കൈപ്പ് ഇത്ര മധുരിക്കുമോ?
ഉഹുദ് യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മടങ്ങുകയാണ്. മുസ്‌ലിം സൈന്യത്തിന്റെ വിവരമറിയാൻ കഴുതപ്പുറത്തേറിവരുന്ന ബനൂദീനാര്‍ ഗോത്രത്തിലെ ഒരു സ്ത്രീയെ അവർ കണ്ടുമുട്ടി. അവരുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്. അവര്‍ക്കെന്തെങ്കിലും സംഭവിച്ചോ? ജീവിച്ചിരിപ്പുണ്ടോ അതോ അവരിൽ ആരെങ്കിലും രക്തസാക്ഷികളായോ?
വളരെ ദുഃഖകരമായ വാര്‍ത്തയാണ് അവര്‍ കേള്‍ക്കാനിരിക്കുന്നത്. ഉറ്റവരായ മൂന്നുപേരും രക്തസാക്ഷികളായിരിക്കുന്നു. ഈ സങ്കടം സഹിക്കാന്‍ അവര്‍ക്ക് കഴിയുമോ? ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത എങ്ങനെ അറിയിക്കും? മൂന്നുപേരും നഷ്ടപ്പെട്ട വിവരം ഒന്നിച്ച് അറിയിക്കേണ്ടെന്നു കരുതി ഘട്ടംഘട്ടമായി അറിയിച്ചു. 'സഹോദരീ, നിങ്ങളുടെ ഭർത്താവ് രക്തസാക്ഷിയായിരിക്കുന്നു.'
'ഇന്നാ ലില്ലാഹ്! പ്രിയങ്കരനായ പ്രിയതമന്‍ നഷ്ടപ്പെട്ടെന്നോ! ദുഃഖം കടിച്ചമര്‍ത്തി അവര്‍ ചോദിച്ചു: 'നമ്മുടെ നബിയുടെ സ്ഥിതി എന്താണ്? തങ്ങൾക്ക് വല്ലതും സംഭവിച്ചോ?'
'സഹോദരീ, നിങ്ങളുടെ പിതാവും രക്തസാക്ഷിയായിരിക്കുന്നു.''ഇന്നാ ലില്ലാഹ്! സ്‌നേഹവത്സലനായ പിതാവും നഷ്ടപ്പെട്ടുവെന്നോ! 'നബിക്ക് ഒന്നും പറ്റിയില്ലല്ലോ'' അവര്‍ ചോദിച്ചു.
'പെങ്ങളേ, നിങ്ങളുടെ സഹോദരനും വധിക്കപ്പെട്ടിരിക്കുന്നു.'
'ഞാന്‍ ചോദിച്ചതിന് നിങ്ങള്‍ മറുപടി പറഞ്ഞില്ലല്ലോ. എന്റെ നബിയുടെ സ്ഥിതിയെന്ത്? തങ്ങൾ സുരക്ഷിതനല്ലേ?'
'സഹോദരീ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ നബി സുരക്ഷിതനാണ്. തങ്ങൾക്ക് യാതൊന്നും സംഭവിച്ചിട്ടില്ല'.
'എങ്കിൽ തങ്ങളെ എനിക്കൊന്ന് കാണിച്ചുതരിക! തങ്ങളെയൊന്ന് കണ്ടെങ്കിലേ എനിക്ക് സമാധാനമാകൂ.'
അവര്‍ തിരുനബി(സ്വ)യെ അവര്‍ക്ക് കാണിച്ചുകൊടുത്തു. നബി(സ്വ)യെ അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ സങ്കടംകൊണ്ട് തുളുമ്പുന്ന കണ്ണുകളോടെ തിരുനബി(സ്വ)യെ തിരിച്ചുകിട്ടിയതില്‍ സന്തോഷാശ്രു പൊഴിച്ചുകൊണ്ട് അവര്‍ പറഞ്ഞു: 'അങ്ങ് സുരക്ഷിതനാണെങ്കില്‍ ഈയുള്ളവള്‍ക്ക് യാതൊന്നും പ്രശ്‌നമല്ല. എല്ലാ ദുരന്തവും നിസ്സാരം.' (ഇബ്‌നുഹിശാം- അസ്സീറത്തുന്നബവിയ്യ)
Read More: ബദ്റിലെ രണ്ട് മുആദുമാര്‍
അനുരാഗമെന്നത് എല്ലാ വേദനകളെയും സുഖപ്പെടുത്തുന്ന ഔഷധമാകുന്നതും ആശ്രയങ്ങൾ അറ്റുപോകുന്നിടത്ത് ധൈര്യമാകുന്നതും കണ്ണുകളിൽ ഇരുട്ട് കയറുന്ന നേരം വെളിച്ചമാകുന്നതും ക്ഷമയും പ്രതീക്ഷയുമാകുന്നതും എങ്ങനെയെന്ന് ഈ മഹതിയുടെ ജീവിതത്തിൽ നിന്നും വായിച്ചെടുക്കാനാവുന്നുണ്ട്.
പ്രണയ നിർവ്വചനങ്ങൾ തോറ്റുപോകുന്നിടമാണ് പ്രവാചക പ്രണയ സാക്ഷ്യങ്ങൾ. ആലങ്കാരിക പ്രയോഗങ്ങൾ മാറി നിൽക്കുന്ന, ജീവിത ചമൽക്കാരങ്ങൾ അർത്ഥ തലങ്ങളുടെ സാക്ഷൽക്കാരങ്ങളാകുന്ന, ചരിത്രം നിർന്നിമേഷയാകുന്ന ധന്യ മുഹൂർത്തങ്ങളുടെ സാകല്യമാകുന്നു പ്രവാചകാനുരാഗ ഗാഥകൾ.
ഒരു സ്വഹാബി റസൂലിനോട് ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുക? നബി(സ്വ) തിരിച്ചു ചോദിച്ചു. അന്നേക്ക് വേണ്ടി നീ എന്താണ് ഒരുക്കി വെച്ചിരിക്കുന്നത്? ഞാന്‍ ഏറെ നിസ്കാരങ്ങളും വ്രതവും ദാനധര്‍മ്മങ്ങളുമൊന്നും തയ്യാറാക്കി വെച്ചിട്ടില്ല. പക്ഷേ, ഞാന്‍ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സ്നേഹിക്കുന്നു. സ്വഹാബി മറുപടി പറഞ്ഞു. ഇത് കേട്ട് നബി(സ്വ) തുടര്‍ന്നു, നീ ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമാണ്.
ഈ സംഭവം ഉദ്ധരിച്ച് അനസ്(റ) പറയുന്നു: അന്നേരം സദസ്സിലുണ്ടായിരുന്ന ഞങ്ങള്‍ ചോദിച്ചു? ഞങ്ങളും അങ്ങനെത്തന്നെയാണോ നബിയേ? നബി(സ്വ) അതേ എന്ന് മറുപടി പറഞ്ഞു. അനസ്(റ) തുടര്‍ന്നു. ഞങ്ങള്‍ അത്യധികം സന്തോഷിച്ച ദിവസമായിരുന്നു അത്. (ബുഖാരി, മുസ്‍ലിം)
അനസ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറയുകയുണ്ടായി. 'സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും സര്‍വ്വ ജനങ്ങളേക്കാളും ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങളില്‍ ആരും പൂര്‍ണ്ണ വിശ്വാസിയാവുകയില്ല' (സ്വഹീഹുല്‍ ബുഖാരി)
Leave A Comment