ഇറാനില്‍നിലെ പുതിയ വിശേഷങ്ങള്‍
iranഇറാനെതിരേയുള്ള സാമ്പത്തിക ഉപരോധം യൂറോപ്യന്‍ യൂനിയനും അമേരിക്കയും നീക്കിയതിനു പിന്നാലെ മധ്യപൗരസ്ത്യ ദേശത്തും ആഗോള വിപണിയിലുമുണ്ടായ മാറ്റങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ലോകം. പതിറ്റാണ്ടിലേറെ നീണ്ട ഉപരോധം ഇറാനെ സാമ്പത്തികമായും രാഷ്ട്രീയമായും ഇല്ലാതാക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍. ആര്‍ജവത്തിന്റെയും പ്രതിരോധത്തിന്റെയും വഴിയില്‍ ഇറാന്‍ ഇത്രയും കാലം പിടിച്ചുനിന്നത് ആ രാജ്യത്തിന്റെ നേതൃത്വത്തിന്റെ ഇച്ഛാശക്തികൊണ്ടാണെന്നത് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്ചകളിലെ ചര്‍ച്ചകള്‍. ലോകവിപണിയില്‍ നിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞ ഇറാന് ഉപരോധം നീങ്ങിയത് പുതിയ യുഗപ്പിറവിയാണെന്നും തങ്ങളുടേത് വലിയ വിജയമാണെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചതിലും അതിശയോക്തി കാണാനാകില്ല. റൂഹാനിയുടെ നേതൃത്വത്തെ ഇറാനിലെ ജനങ്ങള്‍ കരഘോഷത്തോടെ സ്വീകരിക്കുന്ന കാഴ്ച ആണവ ചര്‍ച്ചയുടെ അന്തിമഘട്ടത്തില്‍ തെഹ്്‌റാനിലെ തെരുവുകള്‍ കണ്ടിരുന്നു. മുന്‍ പ്രസിഡന്റ് അഹ്്മദ് നജാദിന്റെ വീഴ്ചകളും അവര്‍ ചര്‍ച്ചചെയ്തു. ഇറാന്‍ എന്ന എണ്ണസമ്പന്ന രാഷ്ട്രം അറബ് മേഖലയില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളും ലോക വിപണിയിലേക്ക് ഇറാന്‍ കടന്നുകയറുമ്പോഴുള്ള ഭീതിയും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും സയണിസ്റ്റുകള്‍ക്കും ഇടയിലുണ്ട്്. അതിനാല്‍ ഉപരോധത്തിനു മുമ്പും ശേഷവും ഇറാന്‍ എന്താകുമെന്ന തരംതിരിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ആഗോള തലത്തില്‍ നടക്കുന്നത്. ഉപരോധവും ഇറാനും വിയന്നയില്‍ ആറു ലോകശക്തികളുമായി നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറാന്‍ ആണവകരാര്‍ യാഥാര്‍ഥ്യമായത്. ഇറാന്റെ സമ്പുഷ്ട യുറേനിയം ആണവായുധ നിര്‍മാണത്തിനുപയോഗിക്കുന്നുവെന്ന ആരോപണമാണ് കരാറിനു ഹേതുവായത്. ന്യൂക്ലിയര്‍ മെഡിസിന്‍ രംഗത്ത് ഇറാന്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ടെന്നും ആണവായുധങ്ങള്‍ നിര്‍മിക്കാനല്ല സമ്പുഷ്ട യുറേനിയം ഉപയോഗിക്കുന്നതെന്നും ഇറാന്‍ വാദിച്ചെങ്കിലും അന്താരാഷ്ട്ര സമൂഹവും അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സിയും ചെവിക്കൊണ്ടില്ല. ഇറാനെതിരേ ആദ്യകാലങ്ങളില്‍ ശക്തമായി നിലകൊണ്ട യു.എസ് തന്നെയാണ് പുതിയ കരാറുമായി രംഗത്തുവന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ബുദ്ധിയും രാഷ്ട്രതന്ത്രവുമായിരുന്നു ആണവകരാറിന്റെ പിന്നില്‍. ഇസ്്‌റാഈലും സഊദിയും ഉള്‍പ്പെടെയുള്ള ഇറാന്റെ പരമ്പരാഗത ശത്രുക്കള്‍ യു.എസിനു മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ജൂലൈയില്‍ വിയന്നയില്‍ ഒപ്പിട്ട ആണവകരാര്‍ പ്രകാരം ആറു മാസം ഇറാന് കരാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ സമയം നല്‍കിയിരുന്നു. ഈയിടെ ഇറാനില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നടത്തിയ പരിശോധനയില്‍ ഇറാന്‍ കരാര്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് കണ്ടെത്തിയതാണ് ഉപരോധം പിന്‍വലിക്കാന്‍ ഇടയാക്കിയത്. ഗള്‍ഫ് മേഖലയും ഏഷ്യയും ഉപരോധം നീങ്ങുന്നതോടെ ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദിക്ക് ഇറാന്‍ വലിയ ഭീഷണിയാകും. ഗള്‍ഫ് മേഖലയിലെ പ്രമുഖ ശിഈ രാജ്യമായ ഇറാനും സുന്നി രാജ്യമായ സഊദിയും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ശത്രുത മൂര്‍ധന്യത്തിലാണ്. സഊദിയില്‍ സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയ ശേഷം ഇത് കൂടുതല്‍ ശക്തിപ്പെട്ടു. സഊദിയുടെ ശത്രുക്കളായ യമനിലെ ഹൂതികളെയും സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെയും ഇറാന്‍ അകമഴിഞ്ഞു സഹായിക്കുന്നത് ഒടുവില്‍ യമന്‍ യുദ്ധത്തിനു വഴിവച്ചു. പ്രമുഖ ശിഈ നേതാവ് നിംര്‍ അല്‍ നിംറിന്റെ വധശിക്ഷയോടെ തര്‍ക്കം നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നിടം വരെയെത്തി. മിനാ ദുരന്തത്തില്‍ പോലും ഇറാനും സഊദിയും പരസ്പരം പഴിചാരിയത് വിശ്വാസികളില്‍ വേദനയുണ്ടാക്കിയിരുന്നു. ചൈനയും ഇന്ത്യയും ഉള്‍പ്പെടുന്ന ഏഷ്യന്‍ ശക്തികളാണ് സഊദിയുടെ എണ്ണ പ്രധാനമായും വാങ്ങുന്നത്. ഈയിടെ എണ്ണ ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധനവ് മൂലം എണ്ണവില കുറഞ്ഞത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മോശമാക്കി. എണ്ണ കമ്പനികളിലും മറ്റും ചെലവുചുരുക്കലും ബജറ്റിലെ പദ്ധതിവിഹിതത്തില്‍ വെട്ടിക്കുറച്ചതും ഈയിടെയാണ്. വീപ്പയ്ക്ക് 130 ഡോളര്‍ വരെയുണ്ടായിരുന്ന ക്രൂഡ് ഓയിലിന് 28 ഡോളറായി കുറഞ്ഞതോടെ പ്രതിസന്ധിയിലായത് ഒപെക് രാജ്യങ്ങളാണ്. ഇതിനിടെയാണ് ഇറാന്‍ എണ്ണകൂടി വിപണിയിലെത്തുന്നത്. പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ എണ്ണ വിപണിയിലെത്തിക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ ചങ്കിടിപ്പ് കൂടിയത് ഗള്‍ഫിനും കോളടിച്ചത് ഇന്ത്യയ്ക്കുമാണ്. നേരത്തെ ഇറാനുമായി എണ്ണവാങ്ങാന്‍ കരാര്‍ ഒപ്പിട്ട ഇന്ത്യയ്ക്ക് ഉപരോധം നീങ്ങിയത് ആശ്വാസമാണ്. ഇറാന്‍ ജനതയുടെ വികാരം ഇറാനിന്റെ അവസാന വാക്കാണ് അവരുടെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ തീരുമാനം. ആണവകരാറിന്റെ ചര്‍ച്ചയില്‍ ഇറാന്റെ ഓരോ നീക്കവും അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി നടത്തിയത്. കരാര്‍ തങ്ങള്‍ പാലിക്കുമെന്ന് ഉറപ്പു നല്‍കിയ ഖാംനഈ ഉപരോധം നീങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്ക വഞ്ചിക്കുമെന്നും അതാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു പിന്നാലെ പുതിയ ഉപരോധം കൊണ്ടുവന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക് എഴുതിയ കത്തില്‍ പറയുന്നു. ഈ ആശങ്കയാണ് ഉപരോധം നീങ്ങിയ ദിവസം ജനങ്ങളും പങ്കുവച്ചത്. ഉപരോധം നീങ്ങിയതു മൂലം തങ്ങളുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് മനസിലാക്കിയ അവര്‍ തെരുവില്‍ ആഹ്ലാദത്തിന് കൂടിനില്‍ക്കാതെ തങ്ങളുടെ ജോലിത്തിരക്കുകളില്‍ മുഴുകുകയായിരുന്നു. ഇറാന്‍ മാധ്യമങ്ങളുടെ നീരസം ഉപരോധം നീങ്ങിയ വാര്‍ത്ത വരുമ്പോള്‍ ഇറാന്‍ ചാനലുകളില്‍ പോളിയോ നിര്‍മാര്‍ജന വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ ചാനലുകള്‍ നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചെങ്കിലും ഉപരോധം നീങ്ങിയ വാര്‍ത്തയോട് മാധ്യമങ്ങള്‍ വലിയ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാനായില്ല. പിറ്റേന്നത്തെ പത്രങ്ങളിലും സമ്മിശ്ര പ്രതികരണം പോലെയാണ് തലക്കെട്ടുകളും മുഖപ്രസംഗങ്ങളും വന്നത്. ആണവ കരാറിനു വേണ്ടി രാജ്യം പലതും അടിയറവുവച്ചുവെന്ന് മാധ്യമങ്ങള്‍ പറഞ്ഞത് അവിടത്തെ രാഷ്ട്രീയമായി മാത്രം കാണാനാകില്ല. 'ആണവ ശവസംസ്‌കാരം' എന്നാണ് പ്രമുഖ പത്രമായ 'വതന്‍ ഇംറൂസ്' കരാറിനെ വിശേഷിപ്പിച്ചത്. അമേരിക്കയില്‍ പുതിയ പ്രസിഡന്റ് ആരാകുമെന്നതിനു അനുസരിച്ചായിരിക്കും ഇറാന്റെ ഭാവിയെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ കടുത്ത ഉപരോധങ്ങള്‍ വരുമെന്നും ഇറാന്‍ മാധ്യമങ്ങള്‍ പറയുന്നു. വിദേശബാങ്കുകളില്‍ ഉപരോധത്തെ തുടര്‍ന്ന് മരവിപ്പിച്ച ഇറാന്റെ 100 ബില്യന്‍ ഡോളര്‍ തിരികെ കൊണ്ടുവരുന്നതും അടിസ്ഥാനമേഖലയിലെ കുതിച്ചു ചാട്ടവും എല്ലാം ഇറാന്‍ സ്വപ്നം കാണുന്നുണ്ടെങ്കിലും ഒറ്റപ്പെടലില്‍ നിന്നു ജീവിതം പഠിച്ച ഇറാനികള്‍ക്ക് ഇത് മധുരസ്വപ്്‌നമാകുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter