നന്മ മരങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്.. നാഥാ, നിനക്കാണ് സ്തുതി

ഇന്ന് രാവിലെ തന്നെ ലഭിച്ച വാട്സാപ്പ് മെസേജുകളിലൊന്ന് പെരുമ്പാവൂരിലുള്ള മിന്‍ഹ എന്ന ഒരു മോളുടെ കരള്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഒരു സന്ദേശമായിരുന്നു. കരള്‍ നല്‍കാന്‍ ഉമ്മ തയ്യാറാണെന്നും മാറ്റിവെക്കല്‍ പ്രക്രിയക്ക് ആവശ്യമായ 25 ലക്ഷം കണ്ടെത്താന്‍ എല്ലാവരും സഹായിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ ചുരുക്കം. 

അത് കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ, അതേ ഗ്രൂപ്പില്‍ അതേ വിഷയവുമായി ബന്ധപ്പെട്ട് അടുത്ത പോസ്റ്റ് വന്നു. തുറന്ന് നോക്കുമ്പോള്‍, നേരത്തെ സഹായം അഭ്യര്‍ത്ഥിച്ച അതേ ആളുകള്‍, ആവശ്യമായ തുക മുഴുവന്‍ ലഭിച്ചെന്നും അക്കൌണ്ട് ക്ലോസ് ചെയ്യുകയാണെന്നും പറയുകയാണ്. അവരുടെ കണ്ണുകളിലപ്പോള്‍ കണ്ണീര്‍തുള്ളികള്‍ പൊടിയുന്നത് കാണാമായിരുന്നു, സന്തോഷത്തിന്റെ നീര്‍തുള്ളികള്‍.. അതിലുപരി, ആത്മ സംതൃപ്തിയുടെ തപ്ത കണങ്ങള്‍..
കൊറോണ ബാധിച്ചവര്‍ക്ക് താമസിക്കാനായി തന്റെ സ്റ്റാര്‍ ഹോട്ടലുകള്‍ വിട്ടു കൊടുത്ത ഫുട്ബോള്‍ താരവും കൊറോണ ബാധിതരുടെ നാടേതെന്ന് നോക്കുക പോലും ചെയ്യാതെ എല്ലാവരെയും തുല്യരായി കണ്ട് ഒരു പോലെ ചികില്‍സകളെല്ലാം നല്‍കുന്ന ഖത്തര്‍ ഗവണ്‍മെന്റുമെല്ലാം പ്രസരിപ്പിക്കുന്നത് മാനവികതയുടെ ഈ ഉത്തമ സന്ദേശങ്ങള്‍ തന്നെയാണ്.
ഇതാണ് നമ്മുടെ സമൂഹം. കരുണ വറ്റാത്ത നന്മയുടെ മരങ്ങള്‍ സമൂഹത്തില്‍ എത്രയോ ബാക്കിയുണ്ടെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് എനിക്കിത് തോന്നിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പലപ്പോഴും നാം കാണുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നടുക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമാണ്. എലിയെ കൊല്ലുന്ന ലാഘവത്തോടെ, അതിലേറെ ആവേശത്തോടെ, പത്തും പതിനഞ്ചും പേര്‍ ചേര്‍ന്ന് നിസ്സഹായനായ ഒറ്റയാനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും കൊല്ലുന്നതും വരെ കണ്ട് മനം മടുത്തവരാണ് നമ്മളൊക്കെ. 

എന്നാല്‍, അവക്കിടയില്‍ കാണാനാവുന്ന ഇത്തരം ചാരുത ദൃശ്യങ്ങളാണ് ജീവിതത്തിന് അര്‍ത്ഥവും വര്‍ണ്ണവും നല്‍കുന്നത്. പലപ്പോഴും തോന്നാറുണ്ട്, ഇത്തരം നല്ല മനസ്സുകളുള്ളത് കൊണ്ടാവാം ഈ ഭൂമിയും അതില്‍ മനുഷ്യജീവിതവും ഇപ്പോഴും ശേഷിക്കുന്നതെന്ന്. അല്ലായെങ്കില്‍, പരസ്പരം കടിച്ചുകീറാനും തല്ലിക്കൊല്ലാനും നില്‍ക്കുന്നവര്‍ക്ക് വേണ്ടി ഈ ഭൂമി എന്തിന് നിലനില്‍ക്കണം.  
നമുക്ക് അല്‍പം കൂടി കടന്നു ചിന്തിക്കാം, ഭൂമിയില്‍ ഇത്തരം നല്ല മനസ്സുകളുടെ എണ്ണം കൂടിയാല്‍ എന്തൊരു സുഖമായിരിക്കും ഈ ജീവിതത്തിന്. പരസ്പരം സഹായിക്കുന്ന, അപരന്റെ പ്രയാസങ്ങളില്‍ ഓടിയെത്തുന്ന, സമസൃഷ്ടി സ്നേഹത്തിന്റെ പ്രതീകങ്ങള്‍ തീര്‍ക്കുന്ന ഒരു പറ്റം ആളുകള്‍... പിന്നെ, അവിടെ എന്ത് പ്രയാസം വന്നാലും ആര്‍ക്കും അതൊരു പ്രശ്നമേ അല്ലാതായി മാറില്ലേ. അത്തരത്തിലുള്ള ഭൂമി എത്ര സുന്ദരമായിരിക്കും. യഥാര്‍ത്ഥത്തില്‍, ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യന് ഭൂമിയില്‍ ചെയ്യാനുള്ളതും അത് തന്നെയല്ലേ. അല്ലാതെ, പരസ്പരം തല്ലാനും കൊല്ലാനും കലാപങ്ങളഴിച്ചുവിട്ട് ജീവിതം ദുസ്സഹമാക്കാനും മതമുള്ളവനോ ഇല്ലാത്തവനോ ആയ ആര്‍ക്കും സാധിക്കില്ല, അത് മദം പിടിച്ചവന് മാത്രമേ കഴിയൂ. 
നമുക്കും കൈകോര്‍ക്കാം, അത്തരം സുമനസ്സുകള്‍ വിത്തറ്റുപോകാതിരിക്കാന്‍. മലയാള കവി പറഞ്ഞ വരികള്‍ ഓര്‍ത്തുപോകുകയാണ്,
എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ലൊരിക്കലും
വല്ലതും ശേഷിക്കുമെന്നോ വിചാരിക്കെ
എന്തെന്തിതെന്‍ കളിലാനന്ദരവും മിഴികളില്‍ നിശ്വാസവും
പുതിയ ഭാവിയുടെ തെളിവാര്‍ന്ന ജീവപ്രഭാവവും

എം.എച്ച് പുതുപ്പറമ്പ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter