അങ്ങനെയൊക്കെ നോക്കിയാൽ ജീവിക്കാനൊക്കുമോ?

'തിരുദൂതരോട് നന്മയെ പറ്റിയായിരുന്നു എല്ലാവരും ചോദിക്കുകയും പഠിക്കുകയും ചെയ്തിരുന്നത്. പക്ഷേ ഞാൻ ഭയപ്പെട്ടത് തിന്മയെപ്പറ്റിയായിരുന്നു. അതിനാൽ തന്നെ ഞാൻ നബി(സ്വ)യോട് കൂടുതൽ ചോദിച്ചതും തിന്മയെക്കുറിച്ച് തന്നെ' ഹുദൈഫ(റ) പറയുമായിരുന്നു.

ഒരിക്കലദ്ദേഹം തിരുദൂതരോട് ചോദിച്ചു: യാ റസൂലല്ലാഹ്, എന്റെ നാവ് വളരെ വാചാലമാണല്ലോ. എന്നെ നരകത്തിലെത്തിക്കാൻ അത് ഹേതുകമായിത്തീരുമോ?
നിന്റെ നാവ് കൊണ്ട് ഏറെ നേരം പാപമോചനത്തിന് വേണ്ടി നീ പ്രാർത്ഥിക്കാറില്ലേ? തിരുനബി(സ്വ) തിരിച്ചു ചോദിച്ചു.
'അതേ, ദിനംപ്രതി നൂറു പ്രാവശ്യമെങ്കിലും ഞാനെന്റെ രക്ഷിതാവിനോട് പാപമോചന പ്രാർത്ഥന നടത്താറുണ്ട്.'

വഴുക്കലുള്ള പാറപ്പുറത്തുകൂടെ എത്ര കരുതലോടെയാണ് നാം കാലടികൾ വെച്ച് നടക്കാറുള്ളത്. അപായ സൂചനകൾ അടയാളപ്പെടുത്തിയ നിരത്തിലൂടെ വാഹനമോടിക്കുമ്പോഴും അധികശ്രദ്ധ കാണിക്കാറുണ്ട്. അതുപോലെ ജീവിത വഴികളിലും വീണുപോയേക്കാവുന്ന അപകട മേഖലകളുണ്ട്. അതുവഴി കടന്നുപോകേണ്ടി വരുമ്പോൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ സംഭവിക്കാവുന്ന ദുരന്തമായിരിക്കും പാരത്രിക ജീവിതത്തെത്തന്നെ പരാജയത്തിലെത്തിക്കുക. ഇസ്‍ലാം ഹറാം എന്ന് അപായ സൂചന നൽകിയ കാര്യങ്ങളോട് അകലം പാലിക്കാനും അവിടങ്ങളിൽ സ്ലിപ്പാവാതിരിക്കാനും വലിയ കരുതലുണ്ടാവണം.

മതം വിലക്കിയ കാര്യങ്ങളുടെ ഗൗരവം നാൾക്കുനാൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ഹറാമുകൾ ഹലാലാക്കാനുള്ള  ന്യായങ്ങൾ പരതുകയും ചെയ്യുന്ന തിരക്കിലാണ് നാം. അങ്ങനെയൊക്കെ നോക്കിയാൽ ഇക്കാലത്തു ജീവിക്കാനൊക്കുമോ എന്ന് ചോദിക്കുന്നവരാണേറെ. നമുക്ക് തോന്നിയ പോലെ ജീവിക്കണം. വേണ്ടപോലെ സമ്പാദിക്കണം. പണമിടപാടുകളിൽ പലിശ വന്നു ചേരുന്ന ഭയമില്ല. ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നതിൽ ആശങ്കയില്ല. സംസാരത്തിൽ കളവു വരുന്നതിൽ ആകുലതയില്ല. അങ്ങനെ ഹറാമിൽ മുങ്ങിപ്പോകുന്ന ജീവിതങ്ങളുടെ കുറെ നിസ്കാര നോമ്പുകൾ എങ്ങനെ ഗുണം ചെയ്യാനാണ്. ഒഴുക്കിനനുസരിച്ച് ഒഴുകുമ്പോൾ കാണുന്നതും കേൾക്കുന്നതും പറയുന്നതും ചെയ്യുന്നതും എന്നുവേണ്ട ഭുജിക്കുന്നതും നേടുന്നതും ബാക്കിവെക്കുന്നതും എല്ലാമെല്ലാം നിഷിദ്ധമായി മാറുന്നു.

ഇബ്നുസീരീൻ (റ) നാലായിരം വെള്ളി തന്റെ കൂറ് കച്ചവടക്കാരന് വെറുതെ കൊടുത്തു, ആ തുകയുടെ കാര്യത്തിൽ ചെറിയൊരു സംശയം തോന്നിയതിനാലായിരുന്നു അത്. അവ ഇബ്നുസീരീന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരായിരുന്നു. എന്നിട്ടും അവ അദ്ദേഹം സ്വന്തമാക്കിയില്ല. 

ഒരു കാര്യം അനുവദനീയമാണ്. പക്ഷേ അത് ചെയ്താൽ നിഷിദ്ധത്തിലേക്ക് എത്തിച്ചേരുമോ എന്ന് ഭയക്കുന്നു. എങ്കിൽ ആ അനുവദനീയ കാര്യവും വർജ്ജിക്കണം. മറ്റൊരു അനുവദനീയ കാര്യം, അത് ചെയ്താൽ നിഷിദ്ധത്തിൽ എത്തിപ്പെടുകയില്ല. പക്ഷേ അത് അല്ലാഹുവല്ലാത്ത ഉദ്ദേശ്യത്തിന് ചെയ്യപ്പെടുന്നു. അല്ലെങ്കിൽ അത് നിർവഹിക്കുന്നതിനാൽ ഇബാദത്തിനുള്ള ഊർജ്ജം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അത്തരം കാര്യവും ഒഴിവാക്കണമെന്നാണ് ഇമാം ഗസ്സാലി (റ) പറയുന്നത്. 

പ്രവാചകർ (സ്വ) പറഞ്ഞു, ഹലാൽ ഏതൊക്കെയെന്ന് വ്യക്തം, ഹറാമും വ്യക്തം. എന്നാൽ അവയ്ക്കിടയിൽ ചില അവ്യക്ത കാര്യങ്ങളുണ്ട്. അവ തിരിച്ചറിയാൻ അധികമാളുകൾക്കും കഴിയില്ല. അവ്യക്ത കാര്യങ്ങളിൽ സൂക്ഷ്മത പാലിച്ചാൽ ദീനും മാനവും സുരക്ഷിതമായി. അവ്യക്ത കാര്യങ്ങളിൽ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ ഹറാമിൽ ചെന്ന് ചാടും. സംരക്ഷിത മേഖലക്ക് ചുറ്റും മേഞ്ഞുനടക്കുന്ന കാലികൾ അതിൽ കടക്കാൻ സാധ്യതയുള്ളപോലെ.

ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോള്‍ പലരും പറയാറുള്ളത് ഇങ്ങനെയാണ്, അങ്ങനെയൊക്കെ നോക്കിയാല്‍ ഇക്കാലത്ത് ജീവിക്കാനൊക്കുമോ എന്ന്. അതെ, വിശ്വാസിയായി ജീവിച്ച് വിശ്വാസിയായി മരണം വരിച്ച് സ്വര്‍ഗ്ഗം പുല്‍കണമെങ്കില്‍ അങ്ങനെയൊക്കെ ജീവിക്കുകയേ നിവൃത്തിയുള്ളൂ, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter