കുടുംബങ്ങള്‍ക്കും ബജറ്റുകളുണ്ടാവട്ടെ....
Muslim_familyചെലവുകള്‍ക്കനുസരിച്ച് വരവില്ലെന്നതാണ് ഇന്ന് ഭൂരിഭാഗകൂടുംബങ്ങളും അനുഭവിക്കുന്ന വലിയൊരു പ്രശ്നം. കടക്കെണികളിലകപ്പെടുന്നതും അവസാനം പലരും ഒരു കഷ്ണം തുണിയിലോ റെയില്‍വേ പാളത്തിലോ ജീവിതം അവസാനിപ്പിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതും ഇതുതന്നെ. നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം പുലര്‍ത്താന്‍മാത്രം സാമ്പത്തിക വരുമാനമുണ്ടാക്കുക എന്നത് സാധിക്കുന്നതല്ല, എന്നാല്‍ വളരെ എളുപ്പത്തില്‍ സാധിക്കുന്ന ഒരു മറുവശമുണ്ട് ഈ സമസ്യക്ക്, അഥവാ, വരവിനനുസരിച്ച് മാത്രം ചെലവുകളുണ്ടാക്കുക എന്നതാണ് അത്. കുടുംബത്തിന്റെ വരുമാനത്തെകുറിച്ചും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും അംഗങ്ങളെല്ലാം ബോധവാന്മാരാവുകയാണ് ഇതിന്റ ആദ്യപടി, വിശിഷ്യാ വരുമാനം കുറവാകുന്ന സാഹചര്യത്തില്‍. അതിനനുസരിച്ച് ആവശ്യങ്ങളെ അത്യാവശ്യങ്ങളും ആവശ്യങ്ങളും അനാവശ്യങ്ങളുമായി തരംതിരിക്കാനും മുന്‍ഗണനാക്രമം നല്കി നിറവേറ്റാനും കുടുംബനാഥന്‍ മുന്‍കൈയ്യെടുക്കുകയും ഗ്രഹനാഥ കൂടെനില്ക്കുകയും ഇതര അംഗങ്ങളെ അത് ബോധവല്‍ക്കരിക്കുകയും മനസ്സിലാക്കുകയും വേണം. അഥവാ, കുടുംബത്തിനും കൃത്യമായ ബജറ്റും ബജറ്റ് അവതരണവും വേണമെന്നര്‍ത്ഥം. പ്രതിമാസ ബജറ്റും വാര്‍ഷികബജറ്റും ആവശ്യമാവുന്ന സാഹചര്യങ്ങളില്‍ പഞ്ചവല്‍സരപദ്ധതികള്‍ വരെയും മുന്‍കൂട്ടി കാണുകയും തദനുസൃതമായി ചെലവുകള്‍ ക്രമീകരിക്കുകയും വേണം. ഓരോ മാസവും ഭക്ഷണം, വിദ്യാഭ്യാസം, ചികില്‍സ, ഇലക്ട്രിസിറ്റി തുടങ്ങിയ ഇതര ചെലവുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഏകദേശ ചിത്രം ഏറ്റവും ചുരുങ്ങിയ കുടുംബനാഥനും ഗ്രഹനാഥയും മനസ്സിലാക്കിയിരിക്കണം. അഥവാ, ഏതെങ്കിലും വിഭാഗത്തില്‍ അപ്രതീക്ഷിത ചെലവുകള്‍ വന്നാല്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ കാണാന്‍ കഴിയാത്ത പക്ഷം, ഇതര വിഭാഗങ്ങളില്‍ ചെലവ് ചുരുക്കി അതേമാസം തന്നെ അത് ബാലന്‍സ് ചെയ്യുകയും വേണം. ഇങ്ങനെ കൃത്യമായ പ്ലാനുകളിലൂടെയും കണക്ക് കൂട്ടലുകളിലൂടെയും മുന്നോട്ട് പോയാല്‍ ജീവിതം ഏറെ സുഗമമവും സംതൃപ്തവുമായിത്തീരും. വര്‍ദ്ധിക്കുന്ന ചെലവുകളെകുറിച്ച് ആശങ്കപ്പെടുന്നതും അതുണ്ടാക്കുന്ന പ്രയാസങ്ങളെല്ലാം അനുഭവിക്കുന്നതും പലപ്പോഴും ഗ്രഹനാഥന്‍ മാത്രമാണെന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. വരവും ചെലവും വീട്ടുകാരിയുമായി പങ്കുവെക്കാനും അതിലെ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പരസ്പരം കൂടിയാലോചിച്ച് കണ്ടെത്താനും തയ്യാറായേ മതിയാവൂ. അല്ലാത്ത പക്ഷം, വര്‍ദ്ധിക്കുന്ന വ്യത്യാസത്തെകുറിച്ചുള്ള ആശങ്കകള്‍ മനസ്സില്‍ നിറയുമ്പോള്‍തന്നെ, ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനാവാത്തതില്‍ വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ആക്ഷേപങ്ങള്‍ കൂടിയാവുമ്പോള്‍, ഗ്രഹനാഥന്‍ തളര്‍ന്നുപോകുമെന്ന് പറയേണ്ടതില്ലല്ലോ. അവസാനം വാക്കേറ്റത്തിലെത്തുകയും കുടുംബജീവിതം കൂടി ദുസ്സഹമാവുകയും ചെയ്യും. അതോടെ, മക്കള്‍ക്ക് വിഷം നല്കി, സ്വയം ജീവിതം അവസാനിപ്പിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ലാതെ വരുന്നു. എന്നാല്‍ പരസ്പരം പങ്കുവെക്കുന്നതിലൂടെ, മാനസികപ്രയാസങ്ങള്‍ അലിഞ്ഞുപോവുന്നു. പിന്തുണയും സാന്ത്വനവുമായി കൂടെ നില്‍ക്കുന്ന കുടുംബാംഗങ്ങളുമുണ്ടാവുമ്പോള്‍, ഏത് പ്രയാസത്തെയും സുഗമമായി അതിജീവിക്കാനാവും. പരസ്പരം പഴി ചാരി, മാനസികസന്തോഷമില്ലാതെ, വയര്‍നിറയെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നതിനേക്കാള്‍ എന്ത് കൊണ്ടും ഭേദം, പരസ്പരം അറിഞ്ഞും കൊടുത്തും പങ്കുവെച്ചുംകൊണ്ട് അരവയറുമായി ദിവസം കഴിക്കുന്നതാണ്. അത്തരം കുടുംബങ്ങളിലെ പട്ടിണിക്ക് പോലും ഒരു സുഖമുണ്ടാവുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ ഉള്ളറിയുന്ന കുടുംബങ്ങള്‍ക്ക് ഏത് പ്രയാസത്തെയും മറികടക്കാനാവും, ജീവിതാന്ത്യം വരെ സുഖകരമായ ജീവിതം നയിക്കാനും. അത്തരം കുടുംബത്തില്‍ വളര്‍ന്ന് വരുന്ന കുട്ടികളും ക്ഷമയും സഹനവും പരസ്പര സ്നേഹവുമുള്ളവരാകുമെന്ന് മാത്രമല്ല, ഇതരരുടെ പ്രയാസങ്ങളകറ്റാന്‍ പരിശ്രമിക്കുന്ന സാമൂഹ്യജീവികളായി വളരുകയും ചെയ്യും..തീര്‍ച്ച.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter