന്നെ കഴിയില്ല. ഭാവിയില്‍ ഇല്ലായ്മയെ അഭിമുഖീകരിക്കുമ്പോള്‍ മാനസികമായിട്ടവര്‍ തളരുന്നു. ചിലര്‍ ആഗ്രഹിച്ചതു നേടിയെടുക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുന്നു. ഇവിടെ സ്വന്തം സുഖത്തിനും സ്വന്തം ആവശ്യത്തിനുമാണവര്‍ പ്രാധാന്യം നല്‍കുക.
ഏതു കാര്യത്തിനും കുട്ടികള്‍ ആദ്യം മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്. അനീതിയുടെയും വിശ്വാസ രാഹിത്യത്തിന്റെയും അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളും അത്തരക്കാരായിത്തീരുമെന്നതില്‍ സംശയമില്ല. എന്നാല്‍ നേരായ വഴിയില്‍ ജീവിക്കുന്നവരെ സമൂഹമെന്ന പോലെ സ്വന്തം മക്കളും ബഹുമാനിക്കുകയും അവരില്‍ അഭിമാനം കൊള്ളുകയും ചെയ്യും. ഇവിടെ അനുകരണവും മത്സര ബുദ്ധിയും ഒഴിവാക്കാനും കൊക്കിലൊതുങ്ങുന്നത് വാങ്ങിക്കൊടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
അച്ചടക്കത്തിന്റെ കാര്യത്തിലും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക കാണിക്കണം. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്നത്തെ നമ്മുടെ കുട്ടികള്‍ക്ക് ഔപചാരികതയും അച്ചടക്കവും കുറവായിട്ടാണ് കാണുന്നത്. മറ്റുള്ളവരോട്, പ്രത്യേകിച്ചും പ്രായമായവരോട് കാണിക്കേണ്ട ബഹുമാനം, ആദരവ്, അനുസരണം തുടങ്ങിയ ഗുണങ്ങള്‍ കുറവാണിന്നുള്ളവര്‍ക്ക്. ഈ തല തിരിഞ്ഞ പെരുമാറ്റത്തിന് കാരണം മാതാപിതാക്കളുടെ അശ്രദ്ധയും വിവേകമല്ലായ്മയും തന്നെയാണ്.
മുതിര്‍ന്നവരോട് ഇടപെടുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല പെരുമാറ്റവും അച്ചടക്കവും മുതിര്‍ന്നവരോട് ആദരവും പ്രകടിപ്പിക്കാനവരെ പ്രാപ്തരാക്കണം. ഇതിന് മാതാപിതാക്കള്‍ തന്നെ മാതൃകയായാല്‍ കൂടുതല്‍ ഗുണം ചെയ്യും. മുതിര്‍ന്ന പഴയ തലമുറയില്‍ പെട്ടവരോട് ഇടപെടുമ്പോള്‍ നാം വിനയവും ബഹുമാനവും കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ മക്കളും അത് സ്വീകരിക്കുകയും മുതിര്‍ന്നവരുമായി നല്ല ബന്ധം നിലനിര്‍ത്താനവരെ പ്രാപ്തരാക്കുകയും ചെയ്യും.
മാതാപിതാക്കളുടെ പരസ്പര ബന്ധത്തിലും മാന്യതയും ശ്രദ്ധയും കാണിച്ചില്ലെങ്കില്‍ കുട്ടികളില്‍ വ്യക്തിത്വ തകരാറുകള്‍ ഉണ്ടാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചില്ലറ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അടിപിടിയും കലഹവും ഒക്കെ ഉണ്ടാക്കുന്നത് കുട്ടികളുട മാനസിക നിലയെ പ്രതികൂലമായി ബാധിക്കും. അവരുടെ മനസ്സില്‍ അപകടകരമായ മുദ്രകള്‍ പതിപ്പിക്കുകയും ചെയ്യും. ഇത്തരം കുട്ടികള്‍ ഭാവിയില്‍ അവന്‍ ആണ്‍കുട്ടിയാണെങ്കില്‍ സ്ത്രീകളെയും അവള്‍ പെണ്‍കുട്ടിയാണെങ്കില്‍ പുരുഷന്മാരെയും വെറുക്കാനിടയാക്കും. ഇതവരുടെ ഭാവി ദാമ്പത്യ ജീവിതത്തെ ബാധിക്കുകയും ചെയ്യും.
അവനവനില്‍ തന്നെയുള്ള വിശ്വാസമാണ് മനുഷ്യന്റെ ഏറ്റവും വലിയ ഗുണം. ഈ ഗുണം കുഞ്ഞിന് പകര്‍ന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. പരിശ്രമിക്കാനുള്ള പ്രചോദനം, പരിശ്രമം തുടരാനുള്ള പ്രേരണ, പൂര്‍ണമാക്കാനുള്ള പ്രോത്സാഹനം ഇതൊക്കെ സ്വന്തം പ്രവര്‍ത്തിയിലൂടെ കുഞ്ഞിന് മാതൃകയായി പകര്‍ന്നു നല്‍കാന്‍ കഴിയണം. കൊച്ചുകൊച്ചു കാര്യങ്ങള്‍ അവര്‍ ചെയ്യുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയും അവരോടൊത്തു ചേരുകയും ചെയ്യുക.
സ്വാശ്രയ ശീലം വളര്‍ത്തുന്ന തരത്തില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കണം. അതുപോലെ ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തുന്നതിലും നല്ല മാതൃകയാകാന്‍ മാതാപിതാക്കള്‍ക്കു കഴിയേണ്ടതാണ്. ശരിയായ ലക്ഷ്യബോധവും ആത്മധൈര്യവും അവരില്‍ വളര്‍ത്തിയെടുക്കണം. പരാജയങ്ങളെ അതിജീവിക്കാനവരെ പ്രാപ്തരാക്കണം. ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുത്തതുകൊണ്ടും കുറേ വേദകാര്യങ്ങള്‍ ഉരുവിട്ടതുകൊണ്ടുമായില്ല. അത് പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊടുക്കണം.
കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. മതപരവും സാമൂഹികവും വ്യക്തിപരവും ദേശീയവുമായ ഉത്തമമൂല്യങ്ങള്‍ സ്വന്തം പെരുമാറ്റത്തിലൂടെ വേണം മക്കളില്‍ വളര്‍ത്തിയെടുക്കാന്‍. ഓരോ മാതാവും ശരിയായ മാതൃകയുടെയും ശിക്ഷണത്തിന്റെയും മാതൃകയായി സ്വന്തം മക്കളെ കൈപിടിച്ചു നടത്താന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ നല്ലവരായിത്തീരണമെങ്കില്‍, അവര്‍ സമൂഹത്തിന് കൊള്ളുന്നവരായി വളരണമെങ്കില്‍, അവര്‍ ഉത്തമ വ്യക്തികളായിത്തീരണമെങ്കില്‍ ധാര്‍മ്മികതയുടെയും മൂല്യബോധത്തിന്റെയും നല്ല മാതൃകകള്‍ കാണിച്ചുകൊടുത്തേ മതിയാവൂ. ദുശ്ശീലങ്ങള്‍ അനുവര്‍ത്തിക്കുന്ന മാതാവോ പിതാവോ സ്വന്തം കുട്ടിയോട് 'ദുശ്ശീലത്തില്‍ വീണുപോകരുത്' എന്നു പറഞ്ഞാല്‍ ഫലമുണ്ടാകുമോ?
ചുരുക്കത്തില്‍ എല്ലാ കാര്യങ്ങളിലും നല്ല മാതൃക കാണിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയുമെങ്കില്‍ കുട്ടികളും ആ മാതൃക സ്വീകരിക്കും. അവര്‍ സമൂഹത്തിന് വേണ്ടപ്പെട്ടവരാകും. മുമ്പ് സൂചിപ്പിച്ചതുപോലെ നല്ല ശീലങ്ങള്‍,നല്ല പെരുമാറ്റങ്ങള്‍, ഉത്തമ മൂല്യങ്ങള്‍, ആധ്യാത്മിക ചിന്ത, സത്യം, ധര്‍മം, നീതി, ദയ, സഹിഷ്ണുത, ക്ഷമ, അച്ചടക്കം, സേവനം, സഹായം, സഹകരണം, പങ്കുവെക്കല്‍, ആചാരോപചാരങ്ങള്‍ തുടങ്ങിയ എല്ലാ നല്ല ഗുണങ്ങളും നല്ല പെരുമാറ്റങ്ങളും കുട്ടിയില്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു യജ്ഞം തന്നെ മാതാപിതാക്കള്‍ സ്വീകരിച്ചേ മതിയാകൂ.
Leave A Comment