ഫിനോമിനൽ കോൺഷ്യസ്നെസ് ദൈവാസ്തിക്യത്തിന്റെ ഏറ്റവും വലിയ തെളിവ്

മനുഷ്യന്റെ നിലനില്‍പ്പിന്റെ തന്നെ മൗലികമായ സത്യങ്ങളില്‍ പെട്ട ഒന്നാണ് ബോധം (consciousness). നമുക്കെല്ലാവര്‍ക്കും ബോധമുണ്ട്. ഒരര്‍ത്ഥത്തില്‍, നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതും മൂല്യമുള്ളതാക്കുന്നതും നമ്മുടെ ബോധം എന്ന സവിശേഷതയാണ്.

മനുഷ്യന്റെ ആത്യന്തിക സവിശേഷമാണെന്നതിലുപരി നിഗൂഢതകള്‍ നിറഞ്ഞതും അത്യന്തികം പ്രശ്‌നപരിസരങ്ങളുള്ളതുമായ ഒരു മണ്ഡലം കൂടിയാണ് ബോധം. ഒരു കാലം വരെ വസ്തുനിഷ്ഠതയെ (objectivity) പ്രതിനിധീകരിക്കുന്ന ശാസ്ത്രവും വ്യക്തിനിഷ്oതയെ (subjectivity) പ്രതിനിധീകരിക്കുന്ന ബോധവും തമ്മില്‍ കാര്യമായ ചര്‍ച്ചകളോ സംവാദങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍, രണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് പിറകില്‍, തത്ത്വചിന്തയില്‍ ഫിലോസഫി ഓഫ് മൈന്‍ഡും ശാസ്ത്രത്തില്‍ കോഗ്നിറ്റീവ് സയന്‍സുമെല്ലാം ബോധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്താനും തുടങ്ങി. തലച്ചോറിന്റെ ചില പ്രത്യേക ഭാഗങ്ങളും ബോധത്തിന്റെ ചില പ്രത്യേക അവസ്ഥകളും  ആധാരമാക്കിയായിരുന്നു ആ പഠനങ്ങളില്‍ മിക്കതും. ബോധവുമായി ബന്ധപ്പെട്ട ചുരുക്കം ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെങ്കിലും പലതും ഇന്നും സങ്കീര്‍ണമായിത്തന്നെ തുടരുന്നുണ്ട്. നിര്‍മ്മിത ബുദ്ധിയുടെ വികാസവും, മനുഷ്യശരീരം മാത്രമാണോ ബോധത്തിന് നില്‍ക്കാന്‍ അനുയോജ്യമായ ഏക ഇടം എന്ന ചോദ്യവുമെല്ലാം ബോധവുമായി ബന്ധപ്പെട്ട ഇന്നത്തെ സജീവ ചര്‍ച്ചകളാണ്. (1)

ബോധസങ്കല്‍പവും ഫിനോമിനൽ കോൺഷ്യസ്നെസും

മനഃശാസ്ത്രത്തിലെ ഏറ്റവും സങ്കുചിതമായ പ്രതിസന്ധികളില്‍ പെട്ട ഒന്നാണ് ബോധം. മനസ്സിന്റെ ഏറെ പ്രധാനപ്പെട്ടതും എന്നാല്‍ ഏറെ കുഴക്കുന്നതുമായ സവിശേഷതയാണ് ഇത്. ഒരു വസ്തുവിന് ബോധമുണ്ടെന്ന് പറഞ്ഞാല്‍ അതുകൊണ്ട് പൊതുവെ സെന്റിയന്‍സ്, വെയ്ക്ഫുള്‍നെസ്സ്, സെല്‍ഫ് കോണ്‍ഷ്യസ്‌നെസ്സ്, ഫിനോമിനല്‍ കോണ്‍ഷ്യസ്‌നെസ്സ്,  ആക്‌സഡ് കോണ്‍ഷ്യസ്‌നെസ്സ് എന്നിങ്ങനെ അഞ്ച് അര്‍ത്ഥങ്ങളാണ് ഉദ്ദേശിക്കപ്പെടുക എന്ന് റോബര്‍ട്ട് വാന്‍ഗുലിക് അഭിപ്രായപ്പെടുന്നുണ്ട്. (2)

ബോധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പ്രശസ്ത സമകാലിക തത്ത്വചിന്തകന്‍ ഡേവിഡ് ചാമസ് രണ്ടായി തിരിച്ചിട്ടുണ്ട്; ഈസി പ്രോബ്ലം, ഹാര്‍ഡ് പ്രോബ്ലം. ന്യൂറല്‍ മെക്കാനിസത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ കഴിയുന്ന, കോഗ്നിറ്റീവ് സയന്‍സിന്റെ സ്റ്റാന്‍ഡേര്‍ഡ് മെത്തേഡുകള്‍ക്ക് ഗ്രഹണക്ഷമമായ ബോധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയാണ് ഈസി പ്രോബ്ലം എന്ന് വിളിക്കുന്നത്. എന്നാല്‍, ഇത്തരം പ്രക്രിയകള്‍ക്ക് വിധേയമാകാത്തവയാണ് ഹാര്‍ഡ് പ്രോബ്ലം. വേര്‍തിരിക്കാനും തരംതിരിക്കാനും പ്രകൃതിപരമായ ഉദ്ദീപനങ്ങളോട് പ്രതികരിക്കാനുമുള്ള മനുഷ്യന്റെ കഴിവ്,  ഒരു കോഗ്‌നിറ്റീവ് സിസ്റ്റം വഴിയുള്ള അറിവുകളുടെ ഏകീകരണം, മാനസികാവസ്ഥകളുടെ വിവരണശേഷി, ഉണര്‍വിന്റെയും ഉറക്കത്തിന്റെയും ഇടയിലുള്ള വ്യത്യാസം എന്നിങ്ങനെയുള്ളതെല്ലാം ബോധത്തിന്റെ ഈസി പ്രോബ്ലവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളാണ്. (3)

ഈ പ്രതിഭാസങ്ങളത്രയും ബോധത്തിന്റെ വിഭാവനയുമായി ബന്ധപ്പെട്ടതും ന്യൂറല്‍ മെക്കാനിസത്തിന്റെ വിശദീകരണങ്ങള്‍ക്ക് എളുപ്പം വിധേയമാകുന്നതുമാണ്. എന്നാല്‍ ശാസ്ത്രത്തിന് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്തതാണ് ഫിനോമിനല്‍ കോണ്‍ഷ്യസ്‌നെസ്സുമായി ബന്ധപ്പെട്ട ഹാര്‍ഡ് പ്രോബ്ലം എന്നാണ് തത്ത്വചിന്തകന്‍ ഡേവിഡ് ചാമസ് വാദിക്കുന്നത്. തന്റെ ചുറ്റുപാടിനെ ഒരു ജീവി ആത്മനിഷ്ഠമായി എങ്ങനെ അനുഭവിക്കുന്നു എന്ന് പുറത്തുനിന്ന് ഒരാള്‍ക്ക് മനസ്സിലാക്കാന്‍ ആവില്ല. വസ്തുനിഷ്ഠക്കും ആത്മനിഷ്ഠക്കുമിടയിലുള്ള മറികടക്കാനാവാത്ത വിടവാണ് ഫിനോമിനില്‍ കോണ്‍ഷ്യസ്‌നെസ്സിനെ ഇത്രമാത്രം ദുഷ്‌കരമായ പ്രശ്‌നമാക്കി തീര്‍ക്കുന്നത്.

അതായത്, ഒരു വ്യക്തി ഒരു പ്രത്യേക ഭക്ഷണം കഴിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു മനോഹരമായ കാഴ്ച കാണുമ്പോള്‍ ശാസ്ത്രത്തിന് ആകെ പറയാന്‍ സാധിക്കുന്നത് ആ വ്യക്തിയുടെ തലച്ചോറിലെ കെമിക്കല്‍ ഇലക്ടോറല്‍ ബയോളജിക്കല്‍ ന്യൂറല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാത്രമാണ്. അതിനപ്പുറത്ത്, ആ വ്യക്തി ആ ഭക്ഷണത്തെ അല്ലെങ്കില്‍ ആ കാഴ്ചയെ ആത്മനിഷ്ടമായി എങ്ങനെ അനുഭവിക്കുന്നു, എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നോ അല്ലെങ്കില്‍ വെറുക്കുന്നുവെന്നോ തുടങ്ങിയ പ്രശ്‌നങ്ങളെ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ സാധിക്കുന്നില്ല. ഇനി ഒരാളുടെ ശരീരത്തിലെ ഘടനാപരമായ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തില്‍ വേദന, ചൂട്, തണുപ്പ് എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളെ അനുഭവിക്കുന്നുവെന്ന് നാം മനസ്സിലാക്കിയാല്‍ തന്നെ അല്ലെങ്കില്‍ ഭാഷയെന്ന അത്ഭുതമായ മാധ്യമത്തിലൂടെ നമ്മളോട് പറഞ്ഞാല്‍ തന്നെ, ആ വ്യക്തി 'എത്രത്തോളം’ അനുഭവിക്കുന്നുവെന്ന് പറയാന്‍ സാധിക്കുകയില്ല. അത് വ്യക്തിയുടെ ആത്മനിഷ്ഠാനുഭവത്തിന്റെ ആധാരത്തിലാണ് വര്‍ത്തിക്കുന്നത്. (4)

എക്‌സ്പ്ളനേറ്ററി ഗാപ്

ബോധവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഭൗതികമായ, ബോധമില്ലാത്ത ഒരു പദാര്‍ത്ഥത്തില്‍ നിന്ന് ബോധം എങ്ങനെ ഉടലെടുക്കുന്നു എന്നത്. വിശദീകരിക്കാനാവാത്ത ഒരു വിടവായി നിലകൊള്ളുന്ന ഇതിനെ, 1983ല്‍ ജോസഫ് ലെവിന്‍ എക്‌സ്പ്ളനേറ്ററി ഗാപ് എന്നാണ് വിളിച്ചത്. (5) തലച്ചോറിലെ പ്രക്രിയകള്‍ എങ്ങനെ മനുഷ്യന്റെ അനുഭവങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നു എന്ന ഭൗതികമായ തലച്ചോറിനും അഭൗതികമായ ബോധത്തിനുമിടയിലുള്ള വിടവിനെ കുറിച്ചാണ് ലെവിന്‍ എക്‌സപ്ലനേറ്ററി ഗാപ് എന്ന് വിശദീകരിച്ചത്.

ശാസ്ത്രത്തിലെ മുന്‍ നിയമങ്ങളെയെല്ലാം ചോദ്യം ചെയ്യുന്ന ഒന്നായി മാറുകയാണ് ഈ വിടവ്. എക്‌സ്പ്ളനേറ്ററി ഗാപ് ഒരര്‍ത്ഥത്തില്‍, എക്കാലത്തെയും തത്വചിന്തയിലെ വലിയ പ്രതിസന്ധികളില്‍ പെട്ട മൈന്‍ഡ് ബോഡി പ്രോബ്ലത്തെ പുനര്‍വിചിന്തനത്തിന് വിധേയമാക്കുന്നുണ്ട്. മനസ്സ്, അതിലെ ചിന്തകള്‍, വികാരങ്ങള്‍, ബോധം എന്നിവ കൊണ്ട് എങ്ങനെ ഭൗതിക ശരീരത്തിലേക്കും തലച്ചോറിലേക്കും ബന്ധപ്പെട്ട് കിടക്കുന്നുവെന്ന ഇന്നും ഉത്തരമില്ലാത്ത തത്ത്വചിന്തയിലെയും ശാസ്ത്രത്തിലെയും ചോദ്യം പരിഹരിക്കപ്പെടണമെങ്കില്‍ എക്‌സ്പ്ളനേറ്ററി ഗാപ് വിശദീകരിക്കപ്പെടേണ്ടതുണ്ട്. 

തലച്ചോറിലെ രാസപ്രക്രിയകള്‍ എല്ലാം തന്നെ എങ്ങനെ ബോധത്തെ ഉത്പാദിപ്പിക്കുന്നുവെന്ന് ശാസ്ത്രീയ അന്വേഷണം എക്‌സ്പ്ളനേറ്ററി ഗാപിന്റെ വിടവില്‍ വീഴുകയാണ്. ബോധവുമായി ബന്ധപ്പെട്ട പഠനങ്ങളിലെ മുഖ്യധാര ചിന്തകന്‍ ക്രിസ്റ്റഫ് ക്വാക്ക് പറയുന്നത്: “നമുക്ക് തലച്ചോറിലെ ഇലക്ട്രിക്കല്‍ ബയോഗ്യാമിക്കല്‍ പ്രക്രിയകളെ വിശദീകരിക്കാന്‍ ആകുന്നു പക്ഷേ,  ഇത്തരം പ്രക്രിയകള്‍ എങ്ങനെ ബോധ്യാനുഭവത്തിലേക്ക് നയിക്കുന്നുവെന്നത് തീര്‍ത്തും നിഗൂഢമാണ്”. (6)

ഫിലോസഫി ഓഫ് മൈൻഡ്

മുകളില്‍ സൂചിപ്പിച്ച എക്‌സ്പ്ളനേറ്ററി ഗാപിനെയോ  ബോധത്തിന്റെ ഉറവിടത്തെ പറ്റിയുള്ള സങ്കീര്‍ണതകളെയോ മെറ്റീരിയലിസമോ ഫിസിക്കലിസമോ വിശദീകരിച്ചിട്ടില്ല. പകരം, മറ്റുപല അപൂര്‍ണവാദങ്ങളാണ് അവ പ്രസ്താവിക്കുന്നത്. ഫിലോസഫി ഓഫ് മൈന്‍ഡിലെ തത്വചിന്തകരുടെ ബോധവുമായി ബന്ധപ്പെട്ട സമീപനങ്ങളെ പദാര്‍ത്ഥ ബന്ധിതമായതും (Materialistic) പദാര്‍ത്ഥ ബന്ധിതമല്ലാത്തതും (Non-materialistic) ആയ സമീപനങ്ങള്‍ എന്നിങ്ങനെ ക്രമപ്പെടുത്താം. എല്ലാം തന്നെ ഭൗതിക പ്രക്രിയകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയുന്നവയാണ്, അതിനാല്‍ ആത്മനിഷ്ഠബോധമെന്ന അവസ്ഥ നിലനില്‍ക്കുന്നില്ല എന്നതാണ് ഒരു വാദം. ഇതിനെ എലിമിനേറ്റീവ് മെറ്റീരിയലിസം എന്നു വിളിക്കാം. പദാര്‍ത്ഥ ബന്ധിത സമീപനങ്ങളില്‍ പ്രശസ്തമായ ഒന്നാണ് ഇത്. രാസ ഭൗതിക പ്രക്രിയകള്‍ക്ക് വിധേയമാകുന്ന ന്യൂറോണുകള്‍ വഴിയാണ് തലച്ചോറ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍,  ഇത്തരം സങ്കീര്‍ണമായ തലച്ചോറിലെ പ്രക്രിയകളെ വിശദീകരിക്കുന്നതിലൂടെ എങ്ങനെയെങ്കിലും ബോധത്തെയും വിശദീകരിക്കാന്‍ ആകും. ചുരുക്കത്തില്‍, ശാസ്ത്രം ഭാവിയില്‍ ആത്മനിഷ്ടബോധത്തെ വിശദീകരിക്കും; അതുവഴി ബോധവുമായി ബന്ധപ്പെട്ട ഹാര്‍ഡ് പ്രോബ്ലം പരിഹരിക്കപ്പെടും എന്നതാണ് ഇവരുടെ വാദം. നവ നാസ്തികതയുടെ (Neo-Atheism) ചതുര്‍മൂര്‍ത്തികളില്‍ ഒരാളായ ഡാനിയല്‍ ഡെന്നറ്റാണ് എലിമിനേറ്റീവ് മെറ്റീരിയലിസത്തിന് സൈദ്ധാന്തിക അടിത്തറ നല്‍കി പ്രശസ്തമാക്കിയത്. മനുഷ്യന് യഥാര്‍ത്ഥത്തില്‍ ആത്മനിഷ്ഠ അനുഭവ ബോധമില്ലെന്നും കേവലം ബയോളജിക്കല്‍ റോബോട്ടുകള്‍ മാത്രമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.(7)

ബോധത്തെ വിശദീകരിക്കുന്നതിൽ എലിമിനേറ്റീവ് മെറ്റീരീയലിസത്തിനോട് സമാനമായ ആശയം പങ്കിടുന്നതാണ് പദാര്‍ത്ഥ ബന്ധിത സമീപനങ്ങളില്‍ പെട്ട സ്വഭാവമാത്രവാദം (Behaviourism). സ്വഭാവമാത്രവാദികള്‍ (Behaviourist) വാദിക്കുന്നത്, ഒരു വ്യക്തിക്ക് ഒരു പ്രത്യേക ബോധം ഉണ്ടാകുന്നത് അത് അയാളുടെ സ്വഭാവത്തിലൂടെ നിര്‍ണയിക്കപ്പെടുമ്പോള്‍ മാത്രമാണ്. സ്വഭാവമാത്രവാദം ആത്മനിഷ്ഠ അനുഭവബോധത്തെ നിരാകരികുന്നുണ്ടെന്ന് മാത്രമല്ല ബോധത്തെ നിര്‍വചിക്കുന്നിടത്ത്, നമ്മള്‍ ആര് എന്നതിലുപരി നമ്മള്‍ എന്ത് പ്രവര്‍ത്തിക്കുന്നു എന്നതിനെയാണ് മുഖ്യാധാരമാക്കുന്നത്. എന്നാല്‍, ഈ വാദത്തെ പൂര്‍ണ്ണമായും പ്രതിസന്ധിയിലാക്കുന്നത്, സ്വഭാവമല്ല ബോധാവസ്ഥക്ക് കാരണമാകുന്നത് മറിച്ച്, ബോധാവസ്ഥയാണ് എന്ന വസ്തുതയാണ്. അതായത്, വേദനയാണ് ഒരാളെ അലറി വിളിപ്പിക്കുന്നത് അല്ലാതെ അയാള്‍ അലറി വിളിക്കുന്നത് കൊണ്ടല്ല വേദനിക്കുന്നത്.(8)

ആത്മനിഷ്ഠാ അനുഭവ ബോധമെന്ന ഉന്മയായ അവസ്ഥയെ നിരാകരിക്കുന്നതിലൂടെയും ശാസ്ത്രം വികസിക്കുന്നതോടെ ഉത്തരം കണ്ടെത്തുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതിലൂടെയും ഡാനിയല്‍ ഡെന്നറ്റിനെ പോലെയുള്ളവര്‍  ബോധവുമായി ബന്ധപ്പെട്ട  സങ്കീര്‍ണതകളില്‍ നിന്നും രക്ഷ പ്രാപിക്കുന്ന പ്രവണതയാണ് മെറ്റീരിയലിസത്തിലുള്ളതെന്നാണ് രത്‌നചുരുക്കം.

പദാര്‍ത്ഥത്തിനപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്നവയാണ് പദാര്‍ത്ഥ ബന്ധിതമല്ലാത്ത (Non-Materialist) സമീപനങ്ങള്‍. നമ്മുടെ സ്വത്വം,  പദാര്‍ത്ഥം ഊര്‍ജ്ജം എന്നിവക്കപ്പുറത്ത് ഒരു ആത്മീയ ഘടകം കൂടി ഉള്‍ക്കൊള്ളുന്നുവെന്ന് ഇതിന്റെ വക്താക്കള്‍ അംഗീകരിക്കുന്നു. എന്നാല്‍, ബോധവുമായി ബന്ധപ്പെട്ട പല തിയറികളിലും മെറ്റാഫിസിക്കല്‍ ആയ സമീപനം സ്വീകരിക്കുന്നുവെങ്കിലും അതിന്റെ ആത്യന്തികമായ ദൈവത്തെ അംഗീകരിക്കാതിരിക്കുന്നതാണ് ഈ തിയറികളെ അപൂര്‍ണമാക്കുന്നതും ഉത്തരമില്ലാത്തതാക്കുന്നതും.

ബോധവുമായി ബന്ധപ്പെട്ട പദാര്‍ത്ഥ ബന്ധിതമല്ലാത്ത സമീപനങ്ങളില്‍ പെട്ടതാണ് ദ്വൈതവാദവുമായി ബന്ധപ്പെട്ട Substance Dualism. അഥവാ, ഭൗതികവും (Physical) അഭൗതികവുമായ (Non-Physical) രണ്ടു വസ്തുക്കളാണുള്ളത്; അവ വ്യത്യസ്തവും സ്വതന്ത്രമായി നിലനില്‍ക്കുന്നവയുമാണ്. അതായത്, തലച്ചോറും ബോധവും പദാര്‍ത്ഥമായതും പദാര്‍ത്ഥമല്ലാത്തതുമായ പരസ്പരം സംവദിക്കുന്ന രണ്ട് വ്യത്യസ്തങ്ങളാണ്. ദുഃഖം എന്ന ആത്മനിഷ്ഠ ബോധാവസ്ഥയുണ്ടാകുമ്പോള്‍ കരയുന്നതും മുറിവ് പറ്റുക എന്ന ഭൗതികാവസ്ഥയുണ്ടാകുമ്പോള്‍ വേദനിക്കുന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്. പദാര്‍ത്ഥബന്ധിതമല്ലാത്ത ബോധം എവിടെ നിന്നു വന്നു, ഭൗതിക പ്രപഞ്ചത്തില്‍ അത് എങ്ങനെ നിലനില്‍ക്കുന്നു എന്നീ തുടങ്ങിയ ചോദ്യങ്ങള്‍ Substance Dualism ത്തിലും  ദൈവം എന്ന ഉത്തരത്തിന്റെ പ്രസക്തിയധികരിപ്പിക്കുന്നുണ്ട്. അതിലുപരി ഭൗതികപദാര്‍ത്ഥമായ തലച്ചോറും അഭൗതികവും പദാര്‍ത്ഥ ബന്ധിതവുമല്ലാത്ത ബോധവും എങ്ങനെ സംവദിക്കുന്നുവെന്ന  സങ്കുചിത പ്രശ്‌നത്തിനും ദൈവം അല്ലാത്ത പ്രസക്തമായ ഉത്തരമില്ല എന്നതാണ് സത്യം.(9)

Substance Dualism ത്തിനോട് സമാനമായ പദാര്‍ത്ഥ ബന്ധിതമല്ലാത്ത മറ്റൊരു സമീപനമാണ് ഡേവിഡ് ചാമസും തോമസ് നാഗേലും സിദ്ധാന്തിച്ച Panpsychism. ഏകപദാര്‍ത്ഥമാണ് നിലകൊള്ളുന്നതെന്നും അത് ഭൗതികവും അഭൗതികവുമായ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണെന്നുമാണ് ഈ തിയറി. പദാര്‍ത്ഥത്തിന്റെ ഓരോ ഘടകങ്ങളും ബോധത്തെ ഉള്‍ക്കൊള്ളുന്നതിനാല്‍, ഈ ബോധത്തിന്റെ ഘടകങ്ങളുടെ കൂടിച്ചേരലുകള്‍ മാത്രമാണ് തലച്ചോറിലെ ബോധം. എന്നിരുന്നാലും,  മെറ്റാഫിസിക്‌സുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഈ സിദ്ധാന്തം സംബന്ധിച്ച് ഉയരുന്നുണ്ട്.  പദാര്‍ത്ഥം ആത്മനിഷ്ഠ ബോധത്തെ ഉള്‍ക്കൊള്ളുന്നുവെന്നതിനോ ഇനി ഉണ്ടെങ്കില്‍ തന്നെ എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നതിനോ അതിന്റെ ഉറവിടത്തെ പറ്റിയോ യാതൊരു തെളിവുമില്ല. പ്രോട്ടോണുകളോ ഇലക്ട്രോണുകളോ ക്വാര്‍ക്കുകളോ ആത്മനിഷ്ഠ ബോധം ഉള്‍ക്കൊള്ളുന്നുവെന്നതിന്റെ യാതൊരു സൂചനയും നല്‍കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം തന്നെ Panpsychism ത്തെ ദൈവം എന്ന വിശദീകരണത്തിലേക്ക് വഴി നടത്തുന്നുണ്ട്.(10)

ദൈവമെന്ന ഉത്തരം

ബോധത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും വിശദീകരിക്കുന്നതില്‍ മുകളില്‍ സമര്‍ഥിച്ച എല്ലാ സിദ്ധാന്തങ്ങളും പരാജയപ്പെടുന്നു എന്നതാണ് സത്യം. പല ചോദ്യങ്ങളും ഉത്തരമില്ലാതെ സങ്കീര്‍ണമായി തന്നെ തുടരുകയാണ്. ഇവിടെയാണ് ദൈവം എന്ന ഏറ്റവും മഹത്തായ വിശദീകരണം തന്നെ ഉത്തരമായി പ്രസക്തമാകുന്നത്. പ്രശസ്ത ഗ്രീക്ക് തത്വചിന്തകന്‍ ഹംസ ആന്‍ഡ്രിയസ് സോസിസ് എന്തുകൊണ്ടാണ് ദൈവം ഏറ്റവും പര്യാപ്തമായ ഉത്തരം ആകുന്നതെന്ന് മൂന്നു കാരണങ്ങള്‍ കൊണ്ട് വിശദീകരിക്കുന്നുണ്ട്. ഒന്ന്, മുകളില്‍ സൂചിപ്പിച്ച ഒരു സിദ്ധാന്തവും ഉത്തരം നല്‍കാത്ത ബോധം എവിടെനിന്നു വന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാകുന്നത് ദൈവം മാത്രമാണ്. പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ നമുക്കുണ്ടായത് പദാര്‍ത്ഥങ്ങളുടെ കഷ്ണങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ നമുക്ക് ബോധം ലഭിക്കില്ലായിരുന്നു. പക്ഷേ, എല്ലാം അറിയുന്ന ജഗന്നിയന്താവായ ഒരു ദൈവം ബോധത്തെ സൃഷ്ടിച്ചുവെന്ന വിശദീകരണമാണ് ബോധത്തിന്റെ ഉറവിടത്തെ പറ്റിയുള്ള സങ്കീര്‍ണതകള്‍ക്ക് ഏറ്റവും യോജിച്ച ഉത്തരം. രണ്ട്, എങ്ങനെ ബോധം ഭൗതിക ലോകത്തേക്ക് പ്രവേശിച്ചു, അഭൗതികമായ ആത്മാവിന് എങ്ങനെ ഭൗതികമായ ശരീരവുമായി സംവദിക്കാന്‍ സാധിക്കുന്നു എന്നീ തുടങ്ങിയ ചോദ്യങ്ങള്‍ക്കും ദൈവം എന്ന വിശദീകരണം മാത്രമാണ് ഉത്തരം നല്‍കുന്നത്. ബോധത്തിന്റെ തന്നെ ഉറവിടത്തിന്റെ കാരണമായ ദൈവം പ്രാപഞ്ചിക ഘടനയെ അത്തരമൊരു രീതിയില്‍ സൃഷ്ടിക്കുകയും, ശരീരവും ആത്മാവും തമ്മിലുള്ള പരസ്പര ബന്ധത്തെ സാധ്യമാക്കുകയും ചെയ്തു. മൂന്ന്, നമുക്ക് ആത്മനിഷ്ഠ അനുഭവ ബോധം ഉണ്ടെന്ന് വസ്തുതയെ വിശദീകരിക്കുന്നത് തീയിസ്റ്റിക് സമീപനം മാത്രമാണ്.(11)

ചുരുക്കത്തില്‍ ദൈവത്തിന്റെ ഏറ്റവും വലിയ തെളിവാണ് ബോധം എന്ന് പറയാം. ഭൗതികതയില്‍ ഒതുങ്ങാത്ത ബോധമെന്ന സവിശേഷതയെ അനശ്വരനും ജഗന്നിയന്താവുമായ ദൈവമല്ലാത്ത ഒന്നിലേക്ക് ചേര്‍ക്കാനാകുകയില്ല. മനുഷ്യന് ബോധമുണ്ട്, അതിനാല്‍ ബോധത്തിന് നിദാനമായി വര്‍ത്തിക്കുന്ന ഒന്ന് വേണം. ഇക്കാലമത്രയും, ഇനി പ്രസ്താവിക്കാന്‍ പോകുന്ന ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ എല്ലാം തന്നെ ബോധത്തെ വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടത് ദൈവം എന്ന വാദത്തെ ഊട്ടിയുറപ്പിക്കുന്നുണ്ട്. അതേസമയം, മെറ്റാഫിസിക്കലായതിനെയെല്ലാം നിഷേധിക്കുന്ന, മനുഷ്യന്‍ കേവലം പദാര്‍ത്ഥങ്ങളുടെ ക്രോഡീകരണം  മാത്രമാണെന്ന് സമര്‍ത്ഥിക്കുന്ന മെറ്റീരിയലിസത്തിന്, പദാര്‍ത്ഥങ്ങളിലില്ലാത്ത യുക്തിബോധം (Rationality), ബോധ മനസ്സ് (Consciousness), ധര്‍മ്മബോധം (Morality), വികാരങ്ങള്‍ (Feelings) എന്നിങ്ങനെയുള്ള മനുഷ്യനിലെ ഉന്മയായ ഗുണങ്ങളെയെല്ലാം നിഷേധിക്കേണ്ടിവരും. അങ്ങനെയെങ്കില്‍, ഇത്തരം ഗുണങ്ങളെ അംഗീകരിക്കുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സിനെ പോലെയുള്ളവര്‍ ഒരര്‍ത്ഥത്തില്‍ കപട നിരീശ്വരവാദികളാണെന്ന് പറയേണ്ടിവരും.

കലം തന്നെയാണ് കുശവന്റെ ഏറ്റവും വലിയ തെളിവ്. കുശവനെ നിരാകരിക്കുകയാണെങ്കില്‍, കലം എങ്ങനെ ഉണ്ടായി, മണ്ണും വെള്ളവും എങ്ങനെ കൃത്യമായ അനുപാതനത്തില്‍ കൂടിക്കലര്‍ന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരും. അഥവാ, ഈ പ്രപഞ്ചവും അതിലെ മനുഷ്യനും അവന്റെ ഉള്ളില്‍ സങ്കുചിതമായ ബോധവുമൊക്കെ തന്നെയാണ് ദൈവത്തിന്റെ തെളിവ്. ദൈവത്തെ നിരാകരിക്കുകയാണെങ്കില്‍ ബോധം എങ്ങനെ ഉണ്ടായി, ഭൗതികമായ ദേഹവും അഭൗതികമായ ദേഹിയും എങ്ങനെ കൂടിക്കലര്‍ന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തിലെയോ തത്വചിന്തയിലെയോ ഒരു സിദ്ധാന്തത്തിനും ഉത്തരം നല്കാന്‍ കഴിയാതെ പോവും.

Citations
1. Schneider, Susan. "Who Wants to Be a Cyborg?" Scientific American, 2020. https://www.scientificamerican.com/article/who-wants-to-be-a-cyborg/.
2. Van Gulick, Robert. "Consciousness." Stanford Encyclopaedia of Philosophy, 2004. https://plato.stanford.edu/entries/consciousness/.
3. Chalmers, David. "Phenomenal Concepts and the Explanatory Gap." In Philosophy of Mind: A Guide to the Current Debate, edited by David J. Chalmers, 2006. Oxford University Press.
4. Ibid., p.10
5. Levine, Joseph. "Materialism and Qualia: The Explanatory Gap." Pacific Philosophical Quarterly 64, no. 4 (1983): 354–361.
6. Koch, Christoph. The Quest for Consciousness: A Neurobiological Approach. Greenwood Village, CO: Roberts and Company, 2004.
7. Dennett, Daniel. Consciousness Explained. Boston: Little, Brown and Company, 1991.
8. Tzortzis, Hamza Andreas. The Divine Reality: Islamic Theism & The Mirage of Atheism. 2014.
9. Ibid., p. 160-161
10. Ibid., p. 161-163
11. Ibid., p. 164-167

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter