നോമ്പുകാരന്‍ അനുഭവിക്കുന്ന രണ്ടു സന്തോഷങ്ങള്‍
saumഅബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം, പ്രവാചകര്‍ (സ്വ) അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, മനുഷ്യപുത്രന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം അവനുള്ളതാണ്. നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നല്കുക. വ്രതം പരിചയാണ്. ആയത്കൊണ്ട്, നിങ്ങളില്‍ ആരുടെയെങ്കിലും നോമ്പ് ദിവസമാണെങ്കില്‍ അവന്‍ ആരെയും അസഭ്യം പറയുകയോ ആരുമായും ശണ്ഠക്ക് പോകുകയും അരുത്. ആരെങ്കിലും അവനെ ചീത്തപറയുകയോ അവനോട് ശണ്ഠക്ക് വരുകയോ ചെയ്താല്‍, ഞാന്‍ നോമ്പുകാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്ന് അവന്‍ പറയട്ടെ. എന്റെ ശരീരം ഏതൊരുത്തന്റെ കൈയ്യിലാണോ അവനെത്തന്നെ സത്യം, നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ സമീപം കസ്തൂരിയേക്കാള്‍ സുഗന്ധപൂര്‍ണ്ണമാണ്. നോമ്പുകാരന്‍ അനുഭവിക്കുന്ന രണ്ട് സന്തോഷമുണ്ട്, നോമ്പ് തുറക്കുമ്പോള്‍ അത് കാരണം അവന്‍ സന്തോഷിക്കുന്നു, തന്റെ രക്ഷിതാവിനെ കണ്ട് മുട്ടുമ്പോള്‍ നോമ്പ് കാരണവും അവന്‍ സന്തോഷിക്കുന്നു. (ബുഖാരി) ഈ നാളുകളിലൂടെ നമുക്ക് ലഭ്യമാവുന്ന എണ്ണമറ്റ സൌഭാഗ്യങ്ങളാണ് മേല്‍ഹദീസ് വിവരിച്ചുതരുന്നത്. തന്റെ കൈയ്യെത്താവുന്ന ദൂരത്ത് അന്നപാനീയങ്ങളെല്ലാമുണ്ടായിട്ടും, തന്റെ സ്രഷ്ടാവിന്റെ കല്‍പനയൊന്ന് മാത്രം മാനിച്ച് നിര്‍ണ്ണിത സമയത്തേക്ക് അവ സ്പര്‍ശിക്കുക പോലും ചെയ്യാതെ അടിമ നടത്തുന്ന ത്യാഗം എന്ത് കൊണ്ടും അല്ലാഹുവിന് ഏറെ ഇഷ്ടമാണ്, അത് കൊണ്ട്തന്നെയാവാം, അതിന്റെ പ്രതിഫലം എന്ത് നല്കണമെന്നും എത്ര നല്കണമെന്നും താന്‍ തന്നെ തീരുമാനിക്കുമെന്ന് അവന്‍ സുവിശേഷമറിയിക്കുന്നത്. ഈ ഒരു ചിന്തയിലൂന്നിയ വ്രതം തീര്‍ച്ചയായും ഒരു പരിച തന്നെയാണ്. തന്നെ വഴിപിഴപ്പിക്കാനായി തക്കം പാര്‍ത്തിരിക്കുന്ന, തന്റെ ഏറ്റവും വലിയ ശത്രുവായ പിശാചുമായുള്ള സമരത്തില്‍ അവനുപയോഗിക്കാവുന്ന ഏറ്റവും ശക്തിയേറിയ പരിച, അതത്രെ വ്രതം. ഏതുവിധ ദുഷ്പ്രവണതകളെയും അവയിലേക്ക് നയിക്കുന്ന ദുഷ്ചിന്തകളെ വരെയും പ്രതിരോധിക്കാന്‍ അതോളം പോന്ന മറ്റൊരു മാര്‍ഗ്ഗമില്ല തന്നെ. തനിക്കെതിരെ അസഭ്യവര്‍ഷവുമായി, രുദ്ധചിന്തയുമായി കടന്നുവരുന്നവരെ അത് കൊണ്ട് പ്രതിരോധിക്കാനാവുന്നുവെന്ന് മാത്രമല്ല, ഏറ്റവും നല്ല പ്രതിരോധം കൂടിയാണ് അത്. ഈ ത്യാഗത്തിന്റെ പാതയില്‍ അവന്ന് നേരിടേണ്ടിവരുന്ന ഓരോന്നും പുണ്യങ്ങളുടെ ഗണത്തിലാണ് വരവ് വെക്കപ്പെടുന്നത്. ആമാശയം കാലിയാവുന്നതിനെ തുടര്‍ന്ന് വായക്കുണ്ടാവുന്ന ഗന്ധമാറ്റം പോലും ഏറ്റവും ഉത്തമമായ സുഗന്ധമായാണ് നാഥന്ന് അനുഭവപ്പെടുന്നത്. എല്ലാത്തിനും പുറമെ അനന്തമായ സന്തോഷമാണ് അത് അവന്ന് പ്രദാനം ചെയ്യുന്നത്. ചെയ്ത പ്രവൃത്തിയുടെ ധന്യതയോര്‍ത്ത് ഓരോ പ്രദോഷത്തിലും നോമ്പ് തുറക്കുമ്പോള്‍ അനുഭവിക്കുന്ന അനുപമസന്തോഷത്തിലുപരി, നാളെ നാഥനുമായി സംഗമിക്കുന്ന വേളയില്‍ അത് നല്‍കുന്നത് അനിര്‍വ്വചനീയമായ സന്തോഷവും ആത്മഹര്‍ഷവുമാണ്. പ്രിയ സഹോദരാ, ഇതെല്ലാം അനുഭവിക്കാനാവുന്ന അത്യത്തമമായ സുകൃതമാണ് നാം ഇപ്പോള്‍ ഓരോ ദിവസവും നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ആയതിനാല്‍ ആ ഒരു ബോധം നമ്മുടെ അന്തരംഗങ്ങളില്‍ സദാ സജീവമായിരിക്കട്ടെ. നാം പലകന്തിയോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ് നിറവേറ്റുന്ന ഈ കര്‍മ്മം മേല്‍പറഞ്ഞ അനുഭൂതികളും ആനന്ദങ്ങളും നമുക്ക് സമാഗതമാക്കാന്‍ ഹേതുകമാവട്ടെ, അപ്പോള്‍ മാത്രമാണ് നാം യഥാര്‍ത്ഥ നോമ്പുകാരാവുന്നത്, അപ്പോള്‍ മാത്രമാണ് ഈ ദിനങ്ങള്‍ നമുക്ക് റമദാന്‍ ആയിത്തീരുന്നത്. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter