ഡൈനിംഗും സ്‍ലീപ്പിംഗും മാത്രം മതിയോ..സ്റ്റഡിറൂം കൂടി ആയിക്കൂടേ..
tv01ശഫീഖേ, നിനക്ക് നാളെ പരീക്ഷയാണ് ട്ടോ..അത് മറക്കണ്ട.. ടി.വിയില്‍ ശ്രദ്ധിക്കാതെ ഇരുന്ന് പഠിച്ചോളൂ.. പരീക്ഷാഫലം വരുമ്പോ മാര്‍ക് കുറയട്ടെ, അപ്പോള്‍ ഞാന്‍ കാട്ടിത്തരാം... അപ്പുറത്തെ റൂമില്‍ പുസ്തകങ്ങളുമായിരിക്കുന്ന മോനോട് പരസ്യത്തിന്റെ ഇടവേളയില്‍ ഇങ്ങനെ വിളിച്ചുപറഞ്ഞ് ടി.വിയുടെ ശബ്ദം അല്‍പം കുറച്ച് ഉമ്മ വീണ്ടും സീരിയലിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. കുട്ടിയുടെ പഠനത്തില്‍ തന്റെ പങ്ക് കൃത്യമായി നിര്‍വ്വഹിച്ചുവെന്ന തികഞ്ഞ സംതൃപ്തിയോടെ... നമ്മുടെ പല കുടുംബങ്ങളിലെയും നിത്യകാഴ്ചയാണ് ഇത്. മഗ്‍രിബ് നിസ്കാരശേഷമുള്ള സമയമാണ് കുട്ടികള്‍ പൊതുവെ പഠിക്കാനിരിക്കുന്ന സമയം. സീരിയലുകളുടെ സമയവും അത് തന്നെയാണെന്നത് പറയേണ്ടതില്ലല്ലോ. അന്നേരത്ത് മുതിര്‍ന്നവരെല്ലാം ടി.വിക്ക് മുമ്പിലിരുന്ന് കുട്ടികളെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഇന്ന് പതിവുകാഴ്ചയാണ്. ഇന്ന് ടി.വി ഇല്ലാത്ത വീടുകള്‍ വളരെ വിരളമാണ് എന്ന് പറയാം. വാര്‍ത്തകളും ലോകവിവരങ്ങളും അറിയാന്‍ ടി.വി അത്യാവശ്യമാണെന്ന ന്യായത്തിലാണ് ഇത് വാങ്ങുന്നത്. പതുക്കപ്പതുക്കെ അത് വീട്ടിലെ ക്രമം തന്നെ മാറ്റിമറിക്കുന്നു. അവസാനം, വാര്‍ത്തകളുടെയും പരസ്യത്തിന്റെയും സമയത്ത് മാത്രമാണ് പലര്‍ക്കും ഒഴിവ് ലഭിക്കുന്നത് എന്നതായി മാറുന്നു അവസ്ഥ. മറ്റുസമയങ്ങളിലെല്ലാം റിയാലിറ്റി ഷോകളും ഒരിക്കലും അവസാനിക്കാത്ത സീരിയലുകളുമായി അതിന് മുന്നില്‍ തന്നെ ഭജനമിരിക്കുകയാണ് ചെയ്യുന്നത്. അക്കാരണത്താല്‍ ദൈനംദിന കുടുംബജീവിതം തന്നെ താളം തെറ്റുന്നു. സര്‍വ്വോപരി, കുട്ടികളുടെ പഠനം അവതാളത്തിലാവുന്നു എന്നത് ഏറെ ഗൌരവത്തോടെ കാണേണ്ടതാണ്. മറ്റുള്ളവര്‍ ടി.വി കാണുന്ന സമയത്ത് കുട്ടികളോട് പഠിക്കാന്‍ പറയുന്നത് തന്നെ അവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അന്നേരം പഠിക്കുന്നത് ഒരിക്കലും അവരുടെ തലയില്‍ കയറില്ലെന്ന് മാത്രമല്ല, പുസ്തകങ്ങളോടും വിദ്യാലയത്തോടും തന്നെ അവന്ന് വെറുപ്പായി മാറുന്നു. കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ സാഹചര്യം ഒരുക്കുകയാണ് രക്ഷിതാക്കള്‍ ആദ്യമായി ചെയ്യേണ്ടത്. ഭൌതിക സാഹചര്യത്തേക്കാളേറെ പ്രധാനമാണ് മാനസികവും ബൌദ്ധികവുമായ സാഹചര്യങ്ങള്‍. സ്വന്തമായി റൂമും കസേരയും മേശയും സാധിക്കുമെങ്കില്‍ ഒരുക്കിക്കൊടുക്കേണ്ടത് തന്നെയാണ്. എന്നാല്‍ അതിലുപരി, വീട്ടില്‍ പഠിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുകയാണ് ഏറെ പ്രധാനം. മഗ്‍രിബിന് ശേഷം പഠിക്കാനുള്ള സമയമാണെന്നും അതിനാല്‍ ആ സമയത്ത് ടി.വി തുറക്കുകയേ ഇല്ലെന്നും പറയുന്നത് കേട്ടാല്‍ തന്നെ കുട്ടികള്‍ക്ക് അവരുടെ പഠനം വളരെ പ്രധാനമാണെന്നും അത് വേണ്ടതാണെന്നുമുള്ള ബോധമുണ്ടാവും. സാധിക്കുമെങ്കില്‍ ആ സമയത്ത് അവരോടൊപ്പം ഇരുന്ന് അവരുടെ പഠനം ശ്രദ്ധിക്കുകയും സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുകയും ചെയ്യുക. അതിന് സാധിക്കുന്നില്ലെങ്കില്‍, വീട്ടിലുള്ളവരെല്ലാം ആ സമയത്ത് എന്തെങ്കിലും പുസ്തകങ്ങള്‍ വായിക്കുന്നതിലോ എഴുത്തിലോ ആയി കുട്ടികളോടൊപ്പം തന്നെ സമയം ചെലവഴിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും അത് ഏറെ ഫലം ചെയ്യും. മഗ്‍രിബിന് ശേഷം ഒമ്പത് മണി വരെയെങ്കിലും വീട്ടില്‍ ഇത്തരം ഒരു പഠനസാഹചര്യം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം. ഭക്ഷണം കഴിക്കാനും അതിഥികളെ സ്വീകരിക്കാനുമെല്ലാം പ്രത്യേകം റൂമുകള്‍ തയ്യാറാക്കുന്ന പോലെ, പഠനത്തിനും വായനക്കുമായി ഒരു റൂം തന്നെ മാറ്റിവെക്കാനായാല്‍ അതും ഏറെ ഫലം ചെയ്യും. ഡൈനിംഗ്ഹാളും വര്‍ക് ഏരിയയും ബെഡ്റൂമും പോലെ ഒരു സ്റ്റഡി റൂമും നമ്മുടെ വീടുകളുടെ ഭാഗമാകട്ടെ. പുസ്തകങ്ങളും വായനയും എഴുത്തും അവക്കാവശ്യമായ സാമഗ്രികളുമായി ആ റൂം സജീവമാക്കുകയും വേണം. അടുക്കളയിലോ മറ്റോ ആയി അത്യാവശ്യ ജോലികളില്ലാത്തവരെല്ലാം, കുട്ടികളുടെ പഠന നേരത്ത് ആ റൂമിലായിരിക്കണം സമയം കഴിക്കേണ്ടത്. വീട്ടിലെ മുതിര്‍ന്ന പുരുഷന്മാരും ആ സമയത്ത് പരമാവധി വീട്ടിലെത്താനും അവരോടൊപ്പം ചെലവഴിക്കാനും ശ്രമിക്കണം. study room അങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഏറെ ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കുമെന്ന് മാത്രമല്ല, നന്നേ ചെറിയ കുട്ടികള്‍ പോലും കൈയ്യില്‍ പേനയും പുസ്തകവുമായി അവരോടൊപ്പം കൂടുകയും ചെയ്യും. സ്കൂളിലോ മദ്റസയിലോ പോകാന്‍ പ്രായമാകുന്നതിന് മുമ്പ് തന്നെ അവരും ഇത്തരം കാര്യങ്ങള്‍ ശീലിക്കുകയും പ്രായമാകുമ്പോള്‍ പോയിത്തുടങ്ങാന്‍ അത് ഏറെ ആവേശം പകരുകയും ചെയ്യും. അതോടൊപ്പം, മുതിര്‍ന്നവരും ദിവസവും എന്തെങ്കിലുമൊക്കെ വായിക്കുകയും അതിലൂടെ പുതിയ അറിവുകള്‍ നേടുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. അഥവാ, ഇങ്ങനെ ചെയ്യുന്നതിലൂടെ, പഠനോന്മുഖമായ അന്തരീക്ഷം വീട്ടില്‍ കൈവരികയും നിര്‍ബന്ധിക്കാതെ കുട്ടികള്‍ തന്നെ സ്വയം അവരുടെ പാഠഭാഗങ്ങള്‍ ആസ്വദിച്ച് പഠിക്കുകയും ചെയ്യുന്ന സുന്ദരമായ സാഹചര്യം സൃഷ്ടിക്കപ്പെടും. അഭ്യസ്തവിദ്യരവും വിദ്യയോട് താല്‍പര്യമുള്ളവരുമായ ഒരു പുതുതലമുറയായിരിക്കും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter