മരണത്തിനും പലായനത്തിനുമിടയിലെ ഒരു മണിക്കൂര്‍
bosnia listഇരുപത് വര്‍ഷം നീണ്ട അഭയാര്‍ത്ഥി ജീവിതത്തിനു ശേഷം കെനാന്‍ ട്രെബിന്‍സേവിച്ച് തന്റെ ജന്മനാട്ടിലേക്ക് തിരികെ വന്നു. ഒരൊറ്റ രാത്രി കൊണ്ട് തനിക്കു പ്രിയപ്പെട്ടതെല്ലാം അന്യമായിത്തീരുകയും അയല്‍പക്കത്തു സ്‌നേഹം പങ്കിട്ടു കഴിഞ്ഞവര്‍ പോലും ആജന്മ ശത്രുക്കളായിത്തീരുകയും ചെയ്ത ആ കാള രാത്രിയുടെ ഭീകര സ്മരണകള്‍ക്കു നേരെ തന്റെ ഓര്‍മ്മയുടെ കവാടങ്ങള്‍ കൊട്ടിയടച്ച് താഴിട്ടു വെക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ച് അയാള്‍ തീര്‍ത്തും പരിക്ഷീണനായി. എന്നിട്ടും, തന്റെ പ്രിയപ്പെട്ട കരാട്ടേ മാഷ് അന്നു വരെ ഗുരുതുല്യമായ സ്‌നേഹോഷ്മളതയോടെ മൊഴിഞ്ഞിരുന്ന കൊച്ചു ശാസനകള്‍ക്കും പ്രോല്‍സാഹനങ്ങള്‍ക്കും പകരം തനിക്കു നേരെ എ.കെ47 തോക്കു ചൂണ്ടി അലറിയ വാക്കുകള്‍ ഏതോ ഭീകര സ്വപ്നത്തിലെന്ന വണ്ണം അയാളെ ഇടയ്ക്കിടെ ഞെട്ടിച്ചു കൊണ്ടിരുന്നു. 'മരണത്തിനും പാലായനത്തിനുമിടയില്‍ തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ക്ക് ഞാന്‍ ഒരു മണക്കൂര്‍ സമയം തരുന്നു.' രണ്ടാം ലോക മഹായുദ്ധാനന്തര യൂറോപ്പ് സാക്ഷിയായ ഏറ്റവും ഭീകരമായ വംശീയ കൂട്ടക്കൊലയുടെ ഇരയും ദുരന്ത ദൃക്‌സാക്ഷിയുമായ കെനാന്‍ ട്രെബിന്‍സേവിച്ച് എന്ന ബോസ്‌നിയന്‍ അമേരിക്കന്‍ എഴുത്തുകാരന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നുള്ളതാണിത്. വെറും പന്ത്രണ്ട് വയസ്സ് മാത്രമുള്ളപ്പോള്‍ സെര്‍ബിയന്‍ സൈനികരുടെ മൃഗീയമായ മുസ്‍ലിം വേട്ടയെത്തുടര്‍ന്ന് ജന്മദേശത്തിന്റെ മടിത്തട്ടില്‍ നിന്നും പറിച്ചെറിയപ്പെട്ട ഒരു ബാലന്‍ 'ബോസ്‌നിയ ലിസ്റ്റ്: എ മെമയര്‍ ഓഫ് വാര്‍, എക്‌സൈല്‍ ആന്റ് റിട്ടേണ്‍' അഥവാ ബോസ്‌നിയന്‍ പട്ടിക: യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും തിരിച്ചു വരവിന്റെയും ഓര്‍മ്മക്കുറിപ്പ് എന്ന ആത്മാനുഭവങ്ങളിലൂടെയുള്ള വികാര തീവ്രമായ കടന്നു പോക്കുകള്‍ വിവരിക്കുന്ന ഈ പുസ്തകത്തിലൂടെ തന്നോട് അതിക്രമം പ്രവര്‍ത്തിച്ചവരോടെല്ലാം മധുര പ്രതികാരം ചെയ്തിരിക്കുന്നു. 1991ലെ യുഗോസ്ലാവ്യാ വിഭജനത്തെത്തുടര്‍ന്ന് ബാള്‍ക്കന്‍ പ്രദേശത്ത് ഉടലെടുത്ത യുദ്ധങ്ങളുടെയും കലാപങ്ങളുടെയും സംഘട്ടനങ്ങളുടെയും ഭാഗമായാണ് 1992 മാര്‍ച്ചില്‍ ബോസ്‌നിയ ആന്റ് ഹെര്‍സഗോവിനയില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. ബോസ്‌നിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെടത്തുടര്‍ന്ന് രാജ്യത്തെ 31 ശതമാനം വരുന്ന സെര്‍ബ് ഓര്‍ത്തഡോക്‌സുകള്‍ 44 ശതമാനം വരുന്ന ബോസ്‌നിയാക് മുസ്‍ലിംകള്‍ക്കും 17 ശതമാനത്തോളം വരുന്ന ക്രൊയേഷന്‍ കാത്തലിക്കുകള്‍ക്കുമെതിരെ ആക്രമണമഴിച്ചു വിടുകയായിരുന്നു. അയല്‍ രാജ്യമായ സെര്‍ബിയയിലെ ഭരണാധികാരി സ്ലാബദോന്‍ മിലോസെവിച്ചിന്റെയും യുഗോസ്ലാവ് പീപ്പിള്‍സ് ആര്‍മിയുടെയും ശക്തമായ പിന്തുണ ലഭിച്ച സെര്‍ബുകളുമായി ക്രൊയേഷ്യന്‍ വംശജര്‍ ഒത്തു തീര്‍പ്പിലെത്തിയതോടു കൂടി ബോസ്‌നിയന്‍ മുസ്‍ലിംകള്‍ക്കെതിരെയുള്ള വംശീയ കലാപമായി അത് പരിണമിക്കാന്‍ താമസമുണ്ടായില്ല. സരജാവോ ഉപരോധവും സെറിബ്രനിക കൂട്ടക്കൊലയുമടക്കം ഒട്ടേറെ നിഷ്ഠൂര സംഭവങ്ങള്‍ അരങ്ങേറിയ ബോസ്‌നിയന്‍ സിവില്‍ യുദ്ധത്തില്‍ തരം തിരിവില്ലാതെ ധാരാളം നഗരങ്ങള്‍ ഷെല്‍ വര്‍ഷത്തില്‍ തകര്‍ന്നടിയുകയും ആസൂത്രിതമായ കൂട്ട ബലാത്സംഗങ്ങള്‍ വ്യാപകമായി അരങ്ങേറുകയും ചെയ്തു. കലാപത്തിലൊട്ടാകെ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അര ലക്ഷത്തോളം സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുകയും കാല്‍ കോടിയോളം പേര്‍ അഭയാര്‍ത്ഥികളായിത്തീരുകയും ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. വിധിയുടെ നിര്‍ബന്ധ പ്രേരണ കൊണ്ടു മാത്രം സാക്ഷിയാകേണ്ടി വന്ന നിഷ്ഠൂരതകളുടെ നേരനുഭവങ്ങള്‍ വരച്ചു ചേര്‍ത്ത് കെനാന്‍ തയ്യാറാക്കിയിട്ടുളള ഈ പുസ്തകം ഇരയുടെ ഭാഗത്ത് നിന്ന് ബോസ്‌നിയന്‍ കലാപത്തെ നോക്കിക്കാണുന്നതിനൊപ്പം താനടക്കമുള്ള വര്‍ത്തമാന ബോസ്‌നിയന്‍ ജനത കലാപത്തിന്റെ ഭീകരാനുഭവങ്ങളെ മനസ്സില്‍ നിന്ന് മായ്ച്ചു കളയാന്‍ സഹിക്കുന്ന മനോവേദനയെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നുമുണ്ട്. മുസ്ലിമായെന്ന കാരണം കൊണ്ടു മാത്രം തങ്ങള്‍ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ടതിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടു മാറിയിട്ടില്ലെന്ന് കലാപമടങ്ങി രണ്ട് പതിറ്റാണ്ടോളമായെങ്കിലും നഷ്ടങ്ങളുടെയും വേദനകളുടെയും മഹാ സമുദ്രം തുഴഞ്ഞ് കര പറ്റാന്‍ കഴിയാതെ തളര്‍ന്നവശരായ അവരുടെ മുഖഭാവം വിളിച്ചറിയിക്കുന്നതായി ഈ പുസ്തകം നമ്മോട് പറയുന്നു. കണ്ണുനീരിന് പോലും കനം കുറക്കാന്‍ കഴിയാത്ത ഉള്‍നോവുമായി ജീവിക്കുന്ന ഒരു കൂട്ടം ഹതഭാഗ്യരുടെ ചിത്രമാണ് ഇതില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. ഇതിനൊപ്പം തങ്ങള്‍ക്ക് സഹായത്തിന്റെ കരങ്ങള്‍ നീട്ടി മനുഷ്യത്വത്തിന്റെ നീരുറവകളില്‍ ചിലതെങ്കിലും വിഷം കലക്കപ്പെടാതെ ശേഷിക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യപ്പെടുത്തന്നവരെയൊന്നും കെനാന്‍ തന്റെ ഓര്‍മ്മകളുടെ കയ്യാലപ്പടിക്കല്‍ നിര്‍ത്തിയിട്ടില്ല. തന്റെ പിതാവിനെയും സഹോദരനെയും പോറലേല്‍പ്പിക്കാതെ സംരക്ഷിച്ച പിന്നീട് യുദ്ധക്കുറ്റവാളിയെന്ന് വിധിക്കപ്പെട്ട റാന്‍കോ, തങ്ങള്‍ക്ക് ഭക്ഷണവും മരുന്നും പണവും എത്തിച്ചു തന്ന അയല്‍പക്കക്കാരായ സോറിക്കയും മിലോസും, തന്‍െ സ്വാതന്ത്ര്യത്തിലേക്കുള്ള രക്ഷപ്പെടലിനു വേണ്ടി ആസ്ട്രിയയിലേക്കുള്ള തങ്ങളുടെ യാത്ര പിന്തിക്കാന്‍ മഹാമനസ്‌ക്കത കാട്ടിയ ബസ് ഡ്രൈവറും യാത്രക്കാരും......... ഇവരുടെയെല്ലാം നന്മ നിറഞ്ഞ ഓര്‍മ്മകള്‍ മനസ്സിലെന്നുമുണ്ടായത് കൊണ്ടാണെന്ന് തോന്നുന്നു അക്രമികള്‍ക്കെതിരെയുള്ള പ്രതികാര വാഞ്ഛയോ കൊലവിളിയോ ഒന്നും കെനാന്റെ അനുഭവക്കുറിപ്പുകളില്‍ ഇടം പിടിക്കാതിരുന്നത്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് വിവരിക്കുന്ന നൃശംസനീയതകളുടെ അളവോ ആധിക്യമോ അവ വായനക്കാരനിലുണ്ടാക്കിത്തീര്‍ക്കുന്ന ഞെട്ടലോ ഭീതിയോ അല്ല. മറിച്ച് ഇവയ്‌ക്കെല്ലാം നിസ്സഹായ ദൃക്‌സാക്ഷിയാകേണ്ടി വന്ന ഒരു ബാലന്‍ യുദ്ധത്തിന്റെ മാരകമായ തിക്താനുഭവങ്ങളെയും അപക്വമായ പ്രതികാരചിന്തയുടെയും വികാര വിക്ഷോഭത്തിന്റെയും അപപ്രലോഭനങ്ങളെയും ഒരു പോലെ അതിസാഹസികമായി അതിജീവിച്ചു എന്നുള്ളതാണ്. എന്നാല്‍ ബോസ്‌നിയന്‍ വംശീയ കലാപത്തിന്റെ ഇരകളില്‍ മഹാ ഭൂരിഭാഗവും ഇപ്പോഴും തങ്ങളുടെ തിക്താനുഭവങ്ങളെ അതിജീവിക്കുവാനോ അവ തങ്ങളുടെ ജീവിതത്തിലേല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്ന് കരകയറാനോ കഴിയാതെ ജീവിതം തള്ളി നീക്കുകയാണെന്ന കയ്‌പേറിയ സത്യം അപ്പോഴും അവശേഷിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter