ബാങ്കിന്റെയും നിസ്‌കാരത്തിന്റെയും ഇടയിലെ ജീവിതം
വൃദ്ധനായ മനുഷ്യൻ വീട്ടിലെ കൊച്ചുകുട്ടിയോട് സംസാരിച്ചിരിക്കുകയാണ്. സൂര്യനെ പോലെ വെട്ടിത്തിളങ്ങുന്ന വെളുത്ത താടിയുള്ള മുത്തച്ഛനെ നോക്കി ആകാംക്ഷയോടെ ആ കൊച്ചുമോന്‍ ചോദിച്ചു: 'മുത്തച്ഛാ, ജീവിതം എത്രത്തോളം ദൈർഘ്യമുള്ളതാണ്?' ചെറുപുഞ്ചിരിയോടെ അയാൾ പറഞ്ഞു: ബാങ്കിന്റെയും അതേ തുടര്‍ന്ന് വരുന്ന നിസ്കാരത്തിന്റെയും ഇടയിലുള്ള സമയം. അത്രയേ ഉള്ളൂ ഈ ജീവിതം.
'അതെങ്ങനെ? അങ്ങനെയാണെങ്കിൽ എത്ര ചുരുങ്ങിയ സമയമാണ് ജീവിതം?, അവൻ ചോദിച്ചു.
'അതെ മോനെ' അയാൾ പറഞ്ഞു.
"നിസ്കാരമില്ലാത്ത ബാങ്കിന്റെയും ബാങ്കില്ലാത്ത നിസ്കാരത്തിന്റെയുമിടയിലുള്ള സമയം"
ഒന്ന് വ്യക്തമാക്കി പറയൂ.' കൊച്ചുമകൻ വിടാനുള്ള ഭാവമില്ല.
Also Read:എല്ലാം ഉണ്ടായിട്ടെന്താ... സംതൃപ്തി ഇല്ലെങ്കില്‍..
വാൽസല്യത്തോടെ അയാൾ പറയാൻ തുടങ്ങി.
'നമ്മുടെ അയൽ വീട്ടിൽ ഈയടുത്ത് ഒരു കുഞ്ഞുണ്ടായി. ആ കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് വിളിച്ചത് നീ കേട്ടില്ലേ? പക്ഷെ, ആ ബാങ്കിന്നുള്ള നിസ്കാരം നിർവ്വഹിച്ചോ? ഇല്ല! അപ്പോൾ അതാണ് നിസ്കാരമില്ലാത്ത ബാങ്ക്. ഇനിയൊരാൾ മരിച്ചാൽ, മയ്യിത്ത് നിസ്കാരത്തിന് വേണ്ടി ബാങ്ക് കൊടുക്കാറില്ല. അത് മുമ്പേ കൊടുത്ത് വെച്ച ഒന്നാണ്. അപ്പോൾ ഇതാണ് ബാങ്കില്ലാത്ത നിസ്കാരം.
ഒരർത്ഥത്തിൽ, മയ്യിത്ത് നിസ്കാരത്തിനുള്ള ബാങ്കാണ് ജനിച്ച് വീഴുമ്പോൾ ഓരോ മനുഷ്യന്റെ ചെവിയിലും കൊടുക്കാറുള്ളത്.
ഓരോ പുതുവര്‍ഷം വരുമ്പോഴും നാം ഏറെ ആഘോഷിക്കുന്നു. എന്നാല്‍ പുതുവർഷപ്പുലരിയുടെ സന്തോഷത്തിലപ്പുറം വിടപറയുന്ന ഓരോ വർഷവും നമ്മുടെ ആയുസ്സറുതിയുടെ ചിന്തകളാണ് ഉണർത്തുന്നത്.
നമ്മുടെ ചവിട്ടടികളോരോന്നും മരണത്തിലേക്കാണ്. നാമാകുന്ന ഏതാനും നിമിഷങ്ങളിതാ വീണുടഞ്ഞുകൊണ്ടേയിരിക്കുന്നു. ഉള്ളിൽ നിന്നുള്ള ഓരോ സ്പന്ദനങ്ങളും ആയുസ്‌വൃക്ഷത്തിന്റെ ഇലപൊഴിക്കുന്നുണ്ട്. ഇന്നലെ നാം ചുമരിൽ നിന്ന് അടർത്തിമാറ്റിയ പഴകിയ കലണ്ടർ മരണപ്പെട്ടുപോയ നമ്മുടെ ഇന്നലെകളാണ്. അല്പായുസ്സുള്ള ഓരോ പകലും അസ്തമിക്കും മുമ്പ് ലോകത്തിനു മുഴുവൻ വെളിച്ചം പകർന്ന ചാരിതാർഥ്യത്തോടെയാണ് വിടചോദിക്കുന്നത്. നാമും അസ്തമിക്കും മുമ്പ് ആവുംവിധം നമ്മുടെ പരിസത്തിലേക്കെങ്കിലും പ്രഭ വിതറണം. അതിന് നമ്മുടെ ജീവിതത്തിന്റെ ദൗത്യമറിയണം. ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടിയാവാൻ വിടാതെ നമ്മെ നാം തിരിച്ചു പിടിക്കണം. തിരികെ നീന്തണം. ലക്ഷ്യം നേടണം.
ഇബ്നു മസ്ഊദ് (റ) പറയുന്നു: 'എന്റെ ആയുസ്സിൽ നിന്ന് ഒരു ദിവസം കുറഞ്ഞുപോവുകയും അതിൽ സുകൃതങ്ങളൊന്നും ചെയ്യാൻ കഴിയാതെ പോവുകയും ചെയ്ത ഒരു ദിവസത്തെ ഓർത്തു ഞാൻ ഖേദിച്ച അത്ര മറ്റൊന്നിനെ ഓർത്തും ഖേദിച്ചിട്ടില്ല.'
Leave A Comment